UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ചെങ്കിസ് ഖാന്റെ മരണവും സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവും

Avatar

1227 ആഗസ്ത് 18
ചെങ്കിസ് ഖാന്റെ മരണം

ചൈനയുടെ കിഴക്കന്‍ തീരം മുതല്‍ ആരല്‍ സമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരം വരെ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ച  ചക്രവര്‍ത്തി ചെങ്കിസ് ഖാന്‍ 1277 ആഗസ്ത് 18 നാണ് അന്തരിച്ചത്. ചൈനയിലെ പ്രവിശ്യയായ സി സിയായില്‍ നടന്ന കലാപത്തെ അടിച്ചമര്‍ത്തുന്നതിനിടയിലാണ് 60 കാരനായ ഈ മംഗോളിയന്‍ രാജാവ് ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണത്തിന് കീഴടങ്ങുന്നത്. ജീവിതത്തിന്റെ അവസാനകാലത്തും തന്റെ ക്രൂരത കൈവിടാന്‍ ചെങ്കിസ് ഖാന്‍ തയ്യാറായിരുന്നില്ല. സി സിയായെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനായിരുന്നു ചെങ്കിസ് ഖാന്റെ കല്‍പ്പന. ചക്രവര്‍ത്തിയെുടെ കല്‍പ്പന നടപ്പിലാക്കാനായ് അദ്ദേഹത്തിന്റെ സൈന്യം സി സിയായിലെ ജനങ്ങളെ കൂട്ടക്കൊലചെയ്ത് അവിടെ ഒരു പ്രേതഭൂമിയാക്കി തീര്‍ത്തു.

1162 ല്‍ ജനിച്ച ഈ മംഗോളിയന്‍ നേതാവിന്റെ യഥാര്‍ത്ഥ നാമം ടെമൂജിന്‍ എന്നായിരുന്നു. ധീരനായ ഒരു പോരാളിയും ദയാരഹിതമായ സ്വഭാവവുമായി വളര്‍ന്നുവന്ന ടിമൂജിന് തന്റെ സ്വാധീനശക്തി യൗവ്വന കാലത്ത് തന്നെ രാജ്യത്ത് വ്യാപിപ്പിക്കാന്‍ സാധിച്ചിരുന്നു. 1206 ന്റെ ആരംഭകാലത്താണ് മംഗോളിയയുടെ രാജാവായി ടിമൂജിന്‍ അധികാരം കൈക്കലാക്കുന്നത്. ഇതിനുശേഷമാണ് ലോകത്തിന്റെ രാജാവ് എന്നര്‍ത്ഥം വരുന്ന ചെങ്കിസ് ഖാന്‍ എന്ന നാമം ടിമൂജിന്‍ സ്വീകരിക്കുന്നത്.

ചാരപ്രവര്‍ത്തനത്തില്‍ അസാമാന്യ കഴിവ് നേടിയവരായിരുന്നു ചെങ്കിസ് ഖാന്റെ സൈന്യം. ചെങ്കിസ് ഖാന്റെ അശ്വസൈന്യവും കീഴടക്കാനാവാത്ത ശക്തിയായാണ് ലോകത്തിന്ന മുമ്പില്‍ നിലകൊണ്ടത്. രണ്ടരലക്ഷം പടയാളികള്‍ അശ്വസേനയിലുണ്ടായിരുന്നു. 1227 ഓടുകൂടി മധ്യേഷ്യ എതാണ്ട് പൂര്‍ണമായി തന്നെ ചെങ്കിസ്ഖാന്റെ കീഴില്‍ ആയിക്കഴിഞ്ഞിരുന്നു. കിഴക്കന്‍ യൂറോപ്പിലേക്കും പേര്‍ഷ്യയിലേക്കും ഇന്ത്യയിലേക്കും തന്റെ അധിനിവേശം വ്യാപിപ്പിക്കാനും ചെങ്കിസ് ഖാന് കഴിഞ്ഞിരുന്നു.

1945 ആഗസ്ത് 18
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം

1945 ആഗസ്ത് 18 നായിരുന്നു സുഭാഷ് ചന്ദ്രബോസ് വിയറ്റ്‌നാമിലെ സായ്‌ഗോണില്‍ നിന്ന് വിമാനം കേറുന്നത്. ടോക്കിയോവിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ജപ്പാനില്‍ എത്തിയശേഷം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാനുള്ള പരിപാടി തയ്യാറാക്കാനായിരുന്നു ബോസ് തീരുമാനിച്ചിരുന്നത്. നിര്‍ഭാഗ്യം പിടികൂടിയ ആ ജാപ്പനീസ് വിമാനം തായ്‌പേയില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ഈ ദുരന്തം ലോകത്തിന്റെ തന്നെ മുന്നില്‍ വലിയൊരു സമസ്യയായി മാറുകയായിരുന്നു. ഈ അപകടത്തില്‍ ബോസ് കൊല്ലപ്പെട്ടോ ഇല്ലയോ എന്നത് ഇന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത സത്യമാണ്. ടോക്കിയോവിലെ റെക്കോന്‍ജി ദേവാലയത്തില്‍ അദ്ദേഹത്തെ അടക്കി എന്ന വാര്‍ത്തകള്‍ ഉള്ളപ്പോഴും ബോസിന്റെ  ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.


ഇന്ത്യാ ഗവണ്‍മെന്റ് സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന്റെ പുറകിലെ ദുരൂഹത അന്വേഷിക്കാന്‍ പല കമ്മിറ്റികളെയും നിയോഗിച്ചെങ്കിലും നിഗൂഡത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന്റെ പിന്നിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ അനുഭാവികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍