UPDATES

വിദേശം

വംശഹത്യയുടെ ചരിത്രം; 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍മേനിയയില്‍ നടന്നത്

Avatar

ഇഷാന്‍ തരൂര്‍

ഒരു നൂറ്റാണ്ടു മുമ്പ് ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നടന്ന പത്ത് ലക്ഷത്തിലേറെ അര്‍മീനിയക്കാരുടെ കൂട്ടക്കൊലയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ വംശഹത്യ എന്ന വിശേഷണം ഒഴിവാക്കിയേക്കും. വംശഹത്യയെന്ന് അര്‍മീനിയയും അര്‍മീനിയന്‍ പ്രവാസികളും ഉറച്ചുവിശ്വസിക്കുന്ന സംഭവത്തിന്റെ നൂറാം വാര്‍ഷികമാണിത്.

1915-ഏപ്രിലില്‍ തുടങ്ങിയ കലാപങ്ങളെ കുറിച്ചു ചരിത്രപരമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ ഇടയില്ല. ഒട്ടോമന്‍ അധികൃതര്‍ ആദ്യം ഇസ്താംബുളില്‍ നിന്നും അര്‍മീനിയന്‍ ബുദ്ധിജീവികളെ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. പിന്നീട് ഇന്നിപ്പോള്‍ കിഴക്കന്‍ തുര്‍ക്കിയായി അറിയുന്ന പ്രദേശത്തുനിന്നും അര്‍മീനിയന്‍ വംശജരെ കൂട്ടത്തോടെ നാടുകടത്താന്‍ തുടങ്ങി. പക്ഷേ ആ സംഭവത്തെക്കുറിച്ച് എങ്ങനെ ഓര്‍ക്കണമെന്നതാണ് ചോദ്യം. ശീതയുദ്ധത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയത്തില്‍ പൊതിഞ്ഞുവെച്ചും പിന്നെ തുര്‍ക്കിയിലെ സര്‍ക്കാരുകളുടെ കടുത്ത ദേശീയതവാദത്തിലും പെട്ട് പതിറ്റാണ്ടുകളായി അത് തര്‍ക്കവും സംഘര്‍ഷവും സൃഷ്ടിക്കുന്നു.

ഒബാമ മാത്രമല്ല അദ്ദേഹത്തിന്റെ മുന്‍ഗാമികളും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും മറ്റ് നിരവധി ലോകനേതാക്കളും ഈ വംശഹത്യ പ്രയോഗം വിഴുങ്ങിയവരാണ്.

പക്ഷേ അങ്ങനെയല്ലാത്ത കാലവുമുണ്ടായിരുന്നു; പ്രത്യേകിച്ചും അമേരിക്കക്കാര്‍. ഒട്ടോമന്‍ സാമ്രാജ്യത്തിലെ 1915-ല്‍ നടന്ന സംഭവങ്ങളുടെ നേരിട്ടുള്ള ആദ്യവിവരണം നല്‍കിയവരില്‍ പ്രധാനികള്‍ അമേരിക്കക്കാരായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കും സഖ്യകക്ഷികള്‍ക്കും എതിരെ യു.എസ് യുദ്ധത്തില്‍ കക്ഷിയായതിന് ചില യു.എസ് അധികൃതര്‍ അര്‍മീനിയന്‍ കൂട്ടക്കൊല ന്യായമായി പറയുകപോലും ചെയ്തിരുന്നു.

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ 1914-1922 കാല ഇഴപിരിച്ചെടുത്താല്‍ അര്‍മീനിയക്കാരല്ലാത്ത ജനവിഭാഗങ്ങള്‍ക്കെതിരെയും വന്‍തോതില്‍ അക്രമങ്ങളും ദുരിതവും അഴിച്ചുവിട്ടതായി കാണാം. ഈ എട്ടുകൊല്ലക്കാലത്തിനിടയില്‍ ഏതാണ്ട് 5 ദശലക്ഷം ഒട്ടോമന്‍ പൌരന്മാരാണ് നാമാവശേഷരായത്.

നാല് അമേരിക്കക്കാര്‍, തകരാന്‍ തുടങ്ങിയ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ നല്‍കിയതാണിവിടെ നല്‍കുന്നത്. തോമസ് ഡി വാള്‍ എഴുതിയ “Great Catastrophe: Armenians and Turks in the Shadow of Genocide,” എന്ന പുസ്തകത്തില്‍ നിന്നാണ് ഇതെടുത്ത് ചേര്‍തിരിക്കുന്നത്.

ഒട്ടോമന്‍ സാമ്രാജ്യത്തില്‍ യു.എസ് നയതന്ത്ര പ്രതിനിധിയായിരുന്ന ഹെന്‍റി മോര്‍ഗെന്താവു 1915, ജൂലായ് 10-നു വിദേശകാര്യ സെക്രട്ടറി റോബര്‍ട് ലാന്‍സിംഗിന് അയച്ച ഒരു കേബിള്‍ സന്ദേശം:

“അര്‍മീനിയക്കാരെ വേട്ടയാടല്‍ അസാധാരണമായ തോതിലെത്തിയിരിക്കുന്നു. സമാധാനപ്രിയരായ അര്‍മീനിയന്‍ ജനതയെ കടുത്ത പീഡനത്തിനും കൂട്ടത്തോടെയുള്ള ആട്ടിയോടിക്കലിനും വിധേയമാക്കി സാമ്രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറുവശത്തേക്ക് ഇട്ടോടിക്കുകയാണ്. അവരെ നശിപ്പിക്കാനും തകര്‍ക്കാനും ബലാത്സംഗം, കൊള്ള, കൊല,കൂട്ടക്കൊലകള്‍ ഇവയെല്ലാം ഒപ്പമുണ്ട്. ഇതൊന്നും ജനകീയ ആവശ്യങ്ങള്‍ ഉയര്‍ന്നത് മൂലമല്ല. സൈനിക ആവശ്യമെന്ന പേരില്‍, പലപ്പോഴും സൈനിക ദൌത്യങ്ങളെ നടക്കാത്ത ജില്ലകളില്‍ പോലും, കോന്‍സ്റ്റാന്‍റിനോപ്പിളില്‍ നിന്നുള്ള  നിര്‍ദ്ദേശപ്രകാരം നടക്കുന്നതാണ്.”

ആക്രമത്തിന് പിന്നിലുള്ള ഞെട്ടിക്കുന്ന കാരണങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് മോര്‍ഗെന്താവു തുടരുന്നു.

“മുസ്ലീംങ്ങളും അര്‍മീനിയക്കാരും ഐക്യത്തിലാണ് കഴിഞ്ഞുവന്നത്. എന്നാല്‍ ചില അര്‍മേനിയന്‍ പ്രവര്‍ത്തകര്‍, മിക്കവരും റഷ്യക്കാര്‍, കോക്കസസിലെ റഷ്യന്‍ സേനയില്‍ ചേര്‍ന്നതും ചിലര്‍ സായുധ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും, മറ്റ് ചിലര്‍ റഷ്യക്കാരെ അധിനിവേശത്തിനു സഹായിച്ചതും . . . ഭയാനകമായ പ്രതികാരമാണ് അടിച്ചേല്‍പ്പിച്ചത്. മിക്ക ഇരകളും ഒട്ടോമന്‍ സര്‍ക്കാരിനോട് കൂറുള്ളവരായിരുന്നു.”

“ഒട്ടോമന്‍ ഉത്തരവുകള്‍ പാലിച്ചത് ഒരേ രീതിയിലായിരുന്നില്ല. ചിലയിടങ്ങളില്‍ അര്‍മീനിയന്‍ പുരുഷന്‍മാര്‍ക്ക് കൂട്ടമായി തങ്ങളുടെ വീടും നാടും വിട്ടുപോകാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റ് പലയിടത്തും പുരുഷന്‍മാര്‍ ജീവനോടെ പ്രവിശ്യവിട്ടത് അപൂര്‍വമായിരുന്നു” എന്നാണ് കിഴക്കന്‍ അനറ്റോളിയയിലെ ഒരു അമേരിക്കന്‍ ക്രൈസ്തവ പുരോഹിതനായിരുന്ന ഹെന്രി റിഗ്സ് എഴുതുന്നത്. ചില രേഖകളനുസരിച്ച് 12 വയസിനു മുകളിലുള്ള എല്ലാ ആണുങ്ങളെയും കൃത്യമായി കൊന്നൊടുക്കുകയായിരുന്നു.

അനറ്റോളിയക്ക് പുറത്തേക്ക് നാടുകടത്തല്‍ വണ്ടികള്‍ ദുരിതചക്രങ്ങളുമായി ഓടിയപ്പോള്‍ അവശേഷിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്തു സംഭവിച്ചു എന്നുകൂടി റിഗ്സ് നിരീക്ഷിക്കുന്നു. “വഴിയില്‍ കൂര്‍ദുകള്‍ അവരെ ആക്രമിച്ചു; അര്‍ദ്ധസൈനികരും സൈനികരും പീഡനങ്ങള്‍ക്കിരയാക്കി; ബാലാത്ക്കാരം സാധാരണ സംഭവമായി.”

“യാതൊരു സംരക്ഷണവുമില്ലാതെ, കൊടുംകുറ്റവാളികളായ അര്‍ദ്ധസൈനികരുടെ ക്രൂരതകള്‍ക്കിരയായി, വിവരിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെ വലിച്ചിഴക്കപ്പെട്ട നിരവധി സ്ത്രീകളും കുട്ടികളും ആദ്യദിവസങ്ങള്‍ക്കുളില്‍ തന്നെ മരിച്ചുപോയി. കൂട്ടത്തിലെ യുവതികളേയും ആരോഗ്യവതികളായ സ്ത്രീകളേയും ആരെയും ഭയക്കാനില്ലാത്ത പുരുഷ സൈനികര്‍ തങ്ങളുടെ ക്രൂരമായ കാമപ്പേക്കൂത്തുകള്‍ക്ക് ഇരകളാക്കി. യൂഫ്രട്ടീസ് നദിയിലെ നിരവധി ആത്മഹത്യകള്‍ ഇത് വ്യക്തമാക്കുന്നു. ആശ്വാസം തേടി ഞങ്ങളുടെ അരികിലേക്ക് രക്ഷപ്പെട്ടുവന്ന സ്ത്രീകള്‍ ആ രാത്രി മദിരോത്സവ, കാമപേക്കൂത്തുകളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ നല്കി.”

മധ്യ അനറ്റോളി നഗരമായ ശിവാസില്‍ നിന്നും ഒരു സംഘം അര്‍മീനിയക്കാരുമായി പോന്ന മറ്റൊരു അമേരിക്കന്‍ ക്രൈസ്തവ മതപ്രചാരകന്‍ മേരി ഗഫ്രാം വിവരിക്കുന്നു;

“കണ്ണെത്താവുന്നിടത്തോളം ദൂരത്ത് ഇഴഞ്ഞുനീങ്ങുന്ന കാളവണ്ടികള്‍. കത്തുന്ന വെയില്‍. വഴിയിലെങ്ങും ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല. യാത്ര നീങ്ങുന്തോറും തലേന്ന് പോയ കൂട്ടത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കാണാന്‍ തുടങ്ങി. വയ്യാത്തവര്‍ തളര്‍ന്ന് വീണു. പാടത്ത് പണിയെടുക്കുന്ന കൂര്‍ദുകള്‍ ആക്രമിക്കുന്നത് തുടര്‍ന്ന്. ഞാന്‍ കഴിയാവുന്നത്ര സാധനങ്ങളും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ വിദ്യാര്‍ത്ഥികളെയും വണ്ടികളില്‍ കയറ്റിയിരുന്നു; അവര്‍ ധീരരായിരുന്നു. ഒരു പെണ്‍കുട്ടി മരിച്ചുകിടന്ന ഒരു സ്ത്രീയുടെ കുഞ്ഞിനെ വൈകുന്നേരം വരെ കയ്യിലെടുത്തിരുന്നു. മറ്റൊരാള്‍ മരിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയെ അവരുടെ അവസാന ശ്വാസം വരെ കയ്യില്‍ താങ്ങി.”

അലെപ്പോയിലെ യു എസ് കൌണ്‍സല്‍ ജെസ്സീ ജാക്സണ്‍ 1916 സെപ്തംബറില്‍ താന്‍ സിറിയന്‍ നഗരത്തിന് പുറത്തുള്ള ഒരു പട്ടണത്തില്‍ കണ്ട കാഴ്ച്ചകളെഴുതി.

“വിശാലവും നിരാശാഭരിതവുമായ ഈ മെസ്കെനെ സമതലം ദുഖവും അനുതാപവും നിറക്കുന്നു. പട്ടിണിയും രോഗങ്ങളും പീഡനങ്ങളും ഏതാണ്ട് 60,000 അര്‍മീനിയക്കാരെയാണ് ഇവിടെ കുഴിച്ചുമൂടിയത്. കണ്ണെത്തുന്നിടത്തോളം ദൂരത്തെല്ലാം 200-ഉം 300-ഉം പേരെ കുഴിച്ചുമൂടിയിരിക്കുന്നു. . . വിവിധ കുടുംബങ്ങളില്‍പ്പെട്ട സ്ത്രീകള്‍ കുട്ടികള്‍, പ്രായം ചെന്നവര്‍.”

‘ജീവനുള്ള പ്രേതങ്ങള്‍’ എന്നാണ് താന്‍ കണ്ട അര്‍മീനിയക്കാരെ ജാക്സണ്‍ വിശേഷിപ്പിച്ചത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍