UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ഘര്‍ വാപസി ഒരു സംവരണ വിഷയം മാത്രമാണ്

മതപരിവർത്തനം ഇന്ത്യൻ സാമുഹിക ജീവിതത്തിൽ പുതിയതല്ല. വിശ്വഹിന്ദു പരിഷത്തും ആർ എസ് എസും പ്രചരിപ്പിക്കുന്നത് പോലെയല്ല പലപ്പോഴും മതപരിവർത്തനം നടക്കുന്നത്. കേവലം പ്രലോഭനംകൊണ്ട് മാത്രം നടക്കുന്ന ഒന്നല്ല അത്. ശക്തമായ സാമൂഹിക കാരണങ്ങൾ അതിന് പിന്നിലുണ്ട്. ഇസ്ലാം മതവും ക്രിസ്തുമതവും ഉത്ഭവിച്ചത് ഭാരതത്തിലല്ല. അതുകൊണ്ട് ഈ മതങ്ങൾ ഭാരതീയം അല്ല എന്ന്‍ അർത്ഥമില്ല. ഈ മതങ്ങളില്‍വിശ്വസിക്കുന്നവര്‍ എല്ലാം തന്നെ ഇവിടെ ജീവിക്കുന്നിടത്തോളം ഈ മതങ്ങളൊന്നും അന്യമല്ല. മതപരിവർത്തനം ഒരു രാജ്യത്തിന്റെയോ ദേശത്തിന്റെയോ പ്രശ്നവും അല്ല. ഇതൊരു ചരിത്ര വസ്തുതയാണ്.

അറബികൾ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. അഥവാ ഇസ്ലാമിന് മുമ്പുണ്ടായിരുന്ന മതവിശ്വാസത്തെ ഉപേക്ഷിച്ച് അവർ ഇസ്ലാം സീകരിച്ചു എന്ന് പറയാം. അതുകൊണ്ട് തന്നെ എല്ലാ അറബികളും മുസ്ലീങ്ങൾ അല്ല എന്നതും സത്യമാണ്. ഐ എസ് ഐ പോലുള്ള തീവ്രവാദസംഘങ്ങൾ ഉന്നം വെച്ച യസീദി എന്ന അറബികൾ ഇതിന് ഉദാഹരണം. അഗ്നിയെ ആരാധിക്കുന്ന ഇവർ ഒരു വംശീയ വിഭാഗം എന്ന നിലയ്ക്ക് നൂറ്റാണ്ടുകളായി അറേബ്യയിൽ ജീവിച്ചുവരുന്നുണ്ട്. ഐ എസ് ഐ അവരെ ഉന്നം വെക്കുന്നതുവരെ ഇവരെക്കുറിച്ച് സാമാന്യ ജനത്തിന് കാര്യമായ അറിവ് ഉണ്ടായിരുന്നില്ല. 

അതു പോലെ തന്നെയാണ് ക്രിസ്തുമതത്തിന്റെ കാര്യവും. ക്രിസ്തുവിന് ശേഷമാണ് ക്രിസ്തുമതം വ്യാപിക്കാൻ തുടങ്ങിയത്. ഇന്ന് ലോകത്തുള്ള എല്ലാ മതങ്ങളുടെയും ഉത്ഭവം എഷ്യൻ ഭൂഖണ്ഡത്തിൽ നിന്നാണ്. അതുകൊണ്ട് അമേരിക്കയിലെ എല്ലാ ക്രിസ്തുമത വിശ്വാസികളും ഘര്‍ വാപസി നടത്തണം എന്ന് ഏതെങ്കിലും തീവ്ര അമേരിക്കൻ വാദി പറഞ്ഞാൽ അത് എത്രത്തോളം സ്വീകരിക്കപ്പെടും? അങ്ങനെ പറയാൻ അമേരിക്കയിൽ എന്തെങ്കിലും അധികാരം ഉള്ളത് അമേരിക്കയിലെ റെഡ് ഇന്ത്യൻ വിഭാഗത്തിന് മാത്രമാണ്. കാരണം അവരാണ് അവിടത്തെ ആദിമനിവാസികളും വിഭവങ്ങളുടെ ഉടമകളും. ഇന്ത്യയില്‍  രാജ്യത്ത് ജനിച്ച് ഇവിടത്തെ വിഭവങ്ങൾ ഉപഭോഗിച്ച് ഇവിടെ ജീവിക്കുന്ന മനുഷ്യരോട്  നിങ്ങൾ പൂർവമതത്തിൽ തിരിച്ചു വരണം എന്ന് ആര്‍ക്കും പറയാൻ കഴിയില്ല. കാരണം അവർ ആരും തന്നെ പുറത്തുനിന്നും വന്നവരല്ല എന്നതുതന്നെ.

വിശ്വഹിന്ദു പരിഷത്തും ആർ എസ് എസും പ്രചരിപ്പിക്കുന്നതുപോലെ ഏഷ്യ മുഴുവനായും ഹിന്ദു രാജ്യമായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നു എങ്കിൽ ആദ്യം ചെയ്യേണ്ടത് അയോധ്യയുടെ പുറത്തുള്ള അവകാശവാദം ഉപേക്ഷിക്കുകയാണ്. ഒരിക്കൽ ഇന്തോനേഷ്യയിൽ വച്ച് നമ്മുടെ രാമായണത്തിന്റെ ഇന്തോനേഷ്യൻ അവതാരം കാണാന്‍ എനിക്ക് അവസരം കിട്ടുകയുണ്ടായി. ഇത് ഞങ്ങളുടെ (രാമായണം എനിക്കുകൂ‌ടി അവകാശപ്പെട്ട ഇതിഹാസ കൃതിയാണ്) ഇതിഹാസമാണ് എന്ന് ന്യൂസിലാൻഡുകാരനായ എന്നാൽ കംബോഡിയയിൽ ജീവിക്കുന്ന സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇത് കംബോഡിയക്കാരുടേതാണ് എന്നായിരുന്നു. അതായത് അവിടങ്ങളിൽ എല്ലാം തന്നെ വ്യാപിച്ചിരുന്ന ഒരു സംസ്കാരമായിരുന്നു ഹിന്ദു സംസ്കാരം. മാത്രവുമല്ല രാമൻ ജനിച്ചു എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങള്‍ അവിടെയും ഉണ്ട്. ‘ആയിരം രാമായണം’ എന്ന എ കെ രാമാനുജന്റെ പുസ്തകം ഡല്‍ഹി സർവകലാശാല  പാഠപുസ്തകം ആക്കുന്നതിനെതിരെ സംഘപരിവാര്‍ നടത്തിയ പ്രചാരണത്തിന്‍റെ ലക്ഷ്യം തന്നെ രാമായണത്തെ സംഘപരിവാരിന്റെ താല്പര്യത്തിന് അനുസരിച്ച് മാറ്റിത്തീര്‍ക്കുക എന്നതായിരുന്നു. ഈ ഏകപക്ഷീയത ഒരു തരം സാംസ്കാരിക-മത തീവ്രവാദമാണ്. ഇത് ഹിന്ദു വിരുദ്ധവും ആണ്.

രാജ്യത്തെ 20 ശതമാനത്തോളം മനുഷ്യര്‍ ഹിന്ദുക്കൾ അല്ല എന്നത് എങ്ങനെയാണ് ഒരു പ്രശ്നമായി മാറുന്നത്? മതവിശ്വാസം മാറ്റിവച്ചാൽ ഇവർ എല്ലാവരും രാജ്യത്തെ മുഖ്യധാരയുടെ ഭാഗമാണ്. പിന്നെ എന്തുകൊണ്ടാണ് ഘര്‍ വാപസി?  ഇസ്ലാമിൽ ജാതി ഇല്ല. എന്നാൽ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ ജാതിയുണ്ട്. കുടുതൽ അറിയാൻ ഈ ലിങ്കില്‍ നോക്കുക  (http://www.epw.in/system/files/pdf/1962_14/7/muslim_caste_in_uttar_pradesh.pdf. കൂടാതെ  Social Structure, Ideology and Language: Caste among Muslims,  Pervaiz Nazir എന്ന പഠനവും നോക്കാവുന്നതാണ്) എന്നാൽ ഈ വിഭാഗങ്ങൾ കാലക്രമേണ മഹാഭൂരിപക്ഷം വരുന്ന ദരിദ്ര മുസ്ലീങ്ങളുടെ ഭാഗമായി മാറുന്നു എന്നും കാണാൻ കഴിയും. എന്നാൽ ദളിത് ക്രിസ്ത്യാനികളുടെ അവസ്ഥ ഇതല്ല. അവർ അവർണ്ണ വിഭാഗമായി തന്നെ ദളിതർക്ക് മുകളിലും ഒ ബി സി വിഭാഗത്തിന് താഴെയും ഉള്ള സംവരണം അനുഭവിച്ച് ജീവിക്കുന്നുണ്ട്. നമുടെ നാട്ടിലെ തന്നെ ഉന്നത ക്രിസ്തീയ സഭകൾക്ക് കിട്ടുന്ന പ്രധാന്യം ഇവര്‍ക്ക് കിട്ടാറില്ല. കേരള കോണ്‍ഗ്രസിന് ഇവരിൽ അല്ല താല്പര്യം. കാരണം സെൻസസിൽ കാണിക്കാൻ മാത്രമാണ് ഇവർക്ക് ദളിത്‌ ക്രിസ്ത്യാനികൾ. ജാതിയമായി ദളിതരും മതപരമായി ക്രിസ്ത്യാനികളുമായ ആളുകളാണ് കേരളത്തിൽ നടന്ന എല്ലാ ഘര്‍ വാപസി ചടങ്ങിലും മത പുനപരിവര്‍ത്തനത്തിന് വിധേയമായത്. അതായത് അവരെ സംബന്ധിച്ചിടത്തോളം മത പരിവര്‍ത്തനം വിശ്വാസത്തിന്റെ പ്രശ്നം മാത്രമല്ല. മറിച്ച് സംവരണ വിഷയം കൂടിയാണ്.

എന്നാല്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം നേരത്തെ പറഞ്ഞ പോലെ സെൻസസ് റിപ്പോർട്ടിൽ ഹിന്ദു ഭുരിപക്ഷത്തിന്റെ എണ്ണം കൂട്ടുക മാത്രമാണ് ഘര്‍ വാപസി. പിന്നെ സാമുഹിക അസ്വസ്ഥത ഉണ്ടാക്കുക. അതുവഴി പൊതുസമൂഹത്തിൽ ഭയം സൃഷ്ടിക്കുക. ഇത്തരം ഭയത്തിലൂടെ മാത്രമേ ഒരു ഫാസിസ്റ്റ് രാഷ്ട്രീയത്തിന് നിലനില്‍ക്കാൻ കഴിയൂ.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍