UPDATES

കേരളം

എന്ത് വിലക്ക് വന്നാലും ഘര്‍വാപസി ഇനിയും തുടരും-ഹനുമാന്‍ സേന

Avatar

കെ പി എസ് കല്ലേരി

കൊല്ലത്തും ആലപ്പുഴയിലും നടന്ന ഘര്‍വാപസി സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനിടയാക്കിപ്പോള്‍ ഇനി കേരളത്തിലൊരിടത്തും അത്തരമൊരു ചടങ്ങ് നടക്കില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഒരിടവേളക്കുശേഷം ഇന്നലെ (മാര്‍ച്ച് 3) കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തില്‍ ക്രിസ്ത്യന്‍യുവതി ഭര്‍ത്താവിന്റെ മതമായ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ വരും നാളുകള്‍ കേരളം ഇത്തരം മതപരിവര്‍ത്തനങ്ങളുടെ കേളീരംഗമാവുമെന്ന് ഉറപ്പായി. പോലീസും ജില്ല ഭരണകൂടവും മതപരിവര്‍ത്തന ചടങ്ങ് നടത്തരുതെന്ന് തലേന്ന് വിലക്കിയിട്ടും അവരുടേയെല്ലാം കണ്ണുവെട്ടിച്ച് വലിയ സുരക്ഷയിലാണ് ഹനുമാന്‍സേന ചടങ്ങ് സംഘചിപ്പിച്ചത്. വരും ദിവസങ്ങളില്‍ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം മതപരിവര്‍ത്തനചടങ്ങ് നടക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹനുമാന്‍ സേനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് രഹസ്യമായ മതപരിവര്‍ത്തന ചടങ്ങ് നടന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിലായിരുന്നു പ്രത്യേകം തയ്യാറാക്കിയ ചടങ്ങ്.

അങ്കമാലി മഞ്ഞപ്രസ്വദേശി എബീനയാണ് മതം മാറിയത്. ഭര്‍ത്താവ് ജിദീഷ് ഹിന്ദുമതത്തിലായതിനാല്‍ കുട്ടികളുടെ പഠനവും കാര്യങ്ങളും പ്രശ്‌നമാകരുതെന്ന് കരുതി താന്‍ സ്വമേധയ ഹിന്ദുമതം തെരഞ്ഞെടുക്കുകയായിരുന്നെന്ന് ചടങ്ങിനുശേഷം എബീന പറഞ്ഞു. നിലവിളക്കിനുമുമ്പില്‍ കിഴക്കോട്ട് തിരിച്ചിരുത്തി അഗ്നിഹോത്രം ചെയ്ത്, പഞ്ചഗവ്യംകൊണ്ട്  ശുദ്ധികലശം ചെയ്‌ശേഷം പ്രതിജ്ഞചെയ്യിച്ചാണ് എബീനയെ മതപരിവര്‍ത്തനം നടത്തിയത്. ചടങ്ങിനുശേഷം എബീനയെ ബീനയെന്നുവിളിച്ചു. കേരള സംസ്ഥാന സന്യാസ സഭയുടെ ട്രഷറും ഒറ്റപ്പാലം മായന്നൂര്‍ പ്രാജ്ഞാനം ആശ്രമത്തിലെ സ്വാമിയുമായ പ്രശാന്താനന്ദ സരസ്വതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. റോമന്‍കാത്തലിക് വിഭാഗത്തിലായിരുന്നു എബീന. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി 24പേര്‍ ഹിന്ദുമതത്തില്‍ ചേരാന്‍ സന്നദ്ധരായി വന്നിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ഒരു ചടങ്ങ് മാത്രമാണ് നടത്തിയത്. പൊലീസും ജില്ലാ ഭരണകൂടവും പരസ്യമായ ചടങ്ങുകള്‍ നടത്തരുതെന്ന് പറഞ്ഞതിനാല്‍ മറ്റൊരു ദിവസം പലയിടങ്ങളിലായി ചടങ്ങ് നടത്തുമെന്ന് ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എം.എം.ഭക്തവത്സലനും പ്രശാന്താനന്ദ സരസ്വതിയും പറഞ്ഞു.

“മതം മാറ്റം ഹനുമാന്‍ സേനയുടെ അജണ്ടയിലില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മതക്കാര്‍ പലരേയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റുന്നുണ്ട്. അതേസമയം പലകാരണങ്ങളാല്‍ സ്വന്തം വീട് വിട്ടുപോയവര്‍ക്ക് തിരിച്ചുവരാനുള്ള അവസരംമാത്രമാണ് ഹനുമാന്‍ സേന ഒരുക്കുന്നത്. ഹിന്ദുമതത്തിലേക്ക് ചേരാന്‍ ആഗ്രഹിച്ചുവരുന്നവരും നേരത്തെ വിട്ടുപോയവരും തിരിച്ചുവരാനായി സമീപിക്കുമ്പോള്‍  അവരെ ഉപേക്ഷിക്കാന്‍ സംഘടനക്ക് ആവില്ല.” എന്ത് വിലക്ക് വന്നാലും അത് ഇനിയും തുടരുമെന്നും പ്രശാന്താനന്ദ ചടങ്ങിനുശേഷം അഴിമുഖത്തോട് പറഞ്ഞു.

“മാധ്യമങ്ങള്‍ ഇത് വലിയ കോലാഹലമാക്കുകയാണ്. അങ്ങനെയങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരെ എന്തുകൊണ്ട് ഇവരാരും കാണുന്നില്ല. ഹിന്ദുമഹാസഭയ്ക്കും അയ്യപ്പ സേവാസംഘത്തിനും ആര്യസമാജാത്തിനും ഹിന്ദുമതത്തിലേക്ക് വരുന്നവരെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ആഴ്ചയില്‍ 25പേരെങ്കിലും ഹിന്ദുമതത്തിലേക്ക് വരുന്നുണ്ട്. പക്ഷെ അതൊന്നും വാര്‍ത്തകളാവുന്നില്ലെന്ന് മാത്രം. അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ളയാണ്. നാളെ ബാലകൃഷ്ണപ്പിള്ള മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നെന്ന് നിങ്ങള്‍ വാര്‍ത്തകളെഴുതുമോ? ” ആരെങ്കിലും വിലക്കിയാലും തടഞ്ഞാലുമൊന്നും അത്തരത്തില്‍ ഹിന്ദുധര്‍മത്തിലേക്കുള്ള തിരിച്ചുവരവിനെ മുടക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍