UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മന്ത്രണം, പിന്നെയൊരു സ്പന്ദനം, പിന്നെയിതാ 87 ദശലക്ഷം യുട്യൂബ് പ്രേക്ഷകരും

Avatar

കേയ്ട്ലിന്‍ ഗിബ്സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സ്വര്‍ണതലമുടിയുള്ള ആ സുന്ദരി ഒരു മുടിചീപ്പിന്റെ നാരുകള്‍ക്കിടയില്‍ തന്റെ സ്വര്‍ണനിറം പൂശിയ നഖങ്ങളുള്ള കൈവിരലുകള്‍ ഓടിക്കുകയാണ്. ഉച്ചഭാഷിണിയുടെ അടുത്തുപിടിച്ച അതിന്റെ മരപ്പിടിയില്‍ അവളുടെ നഖങ്ങള്‍ മൃദുലമായി തട്ടുന്നു. മങ്ങിയ വെളിച്ചത്തില്‍ കുളിച്ച്, ഒരു രഹസ്യം പറയുമ്പോലെ അവള്‍ വീഡിയോ കാമറയെ നോക്കി പുഞ്ചിരിച്ചു.

“ഈ നഖസ്പര്‍ശത്തിന്റെ ശബ്ദങ്ങള്‍ എന്നെ മഴയുടെ ശബ്ദത്തെ ഓര്‍മ്മപ്പെടുത്തുന്നു”, മന്ത്രമണികളുടെ പതിഞ്ഞ കിലുക്കംപോലുള്ള ഒരു മര്‍മ്മരത്തില്‍ അവളുടെ ശ്വാസമുതിരുന്നു.

ഇത് മരിയ, 28, മേരിലാന്‍റില്‍ താമസിക്കുന്ന ഒരു റഷ്യന്‍ കുടിയേറ്റക്കാരി. ഏഴു ദശലക്ഷം തവണ കണ്ടുകഴിഞ്ഞ ഒരു യുട്യൂബ് ദൃശ്യത്തിലെ നായിക. മരിയയുടെ ലക്ഷക്കണക്കിന് ആരാധകര്‍ അവളുടെ മര്‍മ്മരം പോലുള്ള ശബ്ദത്തിനായി വീണ്ടും വീണ്ടും ആ ദൃശ്യങ്ങള്‍ കാണാന്‍ മടങ്ങിയെത്തുന്നു. പലവേഷങ്ങളണിയുന്നു മരിയ-ലൈബ്രേറിയന്‍, കേശാലങ്കാര വിദഗ്ദ്ധ, ഉഴിച്ചിലുകാരി. വളരെ ലളിതമായ ചലനങ്ങളോടെ: തൂവാലകള്‍ മടക്കുന്നു, ഒരു ചെറിയ സുഗന്ധത്തിരിയില്‍നിന്നും  പുകയൂതി വിടുന്നു, ഒരു മാസികയുടെ പുറങ്ങള്‍ മറയ്ക്കുന്നു.

ഇന്റെര്‍നെറ്റില്‍ ഇതിനായി സമയം ചെലവിടുന്നത് അസംബന്ധമായി തോന്നാം. പക്ഷേ മരിയയുടെ പ്രേക്ഷകര്‍ക്കങ്ങനെയല്ല. അവര്‍ക്കത് ശാന്തതയാണ്, ഉറക്കക്കുറവിനുള്ള ഒറ്റമൂലിയാണ്, ശരീരത്തില്‍ ഉന്‍മാദഹര്‍ഷം സൃഷ്ടിക്കുന്ന തരംഗങ്ങളുടെ മഹാപ്രവാഹമാണ് (ASMR-autonomous sensory meridian response).

“അത് മിന്നലുകളുടെ മഴപോലെയാണ്,” മരിയ പറയുന്നു. നിങ്ങളുടെ ഉടലിലാകെ ഉതിര്‍ക്കുന്ന, നിങ്ങളുടെ ശിരസ്സില്‍ നനുനനുന്നനെ അരിച്ചിറങ്ങുന്ന, പിന്നെ തോളിലേക്ക് പടരുന്ന ഊഷ്മളമായ മണല്‍ത്തരികള്‍ പോലെ. തലച്ചോറില്‍ രോമാഞ്ചമുണ്ടാകും പോലെയാണത്.”

താനും ഇത് അനുഭവിക്കാറുണ്ടെന്ന് മരിയ പറയുന്നു. അവരുടെ യുട്യൂബ് ചാനലില്‍ -Gentle Whispering-മരിയയുടെ സ്വന്തം അനുഭവങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 87 ദശലക്ഷം തവണയാണ് ഇത് കണ്ടത്.

താന്‍ പണത്തിനും പ്രശസ്തിക്കും പിന്നാലെയല്ലെന്ന് അവര്‍ പറയുന്നു. മറ്റ് ‘ASMRtists’-കളുടെ ദൃശ്യങ്ങള്‍ നിരാശയുടെ കാലത്ത് തന്നെ സഹായിച്ചെന്നും ഇപ്പോള്‍ താന്‍ അത് പ്രയോഗിക്കുകയാണെന്നും മരിയ പറഞ്ഞു.

വെറും ഉത്തേജന ദൃശ്യങ്ങള്‍ക്കപ്പുറം പലതും ഇതിലുണ്ടെന്ന് മരിയ അവകാശപ്പെടുന്നു. തുണി മടക്കുന്ന സ്ത്രീ നിങ്ങളുടെ അമ്മയെ ഓര്‍മ്മിപ്പിച്ചേക്കാം. ഒരു ഉഴിച്ചിലുകാരിയുടെയോ, കേശാലങ്കാര വിദഗ്ദ്ധയുടെയോ പൂര്‍ണശ്രദ്ധ നിങ്ങള്‍ വളരെ പരിചരിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കാം. നിത്യജീവിതത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ ഈ സൌമ്യശബ്ദങ്ങളില്‍ ഒരാശ്വാസം കണ്ടെത്താം.

ഇത് ഈ 20 മിനിറ്റ് ദൃശ്യങ്ങളെ വിശേഷിപ്പിക്കാവുന്ന ഒരു രീതിയാണ്. പ്രത്യേകിച്ചൊരു ഘടനയോ, വൈകാരിക സങ്കീര്‍ണതയോ ഇല്ലാത്ത ഇവ ഒറ്റനോട്ടത്തില്‍ തികച്ചും മടുപ്പ് തന്നെ.

പക്ഷേ ദശലക്ഷങ്ങള്‍ തികച്ചും ഉന്‍മേഷഭരിതരാണ്. എന്തൊക്കെയോ നടക്കുന്നുണ്ട്.

മരിയക്കിത് ആദ്യം അനുഭവപ്പെട്ടപ്പോള്‍ എന്താണതെന്ന് അവള്‍ക്ക് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. റഷ്യയിലെ ഒരു കിന്‍റര്‍ഗാര്‍ടനില്‍ മരിയയും കൂട്ടുകാരികളും പരസ്പരം ഇക്കിളിയാക്കുകയും, കൈത്തണ്ടയില്‍ വിരലുകളോടിക്കുകയും ചെയ്തിരുന്നു. മരിയക്കത് പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി നല്‍കി.

അത്തരം അനുഭവങ്ങള്‍ അവള്‍ പിന്നേയും കണ്ടെത്തി. പാഠപുസ്തകത്തിലെ പുറങ്ങള്‍ മറിക്കാന്‍ ഒരു അധ്യാപിക പതുക്കെ പറഞ്ഞത്, ഒരു കടലാസിന്റെ അനക്കം, തലയിലോടുന്ന ചീപ്പ്, പതുക്കെയുള്ള തട്ടല്‍, സീല്‍ക്കാരങ്ങള്‍.

യു എസിലേക്ക് കുടിയേറി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, വിവാഹമോചനത്തെ തുടര്‍ന്ന് മരിയ വിഷാദത്തിന്റെ പിടിയിലായി. പിരിമുറുക്കം ഒന്നയക്കാനുള്ള ദൃശ്യങ്ങള്‍ തിരയുന്നതിനിടക്ക് ഒരു രാത്രി അവളൊരു whisper എന്ന ലിങ്കില്‍  അമര്‍ത്തി. “ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോഴേ ഞാന്‍ ഹര്‍ഷോന്‍മാദത്തിലായി.”

മറ്റ് പല കാഴ്ചക്കാരും ഇതേ അനുഭവം രേഖപ്പെടുത്തിയതായി കണ്ടു. അപ്പോഴാണ് താന്‍ ഒറ്റക്കല്ല എന്നു അവള്‍ മനസിലാക്കിയത്.

അതവളുടെ ജീവിതം മാറ്റിക്കളഞ്ഞു. 2011 ഫെബ്രുവരിയിലാണ് അവള്‍ തന്റെ ആദ്യത്തെ ASMR ദൃശ്യം ഉണ്ടാക്കിയത്. ഒരു മാസം രണ്ടു തവണ മാത്രമാണു അത് കണ്ടത്. നിരാശയായ മരിയ അത് എടുത്തുകളഞ്ഞു. കുറച്ചുമാസം കഴിഞ്ഞു ഒന്നുകൂടി പരീക്ഷിച്ചു; ഇത്തവണ കുറച്ചു പ്രോത്സാഹനം കിട്ടി. ആ വര്‍ഷം അവസാനമായപ്പോഴേക്കും 30,000 വരിക്കാരായി. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ മൂന്നുലക്ഷത്തോളവും.

മരിയ തങ്ങളുടെ തൊട്ടടുത്തുണ്ടെന്നു തോന്നിപ്പിക്കും വിധം മര്‍മ്മരങ്ങള്‍ പിടിച്ചെടുക്കുന്ന മൈക്രോഫോണുകള്‍ അവള്‍ ഉപയോഗിച്ചു. ‘തലച്ചോറിലെ രതിമൂര്‍ച്ഛ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതികരണങ്ങള്‍ ഒട്ടും ലൈംഗികമല്ലെന്ന് ASMR ആരാധകര്‍ പറയുന്നു. ഇതിനോടുള്ള പല ഓണ്‍ലൈന്‍ പ്രതികരണങ്ങളും മറിച്ചു തോന്നിപ്പിക്കുമെങ്കിലും.

ഈ പരിപാടി നടത്തുന്നവരില്‍ ഗണ്യമായ തോതില്‍ അനുയായികളുള്ള ആദ്യത്തെ ആളല്ല മരിയ. വ്യത്യസ്തതയാണ് ആളുകളുടെ അടുപ്പം നിലനിര്‍ത്താനുള്ള വഴിയെന്ന് മരിയ പറയുന്നു.

“കൂടുതലാളുകള്‍ ഇത്തരം പരിപാടികള്‍ ഉണ്ടാക്കുന്നതോടെ എല്ലാവരുടെയും പ്രത്യേകതകള്‍ കുറഞ്ഞുവരുന്നു. നിങ്ങള്‍ മറ്റുള്ള ദൃശ്യങ്ങളും പരീക്ഷിക്കണം,അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ അടുത്ത് മടങ്ങിവരാനാകും. ഇത് ഞങ്ങളെല്ലാവരും തമ്മിലുള്ള ഒരു പങ്കാളിത്തമാണ്.”

പക്ഷേ ഇത് തികച്ചും കച്ചവടം കൂടിയാണ്. തന്റെ വരുമാനം വെളിപ്പെടുത്താന്‍ മരിയ തയ്യാറല്ല. എന്നാല്‍ താന്‍ ചെറിയൊരു  ജോലി വേറെ ചെയ്യുന്നുണ്ടെന്നും ഓണ്‍ലൈന്‍ വരുമാനം കൊണ്ടുമാത്രം ജീവിക്കാനാവില്ലെന്നും അവള്‍ പറഞ്ഞു. തന്റെ തിരക്കിനനുസരിച്ച് ആഴ്ചയില്‍ ഒന്നോ, മാസത്തില്‍ ഒന്നോ എന്ന കണക്കില്‍ മരിയ ദൃശ്യങ്ങള്‍ നല്കും.

“ഇതുമാത്രം ചെയ്തുകൊണ്ടിരുന്നാല്‍ അത് വേണ്ടത്ര ഭംഗിയായി എനിക്കു ചെയ്യാനാകില്ല.”

കാമറയില്ലെങ്കില്‍ മരിയയുടെ ശബ്ദം ഇത്തിരി ഉയര്‍ന്നതാണ്. കുറച്ചുകൂടി ഉല്ലാസവതിയാണ്. ഇതാണ് തന്നെ മരിയയിലേക്ക് ആകര്‍ഷിച്ചതെന്ന് അവളുടെ ആണ്‍സുഹൃത്ത് ഡാരില്‍ പറയുന്നു. അയാളെ ASMR കൂട്ടം വഴിയാണ് അവള്‍ കണ്ടുമുട്ടിയത്.

മരിയയുടെ മുഖം തുടുത്തു. “ഞാനൊരു കൂട്ട് തേടുകയായിരുന്നിരിക്കാം. ഓരോ തവണയും കാമറയിലേക്ക് നോക്കുമ്പോള്‍ ഇതെന്റെ സുഹൃത്താണ്, കുടുംബമാണ് എന്നു കരുതാനാണ് ഞാന്‍ ശ്രമിക്കുന്നത്.”

ASMR-നേ കുറിച്ചു ഇതുവരെയും കൃത്യമായ പഠനങ്ങളൊന്നുമില്ല. 2010-ല്‍ ഇത്തരമൊരു കൂട്ടം തുടങ്ങിയ ജെന്നിഫര്‍ അലെന്‍ എന്ന സ്ത്രീയാണ് ഈയൊരു പേര് സൃഷ്ടിച്ചത്.

യേല്‍ സര്‍വ്വകലാശാലയിലെ ക്ലിനിക്കല്‍ ന്യൂറോളജിസ്റ്റ് സ്റ്റീവന്‍ നോവെല്ല ചെന്നിക്കുത്തിനോടാണ് ASMR-നെ ഉപമിച്ചത്. ‘ആനന്ദകരമായ’ ഒരു കമ്പനമാകാം ഇതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഡോക്ടര്‍മാരും മനഃശാസ്ത്രജ്ഞരും അടക്കമുള്ളവര്‍ തന്നോടു അഭിപ്രായങ്ങള്‍ പറയാറുണ്ടെങ്കിലും മിക്കവാറും ഉറക്കപ്രശ്നമുള്ളവരും, പരീക്ഷപ്പനിയുള്ള വിദ്യാര്‍ത്ഥികളും ഒക്കെ അയക്കുന്ന നന്ദി സന്ദേശങ്ങളാണ് കൂടുതലെന്നും മരിയ പറഞ്ഞു.

കഴിഞ്ഞയാഴ്ച മരണക്കിടക്കയിലായിരുന്ന ഒരു വൃദ്ധയുടെ കൊച്ചുമകള്‍ മരിയയയെ വിളിച്ചു. അമ്മൂമ്മ മരിയയുടെ ദൃശ്യങ്ങളോട് ആനന്ദത്തോടെ പ്രതികരിച്ചത്രേ. “എനിക്കു വിശ്വസിക്കാനായില്ല,” മരിയ പറയുന്നു.

പക്ഷേ അതിലത്ര അത്ഭുതപ്പെടേണ്ടതില്ല. മരിയയുടെ ഏറ്റവുമധികം കണ്ട ദൃശ്യം നോക്കൂ. എല്ലാം എത്ര കൃത്യമായാണ്,സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; പിറകിലെ ചുമരിലൊട്ടിച്ച കടലാസ്, മങ്ങിയ വെളിച്ചം, ഇളം നിറത്തിലുള്ള കുപ്പായം, -പിന്നെ-അവളുടെ വാക്കുകളും.

“ഞാന്‍ നിങ്ങളെ സാന്ത്വനിപ്പിക്കുകയാണ്,” അവള്‍ മന്ത്രിക്കുന്നു.

“പിരിമുറുക്കമയക്കാനും,അല്ലലുകള്‍ മറക്കാനും, അതെന്തായാലും.”

“ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട. എല്ലാം ശരിയാകും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍