അഴിമുഖം പ്രതിനിധി
ജര്‍മന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ വിരമിച്ചു. 2014-ല്‍ ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന താരം തന്റെ വിരമിക്കല്‍ തീരുമാനം ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്.
കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ കൂടെ നിന്ന ആരാധകര്‍ക്കും പരിശീലകര്‍ക്കും ജര്‍മന്‍ ടീമിലെ സ്റ്റാഫിനും നന്ദി അറിയിക്കുന്നതായും ഷ്വെയ്ന്‍സ്റ്റീഗര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
“നിങ്ങള്‍ക്ക് വേണ്ടി കളിച്ചത് ഏറ്റവും മഹത്തായ കാര്യമാണ്. നിങ്ങളുടെ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും ഞാന്‍ എന്നും ഓര്‍ക്കും. നിങ്ങളുടെ കൂടെയുള്ള എല്ലാ അനുഭവങ്ങള്‍ക്കും നന്ദി,” കത്ത് അവസാനിപ്പിച്ച് കൊണ്ട് ഷ്വെയ്ന്‍സ്റ്റീഗര്‍ എഴുതി.
ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ അവസാനമായി ജര്‍മനിക്ക് വേണ്ടി കളിച്ചത്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ ഷ്വെയ്ന്‍സ്റ്റീഗര്‍ ക്ലബിന് വേണ്ടി കളി തുടരും.