UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാട്‌സ് ആപ്പിലൂടെ സെക്‌സ് റാക്കറ്റ്: ‘താരാ ആന്റി’ അറസ്റ്റില്‍

പതിനാറ് വയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ താരാ ആന്റിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു

വാട്‌സ് ആപ്പ് ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിപ്പിച്ച 45കാരിയെയും മൂന്ന് സഹായികളെയും ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ് ആപ്പ് വഴി ആവശ്യക്കാരെയും സ്ത്രീകളെയും ബന്ധിപ്പിച്ചിരുന്ന ഇവര്‍ കൊച്ചുകുട്ടികളെയും ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഇടനിലക്കാരായി നിന്നിട്ടുണ്ട്.

ഷാലിമാര്‍ ഗാര്‍ഡനിലെ ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ ഫ്രണ്ട്ഷിപ്പ് ക്ലബ്ബ് എന്ന പേരിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. താരാ ആന്റി എന്നറിയപ്പെടുന്ന മഞ്ജു, രാജീവ് സേതി എന്നിവരാണ് അറസ്റ്റിലായ സംഘത്തിന് നേതൃത്വം നല്‍കുന്നത്. അശോക് വിഹാറില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇരുവരും ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസമെന്ന് പോലീസ് അറിയിച്ചു.

ഉത്തരാഖണ്ഡില്‍ നിന്നുള്ള പതിനാറ് വയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ താരാ ആന്റിക്കെതിരെ ഗാസിയാബാദ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഗാസിയാബാദിലെയും ഡല്‍ഹിയിലെയും പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെയാണ് ഇവര്‍ ലൈംഗിക തൊഴിലില്‍ എത്തിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് പോലീസിന് ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നത്.

നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായ താര ഇവിടെ നിന്നാണ് ‘കസ്റ്റമര്‍’മാരെ കണ്ടെത്തുന്നത്. താല്‍പര്യമുള്ള പുരുഷന്മാരെ കണ്ടെത്തിയാല്‍ അവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. ഇവരില്‍ നിന്നും പോലീസ് മൂന്ന് സ്മാര്‍ട് ഫോണുകളും കണ്ടെടുത്തു. ‘ഡല്‍ഹി ഏരിയ’, ‘എന്‍സിആര്‍’ ഏരിയ, ‘ഗാസിയാബാദ് ഗ്രൂപ്പ്’ എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ മോഡറേറ്ററായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് ഗ്രൂപ്പുകളിലും 60 മുതല്‍ 100 പേര്‍ വരെ അംഗങ്ങളായുണ്ട്.

അതേസമയം ഈ ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും വ്യാജ പ്രൊഫൈല്‍ ചിത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഇവരെല്ലാവരും തന്നെ താരാ ആന്റിയുമായും അവരുടെ പ്രവര്‍ത്തനങ്ങളുമായും അടുപ്പം പുലര്‍ത്തുന്നവരാണെന്നും സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഈ സംഘത്തില്‍ അംഗമായ അഞ്ചാമന് വേണ്ടിയും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. അതേസമയം ഈ ഗ്രൂപ്പുകളിലൊന്നിലും അവര്‍ ലൈംഗിക തൊഴിലാളികളെ അംഗങ്ങളാക്കിയിരുന്നില്ല.

ലൈംഗിക തൊഴിലാളികളെയും ആവശ്യക്കാരെയും അവരെയും ബന്ധപ്പെടുത്തിക്കൊടുക്കുന്നതിന് ഇവര്‍ അമ്പത് ശതമാനം ഫീസ് ഈടാക്കിയിരുന്നു. കസ്റ്റമറുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഇത് 10,000 മുതല്‍ 25,000 വരെയാകാം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന താരാ ആന്റി മൂന്ന് വര്‍ഷം മുമ്പാണ് പ്രവര്‍ത്തന മണ്ഡലം വാട്‌സ്ആപ്പ് ആക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍