UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഘര്‍വാപസിയുടെ ആളെക്കൂട്ടല്‍ രാഷ്ട്രീയം

Avatar

അമൃത് ലാല്‍

എണ്ണമാണോ ഗുണമാണോ പ്രധാനമെന്നത് രാഷ്ട്രീയാധികാരത്തെ സംബന്ധിക്കുന്ന ഒരു ചോദ്യമാണ്. ‘ഘര്‍വാപസി’ എന്ന പേരില്‍ സംഘപരിവാര്‍ നടത്തുന്ന മതപരിവര്‍ത്തനം ലക്ഷ്യമാക്കുന്നത്, ഗാന്ധിജിയുടെ പദാവലി കടമെടുത്താല്‍ ആത്മപരിവര്‍ത്തനമല്ല മറിച്ച് ധര്‍മ്മാന്തരമാണ്. ആത്മപരിവര്‍ത്തനത്തേക്കാള്‍ (മനംമാറ്റം) ധര്‍മ്മ പരിവര്‍ത്തനത്തിന് (മതപാരമ്പര്യത്തിന്റെ മാറ്റം) പ്രാധാന്യം കൈവരുന്നത് ‘മാറ്റ’ ത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍ തികച്ചും അധികാര രാഷ്ട്രീയത്തിന്റെ ചതുരക്കൂട്ടില്‍ കൂടി ആ പ്രവൃത്തിയെ കാണുന്നതുകൊണ്ടാണ്. ജനസംഖ്യയിലെ ഹിന്ദുക്കളുടെ ശതമാനം എണ്‍പത്തിരണ്ടില്‍ നിന്നും നൂറുശതമാനം ആക്കുമെന്ന് പ്രവീണ്‍ തൊഗാഡിയ പറയുന്നത് ഘര്‍വാപസി ഒരു രാഷ്ട്രീയ പരിപാടിയായതുകൊണ്ടാണ്. മതത്തിന്റെ ആത്മീയതയ്ക്ക് ഘര്‍വാപസിയില്‍ (വീട്ടിലേയ്ക്കുള്ള മടക്കം എന്ന് മലയാളം) സ്ഥാനമില്ല.

മതപരിവര്‍ത്തനത്തിന് രാഷ്ട്രീയമാനങ്ങളുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യ വിശ്വാസത്തിനപ്പുറത്ത് വ്യക്തിയുടെ തന്നേയും സമുദായത്തിന്റേയും ആത്മാഭിമാനവും അവകാശങ്ങളുമായി അത് ബന്ധപ്പെട്ടുകിടക്കുന്നു. പ്രതിഷേധത്തിന്റെ രൂപമായി മതപരിവര്‍ത്തനം മാറിയതിന്റെ ചരിത്ര സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. വ്യക്തിയുടെ സ്വകാര്യത മാത്രമല്ല, സമൂഹത്തില്‍ ജീവിക്കുന്ന സാമൂഹ്യ ജീവിതത്തെ സാരമായി സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതാണ് മതം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഘടിത മതംമാറ്റങ്ങളിലൊന്ന് അംബേദ്ക്കറുടെ നായകത്വത്തില്‍ നടന്ന ബുദ്ധമതത്തിലേയ്ക്കുള്ള പരിവര്‍ത്തനമായിരുന്നു. ഹിന്ദുവായി മരിക്കില്ല എന്ന ബാബാസാഹിബിന്റെ നിഷ്‌ക്കര്‍ഷ അദ്ദേഹത്തിന്റെ സ്വാഭിമാന രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും ഉയര്‍ന്നുവന്നതാണ്. രാഷ്ട്രീയ പ്രതിഷേധം എന്നതിനപ്പുറം അതൊരു സാംസ്‌ക്കാരിക വിമോചനം കൂടിയായിരുന്നു. റുഡോള്‍ഫ് ഹെരഡിയയുടെ വാക്കുകളില്‍, there would be no equal dignity in the economic political sphere without positively affirmed identity in the cultural religious one. Hence, his conversion was not just a political protest but a cultural critique and a religious indictment as well.  മുന്‍ നൂറ്റാണ്ടുകളിലെ ബൗദ്ധ-ഇസ്‌ലാം-ക്രിസ്തു മത പരിവര്‍ത്തനങ്ങളിലും ജാതിവ്യവസ്ഥ നടപ്പിലാക്കുന്ന ഹിന്ദുവിശ്വാസ സമ്പ്രദായങ്ങളോടുള്ള പരാതിയും പ്രതിഷേധം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എന്തിന്, 1980 കളുടെ തുടക്കത്തില്‍ തിരുനല്‍വേലിക്കടുത്തുള്ള മീനാക്ഷിപുരത്തെ ദളിത് സമുദായാംഗങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ചത് സാമൂഹ്യ നീതിയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നുവല്ലോ. സംഘപരിവാറിന്റെ ‘ഘര്‍വാപസി’ നൈതികമായ ലക്ഷ്യങ്ങളൊന്നും അവകാശപ്പെടുന്നില്ല. തികച്ചും അധികാര രാഷ്ട്രീയത്തിന്റെ ബലതന്ത്രം മാത്രമാണ് അതിനെ നിയന്ത്രിക്കുന്നത്. അധികാരത്തിന് ആവശ്യമായ ‘എണ്ണം’ തികയ്ക്കാനും തങ്ങളുടെ പ്രത്യയശാസ്ത്രാധീശത്വം ഉറപ്പിക്കാനും തങ്ങള്‍ നിര്‍ണയിക്കുന്ന മതസ്വത്വത്തെ പ്രധാന രാഷ്ട്രീയസ്വത്വമാക്കാനും ‘ഘര്‍വാപസിക്ക്’ കഴിയുമെന്ന് അവര്‍ കരുതുന്നു. കേന്ദ്രത്തിലെ ഭരണാധികാരത്തിന്റെ തണല്‍ തങ്ങളുടെ പ്രചാരണ പരിപാടികള്‍ അവിഘ്‌നം തുടരാന്‍ സഹായിക്കുമെന്ന ആത്മവിശ്വാസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുണ്ട്.

‘ഘര്‍വാപസി’ മൂലമുണ്ടാകുന്ന സംഘര്‍ഷത്തിന് അയവുവരുത്താന്‍ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുസാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ വാദിക്കുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരമൊരു നിയമം നിലവിലുണ്ട്. ബലപ്രയോഗം, വഞ്ചന, തട്ടിപ്പ് എന്നിവ മൂലമുള്ള മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും അതിന്റെ വകുപ്പുകള്‍ പലതും അത് കൈയ്യാളുന്നവര്‍ തങ്ങള്‍ക്ക് തോന്നുന്നവിധത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. എന്തായാലും ‘ഘര്‍വാപസി’ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പരിധിയില്‍ വരാനിടയില്ല. കാരണം, ‘ഘര്‍വാപസി’ പുതിയൊരു മതത്തിലേയ്ക്കുള്ള മാറ്റമല്ലല്ലോ. പഴയ മതത്തിലേയ്ക്കുള്ള മടക്കം മാത്രമാണല്ലോ!

ഘര്‍വാപസിയുടെ മാതൃകയും പ്രേരണയും ദയാനന്ദ സരസ്വതി പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിവെച്ച മത പരിവര്‍ത്തന പരിപാടിയാണ്. സമുദായ പരിഷ്‌ക്കരണവും മിഷണറി പ്രവര്‍ത്തനത്തോടുള്ള പ്രതിഷേധവും പ്രതിരോധവും അടങ്ങിയ ആര്യസമാജത്തിന്റെ ‘ശുദ്ധി’ പരിപാടിയായിരിക്കണം ഹിന്ദുധര്‍മ്മം ഉപേക്ഷിച്ചുപോയവരെ മടക്കിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുണ്ടായ ആദ്യത്തെ ഘര്‍വാപസി. ആര്യസമാജത്തിന്റെ ആദര്‍ശങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയവും പില്‍ക്കാലത്ത് സന്ധിക്കുന്നുണ്ട്. വടക്കേയിന്ത്യയിലെ മിഷണറി പ്രവര്‍ത്തനത്തിന് കൊളോണിയല്‍ ഭരണകൂടവും കൊളോണിയല്‍ പ്രോജക്ടുമായി തന്നെയുമുണ്ടായിരുന്ന ബന്ധം അതിന് കാരണമായിട്ടുണ്ടാവണം.

‘ശുദ്ധി’ യില്‍ നിന്നും ഘര്‍വാപസിക്കുള്ള വ്യത്യാസം രാഷ്ട്രീയ സന്ദര്‍ഭത്തിന്റേതാണ്. ആദിവാസി മേഖലകളില്‍ മിഷണറി പ്രവര്‍ത്തനത്തിനോട് മത്സരിച്ച് അതേ മാതൃകയില്‍ തുടങ്ങിയ ഘര്‍വാപസി ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ദളിത്, ഒബിസി വിഭാഗങ്ങളില്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ കാരണം അത് രാഷ്ട്രീയാധികാരത്തിന് പ്രയോജനപ്പെടും എന്നതുകൊണ്ടാണ്. വരാനിരിക്കുന്ന യുപി, ബീഹാര്‍ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ആവശ്യമായ ധ്രുവീകരണം ‘ഘര്‍വാപസി’ മൂലം സാധ്യമാകുമെന്ന് സംഘപരിവാര്‍ കരുതുന്നുണ്ട്.

ആര്യസമാജത്തിന്റെ ‘ശുദ്ധി’ യും സംഘപരിവാറും ശ്രമിക്കുന്നത് സെമറ്റിക് മതങ്ങളുടെ മാതൃകയില്‍ ഒരു ഹിന്ദു സമുദായത്തേയും ഹിന്ദു രാഷ്ട്രീയ സ്വത്വത്തേയും നിര്‍മ്മിക്കാനാണ്. പലേതരം പാരമ്പര്യങ്ങളേയും വിശ്വാസ രീതികളേയും ഒഴിവാക്കി വേദങ്ങളുടെ പ്രാമാണികത്വത്തിന് പ്രാധാന്യം നല്‍കി ഏകശിലാ രൂപത്തിലൊരു സമുദായമാണ് ആര്യസമാജം ലക്ഷ്യമിട്ടതെങ്കില്‍ സംഘപരിവാര്‍ രാഷ്ട്രീയം ഹിന്ദുവിനെ ഒരു രാഷ്ട്രീയ സമൂഹമായി പരിവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിലെ പ്രത്യയശാസ്ത്ര ഗ്രന്ഥമെന്ന് വിളിക്കാവുന്ന സവര്‍ക്കറുടെ ‘ഹിന്ദുത്വ’,ഹിന്ദുരാഷ്ട്രീയ സമൂഹം എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുമതം ഹിന്ദുത്വത്തിന്റെ ഒരു ഘടകം മാത്രമാണെന്ന് എഴുതുന്ന സവര്‍ക്കര്‍ ഹിന്ദുക്കള്‍ ഒരു രാഷ്ട്രം തന്നെയാണ് എന്ന് വാദിക്കുന്നു. ദേശരാഷ്ട്രങ്ങളെക്കുറിച്ചുള്ള യൂറോപ്യന്‍ ആശയങ്ങളും ഭവിഷ്യപുരാണവും തന്റേതായ ചരിത്ര വിശകലനവും കൂട്ടിക്കുഴച്ച് തയ്യാറാക്കിയ ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രം മത വിശ്വാസമല്ല ഹിന്ദുരാഷ്ട്രത്തില്‍ പൗരനാകാന്‍ വേണ്ട അടിസ്ഥാന യോഗ്യത എന്നു പറയുന്നുണ്ട്. എന്നാല്‍ വംശീയത, രക്തബന്ധം, സംസ്‌കാരം, ദേശീയത എന്നിവയ്‌ക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിലെ പൗരന്‍ ഹിന്ദുദേശത്തെ പിതൃഭൂമിയും പുണ്യഭൂമിയുമായി കരുതേണ്ടതുണ്ട്. ക്രൈസ്തവരും മുഹമ്മദീയരുമായ പലര്‍ക്കും ഹിന്ദുദേശം തങ്ങളുടെ പിതൃഭൂമിയായിരിക്കെതന്നെ പുണ്യഭൂമിയല്ല എന്ന് സവര്‍ക്കര്‍ പറയുന്നു. ”അവരുടെ പുണ്യഭൂമി അങ്ങകലെ അറേബ്യയിലും പാലസ്തീനിലുമാണ്. അവരുടെ ഐതിഹ്യങ്ങളും ഋഷിമാരും ആശയങ്ങളും ആരാധനാപാത്രങ്ങളും ഈ മണ്ണിന്റേതല്ല. അവരുടെ പേരുകളിലും കാഴ്ചപ്പാടിലും വൈദേശികച്ചുവയുണ്ട്. അവരുടെ കൂറ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നു”- സവര്‍ക്കര്‍ എഴുതുന്നു. ഈ മാനദണ്ഡം അനുസരിച്ച് ബുദ്ധമതത്തെ വൈദേശിക മതമായിക്കാണാന്‍ കഴിയില്ലല്ലോ. ബുദ്ധമതത്തിലേയ്ക്കും സിക്കുമതത്തിലേയ്ക്കുമുള്ള മതപരിവര്‍ത്തനത്തെ ഹിന്ദുത്വ വാദികള്‍ എതിര്‍ക്കാതിരിക്കുന്നതിന്റെ കാരണം ഹിന്ദുത്വത്തിന്റെ ദേശീയതയെക്കുറിച്ചുള്ള മണ്ണിന്റെ മക്കള്‍ മാനദണ്ഡമാണ്. ആത്മീയതയെക്കുറിച്ച് വളരെ കുറച്ച് മാത്രം പറയുന്ന സവര്‍ക്കര്‍ മുഹമ്മദലി ജിന്നയെപ്പോലെ മതവിശ്വാസമൊന്നുമില്ലാത്ത വ്യക്തിയായിരുന്നു എന്നതും ഓര്‍മ്മിക്കാവുന്നതാണ്.

ഘര്‍വാപസിയുടെ പ്രത്യയശാസ്ത്ര പരിസരം ഇവിടെ വ്യക്തമാകുന്നുണ്ട്. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന നിരീക്ഷണത്തിന്റേയും സംസ്‌കൃതം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന ശാഠ്യത്തിന്റേയും പിന്നിലും നാഥുറാം ഗോഡ്‌സേ ദേശ ഭക്തനാണെന്നുമുള്ള വാദത്തിന്റെ പ്രത്യയശാസ്ത്ര പരിസരം സവര്‍ക്കറുടേതാണ്. ഗാന്ധിയുടെ ഗീതയോ കാളിദാസന്റെ സംസ്‌കൃതമോ ഒന്നുമല്ലല്ലോ സുഷമാ സ്വരാജിന്റേയും സ്മൃതി ഇറാനിയുടേയും ബാഗിലുള്ളത്!

ഹിന്ദുത്വ വാദത്തിന് സവര്‍ക്കറുടെ കാലത്ത് ഗണ്യമായ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്തതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. സവര്‍ക്കര്‍ക്ക് ഗാന്ധിവധവുമായുണ്ടായിരുന്ന ബന്ധവും ആന്‍ഡമാന്‍ തടവുകാലത്ത് ബ്രിട്ടീഷ് ഭരണകൂടവുമായി രാജിയായതും സ്വാതന്ത്ര്യ സമരത്തോട് സംഘപരിവാര്‍ പുറംതിരിഞ്ഞുനിന്നതും സര്‍വ്വോപരി സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ച ഗാന്ധിജിയുടെ സാന്നിധ്യവും പുതിയ ഇന്ത്യയില്‍ വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമുണ്ടാകരുത് എന്ന് രാഷ്ട്രീയ മുഖ്യധാര സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ ദശകങ്ങളില്‍ ശഠിച്ചതും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രവാദത്തെ നിഷ്പ്രഭമാക്കാന്‍ കാരണമായിട്ടുണ്ട്. ജാതിസംഘടനകളുടെ കൂട്ടായ്മയായി നിലകൊണ്ട ഹിന്ദു സമുദായത്തിന് പൊതുവായി ഒരു ഹിന്ദു സ്വത്വം നല്‍കാനുള്ള ആശയങ്ങളോ സംഘാടക മിടുക്കോ ഉയര്‍ന്ന ജാതികളില്‍ കേന്ദ്രീകരിച്ചിരുന്ന സംഘപരിവാര്‍ നേതൃത്വത്തിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഇന്നത്തെ രാഷ്ട്രീയ സന്ദര്‍ഭം മറ്റൊന്നാണ്.

മണ്ഡലിനും ബാബറിക്കും ശേഷമുള്ള രാഷ്ട്രീയകാലാവസ്ഥ സംഘപരിവാറിന്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേതൃത്വ നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ജാതി വിഭജനങ്ങള്‍ക്കപ്പുറത്ത് ഒരു ഹിന്ദുത്വ രാഷ്ട്രീയ സ്വത്വത്തെ നിര്‍വ്വചിക്കാനും മുസ്‌ലിം വിരുദ്ധതയില്‍ ഊന്നിക്കൊണ്ട് ആ രാഷ്ട്രീയ സ്വത്വത്തെ അധികാര രാഷ്ട്രീയത്തിനുതകുന്ന രാഷ്ട്രീയ സമുദായമാക്കാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തന്റെ നേതൃത്വത്തില്‍ അബ്രാഹ്മണരുടെ എണ്ണം വളരെ വര്‍ദ്ധിച്ചു. അധികാര സ്ഥാനങ്ങളില്‍ – പാര്‍ട്ടി നേതൃത്വം മുതല്‍ മന്ത്രിസഭാ നേതൃത്വം വരെ – ഒ ബി സി സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഏറെയുണ്ട്. യുപിയിലും മറ്റും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദുത്വ രാഷ്ട്രീയ സമുദായ രൂപീകരണവും നടപ്പിലാക്കിയതിന്റെ ചരിത്രം ബദരി നാരായണനെപ്പോലുള്ളവര്‍ എഴുതിയിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റേയും ബഹുജനസമാജ് പ്രസ്ഥാനത്തിന്റേയും നേതൃത്വത്തിലേയും കാഴ്ചപ്പാടുകളിലെയും പരിമിതികള്‍ മുതലെടുത്താണ് ഹിന്ദുത്വ രാഷ്ട്രീയം വളര്‍ന്നത്. നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള വരവ് ഹിന്ദുത്വ രാഷ്ട്രീയത്തിനോടുള്ള ഒബിസി ആഭിമുഖ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി യാദവ് പാര്‍ട്ടിയായി ചുരുങ്ങിയതും മായാവതിക്ക് ദളിതര്‍ക്കിടയിലെ ചമാര്‍ ജാതിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയാതെ വന്നതും ഹിന്ദുത്വ രാഷ്ട്രീയം മുതലെടുത്തിട്ടുണ്ട്. (ജാതിക്കു മുകളിലായി ഹിന്ദു എന്ന സ്വത്വത്തെ കുടിയിരുത്താനുള്ള ശ്രമമാണ് ‘ഘര്‍വാപസി’ യുടെ രാഷ്ട്രീയം). ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും, വിഘടിച്ചുനില്‍ക്കുന്ന ഒരു രാഷ്ട്രീയ സാമൂഹികതയില്‍ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തിന് യുപിയിലും ബീഹാറിലും ഇപ്പോഴും തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ കഴിയുന്നുള്ളു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

നിയമാനുസൃതമായി മത പ്രചാരണത്തിനും മതം മാറ്റത്തിനും ഭരണഘടന അംഗീകാരം നല്‍കുന്നുണ്ട് എന്ന വസ്തുതയെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ പ്രതിരോധം ‘ഘര്‍വാപസി’ യെ ശക്തിപ്പെടുത്താനേ ഒരു പക്ഷേ ഉപകരിക്കൂ. ക്രിസ്തു മതക്കാര്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും മതപരിവര്‍ത്തനമാകാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടത് അനുവദിച്ചുകൂടാ എന്ന സംഘപരിവാറിന്റെ സാമാന്യ വാദത്തെ പിന്‍തുണക്കുന്നവര്‍ ഹിന്ദുത്വവാദികള്‍ മാത്രമല്ല.

സ്‌കൂളും ചികിത്സാ സൗകര്യവും സാമ്പത്തിക സഹായവുമൊക്കെയായി തന്നെയാണ് ഘര്‍വാപസിക്കാരും പലയിടത്തും രംഗത്തുള്ളത്. ഛത്തീസ്ഗഡിലെ ആദിവാസികളുടെ ഇടയില്‍ ‘ഘര്‍വാപസി’ ക്കാര്‍ ‘മടങ്ങിവരുന്നവരെ’ കാല്‍ കഴുകി സ്വീകരിച്ചാണ് ‘ഹിന്ദു’ക്കളാക്കിയത്. ഉയര്‍ന്ന ജാതിക്കാരന്‍ ദളിതന്റേയും ആദിവാസിയുടേയും കാല്‍ കഴുകുന്നതിന്റെ സിംബലിസം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ‘ഘര്‍വാപസി’ സംഘടിക്കപ്പെട്ടിരുന്നതെന്ന് ചുരുക്കം. ഇതിനിടയിലും സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ജാതി പുറത്തുവരാറുണ്ട്. ജാതിശ്രേണികളില്ലാത്ത ഹിന്ദുമതം വിഭാവന ചെയ്യാന്‍ സംഘപരിവാര്‍ ആക്ടിവിസ്റ്റുകള്‍ക്ക് പറ്റാത്തതുകൊണ്ടാണല്ലോ ‘മടങ്ങി’ വരുന്നവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ‘ജാതി’ കളിലേയ്ക്ക് മടങ്ങിപ്പോവേണ്ടി വരുമെന്ന ചില നേതാക്കള്‍ പറഞ്ഞത്.

മതപരിവര്‍ത്തനമെന്ന ആശയത്തെ മുന്‍നിര്‍ത്തി കഴിഞ്ഞനൂറ്റാണ്ടിലും മറ്റുമുണ്ടായ ആലോചനകളുടെ ചരിത്രഭാരമില്ലാതെയാണ് ‘ഘര്‍വാപസി’ യുടെ കാലാള്‍പ്പട പ്രവര്‍ത്തിക്കുന്നത്. അംഗബലം കൊണ്ടുള്ള കായികശക്തിയും ഭരണപക്ഷത്താണെന്ന അധികാര ഹുങ്കും മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയമായതുകൊണ്ട് മറ്റൊന്നും ആലോചിക്കാന്‍ അവര്‍ തയ്യാറുമല്ല. മതം അവരെ സംബന്ധിച്ചിടത്തോളം ഒരു അധികാര രാഷ്ട്രീയ പ്രശ്‌നം മാത്രമാണ്. മതപരിവര്‍ത്തനത്തിന് തുല്യം അവകാശം അല്ലെങ്കില്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചുകൊണ്ട് ഒരു തുല്യത എന്നാണ് അവരുടെ വാദം.

ഈ സന്ദര്‍ഭത്തില്‍ മത പരിവര്‍ത്തനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആലോചനകള്‍ക്ക് പ്രസക്തിയുണ്ട്. പ്രത്യേകിച്ച് ഗാന്ധിജിക്ക് തങ്ങളുടെ അഭിപ്രായമായിരുന്നു എന്ന് സംഘപരിവാര്‍ പറയുമ്പോള്‍. മതത്തെക്കുറിച്ച് ഒരുപാട് ആലോചിക്കുകയും ഭൂമിയിലെ ജീവിതവുമായി ആത്മീയതയെ ബന്ധിപ്പിക്കുകയും – മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ച് എത്ര കുറച്ചാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് – ചെയ്ത ഗാന്ധിജി സംഘടിത മതപരിവര്‍ത്തനത്തിന് എതിരായിരുന്നു. ആത്മപരിവര്‍ത്തനമാകാം. ധര്‍മ്മാന്തരം ആവശ്യമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ആത്മ പരിവര്‍ത്തനം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്തായിരിക്കും? എന്തുകൊണ്ടായിരിക്കും അദ്ദേഹം ധര്‍മ്മാന്തരത്തിന് എതിരു നിന്നത്?

എല്ലാ മതങ്ങളും ദൈവത്തിലേയ്ക്ക് നയിക്കുന്നു എന്ന ആശയം സാമാന്യ തത്വമായി അദ്ദേഹം സ്വീകരിച്ചു. എല്ലാ മതങ്ങളും ആത്യന്തികമായി തുല്യമാണ് എന്നദ്ദേഹം സി.എഫ്. ആന്‍ഡ്രൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒപ്പം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് നമ്മുടെ എല്ലാവരുടേയും ഉള്ളിലുള്ള നമ്മുടെ സ്വന്തം മതത്തോടുള്ള ബഹുമാനം മറ്റ് മതങ്ങളോടും ഉണ്ടാവണം. എന്നിട്ടദ്ദേഹം വിശദീകരിക്കുന്നുണ്ട്: mind you, not mutual toleration but mutual respect. മത പരിവര്‍ത്തനത്തിന്റെ കാതല്‍ എല്ലാ മതവും ഒരുപോലെ അല്ല എന്നിരിക്കെ ഗാന്ധിജി അതിനെ എതിര്‍ത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല. മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്: ദീര്‍ഘമായ പഠനത്തിനും പരിശീലനത്തിനും ശേഷം ഞാനെത്തിയ നിഗമനമെന്തെന്നാല്‍ 1. എല്ലാ മതങ്ങളും സത്യമാണ്; 2. എല്ലാല്ലാമതത്തിലും തെറ്റുകള്‍ ഉണ്ട്; 3. എല്ലാ മതങ്ങളും എനിക്ക് എന്റെ സ്വന്തം ഹിന്ദുമതത്തോളം പ്രിയപ്പെട്ടതാണ്. ഏതൊരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും എന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണെന്നതുപോലെ മറ്റ് വിശ്വാസങ്ങളോടുള്ള എന്റെ ബഹുമാനം എന്റെ സ്വന്തം വിശ്വാസത്തോടുള്ളതുപോലെയാണ്.

സി.എഫ്. ആന്‍ഡ്രൂസ് തന്റെ അഭിമുഖത്തില്‍ ഗാന്ധിജിയോട് മതപരിവര്‍ത്തനത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഒരാള്‍ ദീര്‍ഘമായ മനനത്തിനുശേഷം ക്രിസ്തുമത വിശ്വാസിയാകാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ അയാളോട് പറയേണ്ടതെന്ത് എന്നദ്ദേഹം ചോദിക്കുന്നു. ഗാന്ധിജിയുടെ മറുപടി ആലോചനാമൃതമാണ്: ക്രിസ്തുമത വിശ്വാസിയല്ലാത്ത ഒരാള്‍ (ഹിന്ദുവെന്നിരിക്കട്ടെ) എന്നെ ആ ഉദ്ദേശ്യത്തോടെ സമീപിച്ചാല്‍ ഞാന്‍ അയാളോട് മെച്ചപ്പെട്ട ഒരു ഹിന്ദു ആകാനാണ് പറയുക, പുതിയൊരു വിശ്വാസത്തിലേയ്ക്ക് മാറാനല്ല. മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു: ഒരു ക്രിസ്തുമത വിശ്വാസി ഭാഗവതം വായിച്ച് അതില്‍ അനുരക്തനായതിനാല്‍ ഹിന്ദു ആകണമെന്ന് ആവശ്യപ്പെട്ടാല്‍ ഞാന്‍ അയാളോട് പറയും, ഭാഗവതം നല്‍കുന്നതെല്ലാം ബൈബിളും നല്‍കുന്നുണ്ട്. നിങ്ങളത് കണ്ടെത്തിയിട്ടില്ല എന്നു മാത്രം. അതുകൊണ്ട് മെച്ചപ്പെട്ട ക്രിസ്ത്യാനിയാകാന്‍ ശ്രമിക്കുക.

മറ്റൊരിടത്ത് അദ്ദേഹം പറയുന്നുണ്ട്: ഒരാളുടെ മത വിശ്വാസത്തെ മാറ്റാന്‍ ശ്രമിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ ശ്രദ്ധ മറ്റൊരാളുടെ മത വിശ്വാസത്തെ തകര്‍ക്കുന്നതിലല്ല, അയാളെ മെച്ചപ്പെട്ട വിശ്വാസിയാക്കുന്നതിലാണ്. ഈ സമീപനം ആവശ്യപ്പെടുന്നത് എല്ലാ മതങ്ങളും സത്യമാണെന്നും അതുകൊണ്ട് അവയെ ബഹുമാനിക്കേണ്ടതുണ്ട് എന്നുമാണ്. It again implies true humility, the recognition of the fact that the divine light having been vouchsafed to all religions through an imperfect medium of flesh, they must share in more or less degree the imperfection of the vehicle. 

പഠന സാമഗ്രികളെക്കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക: അവനവന്റേതിന് പുറമേ മറ്റ് മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളും പഠനത്തിലുണ്ടാവണം. മറ്റ് മതങ്ങളുടെ പ്രമാണങ്ങള്‍ ബഹുമാനത്തോടെയും ഹൃദയ വിശാലതയോടെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നപക്ഷം, ആത്മീയമായ സ്ഥൈര്യവും സ്വന്തം വിശ്വാസത്തെക്കുറിച്ച് മെച്ചപ്പെട്ട അറിവും ലഭ്യമാകും. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, ഏതു വിശ്വാസത്തെ കുറിച്ചുമുള്ള പഠനം ആ വിശ്വാസത്തിന്റെ വക്താക്കള്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ കൂടിയായിരിക്കണം. ഭാഗവതമായാലും ബൈബിളായാലും പഠിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ വ്യാഖ്യാനങ്ങളെ ആശ്രയിച്ചാരിക്കണമെന്നും വിമര്‍ശകരുടെ കൃതികളാവരുത് മതപഠനത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: Just as preservation of one’s own culture does not mean contempt for that of others, but requires assimilation of the best that there may be in all the other cultures, even so should be the case with religion. Our present fears and apprehension are a result of the poisonous atmosphere that has been generated in the country, the atmosphere of mutual hatred, ill will and distrust. We are constantly labouring under a nightmare of fear lest someone should undermine our faith or the faith of those who are dear and near to us. But this unnatural state will cease when we have learned to cultivate respect and tolerance towards the religions and their votaries.

ഇങ്ങനെയൊരു മനസ്ഥിതി ഉണ്ടാവാന്‍ വേണ്ട വിദ്യാഭ്യാസമെന്തെന്നും ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്. ഏതുതരം മതപഠനമാണ് ഗുജറാത്ത് വിദ്യാപീഠത്തില്‍ വേണ്ടതെന്ന് എഴുതിചോദിച്ച വിദ്യാര്‍ത്ഥിക്ക് അദ്ദേഹം നല്‍കുന്ന മറുപടി ഇങ്ങനെയാണ്: എന്നെ സംബന്ധിച്ചിടത്തോളം മതമെന്നാല്‍ സത്യവും അഹിംസയുമാണ്, അഥവാ സത്യം മാത്രമാണ്. എന്തെന്നാല്‍ അഹിംസ സത്യാന്വേഷണത്തിന് അനിവാര്യമാണ്. ഒഴിച്ചുകൂടാനാവാത്തതുമാണ്. ഈ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ ശരിയായ മതപഠനമാണ്; അധ്യാപകര്‍ സ്വന്തം ജീവിതത്തില്‍ ഇത് പകര്‍ത്തുന്നതാണ് ഏറ്റവും നല്ല പഠനമാതൃക.

ബഹുസ്വരത സമൂഹത്തില്‍ ആവശ്യമാണെന്ന് നാം വാദിക്കാറുണ്ട്. വിശ്വാസങ്ങളുടെ ബഹുസ്വരത കുടുംബത്തിലും എന്തിന് വ്യക്തിജീവിതത്തിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് കൃഷ്ണനെ ആരാധിക്കാനും മറിച്ചും അതുപോലെ ആരേയും ആരാധിക്കാതിരിക്കാനുമുള്ള സാംസ്‌ക്കാരികാവസ്ഥയാണ് വേണ്ടത്. മതസ്ഥാപനങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് വിശ്വാസവും ആത്മീയതയും കണ്ടെത്തിയ ഗാന്ധിജി തന്റെ രീതിയില്‍ ഹിന്ദുമതത്തെ തന്നെ പുനര്‍നിര്‍വചിച്ചു. തന്റെ മത വിശ്വാസത്തിന്റെ eclectic സ്വഭാവം പലരും നാണക്കേടായാണ് കാണുന്നത് എന്ന് തനിക്കറിയാമെന്നും അതുപക്ഷേ അവരുടെ മാത്രം പ്രശ്‌നമാണെന്നും അദ്ദേഹം ഒരിടത്ത് പറഞ്ഞിട്ടുണ്ട്.

എല്ലാ വിശ്വാസങ്ങളുടേയും ഉത്തമാംശങ്ങള്‍ സ്വീകരിച്ച തനിക്കായി സ്ഥാപനബാഹ്യമായ ഒരു മതം രൂപപ്പെടുത്തിയ ഗാന്ധിജി ആരോടാണ് സംസാരിക്കുന്നത്?

പാഠഭേദം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് ലേഖനം

 

ഡല്‍ഹി, ഇന്ത്യന്‍ എക്സ്പ്രസില്‍ അസോസിയേറ്റ് എഡിറ്ററാണ് അമൃത് ലാല്‍. 

 

*Views are personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍