UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്താണ് ലൈംഗികത? അഭയാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ജര്‍മ്മനി

Avatar

ആന്തണി ഫയ്യോള, സ്റ്റെഫാനി കിഷ്ണര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഭാഷാ ക്ലാസ്സുകളും ജോലി സാധ്യതകളും നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെയാണ് ജര്‍മ്മന്‍ ഗവണ്‍മെന്‍റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പൊതുസ്ഥലത്തെ നഗ്നതയേയും ലൈംഗികതയിലെ പുതുമകളെയും എല്ലാം അതായി മാത്രം കാണുന്നവരാണ് ജര്‍മ്മന്‍കാര്‍. അതുകൊണ്ടു തന്നെ മുസ്ലീം ഭൂരിപക്ഷമുള്ള കുടിയേറ്റക്കാരെ ലൈംഗികതയുടെ ആനന്ദത്തെ പറ്റിയും പഠിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു.

അവിടെ അഭയം തേടുന്ന അനേകം സിറിയക്കാരും ഇറാക്കികളും മറ്റും യൂറോപ്പിലെ ലൈംഗിക അഭിരുചികളെ പറ്റിയോ അതിലെ കെണികളെ പറ്റിയോ അറിവുള്ളവരല്ല. അതിനാല്‍ത്തന്നെ ജര്‍മ്മനിയുടെ ഫെഡറല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് എജ്യൂകേഷന്‍ മുതിര്‍ന്ന കുടിയേറ്റക്കാരുടെ ലൈംഗിക വിദ്യാഭ്യാസത്തിനായി ഒരു വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 136,000 ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഈ സൈറ്റില്‍ ആദ്യമായി ബന്ധപ്പെടുന്നതു തുടങ്ങി കൂടുതല്‍ വിശദമായ ലൈംഗിക ക്രിയകളില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചു വരെ ഗ്രാഫിക്സും ചിത്രങ്ങളും ഉപയോഗിച്ച് വിശദമാക്കിയിരിക്കുന്നു.

പുതുവര്‍ഷ തലേന്ന് നടന്ന ലൈംഗിക അതിക്രമങ്ങളില്‍ കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന പലരും അഭയാര്‍ത്ഥികളാണ്. ഇതോടെ കുടിയേറ്റക്കാരെ, പ്രത്യേകിച്ചും പുരുഷന്മാരെ, ലൈംഗികത സംബന്ധിച്ച പടിഞ്ഞാറന്‍ നിയമങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു. ഉദാഹരണത്തിന് മ്യൂണിക്കിലെ പൊതു സ്വിമ്മിംഗ് പൂളുകളില്‍ ബിക്കിനി ധരിച്ച സ്ത്രീകളെ തൊടുകയോ പിടിക്കുകയോ ചെയ്യരുതെന്ന് കാര്‍ട്ടൂണുകളിലൂടെ കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതുപോലെ ബവേറിയയില്‍ പൊതു പണമുപയോഗിച്ച് നടത്തുന്ന ലൈംഗിക വിദ്യാഭ്യാസ ക്ലാസ്സുകളില്‍ ജര്‍മ്മന്‍ വനിതകളെ എങ്ങനെ സമീപിക്കണമെന്ന് അവരെ പഠിപ്പിക്കുന്നു.

ഇതൊക്കെ ക്ലാസ്സ്മുറിയിലെന്ന പോലെയുള്ള പഠിപ്പിക്കലാണെങ്കില്‍ പുതിയ ഗവണ്‍മെന്‍റ് വെബ് സൈറ്റ് കൊതിപ്പിക്കുന്ന ഒരു കാരറ്റാണ്. വിവാഹം കഴിക്കാത്ത (ചില കേസുകളില്‍ വിവാഹം കഴിഞ്ഞവര്‍ക്കും) കുടിയേറ്റക്കാരന് ലൈംഗിക ആനന്ദത്തെ കുറിച്ചുള്ള വഴികാട്ടി.

സൈറ്റില്‍ മുഴുവന്‍ തമാശയും കളികളുമല്ല. ലൈംഗിക രോഗങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ചും കുടുംബാസൂത്രണത്തെ കുറിച്ചും വിവരങ്ങളുണ്ട്. ചിലര്‍ക്കെങ്കിലും വേണ്ടി വരും എന്നു കരുതി സ്വവര്‍ഗ്ഗാനുരാഗികളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് വിശദീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ ഒരു ആരോഗ്യ ക്ലാസ്സിലേത് എന്ന പോലെയാണ്, ആകര്‍ഷിക്കാന്‍ വേണ്ടിയുള്ളവയല്ല. എന്നാല്‍ ലൈംഗികതയിലെ ആനന്ദം നല്‍കുന്നതും സ്വീകരിക്കുന്നതും എങ്ങനെ എന്നതിനെ പറ്റി വളരെ തുറന്നു പ്രതിപാദിക്കുന്ന ഭാഗവും അതിലുണ്ട്.

ലൈംഗിക ബന്ധം പൂര്‍ണ്ണമായും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒപ്പം ഒരു നിര്‍ദ്ദേശവും; “ആ സമയത്തെ നിങ്ങളുടെ ചലനങ്ങളുടെ വേഗതയും താളവും തീവ്രതയും മാറ്റിക്കൊണ്ടിരിക്കുക.” മറ്റൊരു വിവരം കൂടെയുണ്ട്, “ഇത് കിടന്നോ ഇരുന്നോ നിന്നോ മുട്ടുകുത്തി നിന്നോ ആസ്വദിക്കാവുന്നതാണ്.”

“ഉദാഹരണത്തിന്, പുരുഷന്‍ സ്ത്രീയുടെ മേലെയോ സ്ത്രീ പുരുഷന്‍റെ മേലെയോ പുരുഷന്‍ സ്ത്രീയുടെ പുറകിലോ ആവാം,” സൈറ്റ് പറയുന്നു.

ലൈംഗിക സംതൃപ്തിയെ കുറിച്ച് വെബ് സൈറ്റില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഓറല്‍ സെക്സ്, ഏനല്‍ സെക്സ്, സ്വയംഭോഗം ഇവ ചെയ്യാനുള്ള പല രീതികളുടെ ഗ്രാഫിക്സ് അടക്കമുള്ള വിശദീകരണം ഇതിന്‍റെ ഭാഗമാണ്.

അറ്റ്ലാന്‍റിക്കിന്‍റെ മറു ഭാഗത്ത് ഇത്തരം ഒരു കാര്യം അല്‍പ്പം കോളിളക്കമുണ്ടാക്കാം. എന്നാല്‍ പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെ ഉള്ള നഗ്നത ജര്‍മ്മനി പോലെയൊരു രാജ്യത്ത് സാധാരണമാണ്. സങ്കോചമോ മറവോ ഇല്ലാതെ ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചകളും അവിടെ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാഴ്ചക്കാര്‍ സൈറ്റിനെ അതിന്‍റെ അര്‍ത്ഥത്തില്‍ തന്നെ എടുക്കുന്നു. മുറുമുറുപ്പില്‍ കവിഞ്ഞ, ഉച്ചത്തിലുള്ള പ്രതിഷേധങ്ങള്‍ ഒന്നുമില്ല.

എങ്കിലും ചില ചോദ്യചിഹ്നങ്ങള്‍ ഉയരുന്നുണ്ട്.

“ഞങ്ങളുടെ പണം കൊണ്ട് എന്താണീ ചെയ്യുന്നത്,” എന്നാണ് ജര്‍മ്മന്‍ ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായ മൈക്കല്‍ ബ്രേമര്‍ അവിശ്വസനീയതയോടെ ട്വീറ്റ് ചെയ്യുന്നത്.

സൈറ്റിനെ പിന്താങ്ങുന്നവര്‍ ലൈംഗിക വിദ്യാഭ്യാസത്തിന് വളരെ ഉപകാരപ്പെടുന്ന മാര്‍ഗ്ഗമാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനൊപ്പം, ഇത് കുറെക്കൂടെ വിശാലമായ അര്‍ത്ഥത്തില്‍, എല്ലാവരെയും ഉദ്ദേശിച്ചു കൊണ്ടുള്ളതാക്കാമായിരുന്നു എന്നുകൂടെ അഭിപ്രായപ്പെടുന്നു. മദ്ധ്യ- പൂര്‍വ്വ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലൈംഗിക സുഖത്തെ കുറിച്ചോ, അതിലെ പ്രശ്നങ്ങളെ കുറിച്ചോ അറിയില്ലെന്ന മുന്‍ധാരണ അഹങ്കാരമാകും എന്നും അവര്‍ പറയുന്നു.

ലൈംഗികതയോട് ജര്‍മ്മനി കൈക്കൊള്ളുന്ന വിശാലമനസ്കത അവിടെയെത്തുന്ന യാഥാസ്ഥിതിക മതാനുയായികളായ കുടിയേറ്റക്കാരും മാനിക്കണമെന്നാണ് ചിലര്‍ വാദിക്കുന്നത്. ആ രാജ്യവുമായുള്ള ഇണങ്ങിച്ചേരലിനെ അത് ചെറുതല്ലാത്ത വിധം സഹായിക്കും.

സെക്സിന്‍റെ അല്‍ഭുതങ്ങളെ കുറിച്ച് ജര്‍മ്മന്‍കാരോളം അറിവ് സിറിയക്കാര്‍ക്കും ഇറാക്കികള്‍ക്കും ഉണ്ടാവില്ല എന്ന ചിന്ത ‘വംശീയത’യാണെന്ന് മാര്‍സബര്‍ഗ് യൂണിവേഴ്സിറ്റിയിലെ സെക്സ് സയന്‍റിസ്റ്റായ ഹൈന്‍സ് യോര്‍ഗന്‍ വോസ്സ് വാദിക്കുന്നു. എങ്കിലും “ലൈംഗികതയെ കുറിച്ചുള്ള സ്വതന്ത്ര മനോഭാവം പ്രചരിപ്പിക്കുന്നതും അതിനായി വാദിക്കുന്നതും പ്രധാനമാണ്. ജനതയെ തുറന്ന മനസ്സോടെ ജീവിക്കാനായി നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിനാവില്ല. പക്ഷേ അതു ചര്‍ച്ച ചെയ്യപ്പെടണം,” അദ്ദേഹം പറയുന്നു.

കൊളോണില്‍ നടന്ന ലൈംഗിക അതിക്രമങ്ങളില്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന സംശയമുയര്‍ന്നതോടെ അവര്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ ഈ വെബ് സൈറ്റും ലക്ഷ്യം വയ്ക്കാന്‍ തുടങ്ങി.

“ഇവിടെ എന്ത് അനുവദനീയമാണെന്നും അല്ലെന്നുമൊക്കെ ഇവര്‍ക്കറിയാം. പക്ഷേ അതനുസരിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. കാരണം ഇവിടത്തെ നിയമങ്ങളോ സംസ്കാരമോ അവര്‍ക്ക് താല്‍പ്പര്യമില്ല,” ഒരു കണ്‍സര്‍വേറ്റീവ് ബ്ലോഗറായ അനബെല്‍ ഷുങ്കെ എഴുതുന്നു. “കുട്ടിക്കാലം മുതല്‍ അവര്‍ ശീലിച്ച സാമൂഹ്യ ഇടപെടലുകളും സംസ്കാരവുമൊക്കെ കുറച്ചു ഭംഗിയുള്ള ചിത്രങ്ങളും ഏകീകരണ ക്ലാസ്സുകളും കൊണ്ട് മാറ്റിമറിക്കാമെന്നു കരുതുന്നത് വല്ലാത്ത വിവരക്കേടാണ്,” അവര്‍ അഭിപ്രായപ്പെടുന്നു.

അഭയാര്‍ത്ഥികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘ഇസ്ലാമിക് റിലീഫ് ജര്‍മ്മനി’യുടെ വക്താവ് നൂറി കൊസെലി പറയുന്നത് ആ വെബ് സൈറ്റില്‍ മോശപ്പെട്ട ഉള്ളടക്കമൊന്നും ഇല്ല എന്നാണ്. പക്ഷേ അതിന്‍റെ ആവശ്യം മനസിലാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ലൈംഗിക പങ്കാളികള്‍ ഇല്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുടിയേറ്റക്കാരെ അതിലെ വിവരങ്ങള്‍ അസ്വസ്ഥരാക്കിയേക്കാം.

“മനുഷ്യന്‍റെ ഒരു പ്രധാന ആവശ്യം തന്നെയാണ് സെക്സ്. എന്നാല്‍ അതിലും വലിയ പ്രശ്നങ്ങളുമുണ്ട്. അഭയ കേന്ദ്രങ്ങളില്‍ വളരെ കാലമായി കഴിയുന്ന ഇവര്‍ക്ക് സ്വകാര്യതയുള്ള ഇടങ്ങള്‍ പോലുമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇത് വിപരീതഫലം ചെയ്തേക്കാം,” കൊസെലി പറയുന്നു.

പങ്കാളികളില്ലാത്ത കുടിയേറ്റക്കാരോട് ലൈംഗികത എങ്ങനെ പ്രകടമാക്കാം എന്നും സൈറ്റ് പറയുന്നുണ്ട്.  പോര്‍ണോഗ്രാഫി കാണുന്നതില്‍ തെറ്റില്ല എന്നാണ് അവര്‍ക്കുള്ള ഉപദേശം.

മാര്‍ച്ചില്‍ ആരംഭിച്ച ഈ സൈറ്റ് ആര്‍ക്കും ലഭ്യമാണ്. എങ്കിലും അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും മെഡിക്കല്‍ പ്രഫഷണലുകളുടെയും ഇടയില്‍ പ്രചരിപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സെക്സിനോടുള്ള ഇതിലെ തുറന്ന സമീപനം ആളുകളെ ഞെട്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഫെഡറല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് എജ്യുക്കേഷനിലെ HIV and STD Prevention വിഭാഗം തലവനായ ക്രിസ്റ്റൈന്‍ വിങ്കല്‍മാന്‍ പറയുന്നത് “ഓണ്‍ലൈനില്‍ കിട്ടുന്ന മറ്റേതൊരു വിവരവും എന്ന പോലെ ഏത് സ്വീകരിക്കണം ഏത് വേണ്ട എന്ന് ആള്‍ക്കാര്‍ക്ക് തീരുമാനിക്കാം.”

“ഈ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഞങ്ങളുടെ വിദഗ്ദ്ധരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ആരെ ഇത് കാണിക്കാം എന്ന വിവേചനം അവര്‍ക്കുണ്ട്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍