UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

മതപരിവര്‍ത്തനം മാത്രമല്ല, മോദി മതവും നിരോധിക്കണം-സ്വാമി സംവിദാനന്ദ് എഴുതുന്നു

തീർച്ചയായും നരേന്ദ്ര മോദി സര്‍ക്കാരിനു കിട്ടാവുന്ന വലിയൊരു വെല്ലുവിളിയാണ് ‘ഘർ വാപസി’. ഒപ്പം മതേതരവാദികള്‍ക്ക് കിട്ടാവുന്ന ശക്തമായൊരു താക്കീതും. ‘ഘർ വാപസി’ എന്നാൽ വീട്ടിലേക്കുള്ള തിരിച്ച് വരവ്. അതിനെ എതിർക്കാൻ ഇതിനുമാത്രം എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ ഒത്തിരിയുണ്ട്. കാരണം ചെയ്യുന്നത് ആര്യസമാജക്കാരുടെ സഹായത്തോടെ ആർ. എസ്. എസ്-സംഘപരിവാർ ഗ്രൂപ്പാണ്. മതംമാറ്റം ചെയ്യാൻ ഉള്ള അതിശക്തമായ ബുദ്ധിയുള്ള ഗ്രൂപ്പല്ല സംഘപരിവാർ പ്രസ്ഥാനം. അതുകൊണ്ടാണ് മതംമാറിയവരിൽ പലരും തങ്ങൾ മതം മാറിയതാണെന്ന് പോലും അറിയില്ലെന്നും കൂട്ടികൊണ്ട് വന്ന മുതലാളിയോട് ചോദിക്കണം എന്നും ചോദിച്ചവരോട് പറഞ്ഞത്. ഒന്നു കൂടി ശ്രദ്ധിച്ചാൽ ആരെയോ കാണിക്കാനുള്ള കോപ്രായമാണ് ഇതെന്ന് മനസ്സിലാക്കാം. ഈ കോപ്രായം കൊണ്ട് നേടിയത് ബുദ്ധിപൂർവ്വം ചിന്തിച്ചാൽ ബി ജെ പിക്ക് കനത്തൊരു ചീത്തപ്പേരാണെന്ന് കാണാം. മോദിക്കൊരു വെല്ലുവിളിയും. 

സംഘപരിവാർ പ്രസ്ഥാനങ്ങൾ അടുത്തകാലത്തായി എടുക്കുന്ന പല തീരുമാനങ്ങളും ആവേശത്തിൽ നിന്നും പൊട്ടി മുളക്കുന്നതാണ്. അവർ മാതൃകയാക്കിയത് പോപ്പിന്റെ വാക്കുകളായിരുന്നെങ്കിൽ കുഴഞ്ഞ് പോയേനെ. രണ്ടായിരമാണ്ട് ഇന്ത്യയെ സുവിശേഷീകരിക്കാനുള്ളതാണ് എന്നത് ജോൺ പോൾ മാർപ്പാപ്പയുടെ വാക്കുകളായിരുന്നു. പോപ് ചുമ്മാ രാഷ്ട്രീയക്കാരൊക്കെ നാടു നന്നാക്കും എന്ന് പറയും പോലെ പറഞ്ഞതല്ല. കൃത്യമായ ഒരജൻഡ അവർക്കുണ്ടായിരുന്നു. അതിനെ പിന്താങ്ങാനായി പലവിധ സംഘടനകളും ഉണ്ടായിരുന്നു. ആഗോള സുവിശേഷീകരണത്തിന്റെ ഏറ്റവും വ്യക്തമായ അജൻഡയുള്ള ജ്വോഷ്വാ എന്ന പ്രൊജക്ടിൽ ഇന്ത്യയിലെ ഓരോ സമുദായത്തിലും എത്ര ആൾക്കാർ വീതം ഉണ്ടെന്നും അവരിൽ ഇന്ന് ഈ നിമിഷം വരെ എത്ര പേരിൽ സുവിശേഷം എത്തിക്കാൻ പറ്റിയിട്ടുണ്ടെന്നും കൃത്യമായ ഡാറ്റയുണ്ട്. അത് പ്രകാരം ഇന്ത്യയിൽ സുവിശേഷമെത്താത്ത ഗ്രൂപ്പുകളിൽ അത് എത്തിക്കാന്‍ ഓരോ പിൻ കോഡിലും ഒരാളെയെങ്കിലും ഏതെങ്കിലും ക്രിസ്ത്യൻ സുവിശേഷ സംഘടനയിലേക്ക് സ്കൂൾ, ആശുപത്രി മറ്റ് ധാർമ്മിക സ്ഥാപനങ്ങൾ എന്നിവ വഴി മതപരിവർത്തനം നടത്താനുള്ള കൃത്യമായ അജൻഡയുണ്ട്.

 

അത് കാണാത്ത നമ്മൾ ഇവിടെ ആയിരം പേരെ മതം മാറ്റുന്നതിനെതിരെ ഒച്ചയുണ്ടാക്കുമ്പോൾ തീർച്ചയായും നമ്മുടെ മതേതരത്വത്തിൽ ഇടയിൽ കലാപം ഉണ്ടാവുന്നതിനു കാരണക്കാർ മതേതരവാദികളുടെ ഈ ഇരട്ടത്താപ്പാണ്. സംഘപരിവാറിനെതിരെ ചൂണ്ടിയ വിരലുകളിൽ എത്രയെണ്ണം പൊങ്ങും ഇതിനെതിരെ എന്നത് കൗതുകകരമായിരിക്കും. ഒരെണ്ണം പൊങ്ങില്ല. പകരം ആരു ചെയ്താലും ‘അത്തരം ശ്രമങ്ങളെ നമ്മൾ മതേതര സംഘങ്ങൾ എതിർക്കുന്നു’ എന്ന ഒറ്റവരി മുദ്രാവാക്യമായിരിക്കും നമുക്ക് മുന്നിലുണ്ടാവുക. ആ കള്ളത്തട്ടിപ്പിന്റെ ഇരുട്ടിലൂടെ സംഘപരിവാർ തീർച്ചയായും വളരും. കാരണം, കണ്ടിരിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും കൊണ്ടിരിക്കുന്നവർ കൂടിയാണെന്ന് നമ്മൾ ബോധപൂർവ്വം മറക്കും. ആ മറവിയെ വിറ്റു കാശാക്കാൻ തീവ്ര ഹിന്ദുക്കൾക്ക് അവസരം കൃത്യമായി കിട്ടും. ആ അവസരം മുതലെടുത്ത് ന്യൂനപക്ഷ വർഗ്ഗീയതയെന്ന ആഗോള ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് ഇന്ത്യന്‍ കളത്തിൽ പ്രതിരോധമില്ലാത്ത യുദ്ധത്തിന് അവസരം കിട്ടും. അതിലൂടെ രാജ്യം അസ്ഥിരമാകും.

കേരള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതു പ്രകാരം കേരളത്തിൽ 2006 മുതൽ 2667 സ്ത്രീകൾ ഇസ്ളാം മതം സ്വീകരിച്ചു. ഇവരെല്ലാം തന്നെ വിവാഹവുമായി ബന്ധപ്പെട്ടാണ് മതം മാറിയതെന്ന് കാണാം. ഇതിനു പിന്നിലുള്ള എന്തിനെയും നമുക്ക് മറക്കാം. പക്ഷെ ഒരു കാര്യത്തിനു മാത്രം നമുക്ക് ഉത്തരം വേണം. ഇവരിലൊരാളെ തേടി അവരുടെ വീട്ടുകാർ ചെന്നാൽ കിട്ടുന്ന പഠിപ്പിച്ചു വിട്ട മറുപടികളും ആൾബലവും അതേ മതത്തിലെ ഒരു പെണ്‍കുട്ടി വിമതസ്ഥനായ ഒരാളുടെ ഒപ്പം പോയി എന്നു കണ്ടാൽ നീതീകരിക്കുന്നത് മുന്‍പറഞ്ഞ ന്യായം കൊണ്ടായിരിക്കില്ല എന്നത് എന്തുകൊണ്ടാണ്? പകരം ഇര വാദവുമായ് ചിലരെത്തും. 

സ്നേഹിച്ച് വിവാഹം കഴിച്ച രണ്ട് കമിതാക്കൾക്ക് ജീവനോടെ ജോലിചെയ്യാനോ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥ ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. എല്ലാവരും അതിൽ നിസ്സഹായരാണ്. അതേസമയം തന്നെ എല്ലാ മതസ്ഥരും സമാധാന മതക്കാരാണെന്ന അവകാശവാദത്തിന് ഒരു പഞ്ഞവുമില്ല. യേശു സമാധാന വാഹകൻ, നബി സമാധാന വാഹകൻ, കൃ ഷ്ണനും തഥൈവ. ഇവരെയൊക്കെ വിശ്വസിക്കുന്ന അണികൾക്ക് മാത്രമാണ് അസമാധാനം. വിമതസ്ഥനായ ഒരാളുടെ ഒപ്പം ഇരിക്കുന്ന ഒരു മതചിഹ്നം ധരിച്ച പെൺകുട്ടിയുടെ ഫോട്ടോ വാട്സാപ്പിലൂടെ കൈമാറി നശിച്ചു പോകുന്ന സമുദായാംഗത്തെ ഉദ്ധരിക്കാൻ മതസ്പർദ്ധയുളവാക്കുന്ന വാക്കുകൾക്ക് എത്ര ഷെയറുകൾ ഉണ്ടായി എന്നറിഞ്ഞിരുന്നോ? സരിതയുടെ വാട്ട്സാപ്പ് ഇമേജ് പ്രചരിച്ചതിന്റെ തൊട്ടുതാഴെ നില്ക്കും അത്. അതിനെതിരെ എന്തെ ആരും ഒന്നും പറഞ്ഞില്ല. ആർക്കും മുളയിലെ നുള്ളണം എന്നു തോന്നിയില്ല?

ഒരു മതത്തിനെ മാത്രം ഉന്നം വെച്ച് എന്ന പോലെ എല്ലാ മതക്കാരും പ്രചരിപ്പിക്കുന്ന സവിശേഷ പ്രചാരണ വേലകളുടെ കൂത്തരങ്ങാണ് നമ്മുടെ രാജ്യം. അതിനിടയിൽ ഇസ്ളാം മതത്തിൽ നിന്നും ഒരു പെൺകുട്ടി ക്രിസ്ത്യാനിയോ ഹിന്ദുവോ ആകുവാൻ ഇവിടെ ഒരു പൊന്നാനി സുന്നത്ത് കേന്ദ്രം പോലൊന്ന് ഉണ്ടായാൽ എന്ത് സംഭവിക്കും എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? ക്രിസ്ത്യാനികളെ മതം മാറ്റാൻ ഒരു സുന്നത്ത് കേന്ദ്രം ഇവിടെ ഉണ്ടായാൽ എന്ത് സംഭവിക്കും എന്നറിയാമോ? അതാണിപ്പോൾ സംഭവിക്കുന്നത്. നമ്മൾ അതുചിന്തിക്കാത്തത് കൊണ്ട് അത്തരം ഒരവസരത്തെ ചിന്തിച്ച്, അതിനെ മുതലെടുക്കുവാൻ അവസരം കൊടുത്തത് കൊണ്ടാണ് ‘ഘർ വാപസി’ പ്രസ്ഥാനം ഇവിടെ ഉണ്ടായത്. വിതച്ചത് മതേതര സമൂഹത്തിന്റെ നിഷ്ക്രിയത്വം കൊണ്ടാണ്. കൊയ്യുന്നത് പതിവു പോലെ തന്നെ സാധാരണ പാവങ്ങളുടെ ചോരകൊണ്ട് മാത്രമാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യവും.

ഇനിയെങ്കിലും മതേതരത്വം എന്നാൽ എന്താണെന്ന സത്യം തിരിച്ചറിയണം. എല്ലാ മതവും തുല്ല്യമാണെന്നല്ല. എല്ലാ മതവും പരസ്പരം വെറുക്കുവാനും വെറുപ്പിക്കുവാനും തുല്ല്യമാണെന്നാണ്. വേണ്ടത് മതേതരത്വമല്ല.  മതനിരാസമാണ്. വിശ്വാസത്തിന്റെയും വിശ്വാസികളുടെയും കൊതിപ്പിക്കുന്ന ബഹളങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ സമാധാനമുള്ളൂ എന്ന സത്യം മറക്കരുത്. ഒപ്പം ഇന്ത്യയിൽ മാത്രം ദേശീയ പാതകളും നഗരവും നാടും നിയന്ത്രണത്തിലെടുത്ത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് രാഷ്ട്രീയക്കാർ മാത്രമല്ല, അവരെക്കാളധികം അമ്പല/പള്ളി കമ്മറ്റിക്കാരും അവരുടെ ആഘോഷങ്ങളുമാണ്. ജന്മനാ സഹിച്ച് ശീലിച്ചത് കൊണ്ട് മനസിലാവാത്തതാണ്.

നാട് മാറണം. ഇതിനർത്ഥം നിരീശ്വരവാദമെന്നല്ല. പകരം ആരാധനാലയങ്ങളിൽ പത്ത് ശതമാനത്തിൽ താഴെ മാത്രം ആൾക്കാർ പോകുന്ന രാജ്യങ്ങളാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ വർഗ്ഗീയ ലഹളകളും സാഹോദര്യവും ഉള്ളത്. മതം പ്രബലമായ സ്ഥലത്ത് അത് രാഷ്ട്രീയം പ്രബലമായ പോലെ തന്നെ ഏകപക്ഷീയമായ കാടൻ നിയമങ്ങളാൽ മനുഷ്യനെ കൊന്ന് കൊലവിളിക്കുകയാണ്. മതവിശ്വാസം അവനവന്റെ സ്വകാര്യമായി മാത്രംവെയ്ക്കുകയും അതിനെ പൊതു ഇടത്തിലേക്ക് ഇറക്കി വിടാതിരിക്കുകയും ചെയ്യുക. മോദിക്ക് മുന്നിലുള്ള സമസ്യ ചെറുതല്ല. സുസ്ഥിരമാവണമെങ്കിൽ കണ്ണും പൂട്ടി മതപരിവർത്തനം നിരോധിക്കണം. രാജ്യം നന്നാവണമെന്ന് പിന്നെയും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ പറ്റിയാൽ മതവും നിരോധിക്കുക.

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍