UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു പുതിയ ഇന്ത്യ; 100 ശതമാനം ഹിന്ദു (വെറുപ്പിന്റെയും)

ചന്ദ്രഹാസ് ചൌധരി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇന്ത്യയിലെ, ആണുങ്ങള്‍ മാത്രമുള്ള ഹിന്ദു ദേശീയവാദ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) അവര്‍ ഏറെക്കാലമായി കയ്യില്‍ വെച്ചിരുന്ന ഒരു ചീട്ട് കഴിഞ്ഞ മാസം ഇറക്കിക്കളിച്ചു. ഇന്ത്യയിലെ തങ്ങളുടെ ‘നഷ്ടപ്പെട്ട വസ്തു’ തിരിച്ചുപിടിക്കാനുള്ള ഒരു തീവ്ര മതപരിവര്‍ത്തന പരിപാടിയാണ് അവര്‍ പ്രഖ്യാപിച്ചത്. ‘100 ശതമാനം ഹിന്ദുക്കള്‍’ നിറഞ്ഞ ഇന്ത്യയില്‍ക്കുറഞ്ഞ ഒന്നും ആഗ്രഹിക്കാത്ത അവരുടെ അണികളുടെയും അനുബന്ധ സംഘടനകളുടെയും സ്വപ്നങ്ങള്‍ക്ക് അത് വീണ്ടും വളമിടുന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ 7 മാസത്തിനുള്ളില്‍ ആര്‍ എസ് എസിന്റെ ശക്തിയും ആഗ്രഹങ്ങളും പ്രത്യക്ഷമായിത്തന്നെ വളര്‍ന്നിട്ടുണ്ട്. അത്ഭുതമൊന്നുമില്ല, പഴയൊരു സ്വയം സേവകന്‍ നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. പല സംസ്ഥാന മുഖ്യമന്ത്രിമാരും പഴയ സ്വയം സേവകന്‍മാര്‍. തങ്ങളുടെ പ്രത്യയശാസ്ത്രത്തോട് അനുഭാവമുള്ള ഒരു സര്‍ക്കാരിന് കീഴില്‍ വളരെ ശ്രദ്ധയോടെ കണക്കാക്കിയ ഈ പ്രകോപനത്തോടെ ഈ സര്‍ക്കാരേതര സംഘടന പല കളങ്ങളിലും വിജയം തേടുകയാണ്.

മതപരിവര്‍ത്തനങ്ങള്‍ പാടേ നിരോധിക്കുന്ന തരത്തില്‍ ദേശീയനിയമം കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്  ആവശ്യപ്പെടുന്നത്. പൊതുമണ്ഡലത്തിലാകട്ടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഹിന്ദു ഭൂരിപക്ഷത്തിന്റെ കൂടി ഭാവി നിശ്ചയിക്കാനുള്ള അധികാരം അവര്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. മതങ്ങളുടെ യുദ്ധത്തില്‍, ഇന്ത്യയിലും ലോകത്താകെയും നേരത്തെതന്നെ നിലയുറപ്പിച്ച ക്രൈസ്തവ, ഇസ്ളാമിക മതമൌലികവാദത്തിനെ നേരിടാനും മലര്‍ത്തിയടിക്കാനും ഹിന്ദു മതമൌലികവാദം ഇപ്പോള്‍ സുസജ്ജമാണെന്ന വാര്‍ത്ത പരക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ അണികളിലാകട്ടെ സര്‍ക്കാരിനെക്കാളും  പൊതുസമൂഹത്തിലെയും വ്യാപാരത്തിലെയും നിരവധി സ്ഥാപനങ്ങളെക്കാളുമേറെ തങ്ങളാണ്  ഇന്ത്യയുടെ ഭാവിയുടെ നിയന്ത്രകരെന്നുള്ള തോന്നലും ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ചരിത്രത്തില്‍ മതപരിവര്‍ത്തനത്തെ ഒരു ആവര്‍ത്തിച്ചുവരുന്ന ചോദ്യമായി പരിഗണിക്കാം. മതാത്മക സമൂഹവും മതേതര സമൂഹവും തമ്മിലുള്ള, മതത്തിലെ യാഥാസ്ഥിതികരും ഉദാരവാദികളും തമ്മിലുള്ള, ബഹുസംസ്കാര സമൂഹത്തില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള, മതപരിവര്‍ത്തനത്തിന്റെ ചരിത്രം ഉള്ളതും ഇല്ലാത്തതുമായ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ വെളിവാക്കുന്ന ചോദ്യം.

മതപരിവര്‍ത്തനത്തിലുള്ള ആര്‍ എസ് എസിന്റെ പുതിയ ഊന്നല്‍ സംഘടനയുടെ ഒരു കരണംമറിച്ചിലാണ്. പതിറ്റാണ്ടുകളായി ക്രിസ്ത്യാനികളുടെയും മുസ്ലീംങ്ങളുടെയും മതപ്രചാരണ പരിപാടികളെ അവര്‍ അപലപിച്ചുപോരുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ചരിത്രപരമായി ഹിന്ദുമതം ഒരിക്കലും മതപരിവര്‍ത്തനം നടത്താത്തത് കൊണ്ടാണ് ഇത് സഹിക്കേണ്ടിവരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടും(മുന്‍ നിശ്ചയിക്കപ്പെട്ട ഒരു ജാതിഘടനയിലേക്ക് ജനിച്ചുവീഴുന്നതാണ് അതിലെ അസ്തിത്വം). അതുകൊണ്ട് ഇന്ത്യയെപ്പോലൊരു രാജ്യത്ത് മതം സ്വതന്ത്രവിപണി പോലെ ഒന്നായാല്‍, ഹിന്ദുമതത്തിന് അനുയായികളെ നഷ്ടപ്പെടുകയെ ഉള്ളൂ, ഒരു നേട്ടവുമില്ല.

ഒരു ഹിന്ദുവെന്ന നിലയില്‍ ഈ  കാഴ്ചപ്പാടിനോട് എനിക്ക് അല്പം സഹാനുഭൂതിയുണ്ട്. ഒരൊറ്റ സത്യമേയുള്ളൂ എന്ന വിശ്വാസത്തില്‍ നടത്തുന്നു എന്നത്  മാത്രമല്ല പരുക്കനും ധിക്കാരപരവുമായ മതപ്രചാരണപ്രവര്‍ത്തനങ്ങള്‍ എനിക്ക് അസ്വീകാര്യമായി തോന്നാന്‍ കാരണം, മതവിശ്വാസത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങളോടുള്ള അതിന്റെ അവജ്ഞ കൂടിയാണ്: ഒരു പ്രത്യേക മതത്തില്‍ ജനിക്കുന്നു എന്ന ആകസ്മികത, തുടര്‍ന്ന് അതിന്റെ ലോകവീക്ഷണത്തിലേക്ക് നയിക്കുന്ന വര്‍ഷങ്ങളുടെ സാമൂഹ്യവത്കരണം.

ഭരണഘടന അനുവദിക്കുന്നത് പോലെ തന്റെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം പോലെ അത് മാറാനുമുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ ഏതെങ്കിലും സംഘടിതമതത്തിന്റെ പ്രചാരണപരിപാടികളോ, ഭൌതികമായ പ്രേരണകളോ അല്ല, മറിച്ച് ഒരാളുടെ അന്ത സംഘര്‍ഷങ്ങളും അസംതൃപ്തിയുമാകണ്ടെ ഇതിന് കാരണം? മതം മാറുന്നതിന് പകരം അതിനോടുള്ള സംഘര്‍ഷങ്ങളുമായി ജീവിക്കുന്നതാണ് നല്ലതെന്ന മഹാത്മാ ഗാന്ധിയുടെ അഭിപ്രായത്തോടാണ് ഞാന്‍ യോജിക്കുന്നത്(ഗാന്ധി വളരെ പ്രകടമായി ചെയ്തതുപോലെ).

അപ്പോള്‍, മതപരിവര്‍ത്തനത്തില്‍ ഇന്ത്യയില്‍ ഒരു തുല്യാവകാശ കളിസ്ഥലമല്ല ഉള്ളതെന്ന വാദം തെളിയിക്കാനും സംവാദം ഉണ്ടാക്കാനുമാണ്  ആര്‍ എസ് എസിന്റെ ഈ പുതിയ, പരുക്കന്‍ അടവെങ്കില്‍ എനിക്കത് മനസിലാക്കാന്‍ കഴിയും. പക്ഷേ ഇത്തരമൊരു ബില്‍ വന്നാലും അതിലെ വ്യവസ്ഥകള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് ആര്‍ എസ് എസ് പറയും എന്നതാണു യാഥാര്‍ത്ഥ്യം. കാരണം ആര്‍ എസ് എസിന്റെ ഇപ്പോഴത്തെ തീവ്രപ്രചാരണം, അവരുടെ കാഴ്ചപ്പാടിലിത് മതപരിവര്‍ത്തനമല്ല, മടങ്ങിവരവാണ്. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്ളാമിക, കൊളോണിയല്‍ ഭരണകാലത്ത് മതം മാറ്റിയ പൂര്‍വ്വികരുടെ പിന്‍തലമുറക്കാര്‍ ഇപ്പോള്‍ മടങ്ങിവരികയാണ്.

ആര്‍ എസ് എസ് ആ നിലക്ക് ആവശ്യപ്പെടുന്നത് മറ്റൊരു സംഘടനക്കും മതപരിവര്‍ത്തനത്തിനുള്ള അവകാശം ഉണ്ടാകരുതെന്നാണ്. മറ്റ് മതസംഘടനകളുടെ മതപ്രചാരണ പരിപാടികള്‍ക്കെതിരെ ഒരു അഭിപ്രായ ഐക്യം ഉണ്ടാക്കിയാല്‍ പിന്നെ 100 ശതമാനം ഹിന്ദു സമൂഹം സൃഷ്ടിക്കാന്‍ ആവുമെന്ന സ്വപ്നത്തില്‍ അവര്‍ അഭിരമിക്കുന്നതില്‍ അതിശയമില്ല.

ആര്‍ എസ് എസിന്റെ കൂടുതല്‍ ദുരുപദിഷ്ടമായ ലക്ഷ്യങ്ങള്‍ നാം കാണാതെ പോകരുത്. കോടിക്കണക്കിനാളുകളെ ഹിന്ദുമതത്തില്‍(Hinduism) നിന്നും, ആര്‍ എസ് എസ് പ്രചരിപ്പിക്കുന്ന ബൌദ്ധികമായും ധാര്‍മികമായും ദരിദ്രമായ, വെറുപ്പ് വമിപ്പിക്കുന്ന  ഹിന്ദുത്വത്തിലേക്ക് (Hindutva) ഒരേസമയം നടത്തുന്ന പരിവര്‍ത്തനമാണത്.

ഇതും മറ്റ് മതമൌലികവാദികളെപ്പോലെ, മിത്തും യാഥാര്‍ത്ഥ്യവും തമ്മില്‍, ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. മിക്കപ്പോഴും അത് ഒരു ഹാസ്യാനുകരണത്തിന്റെ അടുത്തെത്തുന്നു. ഹിന്ദുമതം അതിന്റെ ഉത്ഭവം മുതലേ സമ്പൂര്‍ണമായൊരു ചിന്താ പദ്ധതിയാണെന്നും ആധുനികതയുടെയും  ചരിത്രത്തിന്റെയും എല്ലാ പ്രശ്നങ്ങളും ഹിന്ദു ഋഷികള്‍ 2,000 കൊല്ലങ്ങള്‍ക്ക് മുമ്പേ മുന്‍കൂട്ടി കണ്ടിരുന്നു എന്നും എല്ലാ ആധുനിക ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ഹിന്ദു ചിന്തയില്‍ ഉരുത്തിരിഞ്ഞിരുന്നു എന്നും, വിവിധ വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന എല്ലാ ഇന്ത്യക്കാരും സാംസ്കാരികമായി ഹിന്ദുക്കളാണെന്നും ഇന്ത്യയിലെ അഞ്ചില്‍ നാലും വരുന്ന ഹിന്ദു ഭൂരിപക്ഷം ന്യൂനപക്ഷ ഭീഷണിയിലാണെന്നും, ഒരു കേന്ദ്ര അധികാര ഘടന നിയന്ത്രിക്കുന്ന ഹിന്ദു പാരമ്പര്യത്തിന്റെ ഏകശിലാ വ്യാഖ്യാനത്തില്‍ എല്ലാ ഹിന്ദുക്കളും ഉള്‍പ്പെടണമെന്നും അവര്‍ വിശ്വസിക്കുന്നു. ആ കേന്ദ്ര അധികാര ഘടനയോ? അത്യത്ഭുതം-അതാണ് ആര്‍ എസ് എസ്!

ഇതിനെക്കുറിച്ചെല്ലാം മോദി സര്‍ക്കാരിന്റെ അഭിപ്രായമെന്താണ്? അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഒരാളുടെ വിസമ്മതം മറ്റേത് വാദത്തെക്കാളും അര്‍ത്ഥഗര്‍ഭമാണ്.  വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ഇന്ത്യയെന്ന സന്ദേശവുമായി അടുത്തിടെ ഉലകം ചുറ്റിയനരേന്ദ്ര മോദി ഇക്കാര്യത്തില്‍ ലജ്ജാകരമായ മൌനത്തിലാണ് (പതിവുപോലെ അയാളുടെ മാധ്യമ കിങ്കരന്‍മാര്‍ പ്രതിരോധത്തിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നുണ്ട്)

ഇപ്പോള്‍ ഏറ്റെടുത്ത ജോലിയുടെ കടമകളും  ചുമതലയും, തന്റെ ഭൂതകാലത്തെ അടഞ്ഞ വിശ്വാസങ്ങളും മുന്‍വിധികളും തമ്മിലുള്ള  വിഭജിച്ചു നില്‍ക്കുന്ന ആഭിമുഖ്യമാണ് മോദിയുടെ മൌനത്തിന് കാരണമെന്ന് തോന്നുന്നു. പക്ഷേ ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ ഭാവിയില്‍ കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ വിഷയത്തില്‍ കരുത്തനും ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നവനും എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട, ഈ  നേതാവിന്റെ മൌനത്തിന് സത്യത്തെ മറികടക്കാനാവില്ല. 

(നോവലിസ്റ്റാണ് ചന്ദ്രഹാസ് ചൌധരി. ന്യൂ ഡെല്‍ഹിയില്‍ താമസിക്കുന്നു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍