UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുലാം അലിയുടെ സദസില്‍ കണ്ട പുതിയ ‘ജാതി വ്യവസ്ഥ’

Avatar

സി.ടി അബ്ദുറഹീം

‘ഞാന്‍ നിന്റെ നഗരത്തില്‍വന്നു
ഒരു യാത്രക്കാരനെ പോലെ
ഹൃദയത്തിലിപ്പോള്‍ ഒരലയിളകി ഉയരുന്നപോലെ
എന്തോ പൊങ്ങി ഉയരുന്നു
ഒരു പുതിയ ഇളംകാറ്റ് ഇപ്പോള്‍ വീശുന്നു’

സന്ധ്യാനേരത്തെ ഇളംകാറ്റില്‍ ഗുലാം അലി ഗസലിന്റെ ഓളങ്ങളില്‍ ഒഴുകുകയാണ്. അതിന്റെ ഭാഗമാവാന്‍ ജനലക്ഷങ്ങള്‍ ഇളംകാറ്റിലെന്ന പോലെ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. നിമിഷങ്ങള്‍ കൊണ്ട്‌ സ്വപ്നനഗരി ജനസമുദ്രം!

കാലം ഇന്ത്യന്‍ ജനതയുടെ ശുഭപ്രതീക്ഷകളെ ചവച്ചുതുപ്പിയ ശ്മശാനഭൂമിയുടെ മറുകരനിന്ന്, മുറിവുകളുണക്കാന്‍ സാന്ത്വനത്തിന്റെ വീണയുമായി വന്ന ഗുലാംഅലി എന്ന ഗന്ധര്‍വ്വ ഗായകന്‍. അദ്ദേഹത്തിനുവേണ്ടി കോഴിക്കോട്ട് മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച പേരാണോ സ്വപ്നനഗരി? ഒരു തടാകം പോലെ സംഗീതത്തിന്റെ ലഹരിയില്‍ അലിഞ്ഞുചേര്‍ന്ന് ജനസാഗരം!

ആളുകള്‍ക്കുവേണ്ടത്‌ സ്‌നേഹമാണ്; സാന്ത്വനമാണ്. മതങ്ങളിലും രാഷ്ട്രീയത്തിലും അവര്‍ക്ക് ആ ഭാവം കണ്ടെത്താന്‍ കഴിയുന്നില്ല. അതുകൊണ്ടാവാം കലയിലും സംഗീതത്തിലും സ്‌പോര്‍ട്‌സിലും അവര്‍ പ്രതീക്ഷവെക്കുന്നത്; ഗുലാംഅലി ഒരു പ്രതീകമാവുന്നത് അങ്ങനെയാണ്. പാക്കിസ്ഥാന്‍കാരനായ ഗുലാംഅലി ഹൃദയങ്ങളില്‍ മഞ്ഞുമഴയായി പെയ്തിറങ്ങുമ്പോള്‍ കുളിരണിഞ്ഞു കാതോര്‍ത്തു നില്‍ക്കുന്ന ജനം സാക്ഷ്യപ്പെടുത്തുന്നത്, സ്‌നേഹത്തിന്റെ ശത്രുക്കളെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ തയ്യാറല്ലെന്നുതന്നെയാണ്; ഇന്ത്യയുടെ, പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മഹത്വം മറ്റെന്തിലുമേറെ തങ്ങള്‍ക്ക് പ്രിയങ്കരമാണെന്നാണ്.

ഈ സ്‌നേഹസംഗമത്തെക്കുറിച്ചുള്ള പാര്‍ശ്വവീക്ഷണത്തില്‍ അരോചകമായ ചില വൈകൃതങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഏറെ പ്രകടമായത് ശ്രദ്ധിക്കാതെ ശ്രദ്ധിച്ച മുതലാളിത്ത ലാളനമായിരുന്നു. പണക്കൊഴുപ്പിന്റെ പൊങ്ങച്ചമനുസരിച്ചു ശ്രോതാക്കളെ പ്ലാറ്റിനമായും ഡയമണ്ടായും പവിഴമായും മറ്റും വര്‍ഗ്ഗീകരിച്ച പെരുമാറ്റം പുതിയൊരു ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും ഓര്‍മ്മിപ്പിച്ചു. ഭാഷയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെയും രാജ്യാതിര്‍ത്തികളെയും അതിജയിക്കാന്‍ സംഗീതത്തിന് സാധിച്ചു. എന്നാല്‍ പണത്തിന്റെ’ജാതിവ്യവസ്ഥ’യെകീഴ്‌പ്പെടുത്താന്‍ സംഗീതത്തിന് കഴിവില്ലെന്നു കൂടി സാക്ഷ്യപ്പെടുത്താന്‍ ആ തരംതിരിവിന് കഴിഞ്ഞു. ചാതുര്‍വര്‍ണ്യത്തിന്റെ പുതിയമോഡല്‍. നാടുവാഴികളും തമ്പ്രാക്കളും പ്രമാണിമാരും കുടിയാന്മാരും…..

പുരോഗമനക്കാരടക്കം എല്ലാ കക്ഷികളുടെയും മേലാളന്മാരുടെ കണ്‍മുമ്പില്‍, അവരുടെ ഒത്താശയോടെയായിരുന്നു ഇത്. പ്രായോഗികതയുടെ ന്യായം ഉന്നയിക്കപ്പെടാമെങ്കിലും പണത്തിന്റെ സാമൂഹിക പ്രാധാന്യമോര്‍ത്തു അസൂയപ്പെടാന്‍ കൊച്ചുകുട്ടികളെപ്പോലും പ്രേരിപ്പിക്കുന്ന ബോധപൂര്‍വ്വമായ അശ്രദ്ധയാണിതെന്ന കാര്യം മറക്കാമോ? ഇടത്‌ വലത്‌ വ്യത്യാസമില്ലാതെ ഈ അശ്രദ്ധയും അനുബന്ധ രീതികളും ഇന്ന് പരക്കെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇന്നത്തെ നീതിവ്യവസ്ഥ അങ്ങനെയാണെന്നതില്‍ പരിഭവിക്കുന്നത്‌ വെറുതെ.

ഇത്തരം തെറിച്ച ആലോചനകളെല്ലാം നമുക്ക് മാറ്റിവെക്കാം. ഗുലാംഅലിയുടെ ആഗമനത്തിനു മുമ്പില്‍ അതൊക്കെ നിസ്സാരം. പ്രായാധിക്യത്തിന്റെയും പഴയകാല കുടിപ്പകയുടെയും മുമ്പില്‍ തലകുനിക്കാതെ നമ്മിലേക്കിറങ്ങിവന്ന ആ സംഗീതസൗമനസ്യത്തിന്റെ കാവ്യഭംഗി തലമുറകള്‍ക്ക് പ്രചോദനമേകുന്ന ഒന്നായി ബാക്കിനില്‍ക്കട്ടെ.

(ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെ മുഖ്യശില്പിയാണ് സി ടി അബ്ദുറഹീം)    

അഴിമുഖം പ്രസിദ്ധീകരിച്ച സി ടി അബ്ദുറഹീമിന്‍റെ മുന്‍ ലേഖനങ്ങള്‍

അമുസ്ലീങ്ങള്‍ക്കും സകാത്ത് നല്‍കണം
മരണം മുഖാമുഖം കണ്ടിരിക്കുന്നവരോട് ‘സ്വന്തം ചോര’യുടെ ശുദ്ധി പ്രസംഗിക്കരുത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)                      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍