UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബ്രിട്ടിഷ് കപ്പല്‍ ലാകോണിയ ആക്രമിക്കപ്പെട്ടു, തുര്‍ക്കിയില്‍ ഭരണ അട്ടിമറി

Avatar

1942 സെപ്തംബര്‍ 12
ജര്‍മ്മന്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് കപ്പല്‍ ലാകോണിയ കടലില്‍ മുങ്ങി

ജര്‍മ്മന്‍ യു-156 ബോട്ട് 1942 സെപ്തംബര്‍ 12 ന് നടത്തിയ ആക്രമണത്തില്‍ ബ്രിട്ടീഷ് കപ്പലായ ലാകോണിയ തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങി. ഇംഗ്ലണ്ടിലേക്കായിരുന്നു കപ്പലിന്റെ യാത്ര. 1400 പേരുടെ ജീവനാണ് അന്ന് സമുദ്രത്തില്‍ പൊലിഞ്ഞുപോയത്. ആ കപ്പലില്‍ ആകെയുണ്ടായിരുന്ന 2200 യാത്രികരില്‍ 1500 ഓളം പേര്‍ ഇറ്റാലിയന്‍ യുദ്ധത്തടവുകാരായിരുന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്ത ജര്‍മ്മന്‍ കാമാന്‍ഡര്‍ ക്യാപ്റ്റന്‍ വെര്‍ണര്‍ ഹാര്‍ട്ടെസ്റ്റെയ്ന്‍ ഈ വിവിരം നേരത്തെ അറിഞ്ഞിരുന്നില്ല. 

ഇറ്റാലിയന്‍ തടവുകാര്‍ കപ്പലിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ ക്യാപ്റ്റന്‍ വെര്‍ണര്‍ അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അധികമകലെയല്ലാതെ ഉള്ള മറ്റൊരു ജര്‍മ്മന്‍ കപ്പലിന്റെ സഹായവും ക്യാപ്റ്റന്‍ തേടി. എന്നാല്‍ ക്യാപ്റ്റന്റെ സന്ദേശത്തോട് ഉടനടി പ്രതികരിച്ചതാകട്ടെ ഒരു ഫ്രഞ്ച് പടക്കപ്പലും രണ്ട് ബ്രിട്ടീഷ് പടക്കപ്പലുകളുമാണ്. ശത്രുരാജ്യങ്ങളാണെങ്കിലും ജര്‍മ്മന്‍ ക്യാപ്റ്റന്‍ അവരോട് മനുഷ്യത്വപരമായ സഹായം ആവശ്യപ്പെട്ടു. എന്നാല്‍ സഖ്യകക്ഷികളാകട്ടെ ജര്‍മ്മനിയുടെ ഈ ആവശ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ഉടന്‍ തന്നെ അമേരിക്കന്‍ ബി-24 ബോംബര്‍ വിമാനമായ ലിബറേറ്റര്‍ ജര്‍മ്മന്‍ യു-ബോട്ടിനെ ആക്രമിക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ ജര്‍മ്മന്‍ ബോട്ടിന് സാരമായ കേടുപാടുകളും സംഭവിച്ചു.

1980 സെപ്തംബര്‍ 12
തുര്‍ക്കിയില്‍ ഭരണ അട്ടിമറി

തുര്‍ക്കി, ആ രാജ്യത്തിലെ മൂന്നാമത്തെ ഭരണ അട്ടിമറിക്ക് 1980 സെപ്തംബര്‍ 12 ന് സാക്ഷ്യംവഹിച്ചു. 1960 ലും 1971 ലും കണ്ട അട്ടിമറികള്‍ക്കുശേഷം 80 ല്‍ സൈനിക തലവന്‍ ജനറല്‍ കെനന്‍ എവ്‌റെന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1982 ല്‍ ജനറല്‍ രാജ്യത്തിന്റെ പുതിയ ഭരണഘടന ജനഹിതത്തിന് വിധേയമാക്കിയശേഷം 1983 നവംബര്‍ 6 ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കുമെന്ന് ആരും തന്നെ വിശ്വസിച്ചില്ല.

കാരണം രാജ്യത്തെ പ്രമുഖ നേതാക്കളായിരുന്ന സുലൈമാന്‍ ഡെമിറെല്‍ ബുലന്റ് എസിവിറ്റ്, അല്‍ പ്രാസ്‌ലാന്‍ ടുര്‍ക്കെസ്, നെസ്‌മെത്തിന്‍ എര്‍ബാക്കന്‍ എന്നിവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പട്ടാളം വിലക്കിയിരുന്നു. മൂന്നേമൂന്നു പാര്‍ട്ടികള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടായിരുന്നത്. അതില്‍ രണ്ടു പാര്‍ട്ടികള്‍ പട്ടാളസംഘം തന്നെ രൂപം കൊടുത്തത്.മൂന്നാമത്തെ പാര്‍ട്ടിയായ തുര്‍ഗത് ഓക്‌സലിന്റെ മദര്‍ലാന്‍ഡ് പാര്‍ട്ടിയാകട്ടെ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം മാത്രം രൂപീകരിച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍