UPDATES

സാംബ- 2014

ഇത് ചരിത്രത്തിന്‍റെ ഭാരമില്ലാത്ത ജര്‍മ്മന്‍ ടീം

Avatar

അലക്സ് വെബ്, എമ്മാ വിക്ടോറിയ ഫാര്‍
(ബ്ലൂം ബര്‍ഗ്)

വലയുടെ പിന്നില്‍ പന്ത് വിശ്രമിച്ചപ്പോള്‍ ബര്‍ലിനിലെ ബ്രണ്ടന്‍ബര്‍ഗ് ഗേറ്റിലെ ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ജര്‍മനിയുടെ ഗോള്‍. 

ജര്‍മനിയുടെ കൈയില്‍ നിന്നും ഒന്നിനെതിരെ ഏഴ് ഗോളുകള്‍ എന്ന അപമാനകരമായ തോല്‍വി ഏറ്റുവാങ്ങിയ കളി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മുമ്പ്ആതിഥേയരായ ബ്രസീല്‍ ആശ്വാസഗോള്‍ നേടിയിരുന്നു. പക്ഷെ, വലിയ സിനിമ സ്‌ക്രീനിന് സമമായ രീതിയില്‍ പന്തുകളി കാണിച്ചിരുന്ന ബര്‍ലിന്‍ അവന്യൂവിലെ ‘ഫാന്‍ മൈലി’ ലെ പ്രേക്ഷകരെ പോലെ ബ്രസീലിന്‍റെ ഈ ഗോളില്‍ ആഹ്ലാദചിത്തരായവര്‍ വേറെ ഉണ്ടായിരുന്നില്ല.

‘ദൈവത്തോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ 90-ആം മിനിട്ടില്‍ ബ്രസീല്‍ ഗോള്‍ നേടിയപ്പോള്‍ ദേശീയ ടെലിവിഷനിലെ കമന്റേറ്റര്‍ ബെല റെതി പറഞ്ഞു. മൈതാനത്ത്, തങ്ങള്‍ തൊട്ട് മുമ്പ് തകര്‍ത്ത് തരിപ്പണമാക്കിയ ബ്രസീലിയന്‍ കളിക്കാരുടെ തോളില്‍ കൈവച്ച് ആശ്വസിപ്പിക്കുകയായിരുന്ന ജര്‍മന്‍ കളിക്കാര്‍ അപ്പോള്‍. കോച്ച് ജോകിം ലോ തന്റെ ബ്രസീലിയന്‍ പകര്‍പ്പിനെ കെട്ടിപ്പിടിച്ചു.

ലോകകപ്പിലെ ഒരു പക്ഷെ ഏറ്റവും ഏകപക്ഷീയമായ വിജയം നേടിയ ആളുടെ മുഖത്ത് നിഴലിച്ച ആ വിനയം പുതിയ ജര്‍മന്‍ മുഖത്തിന്റെ ദൃഷ്ടാന്തമാണ്. ദേശീയ വിജയത്തിന്റെ നിമിഷങ്ങളില്‍ പോലും വലിയ രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ മടിക്കുന്ന ഒരു രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ ടീമിന്റെ വിജയം കാരണമായിരിക്കുന്നു.

‘ജര്‍മനിക്ക് ഉള്ളിലും പുറത്തും ദേശം എന്ന സങ്കല്‍പത്തില്‍ മാറ്റം വന്നിരിക്കുന്നു,’ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളില്‍ ജര്‍മന്‍ സംസ്‌കാരത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ക്രിസ്‌റ്റോഫ് ഫ്രിക്കര്‍ പറയുന്നു. ‘ഈ അടുത്ത കാലത്ത് വരെ ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളില്‍ നാസി വാര്‍പ്പുരൂപം നിലനിന്നിരുന്നു. ജര്‍മനി എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ നാണക്കേടിന്റേയും വൈരുദ്ധ്യത്തിന്റെയും അടിയൊഴുക്ക് നിഴലിച്ചിരുന്നു. അതിപ്പോള്‍ മാറി.’

കാര്‍ക്കശ്യത്തിന്റെ ഇരുമ്പ് മുഷ്ടി എന്ന് ആഞ്ചല മെര്‍ക്കലിനെ വിശേഷിപ്പിക്കുന്ന യൂറോപ്പിലെ സംശായലുക്കളെ പോലും ശാന്തരാക്കാന്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ച ആ വിനയത്തിന് സാധിച്ചു. പരമ്പാരഗതമായി ജര്‍മന്‍ വിജയങ്ങളെ പിന്തുടര്‍ന്നിരുന്ന ലണ്ടന്‍ മുതല്‍ റോം വരെയുള്ള ടാബ്ലോയിഡുകളുടെ തലക്കെട്ടിലെ നിലവിളികള്‍ എങ്ങോ പോയ്മറഞ്ഞു.

തീര്‍ച്ചയായും ട്വിറ്ററില്‍ നാസി തമാശകളുടെ കുത്തൊഴുക്ക് ഉണ്ടായി. എന്നാല്‍ ജര്‍മനിയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നില്ല അവയൊന്നും. വാക്കുകളുടെ കളികളില്‍ ഒതുങ്ങുന്ന നിര്‍ദോഷ തമാശകള്‍ മാത്രമായിരുന്നു അവയൊക്കെ. (‘ജര്‍മനീ, ഒന്നടങ്ങൂ! അവര്‍ പോളണ്ടല്ല’, ‘ബ്രസീല്‍, നാസിപ്പട ഉരുണ്ട് വരുന്നു’ തുടങ്ങിയ തമാശകളായിരുന്നു ഏറെയും). പകരം രാജ്യത്തിന്റെ യുവ ടീം അംഗീകാരങ്ങള്‍ നേടുകയും പുതിയ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. 4000 മൈലുകള്‍ അകലെ ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് കെട്ടിടം ജര്‍മനി കൊടിയിലെ കറുപ്പ്, ചുവപ്പ്, സ്വര്‍ണ നിറങ്ങളില്‍ തിളങ്ങി.

‘ജര്‍മനിയുടെ കടുത്ത ആരാധകരായ നിരവധി പേരെ എനിക്കറിയാം,’ ന്യൂയോര്‍ക്കില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ പണിയെടുക്കുന്ന 34 കാരനായ ഇവാന്‍ മാത്യൂ കോബ് പറയുന്നു. ‘തങ്ങളുടെ ടീം വളരെ ആക്രമണോത്സുകരായി കളിക്കുന്നത് പലര്‍ക്കും ഉത്തേജനം പകര്‍ന്നു. ബ്രസീല്‍-ജര്‍മനി മത്സരത്തിനിടയില്‍ ആശ്വാസ നിശ്വാസങ്ങള്‍ മുറിയില്‍ അലയടിക്കുന്നുണ്ടായിരുന്നു’.

ബ്രസീലിയന്‍ സെലെക്കോവകളെ തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം കാണിച്ച വിജയാഹ്ലാദത്തിലെ പക്വത, ജര്‍മനി ടീമിന് ബ്രസീലില്‍ വരെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. തോല്‍വിയുടെ ആഴം വര്‍ദ്ധിച്ചതോടെ കാണികളില്‍ മിക്കവരും ജര്‍മന്‍ ടീമിനെ പിന്തുണയ്ക്കാന്‍ തുടങ്ങി. ഞായറാഴ്ചത്തെ ഫൈനലില്‍ അര്‍ജന്റീനയാണ് ജര്‍മനിയുടെ എതിരാളി. ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ചരിത്രപരമായ വൈരം കണക്കിലെടുക്കുമ്പോള്‍, ആതിഥേയ രാജ്യം ഏത് ടീമിനെ പിന്തുണയ്ക്കും എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. 

‘ജര്‍മനി മഹത്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളെ തോല്‍പിച്ചതിന് അവര്‍ ക്ഷമാപണം നടത്തുക വരെ ചെയ്തു,’ സാവോ പോളോയിലെ ഒരു കമ്പോളത്തില്‍ ഇറക്കി വിടുന്നതിനിടെ ടാക്‌സി ഡ്രൈവറായ ഡേവിഡ് അല്‍മെയ്‌റ പറഞ്ഞു. ‘അര്‍ജന്റീനക്കാര്‍ ജയിക്കുകയാണെങ്കില്‍ ഞങ്ങളുടെ മുഖത്ത് കരിവാരി തേയ്ക്കാനായിരിക്കും അവര്‍ ശ്രമിക്കുക. മറ്റൊരാളുടെ വീട് സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ അവരെ ബഹുമാനിക്കേണ്ടതുണ്ട്.’

1990ല്‍ ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ചാണ് ജര്‍മനി അവസാനമായി ലോകകപ്പ് ജയിച്ചത്. രാജ്യത്തിന്റെ പുനരേകീകരണം നടന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നേടിയ ആ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് സമ്മാനിച്ചു.

പുതിയ തലമുറയെ പ്രതിനിധാനം ചെയ്യന്നുവരാണ് ഈ വര്‍ഷത്തെ ടീമില്‍ ഉള്ളത്. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞ് വീണ 1989 ന് ശേഷം ജനിച്ചവരാണ് ബ്രസീലിനെതിരായ ഏഴ് ഗോളില്‍ അഞ്ചും നേടിയത്. തോമസ് മുള്ളര്‍, ആന്ദ്രെ ഷ്രൂളര്‍, ടോണി ക്രൂസ് എന്നിവര്‍.

ഈ അത്‌ലറ്റുകളും അവരുടെ ആരാധകരുമാണ് ജര്‍മന്‍ പെരുമാറ്റ രീതിയില്‍ മറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ജര്‍മനിയില്‍ ജനിച്ച ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞന്‍ ഹെന്നിംഗ് മേയര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഒന്നും മറന്നവരല്ല യുവതലമുറ. പക്ഷെ അവരുടെ വ്യക്തിത്വം വ്യത്യസ്തമാണ്. ചരിത്രം അത്ര വലിയ ഭാരമായി അവരുടെ ശരീരങ്ങളില്‍ തൂങ്ങുന്നില്ല.’

ഈ ടീം മുന്‍വിധികളെ തകര്‍ത്തെറിയാന്‍ സഹായിച്ചതായി ടൂര്‍ണമെന്റില്‍ ജര്‍മ്മനിയെ പിന്തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ ആരാധകവൃന്ദം പറയുന്നു. ‘യാന്ത്രികമായ ഒരു കളിയാണ് നിങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വളരെ വൈവിധ്യമുള്ള ടീമാണിത്. എല്ലാവരും ആഹ്ലാദചിത്തരും.’ അവര്‍ പറയുന്നു. ‘പുനരേകീകരണം അരക്കിട്ടുറപ്പിച്ചതിന് ശേഷം പിറന്ന തലമുറ രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിന്റെ സൂചനയാണിത്.’

2014 ടീം ചില ചരിത്രപരമായ ഭാരങ്ങള്‍ ഇപ്പോഴും വഹിക്കുന്നുണ്ടെങ്കിലും, അമിതമായ ദേശസ്‌നേഹ പ്രകടനങ്ങള്‍ ഫുട്ബോളിന് വെളിയില്‍ അപൂര്‍വമാണ്. ജര്‍മനിയുടെ ദേശീയദിനമായ ഒക്ടോബര്‍ മൂന്നിന് സര്‍ക്കാര്‍ ഓഫീസുകളിലല്ലാതെ മറ്റെവിടെയും നിങ്ങള്‍ക്ക് ദേശീയ പതാക കാണാനാവില്ല.

‘ആഘോഷങ്ങള്‍ അമിതമാകേണ്ടതില്ല എന്ന വളരെ രസകരമായ ഒരവബോധം നിലനില്‍ക്കുന്നതായി തെരുവില്‍ നടന്ന വിജയാഹ്ലാദം ശ്രദ്ധിച്ച ഒരാള്‍ക്ക് മനസിലാവും. അത് വളരെ ഔചിത്യപൂര്‍ണമായ ഒന്നാണ്’. യൂറോപ്പ്യന്‍ സ്‌കൂള്‍ ഓഫ് ഗവേര്‍ണന്‍സിലെ ബര്‍ലിന്‍കാരനായ രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞന്‍ ഉള്‍റിക് ജോറൂട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ ലോകകപ്പ് ചില വ്യത്യസ്ഥതകള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. 2006ല്‍ ജര്‍മനി ലോകകപ്പിന് ആതിഥ്യം വഹിച്ച ശേഷം സ്വന്തം ടീമിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ജര്‍മന്‍കാര്‍ കൂടുതല്‍ പക്വത പ്രദര്‍ശിപ്പിക്കുന്നു. രാജ്യത്തിന്റെ നിറങ്ങള്‍ അതിനായി ഉപയോഗിക്കുമ്പോഴും. ബര്‍ലിനിലെ ഫാന്‍ മൈല്‍ ജര്‍മനിയുടെ ദേശീയ മുദ്രകളാല്‍ മുഖരിതമായിരുന്നു. ആയിരക്കണക്കിന് കാറുകളില്‍ ദേശീയ പതാക പാറിക്കളിച്ചു. വലിയ സ്‌ക്രീനില്‍ കളി പ്രദര്‍ശിപ്പിച്ചിരുന്ന റെസ്റ്റോറന്റുകളും ബാറുകളും കറുപ്പ്, ചുവപ്പ്, സുവര്‍ണ നിറങ്ങളില്‍ തിളങ്ങി നിന്നു.

‘നമുക്ക് അഭിമാനിക്കാന്‍ ആവുമെന്ന് നമ്മള്‍ പഠിച്ചു.’ ബര്‍ലിനിലെ പോഗോണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിയന്‍ ബയ്ല്‍ഹോഫ് പറയുന്നു. ‘എന്നാല്‍ വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കാനും ഞങ്ങള്‍ പഠിച്ചിരിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍