UPDATES

ഗുലാം അലിയെ തടയാം; പക്ഷേ ഞങ്ങളുടെ ഓര്‍മ്മകളെ നിരോധിക്കാന്‍ നിങ്ങള്‍ക്കാകുമോ?

ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ ഒരു ശത്രുരാജ്യമാണ്. ഇന്ത്യൻ ഭടന്മാരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന, അതിർത്തിയിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന, മുംബൈയിൽ സ്ഫോടനം നടത്തി നിരപരാധികളെ കൊന്ന ക്രിമിനലുകളുടെ ഒരു രാജ്യം. മതഭ്രാന്ത് മൂത്ത് അടുത്ത രാജ്യക്കാരന്റെ വളർച്ചയെ കാണാതെ ആനയ്ക്ക് പിന്നാലെ പട്ടി കുരച്ച് ചെല്ലും പോലെ പല സ്ഥലത്തും പാക്കിസ്ഥാൻ ഉണ്ടാവും. ഇത് വെറും വാക്കല്ല. അക്ഷരാർത്ഥത്തിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും ഉപമിക്കാൻ ഇതിലും വലിയ ഒന്നും കാണില്ല. മറ്റൊന്നും കൊണ്ടല്ല ഇന്ത്യയെയും പാക്കിസ്ഥാനെയും ഉപമിക്കാൻ ഒന്നുമില്ല.

ലോകത്തിലെ പ്രധാനപ്പെട്ട പല പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് ഇന്ത്യക്കാരാവും. ലോകത്തിലെ പ്രധാനപ്പെട്ട പത്ത് നിർമ്മാണ സ്ഥാപനങ്ങളുടെ ലിസ്റ്റെടുത്താൽ അവയിൽ പലതും ഇന്ത്യയിൽ ആണ്. പലതിലും ഇന്ത്യ ലോകത്തിലെ മുൻ നിര രാജ്യങ്ങൾക്ക് ഒപ്പമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സുകളും അത്തരമാണ്. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ നല്കുന്ന സാമ്പത്തിക സഹായം അടക്കം ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്ന ഒരു രാജ്യമാണ് പാക്കിസ്ഥാൻ. ആ രാജ്യത്തെ ചാനലുകളിലെ ചർച്ചകൾ പലപ്പോഴും സശ്രദ്ധം കേൾക്കാറുണ്ട്. അവരിലെ ബുദ്ധിശാലികളെപ്പോഴും ആ സർക്കാരിനെ നിരന്തരം വിമർശിക്കുന്നത്, വെറുതെ പോയ് തല്ലു വാങ്ങരുത് നമ്മൾ ഒരു തരത്തിലും ആ രാജ്യത്തിനോട് മത്സരിക്കാറായിട്ടില്ല എന്നൊക്കെയാണ് . ഈ ദേശത്ത് ജീവിക്കുന്ന ഒരാളെന്ന നിലയിൽ പലപ്പോഴും അവരിലെ സദ്ബുദ്ധികളിലെ ഇത്തരം പ്രസ്ഥാവനകൾ നേരിട്ട് കേൾക്കുമ്പോൾ അല്പം സന്തോഷമൊക്കെ തോന്നാറുണ്ട്.

പക്ഷെ പാക്കിസ്ഥാൻകാരോട് എനിക്ക് തോന്നിയിരുന്ന ഒരു രഹസ്യകാര്യം ഇപ്പോൾ തുറന്നു പറയാം. പാക്കിസ്ഥാൻ എന്റെയും കൂടി നാടാണ്. മതവിശ്വാസിയല്ലാത്ത എനിക്ക് ആ നാടിനോട് സ്നേഹം തോന്നിയത് അവിടുത്തെ അനീതികളിലോ മത ഭ്രാന്തിലോ അല്ല. പാക്കിസ്ഥാൻ എത്രയൊക്കെ ബലം പിടിച്ചാലും ഇന്ത്യയുടെ ഭാഗമായിരുന്നു. കുടഞ്ഞെറിഞ്ഞാലും പോവാത്ത പല ബന്ധനങ്ങളും അവർക്കീ മണ്ണിനോടുണ്ട്, തിരിച്ചും . ലോകത്തിലെ ആദ്യ കാവ്യങ്ങളിലൊന്നായ രാമായണത്തിലെ ലവന്റെ (ലവപുരി) ദേശമായ് ലാഹോര്‍, കുശന്റെതായ് കുശവിഹാര്‍, ഗാന്ധാര കേകേയ രാജ്യങ്ങളുടെ ഭാഗം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരാണ കഥകളുറങ്ങുന്ന ഒരു മണ്ണ്.

സ്വാതന്ത്ര്യം നേടുമ്പോൾ ഉണ്ടായിരുന്ന പത്ത് ശതമാനം ഹിന്ദുക്കളില്‍ നിന്ന് അവസാനത്തെ സെൻസസ് എടുത്തപ്പോൾ അത് 2 ശതമാനമായി കുറഞ്ഞിരിക്കുന്നു. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും മറ്റു മതക്കാരുടെയും അവസ്ഥ പരമ ദയനീയം ആണ്. ഒരാൾക്ക് അനിഷ്ടം തോന്നിയാൽ മതി, ഖുർ ആൻ കത്തിച്ചെന്നൊ നബിയേ കളിയാക്കിയെന്നൊ ഒക്കെ പറഞ്ഞ് ജീവിതം നരകമാകാൻ. വളരെ പ്രയാസപ്പെട്ടാണ് മറ്റു മതസ്ഥർ അവിടെ കഴിയുന്നത് തന്നെ. അവരുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ് നിർബന്ധിത വിവാഹം കഴിക്കുന്നതിന്റെ കഥകൾ നൂറു കണക്കിനാണ്. പ്രതിഷേധങ്ങളൊക്കെ വളരെ ദുർബലമാണ്. അത്തരം ക്രൂരതകൾ ചെയ്യുന്നതൊക്കെ മതം എന്ന അമേദ്യത്തിന്റെ പിൻബലത്തിലാണെന്നതുകൊണ്ട് തന്നെയാണ് ഇന്ത്യ ഒരു മത രാഷ്ട്രമാവുന്ന ലാഞ്ചന കാണിക്കുമ്പോൾ തന്നെ നമ്മൾ എതിർക്കുന്നത്. ഏറ്റവും അവസാനം ഒരു പാക്കിസ്ഥാനി എഴുത്തുകാരി തന്നെ പറഞ്ഞു. “വന്നു വന്നു നിങ്ങൾ ഞങ്ങളെപ്പോലെ ആയിത്തുടങ്ങി” എന്ന്. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

ഞാൻ ഇഷ്ടപ്പെടുന്ന പാക്കിസ്ഥാൻ വളരെ സുന്ദരമായ ഭൂമിയാണ്. ലോകത്തിലെ ഏതു കഠിന ഹൃദയനേയും നല്ലവഴിയിൽ നയിക്കുന്ന മഹത്തായ സംഗീത പാരമ്പര്യമുള്ള ഭൂമി. എന്റെ പ്രിയപ്പെട്ട ഗായകരുടെ സംഖ്യയെടുത്താൽ അതിലെ ആദ്യത്തെ എല്ലാവരും പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. അതിനുശേഷമേ ചെമ്പൈ ഭാഗവതർ പോലും വരുന്നുള്ളു. ഉള്ളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സ്വരം പല കാരണങ്ങൾ കൊണ്ടും രേഷ്മാജിയുടേതാണ്. കാലി മേയ്ക്കുന്ന ഒരു നാടോടി കുടുംബം അവരുടെ നാല്ക്കാലികളുമായി ഏതോ നാട്ടിലൂടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് രാജ്യം വിഭജിക്കപ്പെടുന്നത്. നാടോടികുടുംബത്തിനെന്തു രാജ്യം? എന്ത് അതിർത്തി? പക്ഷേ സ്വന്തം ഇടം രാജസ്ഥാനിലെ ഒരു ഗ്രാമമായിരുന്നെങ്കിലും അവരപ്പോഴുണ്ടായിരുന്നത് പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തിൽ. അലഞ്ഞു നടക്കുന്നവനെന്ത് മതം? അതുകൊണ്ട് തന്നെ തടി കേടാകാതിരിക്കാനും സുരക്ഷയ്ക്കും വേണ്ടി ആ കുടുംബം ഇസ്ളാം മതത്തിലേക്ക്. സാഹചര്യമതാണ്. രേഷ്മയ്ക്ക് ഒരു മാസം പ്രായമുള്ളപ്പോഴാണിതൊക്കെ സംഭവിക്കുന്നത്. ആ ജിപ്സി കുടുംബം കാറാച്ചിയിലെത്തി. വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുഞ്ഞ് രേഷ്മ വെയിൽ കൊണ്ട് ശുദ്ധം വന്ന് തെളിഞ്ഞ കണ്ഠത്തിലെ നാദമാധുരിമയിൽ പള്ളികളിലെ നാടോടിഗാന സദസ്സുകളിൽ കയറിപ്പറ്റി. പന്ത്രണ്ട് വയസ്സുള്ളപ്പോൾ ‘ലാൽ മേരി’ എന്ന എക്കാലത്തെയും പ്രിയ ഹിറ്റുഗാനങ്ങളിലൊന്ന് പാക്കിസ്ഥാനി റേഡിയോയിൽ വന്നശേഷം ഈ ഗായികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്തായാലും രേഷ്മാജിയുടെ ഇന്ത്യയോടുള്ള പ്രേമം പലപ്പോഴും മറനീക്കി പുറത്തുവരും.  ബിക്കാനീറുകാരിക്ക് അതല്ലേലും അങ്ങനെയല്ലേ വരൂ.

നുസ്രത്ത് ഫത്തേ അലിഖാൻ കാരണംഒരിക്കല്‍ ഞാൻ കുഴപ്പത്തിൽ പെട്ടിട്ടുണ്ട്. പാട്ടും ഉറക്കെ വെച്ച് ആസ്വദിച്ച് വണ്ടിയും ഓടിച്ചു പോകുകയായിരുന്നു. ഏതോ ട്രാഫിക് ബ്ളോക്ക്, അതും ഒരു കുഞ്ഞ് തെരുവിൽ. അല്പം കഴിഞ്ഞപ്പോൾ അടുത്ത കാറിലെ ആൾക്കാർ എന്നെ സംശയത്തോട് നോക്കുന്നപോലെ. ഞാൻ പാട്ടിന്റെ ശബ്ദം താഴ്ത്തി. അപ്പോഴും എന്റെ ചുണ്ടിൽ ആ വരികൾ അതിനൊപ്പം കിടപ്പുണ്ടായിരുന്നു. അള്ളാഹു അള്ളാഹു അള്ളാഹു…..അള്ളാഹു അള്ളാഹു അള്ളാഹു…  പിന്നെയാണ് എനിക്ക് പരിസര ബോധം ഉണ്ടായത്. ചുമ്മാതല്ല കാഷായം ഉടുത്ത് ഒരാളിരുന്ന് അള്ളാഹു എന്നു പാടിയാൽ.. അതും അല്പം കടുകട്ടിയായ ഹരിയാനയിൽ.

ആബിദ പർവ്വീൺ, മല്ലിക പുഖ് രാജ്, ഗുലാം അലി, മെഹ്ദി ഹസ്സൻ, ഹമീദ് അലി, നുസ്രത്ത് ഫത്തേ അലി ഖാന്റെ ഒപ്പം പാടുന്ന സഹ പാട്ടുകാരിൽ എല്ലാവരുടെയും, റിയാസ് കേൾക്കുവാനും അവരുടെ സ്വര വ്യത്യാസങ്ങള്‍ ആസ്വദിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ സംഗീതം കൊണ്ട് ആ രാജ്യം എനിക്ക് പ്രിയപ്പെട്ടതാണ്. ലോകത്തിലെ മറ്റേത് നാടിനേക്കാളും എന്റെ പ്രിയപ്പെട്ട സംഗീതകാരന്മാർ അവിടെയാണുള്ളത്. അതിലെ ഏറ്റവും രസകരമായ വസ്തുത നമ്മുടെ നാട്ടിലെ പോലെ ജമണ്ടൻ ചടങ്ങുകൾക്കൊന്നുമായിരിക്കില്ല പലരെയും കാണാൻ കിട്ടുക. അവരൊക്കെ ചിന്ന ചിന്ന പള്ളിപ്പറമ്പുകളിൽ തലയ്ക്ക് ചുഴറ്റി ഇട്ടുകൊടുക്കുന്ന പത്തു രൂപ നോട്ടുകളുടെ ലഹരിയിൽ, തന്റെ സംഗീതത്തിനു കിട്ടുന്ന പ്രോത്സാഹനത്തിന്റെ മായിക ലഹരിയിൽ മണിക്കൂറുകൾ നീണ്ടു പാടുന്ന എന്റെ പ്രിയ ഗായകർ. എങ്ങാനും ഇത്തരം കച്ചേരികൾ നടക്കുന്ന പാക്കിസ്ഥാൻ മണ്ണിൽ വൈകുന്നേരങ്ങളിൽ ഒരു ബസ്സ് സർവ്വീസ് ഉണ്ടായിരുന്നെങ്കിൽ ഈ രാജ്യങ്ങൾക്ക് അതിർത്തികളില്ലായിരുന്നെങ്കിൽ എന്നെ നിങ്ങൾക്ക് ആ ഗാന ഗന്ധർവ്വരുടെ നാദസദസ്സുകൾക്ക് മുന്നിലെ ഒരു കേൾവിക്കാരനായി മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ.

ശരിയാണ് നിങ്ങൾ ഗുലാം അലിയെ തടഞ്ഞേക്കും, പക്ഷെ ചുപ്കേ ചുപ്കേ….. ഞങ്ങളുടെ ഹൃദയത്തിലുള്ള ആ സ്വരം അലിയിച്ചുകളയാൻ സാധിക്കില്ല. നിങ്ങൾ മുഴുവൻ പാക്കിസ്ഥാൻ സംഗീതവും നിരോധിച്ചേക്കും, പക്ഷെ ഞങ്ങളുടെ ഓർമ്മകളെ നിരോധിക്കാൻ നിങ്ങളുടെ ഭീഷണികളുടെ അപസ്വരങ്ങൾക്ക് സാധിക്കുമോ? ലജ്ജയാലും അസൂയാലും പീഡിതനാണ്, എന്റെ നാട്ടിലെ സനാതന ധർമ്മത്തിന്റെ നാട്ടിലെ വിഡ്ഡിക്കോലങ്ങൾ ഞങ്ങളെ പാക്കിസ്ഥാനിലെപ്പോലെ അസ്ഥിരരാക്കാൻ ശ്രമിക്കുന്നതിൽ. ഇത്രയൊക്കെ നാദം നിറഞ്ഞ നിങ്ങളോട് ഞങ്ങൾക്ക് അസൂയയുണ്ട്. ഇനിയെങ്കിലും അതിർത്തികളില്ലാത്ത ഒരു രാജ്യത്തേക്ക് പോയിക്കൂടേ… ഞങ്ങൾ പിന്നാലെയുണ്ടാവും…..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍