UPDATES

വിദേശം

ആണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കി; ജോർജ് പെല്ലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് വത്തിക്കാൻ

ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജോര്‍ജ് പെല്ലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു

ബാലപീഡനത്തിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ കർദ്ദിനാൾ ജോർജ് പെല്ലിന് ഒരു ടേം കൂടി സാമ്പത്തിക സെക്രട്ടറിയേറ്റിൽ ട്രഷറർ ആയി പ്രവർത്തിക്കാൻ യോഗ്യതയില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. ഫെബ്രുവരി 24-ന് അദ്ദേഹത്തിന്റെ ട്രഷറർ കാലാവധി കഴിഞ്ഞിരുന്നു. കാലാവധി കഴിയുമ്പോൾ അത് വീണ്ടും പുതുക്കുകയായിരുന്നു പതിവ്. എന്നാൽ സഭയുടെ ഉന്നതതലത്തിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒരാളെ തന്നെ നിയോഗിക്കുന്നത് വത്തിക്കാന്റെ മൊത്തത്തിലുള്ള വിശ്വാസ്യതയെ ബാധിക്കുന്നതിനാൽ അത് ഒഴിവാക്കുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ കർദ്ദിനാൾ പദവി ഉൾപ്പടെയുള്ള മറ്റ് സ്ഥാനമാനങ്ങളൊന്നും റദ്ദ് ചെയ്യില്ല.

2014-ലാണ് കർദ്ദിനാൾ ജോർജ് പെൽ ട്രഷററായി നിയമിതനാകുന്നത്. പതിനാറു വയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ പേരിൽ വിചാരണയും മറ്റ് കോടതി വ്യവഹാരങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലൊക്കെയും അദ്ദേഹം സഭയുടെ താക്കോൽ സ്ഥാനങ്ങളിൽ തന്നെ പ്രവർത്തിച്ച് വരികയായിരുന്നു. ഈ വർഷം കാലാവധി കഴിയുന്നത് വരെ അദ്ദേഹത്തിന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള എല്ലാ അവസരവും പെല്ലിനു ലഭ്യമാക്കണം എന്ന് തന്നെയാണ് വത്തിക്കാന്റെ പക്ഷം. വിധിക്കെതിരെ ജോർജ് പെല്ലിന്റെ അഭിഭാഷകർ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

Also Read: കർദ്ദിനാള്‍ ജോർജ് പെല്ലിന്റെ സ്ഥാനം മാര്‍പ്പാപ്പയ്ക്ക് തൊട്ടുതാഴെ; ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്നു വിധി

“അന്തിമവിധി വരാൻ ഞങ്ങൾ കാത്തിരിക്കുകയാണ്, ആസ്ട്രേലിയൻ ബിഷപ്പുമായി ചേർന്ന് ഞങ്ങൾ ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കും ചർച്ച് എന്നത് എല്ലാവര്‍ക്കും സുരക്ഷിതമായ, വിശ്വസ്തതയുള്ള ഒരു ഇടമാണെന്ന് എല്ലാവര്‍ക്കും ബോധ്യം വരുന്ന രീതിയിലാണ് ഞങ്ങൾ ഇനി തുടർന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും കുട്ടികൾക്കും ബലഹീനർക്കും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള സകലർക്കും അഭയവും ധൈര്യവുമാണ് ചർച്ച് എന്ന് ലോകത്തിന് ഞങ്ങൾ കാണിച്ച് കൊടുക്കും“, വത്തിക്കാൻ വക്താവ് അലക്സന്ദ്രോ ജിസോട്ടി മാധ്യമങ്ങളോട് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍