UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരുടെ ഘര്‍ വാപസി?

വിട്ടുപോയവര്‍ എങ്ങോട്ടേയ്ക്കാണ് തിരിച്ചുവരേണ്ടത്? ഹിന്ദുമതത്തിലേയ്‌ക്കോ? ഹിന്ദുമതത്തിന്റെ ഏതു ചിന്താധാരയിലേക്ക്? ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഏതു ശാഖയിലേക്ക്? ഏത് ഉപശാഖയിലേക്ക്? ഏതു ഞെട്ടിലേക്ക്? ഏത് ഇലയിലേക്ക്? ഇലയുടെ ഏതു ഞരമ്പിലേക്ക്?

ഈ ചോദ്യങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നാണ്. ഏതു ഹിന്ദുമതത്തിലേയ്ക്ക്? ദൈവവിശ്വാസിയായ ഹിന്ദുമതത്തിലേയ്‌ക്കോ അതോ ദൈവനിഷേധിയായ ഹിന്ദുമതത്തിലേയ്‌ക്കോ?

വൈശേഷിക, ന്യായ, സാംഖ്യ, യോഗ, മീമാംസ എന്നീ അടിസ്ഥാന ചിന്താധാരകളില്‍ ഒന്നുപോലും ദൈവത്തെ അംഗീകരിയ്ക്കുന്നില്ല. തീര്‍ത്തും നാസ്തിക ചിന്തകളാണിവ. മീമാംസയുടെ പിന്നീടുള്ള വ്യാഖ്യാനത്തില്‍ – ഉത്തരമീമാംസ അല്ലെങ്കില്‍ വേദാന്തം – മാത്രമാണ് ദൈവത്തിന് സ്ഥാനം. 

ധര്‍മ്മത്തിലും നന്മയിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ ജീവിതലക്ഷ്യത്തിലെത്താം എന്നാണ് വൈശേഷിക സിദ്ധാന്തം പറയുന്നത്. ജീവിത ലക്ഷ്യം, ദൈവത്തില്‍ വിലയം പ്രാപിയ്ക്കുകയല്ല.

അറിവിനെക്കുറിച്ചുള്ള ശരിയായ ബോധമാണ് ന്യായം. യഥാര്‍ത്ഥ അറിവിലൂടെയാണ് ജീവിതത്തിന്റെ മോക്ഷം. യഥാര്‍ത്ഥ അറിവ് ഒരുവനെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന ബോധത്തെക്കുറിച്ചുള്ള ജ്ഞാനമാണ്. അത് ദൈവജ്ഞാനമല്ല.

സത്യമെന്താണെന്ന് യുക്തികൊണ്ടു നടത്തുന്ന അന്വേഷണമാണ് സാംഖ്യ. ആത്മീയതയെ യുക്തിയിലൂടെ സാക്ഷാത്ക്കരിക്കുന്ന ചിന്താധാരയാണിത്. യുക്തിക്ക് നിരക്കാത്ത ഒന്നിനും ഇതില്‍ സ്ഥാനമില്ല. പ്രപഞ്ചത്തെ ആകമാനവും അതിലെ കോടാനുകോടി ജീവജാലങ്ങളേയും പുഴകളേയും  മലകളേയും സൃഷ്ടിച്ച ദൈവസങ്കല്‍പം ഈ യുക്തിചിന്തയില്‍ അപ്പാടെ തകര്‍ന്നുപോകും.

യോഗയിലും ഇല്ല ദൈവത്തിന്റെ സ്ഥാനം. ആത്മജ്ഞാനത്തിനായി ഏറ്റവും ശാസ്ത്രീയമായ അന്വേഷണം നടത്തുന്ന രാജയോഗയില്‍ മോക്ഷത്തിന് ദൈവമോ ദൈവാംശമോ ആവശ്യഘടകമല്ല. അത് അറിവിന്റെ ആത്മസംഗീതമാണ്. ദൈവസ്തുതിയല്ല.

മീമാംസ എന്നാല്‍ വിശകലനം ചെയ്തു മനസ്സിലാക്കുക എന്നാണ്. ദൈവസങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിയ്ക്കുന്നതാണ് മീമാംസ. സ്വന്തം പ്രവര്‍ത്തികളുടെ ഫലം സ്വയം ആസ്വദിയ്ക്കാന്‍ ആകുമെന്ന് മീമാംസചിന്തകര്‍ കരുതുന്നു. ”കര്‍മ്മം ചെയ്യുക; ഫലം ഇച്ഛിയ്ക്കരുത്.” എന്ന ഗീതോപദേശത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഈ ചിന്താധാര. 

എന്നാല്‍ മീമാംസയ്ക്ക് പിന്നീട് പാഠഭേദമുണ്ടായി. അതാണ് ഉത്തരമീമാംസ അല്ലെങ്കില്‍ വേദാന്തം. ഇത് ദൈവസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്.

വേദാന്തത്തില്‍ തന്നെ ശങ്കരന്റെ അദ്വൈതവും രാമാനുജന്റെ വിശിഷ്ഠ അദ്വൈതവും മാധവയുടെ ദ്വൈതവും ഉണ്ട്. ഒന്ന് മറ്റൊന്നിനോട് സമരസപ്പെടുന്നതല്ല; മൂന്നും ദൈവാധിഷ്ഠിതമാണെങ്കിലും. ദൈവവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ ചിന്തകള്‍ക്ക് വ്യത്യസ്ത സമീപനങ്ങളാണുള്ളത്.

ഇവയ്ക്കു പുറമെയാണ് ചാര്‍വകസിദ്ധാന്തവും മഖാലി ഗോശാല രൂപം കൊടുത്ത ആജിവികാസും. ചാര്‍വകസിദ്ധാന്തം ദൈവത്തെ മാത്രമല്ല, ബ്രഹ്മത്തേയും, വിധിയേയും, പുനര്‍ജന്‍മത്തേയും, മതാധിഷ്ഠിത ചടങ്ങുകളേയും – വേദങ്ങളില്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ – എതിര്‍ക്കുന്നു.

ഏറ്റവും പുരാതനമായ ഋഗ്‌വേദത്തില്‍ പ്രപഞ്ചം ദൈവസൃഷ്ടിതമല്ല എന്നാണ് വ്യക്തമാകുന്നത്. വേദങ്ങള്‍ പറയുന്നത് ആത്മീയതയെക്കുറിച്ചാണ്, വ്യക്താധിഷ്ഠിതമായ ആത്മബോധത്തെക്കുറിച്ചാണ്. ദൈവത്തെക്കുറിച്ചല്ല.

ദൈവവും ആത്മീയതയും രണ്ടാണ്. ഒന്നിന്റെ രണ്ടു ഭാവങ്ങള്‍ പോലും അല്ല. ഒന്നില്ലാതെ മറ്റൊന്നിന്  നിലനില്‍പ്പുപോലും ഉണ്ട്. ദൈവത്തിനും ദൈവവിശ്വാസിയ്ക്കും യാതൊരു ശങ്കയും  കൂടാതെ അന്യന്റെ തലയറുക്കാം. ട്രെയിനിന്റെ ഉള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് യാത്രക്കാരെ, അവര്‍ തീര്‍ത്ഥാടകര്‍ ആണെങ്കില്‍ പോലും, തീവച്ച് ചുട്ടെരിയ്ക്കാം. എന്നിട്ട്, ആരും ആരേയും കൊല്ലുന്നില്ല എന്നും മരിച്ചുപോയത് നശ്വരമായ ശരീരം മാത്രമാണെന്നും, ആത്മാവിനെ അഗ്നിയ്ക്കു ദഹിപ്പിക്കാനോ ആയുധങ്ങള്‍ക്ക് കൊല്ലാനോ കഴിയില്ല എന്നും തട്ടിവിടാം. ആത്മീയതയ്ക്ക് അതിനു കഴിയില്ല.

ദൈവത്തില്‍ നിന്ന് ആത്മീയതയിലേക്കുള്ള മനുഷ്യന്റെ വളര്‍ച്ചയുടെ കഥയാണ് മഹാവീരന്റേയും ബുദ്ധന്റേയും. ജൈനമതവും ബുദ്ധമതവും ദൈവത്തെ മാത്രമല്ല, വേദങ്ങളെയും അംഗീകരിക്കുന്നില്ല.

ഘര്‍വാപ്പസിയിലൂടെ ഇതിലേതു ഹിന്ദു മതശാഖയിലേക്കാണ് വീടുവിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പോകുന്നത്?

ഓര്‍ക്കുക, ഹിന്ദുമഹാസഭയുടെ നേതാവ് വീര്‍സവര്‍ക്കര്‍ ഒരു പ്രഖ്യാപിത ദൈവനിഷേധിയായിരുന്നു. സവര്‍ക്കറുടെ പേരില്‍ ഊറ്റംകൊള്ളുന്ന പിന്‍തലമുറക്കാരാണ് ദൈവനാമത്തില്‍ ഘര്‍വ വാപ്പസി ആഘോഷിക്കുന്നത്. 

ഇവിടെ ന്യായമായ ഒരു ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് ഹിന്ദുമതത്തില്‍ നിന്ന് ആളുകള്‍ വിട്ടുപോയത്?

കില്‍ജിയും തിമൂറും ടിപ്പുവുമെല്ലാം വാള്‍മുനയില്‍ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മാറ്റിയെന്നത് സത്യം. പോര്‍ച്ചുഗീസുകാരും ആദ്യകാലത്ത് ബ്രിട്ടീഷുകാരും ക്രിസ്തുമതത്തിലേക്ക് ബലംപ്രയോഗിച്ച് മാറ്റിയെന്നതും സത്യം.

പക്ഷെ, മഹാവീരന്റെ കാലത്ത് ജൈനമതത്തിലേക്കും പിന്നീട് ബുദ്ധമതത്തിലേക്കും ഒടുവില്‍ സിഖുമതത്തിലേക്കും ഹിന്ദുക്കള്‍ കൂട്ടത്തോടെ മാറിയത് വാള്‍ത്തുമ്പിലെ ഭീഷണികൊണ്ടല്ല. ഹിന്ദുമത്തിന്റെ ദൈവാധിഷ്ഠിത ശാഖയുടേയും ദൈവനിഷേധശാഖകളുടേയും, അടിത്തറയായ ചാതുര്‍വര്‍ണ്യത്തില്‍ നിന്നുള്ള ശാപമോക്ഷം തേടിയായിരുന്നു. മൂന്നുമതത്തിലും ജാതിതിരിച്ചുള്ള ഉച്ചനീചത്തമില്ല.

യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തിന്റെ അടിത്തറ പിടിച്ചുലച്ചത് ഈ മൂന്നു മതങ്ങളായിരുന്നു. ഇതില്‍ ജൈനമതവും ബുദ്ധമതവും പില്‍ക്കാലത്ത് ഇന്ത്യയില്‍ ഏറെക്കുറെ ഉന്മൂലനം ചെയ്യപ്പെട്ടത് ആദ്യത്തെ ഘര്‍ വാപ്പസിയിലൂടെയായിരുന്നു. അതിന് നേതൃത്വം കൊടുത്തത് ശങ്കരനും.

അതിബുദ്ധിമാനായ ശങ്കരന്‍ തര്‍ക്കത്തിലൂടെ ഈ മതങ്ങളിലെ ആചാര്യന്മാരെ ഒന്നൊന്നായി കീഴ്‌പ്പെടുത്തി. അവര്‍ക്ക് മുന്നില്‍ തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന അദ്വൈതസിദ്ധാന്തത്തിന്റെയും വിജയക്കൊടി പാറിച്ചു. സര്‍വ്വജ്ഞപീഠം കയറി. (ലോകത്തിലെ ജ്ഞാനം മുഴുവന്‍ വേദങ്ങളിലും ഉപനിഷത്തുകളിലും മാത്രമായി ഒതുങ്ങിയിരിക്കുന്നു എന്ന് പാവം ശങ്കരന്‍ കരുതിക്കാണും.) രാജ്യങ്ങളൊന്നായി അതിക്രമിച്ചു കീഴ്‌പ്പെടുത്തി, യവന സാമ്രാജ്യത്തിന്റെ ഭാഗമായി, ലോകത്തിന്റെ ചക്രവര്‍ത്തിയാകാന്‍ ഇറങ്ങിപുറപ്പെട്ട അലക്‌സാണ്ടറെപ്പോലെയായിരുന്നു ശങ്കരനും. ശങ്കരന്റെ ആയുധം അറിവായിരുന്നു എന്നു മാത്രം.

ജൈനമതത്തിനു പുറമേ ബുദ്ധമതവും നാമമാത്രമാണിന്ന് ഇന്ത്യയില്‍. അവരുടെ ആരാധനാലയങ്ങള്‍ പലതും ഇന്ന്‍ ഹിന്ദുമതത്തിന്റെ കീഴിലാണ്. കേരളത്തിലെ ശബരിമലയാണ് അവയില്‍ ഒന്ന്. ഹിന്ദുക്ഷേത്രങ്ങളില്‍ മറ്റൊരിടത്തും ശരണം വിളിച്ച്, സംഘമായി, നീണ്ടനാളത്തെ ബ്രഹ്മചര്യവ്രതമെടുത്ത്, പ്രത്യേകനിറത്തിലുള്ള വസ്ത്രം ധരിച്ച് ഭക്തര്‍ പോകാറില്ല. എന്നാല്‍ ഇവയൊക്കെ ബുദ്ധമതത്തിലെ അനിവാര്യ ഘടകങ്ങളില്‍ ചിലതാണ്. ജൈനമതമെന്ന പോലെ ബുദ്ധമതവും സ്ത്രീവിരുദ്ധമാണ്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഏക ഹിന്ദുക്ഷേത്രവും ശബരിമലതന്നെ.

ബുദ്ധമതത്തെ ഇന്ത്യയില്‍ നിന്ന് ഏറെക്കുറെ തുടച്ചുമാറ്റിയ ഘര്‍ വാപ്പസിക്കാര്‍ പക്ഷെ, ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായിപ്പോലും വാഴ്ത്തുന്നു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ദൈവിക പതിപ്പ്.

ശങ്കരന്‍ മറ്റൊന്നുകൂടി സംഭാവന ചെയ്തു, ഹിന്ദുമതത്തിന്. സന്യാസി ബ്രഹ്മചാരിയായിരിക്കണമെന്ന്. ബ്രഹ്മചര്യം സ്വീകരിച്ച മഹാവീരനേയും ബുദ്ധനേയും അതേനാണയത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ടുള്ള വേഷപകര്‍ച്ചയായിരുന്നു ശങ്കരന്‍ നടത്തിയത്. പക്ഷെ, വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും രചിച്ച ഋഷിവര്യന്‍മാര്‍ ആശ്രമത്തില്‍ ഭാര്യയും മക്കളുമായി താമസിച്ചവരായിരുന്നു. കാമം കത്തിച്ച് കളഞ്ഞ് അതിന്റെ അഗ്നിയിലൂടെ ആത്മാവിലേക്ക് പ്രയാണം ചെയ്തവരല്ലായിരുന്നു. കാമശാസ്ത്രം എഴുതിയത് വാത്സ്യായന മഹര്‍ഷിയായിരുന്നു.

ആദ്യത്തെ ഘര്‍ വാപ്പസിയിലൂടെ ശങ്കരന്‍ ‘മുടിയരായ പുത്രന്‍മാരെ’ ചാതുര്‍വര്‍ണ്ണ്യത്തില്‍ ഏതിലാണ് കുടിയിരുത്തിയത് എന്നറിയില്ല. താഴേത്തട്ടിലേയ്ക്കാകാനാണ് സാധ്യത. കാരണം, അഹവും ബ്രഹ്മവും ഒന്നുതന്നെയെന്ന് വാദിച്ചുനടന്ന, ആ വാദത്തിലൂടെ മറ്റു വാദമുഖങ്ങളുടെ മുനയൊടിച്ച ശങ്കരന്‍ എതിരെ നടന്നുവന്ന ഒരു ചണ്ഡാളനെ കണ്ടപ്പോള്‍ വഴിമാറിപ്പോകാന്‍ പറഞ്ഞത് ശങ്കര-ചരിത്രത്തിന്റെ ഭാഗമാണ്. ബ്രാഹ്മണ്യം എന്നും വിശുദ്ധമായിരുന്നു. പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്ക്.

അതുകൊണ്ട് തന്നെ ഹിന്ദുമഹാസഭയുടെ പുതിയ ഘര്‍ വാപ്പസിയിലും വീട്ടിലേക്കുള്ള പുനഃപ്രവേശം പിന്നാമ്പുറത്തിലൂടെ പിന്നാമ്പുറത്തേയ്ക്കു മാത്രമാകാനാണ് സാധ്യത. ആര്‍.എസ്.എസ്. രൂപംകൊണ്ടത് ഹൈന്ദവ പുനരുദ്ധാരണത്തിനുവേണ്ടിയല്ല. ആധുനിക ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്ക് നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ വേണ്ടിയാണ്. അതിനവര്‍ക്ക് ബ്രാഹ്മണ്യത്തിന്റെ ചാട്ടവാറേറ്റ ദളിതരെ തിരിച്ചുവേണം. അടിയാളരായിട്ട്.

ഇന്ത്യയില്‍ മുഴുവന്‍ ഹിന്ദുക്കളായിരുന്നുവെന്ന് ആരു പറഞ്ഞു? സ്വതന്ത്രഭാരതത്തില്‍ പ്രധാനമന്ത്രി നെഹ്‌റു, ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ, ആദിവാസികളെല്ലാം ഹിന്ദുക്കളാണെന്ന് പ്രഖ്യാപിയ്ക്കും വരെ അതല്ലായിരുന്നു സ്ഥിതി. ദ്രാവിഡരും ആദിദ്രാവിഡരും എങ്ങനെയാണ് ഹിന്ദുക്കളായത്? എന്നുമുതല്‍?

കേരളത്തില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നത് ഹിന്ദുമതമായിരുന്നോ? സംശയമുണ്ട്. കാരണം, ചാതുര്‍വര്‍ണ്യം ഹിന്ദുമതത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ദൈവാധിഷ്ഠിത ഹിന്ദുമതത്തിലും  ദൈവനിഷേധമുള്ള ഹിന്ദുമതത്തിലും.

കേരളത്തില്‍ ബ്രാഹ്മണര്‍ ഇല്ലായിരുന്നു. ബ്രാഹ്മണര്‍ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. (ശബരിമല തന്ത്രികുടുംബം പോലും കര്‍ണ്ണാടകയില്‍ നിന്നും വന്നവരാണ്.) ആദ്യം വന്നവര്‍ ഇവിടുത്തെ സ്ത്രീകളില്‍ കൂടി ജന്മം നല്‍കിയവരാണ് പിന്നീട് ബ്രാഹ്മണ സമുദായമായി മാറിയത്.

ക്ഷത്രിയ വിഭാഗവും കേരളത്തില്‍ ഇല്ലായിരുന്നു. യോദ്ധാക്കള്‍ നായന്‍മാരായിരുന്നു. കൊച്ചുകൊച്ചുരാജ്യങ്ങള്‍ ഭരിച്ചുപോരുന്ന രാജാക്കന്‍മാര്‍ പശുവിന്റെ വാലില്‍ പിടിച്ചുകൊണ്ട് ഗായത്രിമന്ത്രം ചൊല്ലി വര്‍മ്മമാരായി പ്രഖ്യാപിയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ രാജാവും രാജകുടുംബാംഗങ്ങളും നായര്‍ സ്ത്രീകളെ വേള്‍ക്കുകയോ സംബന്ധം ചെയ്യുകയോ ചെയ്തുപോന്നത്.

വൈശ്യര്‍ എന്ന വിഭാഗം അന്നും ഇന്നും കേരളത്തില്‍ ഇല്ല. ഇതൊന്നുമില്ലാതെ എങ്ങനെയാണ് ശൂദ്രന്‍മാര്‍ മാത്രം ഉണ്ടാകുക?

ഘര്‍ വാപ്പസിയിലൂടെ എല്ലാവര്‍ക്കും നഷ്ടസ്വത്വങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയുമോ? ആകുമെങ്കില്‍ തന്നെ എന്തിനാണ് ഇങ്ങനെ ഒരു തിരിച്ചുപോകല്‍? ഒരു സ്വത്വബോധവും എല്ലാക്കാലവും മാറ്റമില്ലാതെ തുടരുന്നില്ലല്ലോ. കാലം മുന്നോട്ടു പോകുമ്പോള്‍ എന്തിനാണ് ഒരു തിരിച്ചുനടത്തം?

ഘര്‍ വാപ്പസി ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അതിന്റെ  പ്രോക്താക്കള്‍ സത്യസന്ധമായി കരുതുന്നുണ്ടെങ്കില്‍ അവര്‍ അതിന് ആദ്യം പ്രേരിപ്പിക്കേണ്ടത് ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായെയല്ലേ? ഷാ ഒരു ജൈനമതക്കാരനാണ്. പണ്ടെങ്ങോ, ഹിന്ദുമതത്തിന്റെ ദുരാചാരങ്ങളില്‍  മനംമടുത്ത് ജൈനമതത്തിലേക്ക് മാറിയ ഒരാളുടെ പിന്‍തലമുറക്കാരന്‍. ബ്രാഹ്മണ്യത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുവാന്‍ സ്ഥാപിതമായ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി.യുടെ തലപ്പത്ത് സ്വന്തം വീടിനെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയ ഒരു ‘മുടിയനായ പുത്ര’ന്റെ പിന്‍തലമുറക്കാരന്‍ തന്നെ എത്തി എന്നതാണ് സമകാലീന ഹൈന്ദവതയുടെ വൈരുദ്ധ്യാത്മകത. അതിനെന്ത് എന്ന ചോദ്യമാണ് ഭൗതികതയിലെ അദ്വൈതം.

അവശേഷിക്കുന്ന ഒരു ചോദ്യം ഇതാണ്. എന്തിന്, ആര്‍ക്കുവേണ്ടി, ആരുടെ നിര്‍ദ്ദേശപ്രകാരം ഈ ഘര്‍ വാപസി?

ഘര്‍ വാപസി ഒരു മറയാണ്. ഒരുപാടു നുണകളെ മറയ്ക്കാന്‍ ഒരുപാട് നുണകള്‍ കൊണ്ട് നെയ്‌തെടുത്ത മറ. സത്യത്തെ മറയ്ക്കുന്ന ആ പഴയ സ്ഫടിക പാത്രം. ഇന്ത്യയെ ഇന്ത്യാ ലിമിറ്റഡ് കമ്പനിയാക്കി മാറ്റുന്നതും ഷെയറുകള്‍ കൂട്ടമായി സ്വദേശി- വിദേശി കോര്‍പ്പറേറ്റുകള്‍ വില്‍ക്കുന്നതും ശരാശരി ഇന്ത്യാക്കാരന്‍ (ക്ഷമിക്കണം, ഭാരതമാതാവിന്റെ മക്കള്‍) അറിയാതിരിക്കാനുള്ള ഒരു കളര്‍ഫുള്‍ ഒപ്പേറ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍