UPDATES

വിദേശം

ബുഷ് ഹാക്കര്‍ വലയില്‍

Avatar

മാറ്റ് സാപ്പോടോസ്കി
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ കുടുംബത്തിന്റെ സ്വകാര്യ ഇ-മെയിലുകളും ഫോട്ടോകളും മറ്റും കമ്പ്യൂട്ടര്‍ ‘ഹാക്കിങ്’ വഴി അനധികൃതമായി കൈക്കലാക്കുകയും പിന്നീട് വിതരണം നടത്തുകയും ചെയ്ത അന്താരാഷ്ട്ര ഹാക്കറെ കമ്പ്യൂട്ടര്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളുടെ പേരില്‍ ഫെഡറല്‍ കോടതി കുറ്റപത്രം നല്കി.

താന്‍ മോഷ്ടിക്കുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട ‘ഗൂസിഫര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഴ്സല്‍ ലെഹെല്‍ ലാസറിനെതിരെ, സൈബര്‍-പിന്തുടര്‍ച്ചാശല്യം (stalking), ഗൌരവതരമായ ആള്‍മാറാട്ടം, സുരക്ഷിതമാക്കപ്പെട്ട കമ്പ്യൂട്ടറില്‍ അനധികൃതമായി കയറല്‍ എന്നീ കുറ്റങ്ങളടക്കം 9 കുറ്റങ്ങളുള്ള കുറ്റപത്രമാണ് വെര്‍ജീനിയയിലെ അലെക്സാണ്ട്രിയ ഫെഡറല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ബുഷ് കുടുംബത്തിലെ ഒരംഗം, ഒരു മുന്‍ കാബിനറ്റ് അംഗം, ഒരു മുന്‍ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ്സ് അംഗം എന്നിവരുള്‍പ്പെടെ അനവധി പ്രമുഖരുടെ ഇ-മെയില്‍, ഫേസ്ബുക് മറ്റ് ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ എന്നിവയിലേക്ക് ഈ 42കാരനായ റൊമേനിയന്‍ പൌരന്‍ ഹാക്കിംഗ് നടത്തി എന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഇതിനുശേഷം ഈ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ മാധ്യമ സ്ഥപനങ്ങള്‍ക്കും കോണ്‍ഗ്രസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും അയച്ചുകൊണ്ട് ഇന്‍റര്‍നെറ്റില്‍ വന്‍ കോളിളക്കം തന്നെ ഇയാള്‍ സൃഷ്ടിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹാക്ക് ചെയ്യപ്പെട്ട പ്രമുഖര്‍ ആരൊക്കെയെന്ന് ഈ കുറ്റപത്രം വെളിപ്പെടുത്തുന്നില്ല. എന്നാല്‍, താന്‍ സാമ്പാദിച്ച വിവരങ്ങളില്‍ പലതും ഹാക്കര്‍ തന്നെ പരസ്യപ്പെടുത്തിയതിനാല്‍ ഇവര്‍ ആരൊക്കെയാണെന്നത് പരസ്യമാണ്.

തന്റെ ഇ-മെയില്‍, ഫേസ്ബുക് അക്കൌണ്ടുകള്‍ ആരോ അനധികൃതമായി പരിശോധിക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്ഷം തന്നെ മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ബുഷ് കുടുംബത്തിലെ ചില അംഗങ്ങളുടെ സ്വകാര്യ മെയിലുകള്‍ പലതും മോഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും അത് തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരുന്നു. ഇത്തരത്തില്‍ പരസ്യമാക്കപ്പെട്ട ചിത്രങ്ങളില്‍ജോര്‍ജ്.ഡബ്ല്യു.ബുഷ് വരച്ച അദ്ദേഹത്തിന്റെ തന്നെ കുളിക്കുന്ന നിലയിലുള്ള ചിത്രങ്ങള്‍കൂടി ഉള്‍പ്പെട്ടിരുന്നു എന്നതിനാല്‍ ഈ വിഷയം വലിയ വിവാദം ഉണ്ടാക്കിയിരുന്നു. 

മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ലാസര്‍ ഉണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ‘ഗൂസിഫര്‍’ എന്ന പേരില്‍ ഹാക്കിങ് നടത്തുന്നതാരായാലും അയാള്‍, കൊമേഡിയന്‍ സ്റ്റീവ് മാര്‍ട്ടിന്‍, മാഗസിന്‍ എഡിറ്റര്‍ ടീന ബ്രൌണ്‍, നടി മാരിയേല്‍ ഹെമിങ്ഗ്വെ എന്നിവരടക്കം പലരെയും തന്റെ ഇരകളാക്കിയതായി അവകാശപ്പെട്ടിട്ടുണ്ടെന്ന് ‘ദി സ്മോക്കിങ് ഗണ്‍’ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്ന പല തെളിവുകളും ഗൂസിഫര്‍ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഈ വാര്‍ത്താസംഘം പറഞ്ഞു.

ഒരു ടാക്സി ഡ്രൈവറായ, ചിലപ്പോള്‍ മാഴ്സല്‍ ലാസര്‍ ലെഹെല്‍ എന്ന പേരും സ്വീകരിക്കുന്ന ലാസര്‍ ഒരു റൊമേനിയന്‍ കോടതിയിലും ഹാക്കിങ് കുറ്റത്തിന് ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റോയ്റ്റേഴ്സ് അറിയിച്ചു. നാലു വര്‍ഷത്തെ തടവിന് ഈ മാസം അയാള്‍ ശിക്ഷിക്കപ്പെട്ടുവെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ ഈ കുറ്റാരോപണം സംബന്ധിച്ച വിചാരണക്കായി അയാളെ ചിലപ്പോള്‍ നാട്ടില്‍നിന്നും കൊണ്ടുവന്നേക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍