UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാ ഒരു ‘ഡെയ്ഞ്ചര്‍ ചമര്‍’; ഗിന്നി മഹി പാടുമ്പോള്‍

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നൂറ്റാണ്ടുകളായി തുകല്‍ പണിക്കാരായ, താഴ്ന്ന ജാതിക്കാരായി, തൊട്ടുകൂടാത്തവരായി  മുദ്രകുത്തപ്പെട്ടവരെ വെറുപ്പ് നിറഞ്ഞ അധിക്ഷേപമായി ‘ചമര്‍’ എന്നു വിളിക്കുന്നു.

ഇപ്പോള്‍ ആ സമുദായത്തിലെ പുതിയ തലമുറ ആ വാക്കിനെ ഏറ്റെടുക്കുന്നു: ‘ചമര്‍’

പഞ്ചാബിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായ ഗിന്നി മഹി പാടിയ ‘ഡെയ്ഞ്ചര്‍ ചമര്‍’ എന്ന പാട്ട് ഇന്ത്യയിലെ പ്രാന്തവത്കരിക്കപ്പെട്ട താഴ്ന്ന ജാതികളിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നവ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു.

ഇന്ത്യയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥക്കെതിരായ ജാതിയെക്കുറിച്ചും തങ്ങളുടെ വീരനായകരെക്കുറിച്ചുമുള്ള പാട്ടുകളിലൂടെ ഒരു പുതിയ മുന്നേറ്റം തുടങ്ങിയ ചുരുക്കം വരുന്ന മധ്യവര്‍ഗ ദളിത ചെറുപ്പക്കാരില്‍ ഒരാളാണ് മഹി.

“ഒരു ചമര്‍ ആണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് സമ്മതിക്കുന്നതില്‍ ഒരു ലജ്ജയുമില്ല,” മഹി,17, പറഞ്ഞു. താന്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കോളേജിന്റെ അടുത്തുള്ള തന്റെ വീട്ടില്‍ തിളങ്ങുന്ന പരമ്പരാഗത കുപ്പായമിട്ട് അഭിമുഖം നല്‍കവേ അവള്‍ പറഞ്ഞു. “ചരിത്ര ഭാരത്തെ കുടഞ്ഞുകളഞ്ഞു ഈ വാക്കിന് ബഹുമാനം വീണ്ടെടുക്കണം. നിന്ദാസൂചകമായി മാത്രം ഞങ്ങളുടെ ചെവിക്കുള്ളില്‍ വന്നലച്ച ഈ വാക്കിനെ എത്ര നാള്‍ ഭയപ്പെടും?”

മിക്ക ദളിതരും ഗ്രാമങ്ങളില്‍ പ്രത്യേക ഇടങ്ങളില്‍ താമസിക്കുന്ന ഭൂരഹിതരായ കര്‍ഷക തൊഴിലാളികളാണ്. ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണുമൊന്നും അവര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ കാലങ്ങളായുള്ള ശാക്തീകരണ മുന്നേറ്റങ്ങള്‍ നഗരങ്ങളില്‍ ഉറച്ച അഭിപ്രായമുള്ള ഒരു മധ്യവര്‍ഗ ദളിത വിഭാഗത്തിന് ജന്മം നല്കിയിരിക്കുന്നു. വിദ്യാഭ്യാസവും പുതുതായി കിട്ടിയ അഭിവൃദ്ധിയും ജാതിക്കെതിരായ അവരുടെ പ്രതിഷേധ രൂപങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്.

കുറച്ചുവര്‍ഷങ്ങളായി ദളിത ഗായകര്‍ ഈ വാക്കിനെ ആഫ്രിക്കന്‍-അമേരിക്കന്‍ പാട്ടുകാര്‍ ‘നീഗ്രോ’ എന്ന വാക്കിനെ ഉയര്‍ത്തിപ്പിടിച്ചപ്പോലെ വീണ്ടെടുക്കുന്നുണ്ട്.

താഴ്ന്ന ജാതിക്കു നേരെയുള്ള ആക്ഷേപമായിരുന്ന ചമര്‍ പോലുള്ള ജാതിപ്പേര് വിളികള്‍ ഇപ്പോള്‍ ടി-ഷര്‍ട്ടിലും, കാറിലും, തൊപ്പികളിലും, പച്ചകുത്തിയുമൊക്കെ അഭിമാനപൂര്‍വം അണിയാന്‍ തുടങ്ങിയിരിക്കുന്നു. ചമറുകള്‍ ആയുധങ്ങളെക്കാള്‍ അപകടകാരികളാണെന്ന് മഹി പാടുന്നു. നാടോടി ഭംഗ്രയുടെ താളത്തില്‍ അത് കാറുകളിലും, കല്യാണ വിരുന്നുകളിലും, ദളിത് അഭിമാന പരിപാടികളിലും മുഴങ്ങുന്നു.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളും സംഘര്‍ഷവും തടയുന്ന 1989-ലെ ചരിത്രപ്രധാനമായ നിയമത്തില്‍ നിന്നും ഈ പുതിയ മുന്നേറ്റം ഏറെ മുന്നോട്ടുവന്നിരിക്കുന്നു. ചമര്‍ പോലുള്ള ജാതിപ്പേരുകള്‍ വിളിച്ചാക്ഷേപിച്ചാല്‍ ആ നിയമപ്രകാരം സവര്‍ണ ജാതിക്കാര്‍ക്ക് 6 മാസം വരെ തടവുശിക്ഷ ലഭിക്കാം.

എന്നാല്‍, ഇത്തരം അഭിമാനഗാനങ്ങള്‍ ശൂന്യതയില്‍ നിന്നും ഉണ്ടായതല്ല എന്ന് ദളിത് സാഹിത്യകാരന്‍ ദേശ്രാജ് കാളി പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ദളിത് സംഘങ്ങള്‍ പഞ്ചാബില്‍ നിരവധി മുന്നേറ്റങ്ങള്‍  നടത്തിയിരുന്നു. സ്വന്തമായി ക്ഷേത്രങ്ങള്‍, പരമ്പരാഗത തൊഴിലുകളില്‍ നിന്നും മാറി ചെറുകിട വ്യാപാര സംരംഭങ്ങള്‍, സൈനികസേവനം, സര്‍ക്കാര്‍ ജോലികള്‍ അങ്ങനെ പലതും. 2006-2009 കാലത്ത് വിവേചനത്തിനെതിരായ തെരുവുപ്രതിഷേധങ്ങളില്‍ അവര്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞതായി കാളി പറയുന്നു. ഇത് പുതിയ തരത്തിലുള്ള ഒരു സമുദായാഭിമാനത്തിന് വഴിതെളിച്ചു.

“അവര്‍ ‘ചമറിന്റെ പുത്രന്‍’ തുടങ്ങിയ വാക്കുകള്‍ തങ്ങളുടെ കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും എഴുതിവെയ്ക്കാന്‍ തുടങ്ങി,”കാളി പറഞ്ഞു.

ഈ പുതിയ ലോകത്തേക്ക് കടന്നുവന്നവരില്‍ ഏറ്റവും പുതിയയാളാണ് മഹി. തന്റെ പ്രശസ്തമായ ഗാന രംഗത്തില്‍ അവള്‍ ഒരു കനത്ത തോല്‍ ജാക്കറ്റ് ധരിച്ചിരിക്കുന്നു. അവള്‍ക്ക് പിന്നില്‍ പേശികള്‍ പെരുപ്പിച്ച പച്ചകുത്തിയ പുരുഷന്മാര്‍ കുപ്പികള്‍ പൊട്ടിക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഹിന്ദു ഗോരക്ഷക് സേന ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നു തോലുരിഞ്ഞു എന്നാരോപിച്ചു നാല് ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദിച്ചതിനെതിരെ രാജ്യത്താകെ ദളിത് സംഘടനകള്‍ പ്രതിഷേധ സമരത്തിലാണ്. എന്നാലിത് വ്യാജ ആരോപണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

“ആളുകള്‍ എന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പൊഴും നമ്മള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് അവര്‍ ചിന്തിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” ഇക്കൂട്ടത്തിലെ ആദ്യ പാട്ടുകാരില്‍ ഒരാളായ എസ്.എസ് ആസാദ് പറഞ്ഞു.

തനിക്ക് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല എന്ന് മഹി പറയുന്നു. പക്ഷേ തന്റെ ഏറ്റവും പ്രശസ്തമായ പാട്ടുണ്ടായത് ‘എന്താണ് നിന്റെ ജാതി’ എന്ന് തന്റെ സഹപാഠി ചോദിച്ചതില്‍ നിന്നാണെന്നും മഹി വ്യക്തമാക്കി. മഹി മറുപടി നല്കിയപ്പോള്‍ അവളുടെ സഹപാഠി പറഞ്ഞു,‘ഓ, പക്ഷേ ചമറുകള്‍ അപകടകാരികളാണ്.”

അംബേദ്ക്കര്‍ ആശയങ്ങളാണ്  തങ്ങളെ നയിക്കുന്നതെന്ന് അവര്‍ പറയുന്നു. “അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഇതുവരെയെത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതകഥ പാഠപുസ്തകങ്ങളില്‍ നിന്നും അപ്രത്യക്ഷമാണ്,’ മഹി പറയുന്നു. “ഞാന്‍ അംബേദ്കറുടെ ആരാധികയാണ്’ എന്ന വളരെ ജനപ്രിയമായ ഗാനം മഹി ഈ വര്‍ഷം പുറത്തിറക്കി. സാമൂഹ്യ നീതിയേകുറിച്ചുള്ള അംബേദ്കര്‍ ആശയങ്ങളിലേക്ക് യുവാക്കളുടെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു അത്.

വളരുന്ന സമയത്ത് മഹി ശാന്തയും ലജ്ജാലുവുമായ ഒരു കുട്ടിയായിരുന്നു എന്ന് അവളുടെ അച്ഛന്‍ പറയുന്നു.

“മിണ്ടാക്കുട്ടി എന്നുവിളിച്ചു ഞങ്ങളവളെ കളിയാക്കുമായിരുന്നു,”സാമൂഹ്യ പ്രവര്‍ത്തകനും ട്രാവല്‍ ഏജന്റുമായ രാകേഷ് മഹി പറഞ്ഞു. “ക്ലാസ് മുറിയില്‍ ഒന്നും മിണ്ടുന്നില്ല എന്ന് അവളുടെ അദ്ധ്യാപകര്‍ പരാതി പറഞ്ഞിരുന്നു.”

സംഗീതമാണ് അവളെ തുറന്നുവിട്ടതെന്ന്, മഹി പറഞ്ഞു.

സ്കൂളില്‍ പ്രാര്‍ത്ഥന ആലപിക്കുന്നതിലും സംഗീതമത്സരങ്ങളിലും പങ്കെടുത്ത മഹി അദ്ധ്യാപകര്‍ക്ക് പ്രിയങ്കരിയായി. ചെറുപ്രായത്തില്‍ തന്നെ അംബേദ്കറുടെ ആശയങ്ങളെക്കുറിച്ച് പഠിപ്പിച്ച അവളുടെ അച്ഛന്‍ മഹിയെ ദളിത് യോഗങ്ങളില്‍ പാടാനും അയച്ചു.

ഇപ്പോള്‍ അവളുടെ വീട്ടില്‍ അംബേദ്കര്‍ ചിത്രങ്ങളും സമ്മാനങ്ങളും നിറഞ്ഞിരിക്കുന്നു. ഇരുപതു പേരുള്ള കൂട്ടുകുടുംബത്തിലാണ് അവളുടെ താമസം. നാല് വര്‍ഷം മുമ്പാണ് അവള്‍ റെക്കോഡിംഗ് ആരംഭിച്ചത്. പക്ഷേ ‘ഡെയ്ഞ്ചര്‍ ചമര്‍’ പിന്നെ മറ്റൊരു ജനപ്രിയ ഗാനവും കൂടി വന്നതോടെ മഹി ഒരു താരമായി മാറി. ഇപ്പോള്‍ കോളേജ് പഠനവും റെക്കോഡിങ്ങും അഭിമുഖങ്ങളും സ്റ്റേജ് പരിപാടികളുമൊകെയായി തിരക്കിലാണ്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് അവള്‍ക്ക് തന്റെ ആദ്യത്തെ കണ്ണു സൌന്ദര്യവര്‍ധക സാമഗ്രികളും പുതിയ ഐ-ഫോണും കിട്ടി. ദളിത് പ്രതിനിധാനത്തില്‍ ഭീകരമായ വിവേചനം കാണിക്കുന്ന ബോളിവുഡ് ഹിന്ദി ചലച്ചിത്രങ്ങളില്‍ പാടണമെന്നാണ് മഹിയുടെ ആഗ്രഹം. സവര്‍ണ ജാതിക്കാരെക്കാള്‍ കുറഞ്ഞ നിരക്കില്‍ ദളിത് ഗായകര്‍ പാടുന്ന ഒന്നാണ് അവളുടെ ഇപ്പോഴത്തെ  മേഖല.

“ദളിത ഗായകരെ അത്ര ശ്രദ്ധിക്കുകയും ബഹുമാനിക്കുകയും വേണ്ടെന്നാണ് സംഘാടകര്‍ കരുതുന്നത്,” പാട്ടുകാരനായ ഹേമന്ത് കുമാര്‍ ബൌദ്ധ് പറഞ്ഞു.

എന്നാല്‍ ജാതിസ്വത്വം എടുത്തണിയാന്‍ എല്ലാ ദളിത ഗായകരും തയ്യാറല്ല.

“എന്റെ സംഗീതം പറയുന്നു,‘ഇത്രയും മതി, ജാതി വ്യവസ്ഥ എന്ന ഈ രോഗം അവസാനിപ്പിക്കണം’,” മുംബൈയിലെ ദളിത് റോക് ബാന്‍ഡ് ധമ്മ വിങ്സ് സ്ഥാപകന്‍ കബീര്‍ സഖ്യ പറയുന്നു.

ജാത്യാഭിമാനമാണ് അതിലേക്കുള്ള ആദ്യപടി എന്ന് മഹി പറഞ്ഞു. “ആദ്യം നിങ്ങള്‍ ആരാണ് എന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം ഉണ്ടാകണം. എന്നിട്ട് നിങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റ് എല്ലാ ജാതി സ്വത്വങ്ങളെയും നശിപ്പിക്കണം.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍