UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ടെസ്റ്റ് ഡോസ്; ജാതി സര്‍ട്ടിഫിക്കറ്റിലൂടെ സനാതന ധര്‍മ്മം

Avatar

സാജു കൊമ്പന്‍

ആഗ്രയിലും ഛത്തീസ്ഗഡിലും ഗുജറാത്തിലും ഘര്‍ വാപസി നടത്തി ഹിന്ദുത്വ പ്രൊജക്റ്റ് നടപ്പിലാക്കുന്നതില്‍ തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് സംഘ പരിവാര്‍. അവിടങ്ങളില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഛത്തീസ്ഗഡിലും ഗുജറാത്തിലും ദളിത് ക്രിസ്ത്യാനികള്‍ ആണെങ്കില്‍ ആഗ്രയില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത് 57 മുസ്ലിങ്ങളെയാണ്. ഇതിനി രാജ്യത്തിന്‍റെ ഏതൊക്കെ മേഖലകളില്‍ വ്യാപിക്കും എന്ന് മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. എന്തായാലും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടന്നിട്ടേ കേരളത്തിലെത്തുകയുള്ളൂ എന്നാണ് കരുതിയത്. ആ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഹരിപ്പാടും കൊല്ലത്തെ അഞ്ചലിലുമായി നടന്ന മതപരിവര്‍ത്തന ചടങ്ങുകളോടെ തകിടം മറിഞ്ഞത്. 8 കുടുംബങ്ങളില്‍ നിന്നായി 35 പേരാണ് തങ്ങളുടെ ആ ‘പഴയ’ വീട്ടിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചു വന്നത്.

ഹരിപ്പാട് മത പരിവര്‍ത്തനം നടത്തിയവര്‍ 50 വര്‍ഷം മുന്പ് പെന്തകോസ്ത് സഭയിലേക്ക് മാറിയവരാണ് എന്ന്‍ പറയപ്പെടുന്നു. അഞ്ചലിലെ അംബികയാണെങ്കില്‍ പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിന്‍റെ ഇംഗിത പ്രകരമാണ് പള്ളിയില്‍ പോയി തുടങ്ങിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് വേറൊരു വിവാഹം കഴിച്ചതോടെയാണ് മക്കളെ വീണ്ടും താന്‍ ഉള്‍പ്പെടുന്ന വേലന്‍ സമുദായത്തിലേക്ക് മാറ്റാന്‍ അവര്‍ ആഗ്രഹിച്ചത്. അതിന് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും കാര്യം നടന്നില്ല. അപ്പോഴാണ് വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ഘര്‍ വാപ്പസിയെക്കുറിച്ച് അംബിക അറിയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം നടത്തി തന്നിരുന്നെങ്കില്‍ വിശ്വഹിന്ദു പരിഷത്തിനെ ഒരിയ്ക്കലും സമീപിക്കില്ലായിരുന്നു എന്നാണ് അംബിക മാധ്യമങ്ങളോട് പറഞ്ഞത്.

അപ്പോള്‍ ഒരു ചോദ്യം ഉയരുക സ്വാഭാവികം. ഈ മതപരിവര്‍ത്തന അഭ്യാസത്തില്‍ സംഘ പരിവർ സംഘടനയുടെ പങ്കെന്താണ്. ഹിന്ദു സനാതന ധര്‍മ്മം പഠിപ്പിക്കലോ അതോ ജാതി സര്‍ട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കലോ? ഇവിടെ വ്യക്തികള്‍ സ്വന്തം ഇഷ്ടപ്രകാരം മത ദര്‍ശനങ്ങളില്‍ ആകൃഷ്ടരായല്ല മതം മാറിയതെന്ന് ഏറെക്കുറെ വ്യക്തമാണ്. അപ്പോള്‍ ഇത് പ്രലോഭനങ്ങള്‍ നീട്ടിയുള്ള മതപരിവര്‍ത്തനം തന്നെയല്ലേ? കാലങ്ങളായി മിഷനറിമാര്‍ക്കും മറ്റും എതിരായി സംഘപരിവാര്‍ ആരോപിക്കുന്ന വിമര്‍ശനവും ദാരിദ്ര്യം ചൂഷണം ചെയ്തു പ്രലോഭനങ്ങള്‍ നീട്ടി മതപരിവര്‍ത്തനം നടത്തുന്നു എന്നാണ്. ഇതിന് വിശ്വ ഹിന്ദു പരിഷത്തിന്‍റെ മറുപടി ഇങ്ങനെയാണ്. ഞങ്ങളാരെയും അങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടതല്ല. അവര്‍ ഇങ്ങോട്ട് വിളിച്ച് വന്നതാണ്.

എന്തായാലും കേരളം സംഘപരിവാര്‍ സംഘടനകളുടെ പരീക്ഷണശാലയാണ് എന്നത് ഏറെക്കുറേ തീര്‍ച്ചയായിരിക്കുന്നു. ഹരിപ്പാട് നടന്ന മത പരിവര്‍ത്തനചടങ്ങുകളുടെ വിജയത്തിന്‍റെ വെളിച്ചത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ അഭ്യാസം മാറ്റുമെന്ന് തന്നെയാണ് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും മലയോര-തീര പ്രദേശ മേഖലകളിലേക്ക്.

കോഴിക്കോട് നഗരത്തില്‍ സദാചാര പോലീസ് ചമഞ്ഞ് ഡൌണ്‍ ടൌണ്‍ റെസ്റ്റോറന്‍റ് അടിച്ചു തകര്‍ത്തതു മുതല്‍ കേരളീയ പൊതുമണ്ഡലം നിരന്തരം ചര്‍ച്ച ചെയ്യുന്നത് നമ്മുടെ സംസ്കാരത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമാണ്. ഒടുവില്‍ അത് ചെന്നെത്തുന്നത് ഹൈന്ദവ സംസ്കാരത്തിലേക്കും. സദാചാരത്തിന്റെ പക്ഷത്ത് സംഘപരിവാര് അണിനിരന്ന് ചര്‍ച്ചകളില്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഇതുവരെ പത്രങ്ങളുടെ ലോക്കല്‍ പേജില്‍ പോലും മുഖം കാണിക്കാത്ത പല കുട്ടി സംഘികളും ചാനല്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടി നടന്നു. ചുംബന സമരം എന്ന കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകോപനപരമായ സമരത്തിലൂടെ ഇതിനെതിരെ പ്രതിരോധമുയര്‍ത്താന്‍ പൌര സമൂഹം ശ്രമിച്ചെങ്കിലും സംഘപരിവാര ശക്തികള്‍ പല പേരുകളില്‍ കേരള സമൂഹത്തില്‍ തങ്ങളുടെ സാന്നിദ്ധ്യമുറപ്പിക്കുന്നതാണ് കണ്ടത്. കൊച്ചിയില്‍ അത് ചൂരല്‍ സേന എന്ന പേരിലാണെങ്കില്‍ കോഴിക്കോട് ഹനുമാന്‍ സേനയായി. എന്തായാലും കഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മുടെ പൊതുമണ്ഡലത്തില്‍ സംസ്കാരത്തെയും സദാചാരത്തെയും പ്രധാന ചര്‍ച്ചാ വിഷയമായി നിലനിന്നുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ചര്‍ച്ചകളുടെ തുടര്‍ച്ച സമൂഹത്തില്‍ നിലനിര്‍ത്താനുള്ള ശ്രമമായിട്ട് വേണം വിശ്വഹിന്ദു പരിഷത്തിന്റെ മതപരിവര്‍ത്തന പരീക്ഷണങ്ങളെയും കാണാന്‍.

ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ തുടര്‍ച്ചയായി കേരളത്തില്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ ഇതില്‍ നിന്ന് അവര്‍ വലിയ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. ഇതുവരെ പറഞ്ഞതു പോലെ അക്കൌണ്ട് തുറക്കുകയല്ല മറിച്ച് ഭരണം പിടിച്ചടക്കുകയായിരിക്കണം സംസ്ഥാന ബി ജെ പിയുടെ ലക്ഷ്യമെന്ന് ഷാ ആഹ്വാനം നല്കിയിട്ടുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാടും തിരുവനന്തപുരത്തും കണ്ണൂരും കാസര്‍ഗോഡും ശക്തമായ സാന്നിധ്യമായി മാറുകയാണ് ബി ജെ പി അജണ്ട. ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് സമൂഹത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കപ്പെടേണ്ടത് ബി ജെ പിക്ക് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഈ മതപരിവര്‍ത്തന ശ്രമങ്ങള്‍ ഒരു ടെസ്റ്റ് ഡോസ് മാത്രമായി വേണം കണക്കാക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍