UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ട്രാഫിക് വാര്‍ഡന്‍ തുറന്നു പറയുന്നു; അവഗണനയുടെയും പീഡനത്തിന്റെയും കഥകള്‍

Avatar

രാകേഷ് നായര്‍

“എല്ലു നുറുങ്ങിയതിന്റെ വേദന സഹിക്കാം, പക്ഷെ അവര്‍ എന്നോട്ടു കാണിക്കുന്ന അവഗണനയുടെ വേദന എന്നെ വല്ലാതെ തളര്‍ത്തുകയാണ്. “വാടക വീട്ടിന്റെ ഇരുളടഞ്ഞ മുറിയിലിരുന്ന് ഗിരിജയുടെ ശബ്ദമിടറി. “ഞാനവര്‍ക്കു വേണ്ടി മൂന്നു വര്‍ഷം പണിയെടുത്തതാണ്. മഴയോ വെയിലോ എന്നു നോക്കാതെ, അവര്‍ പറഞ്ഞതുപോലെയെല്ലാം. പക്ഷെ വ്യക്തിവൈരാഗ്യവും പകയും വച്ചുകൊണ്ട് അവര്‍ ഇങ്ങനെയൊരു അവസ്ഥയില്‍ എന്നെ കൈയൊഴിയുമ്പോള്‍ എന്തു ചെയ്യണമെന്നുപോലും എനിക്കറിയില്ല. പതിനഞ്ചാം തീയതി ഈ വീട് ഒഴിഞ്ഞു കൊടുക്കണം. പ്രായമായ അമ്മമാത്രമാണ് ഇപ്പോള്‍ എന്റെ കൂടെയുള്ളത്”. ഏങ്ങലുകള്‍ക്കിടയില്‍ ഗിരിജയുടെ വാക്കുകള്‍ മുറിഞ്ഞു.

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ഗിരിജയ്ക്ക് ആക്‌സിഡന്റ് പറ്റുന്നത്. ഇടപ്പള്ളി പള്ളിയ്ക്ക് സമീപം വച്ച് ഗിരിജയുടെ ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. കാലിനായിരുന്നു പരിക്ക്. മൂന്നൊടിവുണ്ട്. എട്ടാം തീയതി നടന്ന ഓപ്പറേഷനുശേഷം വിശ്രമത്തില്‍. ഗിരിജ തനിക്ക് നേരിടേണ്ട വന്ന അവസ്ഥകളെക്കുറിച്ച് വീണ്ടും പറഞ്ഞു തുടങ്ങി; 

ഇടപ്പള്ളി ടോള്‍ ഗേറ്റിന് സമീപമായി പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ കീഴില്‍ എറണാകുളത്ത് ട്രാഫിക് വാര്‍ഡനായി ജോലി നോക്കുകയായിരുന്നു ഞാന്‍. മൂന്നുവര്‍ഷം മുമ്പാണ് ജോലിക്കു കയറിയത്. കഴിഞ്ഞ എഴുമാസമായി സൂപ്പര്‍വൈസര്‍ തസ്തികയിലായിരുന്നു. ഓരോ സ്ഥലങ്ങളിലും പോയി മറ്റു വാര്‍ഡന്‍മാരുടെ ഡ്യൂട്ടി ചെക്ക് ചെയ്ത് അവരെക്കൊണ്ട് രജിസ്റ്ററില്‍ ഒപ്പീടിക്കുന്നതൊക്കെ എന്റെ ഡ്യൂട്ടിയുടെ ഭാഗമായിരുന്നു. കമ്പനിയോടും എന്റെ സഹപ്രവര്‍ത്തകരോടും ഒരേപോലെ ആത്മാര്‍ത്ഥതയും സ്‌നേഹവും ഞാന്‍ കാണിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് നന്മ വരണമെന്ന് മാത്രം ആഗ്രഹിച്ച എനിക്ക് പക്ഷെ വിധി കാത്തുവച്ചിരുന്നത് കണ്ണീരായിരുന്നു.

ഓഗസ്റ്റ് മാസം മൂന്നാം തീയതി. ദേശാഭിമാനി ജംഗ്ഷനില്‍ ചെക്കിംഗിനു ചെന്നതാണ് ഞാന്‍. അപ്പോഴാണ് ഓഫിസില്‍ നിന്ന് വിളിച്ചു പറയുന്നത് വേഗം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ പോയി ഡ്യൂട്ടി നോക്കണമെന്ന്. ഞാന്‍ ചെക്കിംഗില്‍ ആണെന്നു പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഡിഎംആര്‍സിക്കാര്‍ ചെക്കിംഗിന് വരും. അതുകൊണ്ട് പോയെ പറ്റൂ എന്ന് നിര്‍ബന്ധം പിടിച്ചു. ആ നിര്‍ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ട് ഞാന്‍ സഹപ്രവര്‍ത്തകരില്‍ ചിലരെ വിളിച്ചു ചോദിച്ചു. ഡിഎംആര്‍സിയൊന്നും ഇന്ന് ചെക്കിംഗിനു വരില്ല. ചേച്ചിയോട് ഇതാരാണ് പറഞ്ഞതെന്ന് അവര്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ കാര്യമെനിക്ക് മനസ്സിലായി. എം ഡിയടക്കം ഓഫിസിലുള്ളവര്‍ക്ക് എന്നോട് വിരോധമുണ്ട്. ഒന്നാമത്തെ കാര്യം ഞാന്‍ പദ്മിനിയോട് (കാര്‍ യാത്രക്കാരന്‍ മര്‍ദിച്ച ട്രാഫിക് വാര്‍ഡന്‍, അവരുടെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ആ കാര്യത്തില്‍ കമ്പനിക്ക് പദ്മിനിയോട് എതിര്‍പ്പാണ്) അനുതാപം കാണിക്കുന്നുവെന്നുള്ളതാണ്. രണ്ടാമതായി എല്‍ ആന്‍ഡ് ടി ക്കാരോട് (അവരാണ് ട്രാഫിക് വാര്‍ഡന്‍മാരുടെ കോണ്‍ട്രാക്ട് പിടിച്ചിരിക്കുന്നത്. അതിന്റെ നടത്തിപ്പ് ചുമതല ബ്രൈറ്റിനെ ഏല്‍പ്പിച്ചിരിക്കുക മാത്രമാണ്. ഓരോ ദിവസവും എത്രപേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന കണക്ക് ബ്രൈറ്റ് എല്‍ ആന്‍ഡ് ടി ക്ക് കൈമാറേണ്ടതുണ്ട്) ഞാന്‍ യഥാര്‍ത്ഥ വസ്തുത പറഞ്ഞു കൊടുക്കുന്നുവെന്നതിന്റെ ചൊരുക്ക്. പത്ത് പേരെ ഡ്യൂട്ടിക്കുള്ളൂവെങ്കിലും പതിനെട്ട് പേരുണ്ടെന്നായിരിക്കും ബ്രൈറ്റ് നല്‍കുന്ന കണക്ക്. ചിലപ്പോള്‍ അവര്‍ നേരിട്ട് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ കൃത്യമായ വിവരമായിരിക്കും നല്‍കുക. ഇതൊക്കെ കാരണം അവര്‍ക്ക് എന്നോട് ഇഷ്ടക്കേടുളള കാര്യം എനിക്കറിയാം. 

എന്റെ കാലിന് അന്ന് നല്ല നീരുണ്ട്. വയ്യാത്ത ആ കാലുമായാണ് ഞാന്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ പോയത്. അന്നവിടെ ഉണ്ടായിരുന്ന നല്ലവരായ ഓട്ടോക്കാരന്‍ സഹോദരന്മാര്‍ വരെ എന്നോട് വയ്യാത്ത ഈ കാലുമായി ചേച്ചിയെന്തിനാ ഡ്യൂട്ടിക്ക് വന്നതെന്ന് ചോദിച്ചു. ആരെങ്കിലും ഇന്‍സ്‌പെക്ഷനു വന്നാല്‍ ഞങ്ങള്‍ പറഞ്ഞോളാമെന്നാണ് അവര്‍ പറഞ്ഞത്. അന്ന് ഉച്ചയോടെ ആരും പരിശോധനയ്ക്ക് വരില്ലെന്നു മനസ്സിലാക്കി ഞാന്‍ ഇടപ്പള്ളിയില്‍ ഡ്യൂട്ടിയിലുള്ള വാര്‍ഡനെക്കൊണ്ട് ഒപ്പിടീക്കാന്‍ അങ്ങോട്ടേയ്ക്ക് പോയി. അവിടെ ചെന്ന് ഒപ്പിടീപ്പിച്ച് തിരിയുമ്പോഴാണ് പാലാരിവട്ടം ഭാഗത്തു നിന്നുവന്ന ഒരു ടൂവീലര്‍ എന്നെ ഇടിക്കുന്നത്. കാലിനിട്ടാണ് ഇടിക്കുന്നത്. എന്റെ കാല് ഒടിഞ്ഞു.

ആദ്യം എന്നെ പ്രവേശിപ്പിച്ചത് അപകടസ്ഥലത്തിന് സമീപത്തു തന്നെയുള്ള എം എ ജെ എന്ന സ്വകാര്യ ഹോസ്പിറ്റലിലാണ്. അവിടെ കിടക്കുമ്പോഴാണ് എം ഡി സുരേന്ദ്രനും അദ്ദേഹത്തിന്റെ സന്തസഹചാരിയുമായ ലതീഷും വരുന്നത്. പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സാ ചെലവ് കൂടുതലാണെന്നു പറഞ്ഞ് അവരെന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച എന്നെ അവരവിടെ മൂന്നുദിവസം വേദന തീറ്റീച്ച് കിടത്തി. ഓപ്പറേഷന്‍ ചെയ്യണമെങ്കില്‍ മൂന്നു നാലു ദിവസം കഴിയണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒടിഞ്ഞ കാലുമായി ഞാനും കൂട്ടിന് എണ്‍പതു കഴിഞ്ഞ എന്റെ അമ്മയും മാത്രം. ഞങ്ങളുടെ കൈയിലാണെങ്കില്‍ ആവശ്യത്തിന് കാശുപോലുമില്ല. മൂന്നുദിവസം കഴിഞ്ഞാണ് പദ്മിനി ആശുപത്രിയില്‍ എത്തുന്നത്. അവളാണ് എനിക്ക് ഭക്ഷണം വാങ്ങി തരുന്നത്. ഈ സമയം വിവരമറിഞ്ഞ് പത്രക്കാര്‍ എത്തുകയും അവരെന്റെ അവസ്ഥ പത്രത്തില്‍ എഴുതുകയും ചെയ്തു. പത്രവാര്‍ത്ത കണ്ടതോടെ എം ഡിയും അദ്ദേഹത്തിന്റെ സില്‍ബന്തികളും ആശുപത്രിയിലേക്ക് പാഞ്ഞു വന്നു. അവര്‍ക്ക് വലിയ നാണക്കേടായി പോയത്രേ. നീ എന്തിനാണ് ഇങ്ങനെയൊക്കെ കാണിച്ചതെന്നായിരുന്നു അവരുടെ ആക്രോശം. കൂടെ നിന്ന് നോക്കാന്‍ എന്റെ ഭാര്യയൊന്നും അല്ല നീ എന്നായിരുന്നു എം ഡിയുടെ പരിഹാസം. ലില്ലി, സുമ ബാബു എന്നീ വാര്‍ഡന്മാരും കൂടെയുണ്ടായിരുന്നു. നീ മണ്ടത്തരം കാണിച്ചതുകൊണ്ട് കിട്ടുമായിരുന്ന നാലു ലക്ഷം രൂപയുടെ ക്ലെയിം കളഞ്ഞില്ലേയെന്നായിരുന്നു അവര്‍ പറഞ്ഞത്. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. മൂന്നു ദിവസം ആരും തിരിഞ്ഞു നോക്കാനില്ലാതെ വേദന തിന്നു കിടക്കുകയായിരുന്നു ഞാന്‍. ഒരു പത്രക്കാരെയും ഞാന്‍ വിളിച്ചു പറഞ്ഞതല്ല, അവര്‍ അറിഞ്ഞ് വന്നതാണ്.

ഇനി എന്തെങ്കിലും എനിക്കായി ചെയ്യണമെങ്കില്‍ പത്രക്കാരെ വിളിച്ച് കമ്പനിക്ക് അനുകൂലമായി തിരുത്തി പറയണം എന്നാണ് എം ഡി പറഞ്ഞത്. ലതീഷിന്റെ ആവശ്യം പദ്മിനി എം ഡിയുടെ മുന്നില്‍ ചെല്ലണം എന്നതുമായിരുന്നു. മുന്നില്‍ ചെല്ലണം എന്നു പറഞ്ഞാല്‍ അത് നല്ല അര്‍ത്ഥത്തിലല്ല. അവിടെ അങ്ങനെ പലതും നടക്കുന്നുണ്ടെന്ന് എനിക്കറിയാം. അഭിമാനം വിറ്റ് ജീവിക്കേണ്ടന്നു കരുതുന്നവളായതുകൊണ്ട് ഞാനവരുടെ ആവശ്യങ്ങളൊന്നും സമമ്മതിച്ചു കൊടുക്കാറില്ല.

മൂന്നാം തീയതി അപകടം പറ്റി അഞ്ചാം തീയതിയായിട്ടും എന്റെ കാല് ഓപ്പറേഷന്‍ ചെയ്തില്ല. പ്രഷറും ഷുഗറും ഉള്ളതുകൊണ്ട് ഇപ്പോള്‍ ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ വേദന സഹിക്കാന്‍ വയ്യാ. കാലൊന്നു അനങ്ങിയാല്‍ ജീവന്‍ പോകുന്നത്ര വേദന. ഒടുവില്‍ എന്റെ അവസ്ഥ കണ്ട് മകളും മരുമകനുമൊക്കെ ചേര്‍ന്ന് കിംസിലേക്ക് കൊണ്ടുപോയി. അവര്‍ ചോദിച്ചത് പേഷ്യന്റിനെ ഓപ്പറേഷന് വിധേയയാക്കാന്‍ ഇത്ര ദിവസം താമസിച്ചതെന്തിനെന്നായിരുന്നു. പിറ്റേദിവസം തന്നെ ഓപ്പറേന്‍ നിശ്ചയിച്ചു. പക്ഷെ പണം കെട്ടണം. ഞങ്ങളുടെ കൈയില്ലാണെങ്കില്‍ ചില്ലി കാശില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന കിംസിലേക്ക് കൊണ്ടു വന്ന ആംബുലന്‍സിന്റെ ചാര്‍ജുപോലും ടാക്‌സി ഡ്രൈവറായ എന്റെയൊരു ബന്ധു ഓട്ടം പോയി വന്നശേഷമാണ് കൊടുത്തത്. എം ഡിയോട് കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി പത്രക്കാരോടു സഹായിക്കാന്‍ പറയാനായിരുന്നു. ഒടുവില്‍ എന്റെ ബന്ധു അജയന്‍ എല്‍ ആന്‍ഡി ടി യില്‍ പോയി കാര്യം പറഞ്ഞു. ഒരു സഹായവും ചെയ്തില്ലെങ്കില്‍ പത്രസമ്മേളനം നടത്തി എല്ലാക്കാര്യങ്ങളും വിളിച്ചു പറയുമെന്നു പറഞ്ഞപ്പോഴാണ് എല്‍ ആന്‍ഡ് ടി ക്കാര്‍ അനുകൂല നിലപാടെടുത്തത്. അവര്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞു. ഓപ്പറേഷനു മാത്രം ചെലവാകുന്ന തുക അവര്‍ നല്‍കാമെന്നു സമ്മതിച്ചു. മീതെ വരുന്ന ഒരു ചെലവും അവര്‍ ഏറ്റെടുക്കില്ലെന്നും പറഞ്ഞു. അമ്മ മാത്രമായിരുന്നു ഓപ്പറേഷന്‍ നടക്കുമ്പോള്‍ എന്റെകൂടെ. അമ്മയാണ് കടലാസില്‍ ഒപ്പിട്ടൊക്കെ കൊടുത്തത്. അങ്ങനെ എട്ടാം തീയതി ഓപ്പറേഷന്‍ നടത്തി. അപകടം നടന്ന് അഞ്ചാം പക്കം. പത്താം തീയതി ആശുപത്രിക്കാര്‍ ബില്ല് തന്നു. പതിനാലാം തീയതി അടയ്ക്കണം. 1,48,000 രൂപയാണ് ബില്ലായത്. ഓപ്പറേഷന്‍ ചെലവ് 86,000 രൂപ. അത് എല്‍ ആന്‍ഡ് ടിക്കാര്‍ അടയ്ക്കും. ബാക്കി 69,000 രൂപ ഞങ്ങള്‍ ഉണ്ടാക്കണം. അത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഈ തൂക എങ്ങനെയുണ്ടാക്കാനാണ്. അജയന്‍ അപകടത്തിന്റെ ക്ലെയിം എന്തെങ്കിലും കിട്ടാന്‍ വഴിയുണ്ടോയെന്ന് പൊലീസിനോട് സംസാരിച്ചു. പൊലീസുകാര്‍ പക്ഷെ ഞങ്ങളോട് ഒരു തരത്തിലുമുള്ള സഹകരണം കാണിച്ചില്ല. ഞാനാണ് വണ്ടി കൊണ്ടുപോയി ഇടിപ്പിച്ചെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് പറഞ്ഞു മറ്റേ വണ്ടി കണ്ടുകിട്ടിയില്ലെന്ന്. അപകട സ്ഥലത്ത് നാലു ദിവസത്തോളം ആ വണ്ടി ഉണ്ടായിരുന്നുവെന്ന് വണ്ടിയുടെ ഫോട്ടോ താന്‍ ഫോണില്‍ എടുത്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് അജയന്‍ വാദിച്ചപ്പോഴാണ് പൊലീസുകാര്‍ നിലപാട് മാറ്റിയത്. പിന്നീട് ഞങ്ങളുടെ വക്കീല്‍ വന്നപ്പോള്‍ അവര്‍ അപകടം ഉണ്ടാക്കിയ വണ്ടി കാണിച്ചു. ഒടുവില്‍ വക്കീലിന്റെ കൈയില്‍ നിന്ന് 50,000 രൂപ ക്ലെയിം ഇനത്തില്‍ മുന്‍കൂറായി പ്രോമിസറി നോട്ടില്‍ ഒപ്പിട്ടു കൊടുത്തു വാങ്ങി. ബാക്കിയുള്ള 19,800 രൂപയ്ക്ക് ആശുപത്രിയില്‍ അമ്പതുരൂപ പത്രത്തില്‍20,000 രൂപയുടെ പ്രോമിസറി നോട്ട് ഒപ്പിട്ടു നല്‍കിയാണ് എന്നെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഒരു മരുന്നു തരിപോലും നല്‍കാതായെണ് അവര്‍ എന്നെ ഡിസ്ചാര്‍ജ് ചെയ്തത്.

ദളിത് ട്രാഫിക് വാര്‍ഡന്‍ പദ്മിനിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമ്പോള്‍

ആശുപത്രിയില്‍ നിന്ന് ഞാന്‍ വന്നത് കക്കനാട്ട് പള്ളിക്കരയിലുള്ള ഈ വാടക വീട്ടിലേക്കാണ്. കഴിഞ്ഞ മാസത്തെ വാടക കൊടുത്തിട്ടില്ല. ഈ പതിനഞ്ചാം തീയതി വീട് ഒഴിഞ്ഞു കൊടുക്കണം. എനിക്ക് ജീവിക്കണമെങ്കില്‍ ഈ ജോലിയെടുത്തേ പറ്റൂ. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എപ്പോള്‍ ഈ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുമെന്നും അറിയില്ല. ഓഫീസില്‍ ഞാന്‍ ലതീഷ് നടത്തുന്ന ഒരു ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ടായിരുന്നു. അതിന്റെ അയ്യായിരം രൂപ കിട്ടണം. പക്ഷെ ഈ കാര്യം പറഞ്ഞു വിളിച്ചപ്പോള്‍ ലതീഷ് പറയുന്നത് അങ്ങനെയൊരു ചിട്ടിയേ ഇല്ലെന്നാണ്. പൊലീസില്‍ പരാതി നല്‍കിയപ്പോഴും അവന്‍ അവരോടു പറഞ്ഞതും പറയുന്നുപോലൊരു ചിട്ടി നടത്തിയിട്ടില്ലെന്നാണ്. എന്റെ കൈയില്‍ തെളിവുണ്ട്. പക്ഷെ നീതി കിട്ടുന്നില്ല. ആരോടും പടപൊരുതാനുള്ള ആവതൊന്നും എനിക്കില്ല. കൂടെയുള്ളത് വൃദ്ധയായ എന്റെ അമ്മമാത്രമാണ്. ജീവിക്കാനുള്ള കൊതിയുണ്ട്. പക്ഷെ അതിന് ഇനിയും മനസ്സും ശരീരവും എന്തുമാത്രം വേദന തിന്നേണ്ടി വരുമെന്ന് അറിയില്ല… ഗിരിജ പറഞ്ഞു നിര്‍ത്തി.

വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ആരോപണങ്ങള്‍; ബ്രൈറ്റ് എം ഡി 
ഗിരിജയുടെ അവസ്ഥയെപ്പറ്റി ബ്രൈറ്റ് സെക്യൂരിറ്റി സര്‍വീസ് എം ഡി സുരേന്ദ്രനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് പറയാനുള്ളത് ഇക്കാര്യങ്ങളാണ്; 

ഗിരിജ ആരോപിക്കുന്നതെല്ലാം അസംബന്ധമാണ്. അപകടം സംഭവിച്ചു എന്നറിഞ്ഞു പതിനഞ്ച് മിനിട്ടിനകം ഞാന്‍ എം എ ജെ ഹോസ്പിറ്റലില്‍ എത്തുകയുണ്ടായി. അവിടെ നിന്ന് ഞാന്‍ മുന്‍കൈയെടുത്താണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. എം എ ജെയില്‍ ആയിരത്തി അഞ്ഞൂറു രൂപ ബില്‍ അടച്ചതും ഞാന്‍, മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയ ആംബുലന്‍സിന്റെ ചാര്‍ജ് കൊടുത്തുതും ഞാന്‍. അവിടെ ചെന്നശേഷം വേണ്ട ഏര്‍പ്പാടുകളൊക്കെ ചെയ്തു. അവര്‍ക്ക് വേണ്ട വസ്ത്രങ്ങളും ഭക്ഷണവും വാങ്ങിക്കൊടുത്തു. എന്റെ മറ്റു വനിത സ്റ്റാഫുകളാണ് അകപടസമയത്ത് അവര്‍ ധരിച്ചിരുന്ന വസ്ത്രം മാറ്റി പുതിയതു ഇടീപ്പിച്ചത്. അവരെ ബാത്ത്‌റൂമില്‍ കൊണ്ടുപോയതുമെല്ലാം അവര്‍ തന്നെയാണ്. ആശുപത്രിയില്‍ നിന്ന് പോകാന്‍ നേരം നാലായിരം രൂപ ഞാന്‍ ഗിരിജയെ ഏല്‍പ്പിക്കുകയുമുണ്ടായി. പത്തറുന്നൂറ് ജോലിക്കാരുള്ള ഒരു സ്ഥാപനത്തിന്റെ എംഡിയാണ് ഞാന്‍. എന്റെ ഓരോ സ്റ്റാഫിന്റെയും കാര്യം എനിക്ക് നോക്കണം. വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തശേഷമാണ് ഞാന്‍ പോയത്. മുഴുവന്‍ സമയം ആശുപത്രിയില്‍ നിന്ന് അവരെ പരിചരിക്കാന്‍ കഴിഞ്ഞില്ല എന്നത് ശരിയയാണ്. എനിക്കതിനുള്ള സമയം ഇല്ലായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും അവര്‍ എന്താണ് തിരിച്ചു തന്നത്?

പദ്മിനി എന്ന സ്ത്രീയുടെ ( അവരും എനിക്ക് കീഴില്‍ ജോലി നോക്കുന്ന ട്രാഫിക് വാര്‍ഡനാണ്) വാക്കുകള്‍ കേട്ട് സ്ഥാപനത്തിനെതിരെ തിരിയുകയായിരുന്നു. ഈ സ്ഥാപനത്തെയും വ്യക്തിപരമായി എന്നെയും തകര്‍ക്കുകയാണ് പദ്മിനിയുടെ ഉദ്ദേശം. അതിനവര്‍ പലവഴിയും നോക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഗിരിജയ എന്ന സ്ത്രീയേയും ട്രാപ്പില്‍ ആക്കുകയായിരുന്നു. ഞാന്‍ വാങ്ങി ഗിരിജയ്ക്കു കൊടുത്ത ഭക്ഷണം പദ്മിനി വന്ന് എടുത്തു കൊടുത്ത് ആ ചിത്രം പത്രത്തില്‍ വരുത്തിച്ചു. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടാണ് അത്തരമൊരു വാര്‍ത്തയെഴുതേണ്ടി വന്നതെന്ന് പിന്നീട് മനോരമയുടെ ലേഖകന്‍ മോഹനന്‍ എന്നോട് മാപ്പ് പറഞ്ഞു. ഗിരിജയെ ഓപ്പറേഷന്‍ ചെയ്യരുതെന്ന് ഞങ്ങളല്ല പറഞ്ഞത്. അത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. അവര്‍ ഓപ്പറേഷന്‍ തീയതി നിശ്ചയിച്ചതുമാണ്. ആവശ്യമായ പണം കെട്ടിക്കോളാമെന്ന് ഞാനും സമ്മതിച്ചു. പക്ഷെ ആരോടും പറയാതെയാണ് ഗിരിജ കിംസിലേക്ക് പോയത്. അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. എങ്ങനെയും ഞങ്ങളെ മോശക്കാരാക്കണമെന്നത് ഇവരുടെയെല്ലാം ലക്ഷ്യം.

ഗിരിജ ചെയ്തത് വഞ്ചന; ലതീഷ് 
ഒരു  ചിട്ടി നടത്തിയിട്ട് ഞാനവരെ വഞ്ചിച്ചു എന്നാണ് ഗിരിജ ഇപ്പോള്‍ പറയുന്നത്. തികച്ചും തെറ്റായൊരു ആരോപണമാണ് അവരുടേത്. കാരണം ഞാനായിട്ട് ഒരു ചിട്ടിയും അവിടെ നടത്തിയിട്ടില്ല. ബ്രൈറ്റിനുവേണ്ടി എന്തെങ്കിലുമൊക്കെ സഹായം ചെയ്തു കൊടുക്കുന്നൊരു ആള്‍ മാത്രമാണ് ഞാന്‍. ഗിരിജയും കൂട്ടരുമൊക്കെ നടത്തിയ ഒരു ചിട്ടിയില്‍ ഞാനും കാശിറക്കിയിട്ടുണ്ടെന്നു മാത്രം. ഇടയ്ക്ക് അവരുടെ കൂട്ടത്തിലുള്ളൊരു കാന്‍സര്‍ രോഗിക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മൂലം ഈ ചിട്ടി മുടങ്ങിപ്പോവുകയും ചെയ്തു. സത്യാവസ്ഥ ഇതാണെന്നിരിക്കെ എനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മാത്രമാണ്. ഗിരിജയെ ആരും സഹായിച്ചില്ല എന്നതും തീര്‍ത്തും വാസ്തവിരുദ്ധമാണ്. അപകടസ്ഥലത്ത് ആദ്യം ഓടിയെത്തുന്നത് ഞാനാണ്. അവരെ കമ്പനി തന്നെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആവശ്യമായ സഹായവും ചെയ്തു. പക്ഷെ അപകടം സംഭവിച്ചശേഷം ഗിരിജ ഞങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല. ട്രാഫിക് വാര്‍ഡന്മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ തനിക്ക് ലൈസന്‍സ് ഇല്ലയെന്ന കാര്യം മറച്ചുവച്ചാണ് അവര്‍ ഇത്രയും നാളും ജോലി നോക്കിയത്. എന്നിട്ടും ഒരത്യാഹിതം നടന്ന സമയമായതുകൊണ്ട് ഞങ്ങളവരെ സഹായിക്കാനാണ് ശ്രമിച്ചത്. ഞങ്ങളാരെയും ദ്രോഹിക്കുന്നില്ല, തിരിച്ചാണ് സംഭവിക്കുന്നത്.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍