UPDATES

സാംബ- 2014

ചരിത്രം വഴിമാറിയ ലോകകപ്പ്- വിക്ടര്‍ മഞ്ഞില എഴുതുന്നു മാരക്കാനയില്‍ ജര്‍മ്മനി

Avatar

വിക്ടര്‍ മഞ്ഞില

120 അല്ല അക്ഷരാര്‍ഥത്തില്‍ 121 മിനിറ്റ് ഉദ്വേഗം മുറ്റി നിന്ന മത്സരം. ജര്‍മ്മനി-അര്‍ജന്‍റീന ഫൈനല്‍ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ആര് വിജയിച്ചാലും അര്‍ഹതപ്പെട്ടവര്‍. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളാണെന്ന് അര്‍ജന്‍റീനയും യൂറോപ്യന്‍ ശക്തികളാണെന്ന് ജര്‍മ്മനിയും തെളിയിച്ച മത്സരം.

ജര്‍മ്മനിയുടെ ഗോളടി യന്ത്രങ്ങളായ ക്ലോസെയെയും മുള്ളറെയും പൂട്ടിയിട്ട അര്‍ജന്‍റീനയുടെ പ്രതിരോധം ഏറെ പ്രശംസ അര്‍ഹിക്കുന്നു. പ്രതിരോധ നിരയില്‍ ചുക്കാന്‍ പിടിച്ച ഗാഗോയുടെയും സബാലേറ്റയുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ പല മത്സരങ്ങളിലും തിളങ്ങാത്ത മധ്യ നിരയിലെ ഓസിലും ഷ്വൈന്‍സ്റ്റീഗറും മികച്ച കളിയാണ് ജര്‍മ്മനിക്ക് വേണ്ടി ഫൈനലില്‍ പുറത്തെടുത്തത്. കളിയുടെ കണക്കെടുക്കുമ്പോള്‍ 60% ബോള് പോസഷന്‍ ജര്‍മ്മന്‍ ടീമിനാണെങ്കിലും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ ലഭിച്ചതും കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തതും അര്‍ജന്‍റീന ആയിരുന്നു. ആദ്യ പകുതിയില്‍ ജര്‍മ്മനിയുടെ ടോണി ക്രൂസ് തന്റെ സഹ കളിക്കാരന്‍ ഹമ്മല്‍സിന് കൊടുത്ത പാസ് ഹമ്മല്‍സിനെ മറികടന്നു ഹിഗ്വയിന് കിട്ടുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അത് പെനാല്‍റ്റി ബോക്സില്‍ വച്ച് അടിച്ച് പുറത്തു കളയുകയായിരുന്നു ഹിഗ്വയിന്‍. മെസ്സിയുടെ ക്ലാസ്സിക് സ്റ്റൈലിലുള്ള ഒരു മുന്നേറ്റമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ തവണ ഡിഫന്‍ഡര്‍ ഹമ്മല്‍സിനെ മറികടന്ന് കിട്ടിയ ക്രോസ് പാലെഷ്യോ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ തട്ടിയിടാന്‍ ശ്രമിച്ചത് പുറത്തു പോവുകയായിരുന്നു. മൂന്ന് സുവര്‍ണ്ണവസരങ്ങളാണ് അര്‍ജന്‍റീന നഷ്ടപ്പെടുത്തി കളഞ്ഞത്.

ജര്‍മ്മനിക്കും മികച്ച അവസരങ്ങള്‍ പല തവണ ലഭിച്ചു. ഒരു തവണ ഓസില്‍ കൊടുത്ത പാസ് ക്രൂസ് പോസ്റ്റിലേക്ക് തട്ടിയിട്ടത് റൊമേറ തട്ടിയകറ്റുകയായിരുന്നു. മറ്റൊരു അവസരത്തില്‍ ക്രൂസ് എടുത്ത ക്രോസ് പ്രതിരോധ നിരയില്‍ നിന്നു കയറിവന്ന ഹോവീഡ്സ് ഹെഡ് ചെയ്തത് പോസ്റ്റില്‍ തട്ടി മടങ്ങി വന്നത് ഗോള്‍ ഏരിയയില്‍ വെച്ച് മുള്ളര്‍ വീണ്ടും പോസ്റ്റിലേക്ക് തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും ഗോളി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടയില്‍ കോച്ച് ജോ ജിംലോ ക്ലോസിനെ മാറ്റി ഗോട്സിനെ ഇറക്കി. ടീമിലെ കാരണവരായ ക്ലോസ് ക്ഷീണിതിനായതുകൊണ്ടും കളി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയാണെങ്കില്‍ ഗോട്സിന്‍റെ പരിചയ സമ്പത്ത് ഉപയോഗിക്കാനും വേണ്ടി നടത്തിയ ടാക്ടിക്കല്‍ സബ്സ്റ്റിട്യൂഷനായിരുന്നു ഇത്. അത് വരെ പ്രശംസനീയമായ വിധം ജര്‍മ്മന്‍ മുന്നേറ്റത്തെ വരിഞ്ഞു കെട്ടിയ ഗാഗോയ്ക്കും കൂട്ടര്‍ക്കും പറ്റിയ ഒരു പിഴവ് മുതലാക്കി ഗോട്സ് ജര്‍മ്മനിക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു. ഇടതു ഭാഗത്ത് നിന്ന് ക്രൂസ് ഷൂര്‍ലേയ്ക്ക് നല്കിയ പന്ത് ഷൂര്‍ലെ വളരെ മനോഹരമായ ക്രോസിലൂടെ ഗോട്സെയ്ക്ക് നല്‍കിയതാണ് ഗോളിന് വഴി വെച്ചത്. മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന ഗോട്സെ നെഞ്ചില്‍ എടുത്ത പന്ത് നിലത്തു വീഴുന്നതിന് മുന്‍പ് കൃത്യമായ ടൈമിംഗിലൂടെ വലയിലാക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ അടി നോക്കി നില്‍ക്കാനെ റൊമെറോയ്ക്കായുള്ളൂ.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മെസി അടിച്ച ഫ്രീ കിക്ക് പുറത്തേക്ക് പോയതോടെ ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്ന കപ്പ് നേടുന്ന ആദ്യ യൂറോപ്യന്‍ ടീമായി ജര്‍മ്മനി മാറി. അതേ ചരിത്രം വഴിമാറിയ ലോകകപ്പ്.

ടീം അഴിമുഖം

അതേ പൊസിഷനില്‍ നിന്നും അയാള്‍ നിരവധി ഫ്രീകിക്കുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചിട്ടുണ്ട്. ഇത്തവണ അത് കളിയുടെ അവസാന മിനിട്ടായിരുന്നു. സ്വന്തം ടീം ഒരു ഗോളിന് പിന്നിലായിരുന്നു. അയാള്‍ ഗോള്‍ നേടിയാല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങും. അയാളുടെ പേര് ലയണല്‍ മെസി എന്നായിരുന്നു. അര്‍ജന്റീനന്‍ ആരാധകര്‍, ഒരു പക്ഷെ ലോകം മുഴുവന്‍ ആ മെസി ഷോട്ട് ഗോളാകാന്‍ വേണ്ടി കാത്തു. എന്നാല്‍ ഗോള്‍ പോസ്റ്റിന് വളരെ മുകളില്‍ കൂടി ആ ഷോട്ട് പറന്നപ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്യന്‍ ടീമായി ജര്‍മനി മാറി.

നിശ്ചിത 90 മിനിട്ടില്‍ ഒരു ടീമും ഗോളടിക്കാതിരുന്നതിനെ തുടര്‍ന്ന് അധിക സമയത്തിന്റെ 23-ആം മിനിട്ടിലാണ് ജര്‍മനി വിധി നിര്‍ണായക ഗോള്‍ നേടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി റിക്കോഡിട്ട മിലസ്ലോവ് ക്ലോസെയുടെ അവസാന ഫൈനല്‍ റൗണ്ട് മത്സരമായിരുന്നു മാരക്കാനയില്‍. 87-ആം മിനിട്ടില്‍ അദ്ദേഹത്തെ പിന്‍വലിച്ച ജര്‍മന്‍ കോച്ച് ജോക്കിം ലോ, പകരം മറിയോ ഗോറ്റ്‌സെയെ ഇറക്കി. ഒരു പക്ഷെ ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒരു തീരുമാനം. കളിയുടെ 113-ആം മിനിട്ടില്‍ ഇടുതവശത്ത് നിന്നും ഒറ്റയ്ക്ക് മുന്നേറിയ ആന്ദ്രെ ഷ്രൂളര്‍ നല്‍കിയ ക്രോസ് എണ്ണം പറഞ്ഞ ഒരു ഷോട്ടിലൂടെ അര്‍ജിന്റീനന്‍ ഗോളി സെര്‍ജിയോ റൊമേറസിന് ഒരവസരവും നല്‍കാതെ വലയില്‍ എത്തിച്ച ഗോറ്റ്‌സെ ഒരു പാരമ്പര്യത്തിന്റെ സാര്‍ത്ഥകമായ കൈമാറ്റമാണ് തന്നിലൂടെ നടക്കുന്നതെന്ന് തെളിയിച്ചു. 

ഒരു പക്ഷെ ഈ ഗോളിനെക്കാള്‍ അര്‍ജന്റീനയെ വേദനിപ്പിക്കുക 20-ആം മിനിട്ടില്‍ സംഭവിച്ച ഒരു അത്ഭുതമായിരിക്കും. ഒരു അര്‍ജന്റീനന്‍ മുന്നേറ്റത്തിനൊടുവില്‍ ജര്‍മന്‍ പ്രതിരോധം ക്ലിയര്‍ ചെയ്ത പന്ത് നേരെ ടോണി ക്രൂസിന്റെ തലയിലേക്ക്. ഒട്ടും അമാന്തിക്കാതെ ക്രൂസ് പന്ത് ബാക്ക് ഹെഡ് ചെയ്തു. ആക്രമണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോല്‍സാലോ ഹിഗ്വെയിന്റെ കാലുകളിലേക്കാണ് പന്ത് എത്തിയത്. അപ്പോള്‍ അദ്ദേഹത്തെ തടയാന്‍ ആരും ഉണ്ടായിരുന്നില്ല. പന്തുമായി മുന്നേറിയ ഹിഗ്വെയ്ന്‍ പക്ഷെ പന്ത് ഗോളി മാത്രം നില്‍ക്കെ വെളിയിലേക്ക് അടിച്ചു കളയുകയായിരുന്നു. മത്സരത്തിന്റെ ഗതി നിര്‍ണയിച്ച നിര്‍ണായക മുഹൂര്‍ത്തമായിരുന്നു അത്. വളരെ കാലം ഹിഗ്വയ്‌നെ വേട്ടയാടാന്‍ പര്യാപ്തമായ ആ അഭിശപ്ത നിമിഷത്തില്‍ അര്‍ജന്റീനയുടെ വിധി അടങ്ങിയിട്ടുണ്ടായിരുന്നു.

ഒരുപാട് കാലം ഓര്‍ത്തിരിക്കാനുള്ള സുന്ദര സുരഭില നിമിഷങ്ങളൊന്നും ഈ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. ഇരു ടീമുകളും നിലമറന്ന് ആക്രമിക്കാന്‍ തയ്യാറാവാത്തതോടെ മത്സരം വെറും ചടങ്ങായി മാറി. വെറുതെ പന്ത് അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു എന്നതിനപ്പുറം ലക്ഷ്യബോധം നീക്കങ്ങളില്‍ തൊട്ടുതീണ്ടിയിരുന്നില്ല.

ജോക്വിം ലോയെന്ന പരിശീലകന്റെ കീഴില്‍ കിരീടം ഉറപ്പിച്ചായിരുന്നു ജര്‍മനി അര്‍ജന്റീനയ്‌ക്കെതിരെ പന്തു തട്ടാനിറങ്ങിയത്. മെസിയെന്ന താരത്തെ അവര്‍ ഭയന്നില്ല. മെസിക്കായി പ്രത്യേക പദ്ധതികളും ജര്‍മനി ഒരുക്കിയില്ല. സ്വാഭാവിക രീതിയില്‍ കളിച്ചു. തുടക്കത്തില്‍ അര്‍ജന്റൈന്‍ പ്രതിരോധം ജര്‍മന്‍ ആക്രമണങ്ങളെ ഒന്നൊന്നായി നുള്ളിയെറിഞ്ഞു. മറുവശത്ത്, അര്‍ജന്റീനയ്ക്ക് രണ്ടു തുറന്ന അവസരങ്ങള്‍ തുടക്കത്തില്‍ ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല.

അങ്ങനെ ജര്‍മനി നാലാം ലോകകപ്പിന് ഉടമകളായി. ഇനി അഞ്ച് ലോകകപ്പ് നേടിയ ബ്രസീല്‍ മാത്രമേ അവരുടെ മുന്നില്‍ ഉള്ളു. അര്‍ജന്റിനയ്ക്ക് ഇത് ജര്‍മനിയില്‍ നിന്നുള്ള രണ്ടാം ഫൈനല്‍ പരാജയം. 1990-ല്‍ മറഡോണയുടെ അര്‍ജന്റീനയെ ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ജര്‍മനി അവസാനമായി ലോക കിരീടം ചൂടിയത്.

മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി സ്വന്തമാക്കി. ജര്‍മനിയുടെ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. എറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള സുവര്‍ണപാദുകം കൊളംബിയയുടെ അമസ് റോഡ്രിഗസിന് സ്വന്തം. മൊത്തം ആറ് ഗോളുകളാണ് അമസ് നേടിയത്. മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ പോള്‍ പോഗ്‌ബെ സ്വന്തമാക്കി. കൊളംബിയയ്ക്കാണ് ഫെയര്‍ പ്ലേ പുരസ്‌കാരം. ജര്‍മനിയുടെ തോമസ് മുള്ളര്‍ വെള്ളി പന്തും ഹോളണ്ടിന്റെ ആര്യന്‍ റോബന്‍ വെങ്കല പന്തും സ്വന്തമാക്കി. നാല് വര്‍ഷത്തിന് ശേഷം ഇനി റഷ്യയില്‍ എന്ന് വിടപറഞ്ഞ് മാരക്കാനയില്‍ നിന്നും ആരാധകര്‍ വിടവാങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍