UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലജ്ജിക്കുക മലയാളി, ജിഷമോളുടെ ഘാതകര്‍ നമ്മളോരോരുത്തരുമാണ്

Avatar

രാകേഷ് സനല്‍

എന്റെ മകളാണ് നിര്‍ഭയ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞവരാണ് നമ്മള്‍, ഐ ആം രോഹിത് വെമൂല എന്നെഴുതിയ പ്ലക്കാര്‍ഡേന്തി തെരുവിലിറങ്ങിയവര്‍…എന്നിട്ടും ഇന്നേക്ക് നാലു ദിവസമായിട്ടും എന്റെ മകളാണ് ജിഷയെന്നോ, ഞാനാണ് ജിഷയെന്നോ അധികമാരം പറഞ്ഞുകേട്ടില്ല, മെഴുകുതിരി കത്തിക്കാനോ പ്രകടനം നടത്താനോ ആരെയും കണ്ടതുമില്ല. 

ആരാണ് ജിഷയെന്നു തന്നെ നമ്മളില്‍ എത്രപേര്‍ക്ക് അറിയാം?

പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ രണ്ടു സെന്റ് ഭൂമിയില്‍ താമസക്കാരിയായിരുന്നു 29കാരി ജിഷമോള്‍. ആ വീട്ടിലും ജീവിതത്തിലും ആകെയുണ്ടായിരുന്ന കൂട്ട് അമ്മ രാജേശ്വരി. കഴിഞ്ഞ വ്യാഴാഴ്ച ആ അമ്മ വീട്ടുപണിക്കു പോയി മടങ്ങിയെത്തിയ രാത്രിയില്‍ കാണുന്നത് സ്വന്തം മകള്‍ മരിച്ചു കിടക്കുന്നതാണ്. 

ഒരമ്മയ്ക്കും ഇനിയിതുപോലൊരു കാഴ്ച്ച കാണാന്‍ ഇടവരുത്തരുത്. അത്രമേല്‍ ഭീകരമായിരുന്നു ആ കാഴ്ച്ച. മൂക്ക് മുറിച്ചു മാറ്റപ്പെട്ടതുപോലെ, തലയ്ക്കു പിന്നിലും മുഖത്തും ഇരുമ്പ് കമ്പികൊണ്ടുള്ള മര്‍ദ്ദനം. മാറിടത്തിനു വശങ്ങളിലായി ആഴത്തിലുള്ള കുത്ത്. ചവിട്ടുകൊണ്ടതുപോലെ തകര്‍ന്ന നെഞ്ചിന്‍ കൂട്. ആന്തരികാവയവങ്ങള്‍ തകര്‍ന്ന് വന്‍കുടല്‍ പുറത്തുവന്ന നിലയില്‍, ജനനേന്ദ്രിയത്തില്‍ ഇരുമ്പ്ദണ്ഡ് കുത്തി കയറ്റിയ നിലയില്‍.

ഒന്നാലോചിച്ചു നോക്കൂ, പ്രാണന്‍ വിട്ടുപോകുന്നതിനു മുമ്പ് ആ പെണ്‍ശരീരം എത്രമേല്‍ വേദന തിന്നു കാണും.

ആരിത് ചെയ്തു? എന്തിനിതു ചെയ്തു? 

ഉത്തരമില്ല, നാലുദിവസം പിന്നിടുന്നു, ഉത്തരമില്ല. ബലാത്സംഗ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഒന്നുകില്‍ വൈരാഗ്യമുള്ള ആരോ ഒരാള്‍ നടത്തിയ കൊലപാതകം, അല്ലെങ്കില്‍ ഏതോ അന്യസംസ്ഥാന തൊഴിലാളി നടത്തിയ ക്രൂരത; പൊലീസിന്റെ ഇതുവരെയുള്ള കണ്ടുപിടിത്തമാണിത്. രക്തം പുരണ്ടൊരു കത്തി കിട്ടി, അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, കൊലപാതകിയുടേതെന്നു സംശയിക്കുന്ന കുറച്ച് തലമുടിയും കിട്ടി, അതും പരിശോധനയ്ക്ക് ആയച്ചു. കാത്തിരിക്കാം, അയച്ചതിന്റെയൊക്കെ റിസള്‍ട്ട് വരട്ടെ, എന്തിനാണിത്ര ധൃതി! 

ശരിയാണ്, കൊല്ലപ്പെട്ട ആ പെണ്‍കുട്ടിക്ക് സ്വന്തമെന്ന് പറയാന്‍ അമ്മയും സഹോദരിയും മാത്രമാണുള്ളത്, തോറ്റുപോയ ജീവിതത്തിന്റെ ദുഖഭാരം പേറി ജീവിക്കുന്ന സഹോദരിക്കും മാനസികാസ്വാസ്ഥ്യമുള്ള അമ്മയക്കും കരയാനല്ലാതെ മറ്റെന്തു ചെയ്യാനാകും?

നമ്മള്‍ ഡല്‍ഹിയിലെ നിര്‍ഭയക്കു വേണ്ടി പോരാട്ടത്തിനിറങ്ങിയവരാണ്, രോഹിത് വെമുലയ്ക്കു വേണ്ടി പോരാടി കൊണ്ടാരിക്കുന്നവരാണ്. ഇതൊന്നും തെറ്റാണെന്നു പറയുന്നില്ല. ഈ പോരാട്ടങ്ങളെല്ലാം പൂര്‍ണ്ണമായും ശരിയുടെ പക്ഷത്തു നിന്നുള്ളത് തന്നെയാണ്. ഇവിടെ ജിഷമോളുടെ കൊലപാതകി നാലുദിവസമായിട്ടും പിടിക്കപ്പെട്ടില്ലെന്നോര്‍ക്കണം. പൊലീസ് എന്തുകൊണ്ട് പ്രതിയെ/കളെ കണ്ടെത്തുന്നില്ല? ഭരണകൂടം എന്തുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടുന്നില്ല? എവിടെയാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍? പെരുമ്പാവൂരിന് ഒരു എംഎല്‍എ ഉണ്ടല്ലോ? അടുത്ത എംഎല്‍എ ആകാന്‍ മത്സരിക്കുന്നവരുണ്ടല്ലോ? ഇപ്പോഴും ആഭ്യന്തര മന്ത്രി പദവി വഹിക്കുന്നൊരാളുണ്ടല്ലോ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുണ്ടല്ലോ, പാര്‍ട്ടി അധ്യക്ഷന്മാരുണ്ടല്ലോ; എവിടെ ഇവരെല്ലാം. എത്രപേര്‍ ആ രണ്ടു സെന്റ് ഭൂമിയിലേക്ക് കാലെടുത്തുവച്ചു. നരകിച്ചു മരിച്ച ആ പെണ്‍കുട്ടിയെക്കാള്‍ നിങ്ങള്‍ക്ക് വലുത് അധികാരം പിടിച്ചെടുക്കാനുള്ള മത്സരമാണോ? ഇങ്ങനെയാണോ നിങ്ങള്‍ എല്ലാം ശരിയാക്കാന്‍ പോകുന്നത്? ഈ വിധം ജനജീവിതം തുടരണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഇത്തരത്തില്‍ കണ്ണടച്ചാണോ നിങ്ങള്‍ വഴികാട്ടാന്‍ പോകുന്നത്?

കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍, ദരിദ്രരില്ലാത്ത കേരളം, ഭവനരഹിതരില്ലാത്ത കേരളം, സ്ത്രീസൗഹാര്‍ദ കേരളം. ഇതേ കേരളത്തിലാണ് പത്തുമുപ്പതുവയസുവരെ ജീവിച്ച് ആ പെണ്‍കുട്ടി മരിച്ചത്. പക്ഷേ പട്ടിണിയില്ലാത്ത കേരളത്തില്‍ അവള്‍ ജീവിച്ചത് അരവയര്‍ നിറച്ചായിരുന്നു, ഭവനരഹിതരില്ലാത്ത കേരളത്തില്‍ അടച്ചുറപ്പില്ലാത്തൊരു ഒറ്റ മുറി വീട്ടിലായിരുന്നു അവള്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ കഴിഞ്ഞത്, മലമൂത്ര വിസര്‍ജനം നടത്താന്‍ ഇരുട്ടുംവരെ കാത്തിരിക്കണമായിരുന്നു അവള്‍ക്ക്, ഒരു കക്കൂസുപോലും ആ വീടിനില്ലായിരുന്നു. ഇതൊന്നും സഹതാപം കിട്ടാന്‍ വേണ്ടി കെട്ടിച്ചമച്ചു പറയുന്നതല്ല. ജിഷമോള്‍ക്കൊപ്പം ലോ കോളേജില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരി പറഞ്ഞതാണ്. നിയമ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ജൂനിയറായി പ്രാക്ടീസ് നടത്തുന്ന അനു പറഞ്ഞ കാര്യങ്ങള്‍. ജിഷമോള്‍ മരിച്ച ദിവസം അനു ആ വീട്ടില്‍ പോയിരുന്നു.

പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കാതെയാണ് എല്‍എല്‍ബിക്ക് അഡ്മിഷന്‍ കിട്ടി ജിഷമോള്‍ വരുന്നത്. ആദ്യസമയത്ത് വളരെ ആക്ടീവായ, നൃത്തത്തിലും മറ്റും പങ്കെടുക്കുന്ന ഒരു കുട്ടിയായിരുന്നു ജിഷ. പിന്നീട് അവള്‍ കൂട്ടങ്ങളില്‍ നിന്നു അകന്നു നിന്നു. മൗനമായിരുന്നു അവളുടെ മുഖത്തെപ്പോഴും. ആദ്യത്തെ ഒന്നര വര്‍ഷം പ്രി മെട്രിക് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. പിന്നീട് വീട്ടില്‍ നിന്നായി വരവ്. അമ്മ മാത്രമാണുള്ളത്. അച്ഛന്‍ നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയി. ഒരു ചേച്ചിയുള്ളത് വിവാഹബന്ധത്തിലെ പാകപ്പിഴകള്‍ മൂലം ബന്ധുവീട്ടിലാണ് താമസം. ജിഷയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു പറയുന്നു. അതുപക്ഷേ ജിഷയെക്കുറിച്ചുണ്ടായിരുന്ന ആശങ്കകളില്‍ നിന്നുണ്ടായതാണ്. മൂത്തമകളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം ജിഷയ്ക്കും സംഭവിക്കരുതെന്ന് ആ അമ്മ ആഗ്രഹിച്ചിരുന്നു. ആ അമ്മയ്ക്ക് എല്ലാവരെയും ഭയമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍ തന്നെ ജിഷയെ ഫോണ്‍ വിളിച്ചാല്‍ പലതരം ചോദ്യങ്ങളാണ്. ആ അമ്മയുടെ ജീവിതത്തില്‍ ആകെയുള്ള പ്രതീക്ഷയായിരുന്നു ജിഷ. അന്യന്റെ വീട്ടിലെ അടുക്കള പണി ചെയ്തും അവര്‍ മകളെ പഠിപ്പിച്ചു. ആ തിരിച്ചറിവ് ജിഷയ്ക്കുമുണ്ടായിരുന്നു. സ്വന്തമായൊരു ജീവിതമല്ല അവള്‍ ആഗ്രഹിച്ചത്. ആദ്യമൊരു ജോലി, എന്റെ അമ്മയെ നന്നായി നോക്കണം, അതു കഴിഞ്ഞേ എനിക്കായൊരു ജീവിതത്തെ കുറിച്ച് ഞാന്‍ ചിന്തിക്കൂ; ജിഷ പറഞ്ഞിട്ടുള്ള വാചകമാണ്. ജീവിതത്തിലെ പ്രാരാബ്ദങ്ങളോ വിഷമതകളോ ആവാം അവളെ കൂടുതല്‍ ഏകാകിയാക്കിയത്. പരീക്ഷകള്‍ എല്ലാം എഴുതിയിരുന്നില്ല.് പോയ പേപ്പറുകള്‍ എഴുതിയെടുക്കാനുള്ള തീരുമാനത്തിലായിരുന്നു ഇപ്പോള്‍. ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു, ആ പ്രതീക്ഷകളാണ് ഇത്തരത്തില്‍ ഇല്ലാതാക്കി കളഞ്ഞത്; അനു പറയുന്നു.

പൊലീസിന്റെ നിഗമനം അനുസരിച്ച് പകല്‍ സമയത്താണ് ജിഷ കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാത്രി എട്ടരയോടെ വീട്ടിലെത്തിയ രാജേശ്വരിയാണ് ജിഷയുടെ മൃതദേഹം കാണുന്നത്. ഇവരുടെ വീടിനു സമീപം വീടുകള്‍ ഉള്ളതാണ്.അയല്‍ക്കാര്‍ ആരും കൊലപതാകവിവരം അറിഞ്ഞില്ല! ഒന്നുകില്‍ അക്രമിയുടെ ആദ്യ പ്രഹരത്തില്‍ തന്നെ ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ ജിഷ ബോധരഹിതയാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാവണം. അതല്ലെങ്കില്‍ ഇത്രമേല്‍ പൈശാചികമായി ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലവിളി അയല്‍ക്കാര്‍ കേട്ടുകാണില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചില്ല. മരണ വിവരമറിഞ്ഞ് ഞങ്ങളെത്തുമ്പോള്‍ പൊലീസുകാര്‍ മാത്രമാണുള്ളത്. അയല്‍വാസികളൊന്നും അവിടെയില്ല. ഇവരുടെ വീടുമായി ചുറ്റുമുള്ളവര്‍ അത്ര രസത്തിലല്ലെന്നാണ് പറഞ്ഞു കേട്ടത്. ജിഷയുടെ അമ്മയുടെ അസുഖമാണ് കാരണമെന്നും പറയുന്നു. പറയുന്നത്ര മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നൊരാളല്ല ജിഷയുടെ അമ്മ. അവര്‍ ഇപ്പോഴും ജോലിയെടുത്താണു ജീവിക്കുന്നുണ്ട്. അതല്ലെങ്കില്‍ തന്നെ മനോനില തെറ്റിയൊരാളെ ഒറ്റപ്പെടുത്തുന്നതാണോ നമ്മള്‍ കാണിക്കേണ്ട ബുദ്ധി! അതെന്തുമാകട്ടെ, അയല്‍വക്കക്കാരെയോ ബന്ധുക്കളെയോ ഞങ്ങളവിടെ കണ്ടില്ല. ആരും ചോദിക്കാനും പറയാനുമില്ല എന്ന മനസിലാക്കായാകണം പൊലീസും അലസത കാണിക്കുന്നത്.

പൊലീസും മാധ്യമങ്ങളും പറയുന്നത് ബലാത്സംഗ ശ്രമം നടന്നിട്ടുണ്ടെന്നാണ്. ആരോ ഒരാള്‍ നടത്തിയ ബലാത്സംഗ ശ്രമമെന്നു തന്നെയാണ് പൊലീസ് ഞങ്ങളോടും പറഞ്ഞത്. ജിഷയുടെ ശരീരത്തില്‍ ചുരിദാറിന്റെ ടോപ്പ് മാത്രമാണുണ്ടായിരുന്നത്. പാന്റ്‌സും അടിവസ്ത്രവും ശരീരത്തില്‍ ഇല്ലായിരുന്നു. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ബലാത്സംഗ ശ്രമമേ നടന്നിട്ടുള്ളൂവെന്നാണോ പറയേണ്ടത്. ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടി വന്നതിനെക്കാള്‍ ക്രൂരതയാണ് ഇവിടെ ജിഷ നേരിട്ടിട്ടുള്ളത്. എന്നിട്ടും അതു ചെയ്തവരെ ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സങ്കടകരം; അനു കൂട്ടിച്ചേര്‍ക്കുന്നു.

ആരാണ് പ്രതിയെന്നതിന് കൃത്യമായൊരു സൂചന ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തു സ്ഥലത്ത് നിന്നു കിട്ടിയ രക്തം പുരണ്ട കത്തി, തലമുടി എന്നിവയാണ് ആകെയുള്ള തുമ്പ്. പക്ഷേ കൊലപാതകത്തിന്റെ രീതിവച്ച് പ്രതി ഇതരസംസ്ഥാനക്കാരന്‍ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഈ നിഗമനത്തെ ബലപ്പെടുത്താന്‍ ആകെയുള്ളത് പ്രദേശത്ത് നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുവെന്നതു മാത്രമാണ്. ജിഷയുടെ വീടിനു പിറകിലായി തീരെ പൊക്കം കുഞ്ഞൊരു മതിലുണ്ട്. ഇതു ചാടി കടന്നു വരാന്‍ വളരെ എളുപ്പമാണ്. പകല്‍ സമയത്ത് ജിഷ മാത്രമാണ് വീട്ടിലുള്ളതെന്ന് അറിയാവുന്നവരായിരിക്കാം കുറ്റകൃത്യത്തിനു പിന്നില്‍. അക്കാര്യം ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് എങ്ങനെ അറിഞ്ഞു എന്നതും സംശയം. പീഡനശ്രമത്തിനിടയില്‍ നടന്ന കൊലപാതകം ആണെന്നു പൊലീസ് പറയുമ്പോഴും, യാദൃശ്ചികമായി നടന്ന കൊലയാകാനും വഴിയില്ല. ഡല്‍ഹിയില്‍ സംഭവിച്ചതുപോലെ പെണ്‍കുട്ടിയെ ബോധപൂര്‍വം ക്രൂരതയ്ക്ക് ഇരയാക്കിയിരിക്കുകയാണ്.

പൊലീസിന്റെ സംശയം ശരിയാണെങ്കില്‍ പ്രതി പരിസരപ്രദേശത്തു നിന്നു തന്നെയാവണം. പക്ഷേ നാലു ദിവസം കഴിഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല എന്നത് വീഴ്ച്ചയാണ്. ഉത്തരേന്ത്യന്‍ കുറ്റവാളികളുടെ രീതിയനുസരിച്ച് കൊലപാതകമോ മോഷണോ കഴിഞ്ഞാല്‍ ഇവര്‍ നാടുവിടുകയാണ്. ബംഗാളികള്‍ എന്നു പൊതുവെ പറയുമ്പോഴും ഇവരെല്ലാം ഏതേതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നതിന്റെ ഒരു രേഖയോ തെളിവോ ഇല്ല. ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമൊക്കെ വരുന്നവരുണ്ട്. അതുകൊണ്ടു തന്നെ പ്രതി സംസ്ഥാനമോ രാജ്യമോ വിട്ടുപോകാനുമുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. നാലുദിവസം എന്നത് ഒരാള്‍ക്ക് രക്ഷപ്പെടാനുള്ള അധികസമയമാണ്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഇനിയും ഉപേക്ഷ ഉണ്ടാവരുത്. ജിഷമോളുടെ ഘാതകനെ പിടികൂടേണ്ടതു തന്നെയാണ്. മാതൃകാപരമായ ശിക്ഷയും അയാള്‍ക്ക് ലഭിക്കണം. അതിനായുള്ള ശ്രമം പൊലീസ് നടത്തുന്നില്ലെന്നെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം പൊലീസിനും ഭരണകൂടത്തിനുമെതിരെ ഉയര്‍ന്നു വരേണ്ടതുണ്ട്.

ഡല്‍ഹി പെണ്‍കുട്ടി, സൗമ്യ എന്നിവരുടെ കാര്യത്തില്‍ കാണിച്ച ഉത്സാഹം ജിഷയുടെ കാര്യത്തില്‍ ഇതുവരെ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നതു വീണ്ടും ഓര്‍മിപ്പിക്കുകയാണ്. ഭരണകൂടവും നിയമവ്യവസ്ഥയും അനങ്ങാപ്പാറ നയം തുടരുന്നിടത്ത് ജനകീയ മുന്നേറ്റം ഫലം കാണുമെന്നതിന് ഉദാഹരണങ്ങളുണ്ട്. പക്ഷേ ജിഷയുടെ കാര്യത്തില്‍ മലയാളിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുകയാണെന്ന ആക്ഷേപവും ഇപ്പോള്‍ ഉയരുന്നുണ്ട്. ലോകത്തിനു മുന്നില്‍ ഇന്ത്യ നാണക്കേടുകൊണ്ടു തലകുനിച്ച സംഭവമാണ് ഡല്‍ഹിയില്‍ നടന്നത്. രാജ്യവ്യാപകമായി നമ്മള്‍ നിര്‍ഭയയുടെ നീതിക്കും ജീവനും വേണ്ടി ശബ്ദമുയര്‍ത്തി. നിര്‍ഭയ എന്റെ മകളാണെന്നും സഹോദരിയാണെന്നും നമ്മള്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടി അതിലും ക്രൂരമായി കൊല ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ മൗനം പാലിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ നീതിബോധത്തിന്റെ അടിസ്ഥാനം? ഡല്‍ഹിയിലോ ഹൈദരാബാദിലോ നടക്കുന്നതേ നമ്മുടെ വികാരങ്ങളെ ആളിക്കത്തിക്കുന്നുള്ളോ? നമുക്ക് നേരെ വരുന്നൊരു പ്രശ്‌നം മാത്രമേ മലയാളിക്ക് പ്രശ്‌നമാവുന്നുള്ളൂ. ബാക്കിയെല്ലാത്തിനോടും ഇത്തരം നിസംഗതയാണ്. ആ നിസംഗതയുമാകാം ജിഷയുടെ കാര്യത്തില്‍ കാണിക്കുന്നതും.

ഒന്നാലോചിച്ചു നോക്കൂ, ഇത്രയും നാള്‍ ആ പെണ്‍കുട്ടി ജീവിച്ചത് ബലമില്ലാത്ത ചുമരുകള്‍ക്കും അടച്ചുറപ്പില്ലാത്ത വാതിലിനും പിന്നിലായിരുന്നു. ഒന്നോര്‍ത്താല്‍ അവളിത്രയും കാലമെങ്കിലും സുരക്ഷിതയായി കഴിഞ്ഞല്ലോ. പ്രാഥമികാവിശ്യം നിര്‍വഹിക്കാന്‍ ഇരുട്ടാകുന്നതുവരെ കാത്തിരിക്കേണ്ട ഗതികേട് ഒരു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ എവിടെയാണ് നമ്മുടെ നാട് പുരോഗമിച്ചത്? പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി പ്രായവും രോഗവും തളര്‍ത്തുന്ന ഒരമ്മയുടെ മാത്രം സംരക്ഷണയില്‍ ഒട്ടും ഉറപ്പില്ലാത്തൊരു വീട്ടില്‍ കഴിയുന്നത് ജനപ്രതിനിധികള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇതുവരെ കാണാന്‍ സാധിച്ചില്ലേ? എന്ത് സുരക്ഷയാണ് ഇന്നാട്ടിലെ സ്ത്രീയ്ക്കുള്ളത്? നമുക്ക് തെരഞ്ഞെടുപ്പാഘോഷവും ചൂടുവര്‍ത്തമാനങ്ങളുമൊക്കെ പറഞ്ഞിരിക്കാം, ഇതുവരെ നമുക്കൊന്നും നഷ്ടമായിട്ടില്ലല്ലോ…പക്ഷേ എത്രനാള്‍…;അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ മായ കൃഷ്ണന്‍ ചോദിക്കുന്നു. മായയുടെ ജൂനിയറായി ലോ കേളജില്‍ പഠിച്ചതാണ് ജിഷ മോള്‍. ഇവിടെ ആവശ്യങ്ങള്‍ രണ്ടാണ്, മായ തുടരുന്നു; ജിഷമോള്‍ക്ക് നീതി കിട്ടണം, ആ നീതിക്കു വേണ്ടി മലയാളി സമൂഹം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. ഇതെല്ലാം ഉത്തരേന്ത്യയില്‍ നടക്കുന്നതല്ലേ എന്ന് നിസാരവത്കരിച്ച പലതുമാണ് ഇന്നു നമ്മുടെ കണ്‍മുന്നില്‍ നടക്കുന്നത്. എന്നിട്ടും നമ്മള്‍ പ്രതികരിക്കാതിരിക്കുന്നതെന്തേ? അവന്റെ മുറ്റത്താണല്ലോ നടന്നതെന്ന ആശ്വാസമാണോ? അതുവേണ്ട, ഇന്നലെ അവന്റെ മുറ്റത്ത് നടന്നത് നാളെ എന്റെ വീട്ടില്‍ നടക്കുമെന്ന ഓര്‍മവേണം. ഒരു ചെറ്റക്കുടിലെ പെണ്ണിന്റെ ജീവനും മാനത്തിനും എന്തു വില എന്നാകരുത് നമ്മുടെ ചിന്ത. ജിഷ മോള്‍ക്ക് നീതി കിട്ടണം. ഒപ്പം ഈ നാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും.

പതിവുപോലെ മുഖ്യധാര സമൂഹവും ഭരണകൂടവും മുഖം തിരിച്ചു നില്‍ക്കുന്ന ഒരു വിഷയത്തില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ശക്തമാവുന്നുണ്ട്. പക്ഷേ പോസ്റ്റുകള്‍ ഇട്ടതുകൊണ്ടും പ്രൊഫൈല്‍ പിക്ചര്‍ കറുപ്പിച്ചതുകൊണ്ടും മാത്രം ഫലമുണ്ടാകുമെന്ന് കരുതരുത്. നീതി നടപ്പാകാന്‍ തെരുവുകള്‍ ഉണരണമെങ്കില്‍ അതിനിനിയും വൈകരുത്. 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍