UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം കരുവാരക്കുണ്ടില്‍ പെണ്‍കുട്ടിയുടെ ഇടപെടല്‍ തടഞ്ഞത് 10 ബാലവിവാഹങ്ങള്‍

ഫോണ്‍ ചെയ്ത കുട്ടിയടക്കം സ്‌കൂളില്‍ പഠിക്കുന്ന 10 പെണ്‍കുട്ടികളുടെ വിവാഹം വേനലവധിക്കാലത്ത് നടത്താനായിരുന്നു രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും പരിപാടി.

മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്തില്‍ പെണ്‍കുട്ടിയുടെ അവസരോചിതമായ ഇടപടല്‍ തടഞ്ഞത് 10 ബാലവിവാഹങ്ങള്‍. ചൈല്‍ഡ് ലൈന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പെണ്‍കുട്ടി ഇത് സംബന്ധിച്ച് വിവരമറിയിക്കുകയായിരുന്നു. ഫോണ്‍ ചെയ്ത 15കാരിയായ കുട്ടിയടക്കം സ്‌കൂളില്‍ പഠിക്കുന്ന 10 പെണ്‍കുട്ടികളുടെ വിവാഹം വേനലവധിക്കാലത്ത് നടത്താനായിരുന്നു രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും പരിപാടി. എല്ലാവരും പെണ്‍കുട്ടി ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് പരാതിപ്പെട്ടു. “എനിക്ക് പഠിക്കണം, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണം” എന്ന് പറഞ്ഞ് പെണ്‍കുട്ടി കരയുകയായിരുന്നു.

ചൈല്‍ഡ്‌ലൈന്‍ സംഘം ഉടന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുകയും തുടര്‍ന്ന് സമാനമായ ഒമ്പത് കേസുകള്‍ കൂടി കരുവാരക്കുണ്ട് പഞ്ചായത്തില്‍ കണ്ടെത്തുകയുമായിരുന്നു. പല വിവാഹങ്ങളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉറപ്പിച്ചിരുന്നു. പലരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. രക്ഷിതാക്കള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍. ഈ പെണ്‍കുട്ടികളില്‍ പലരും അവരുടെ പ്രതിശ്രുത വരന്മാരുമായി ഫോണില്‍ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

ചൈന്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് സംസാരിക്കാന്‍ വാര്‍ഡ് മെമ്പറുമായും മേഖലയില്‍ ചൈല്‍ഡ് മാരേജ് പ്രിവന്‍ഷന്‍ ഓഫീസറുടെ ചുമതലയുള്ള ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസറുമായും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മെമ്പര്‍ റോഷ്‌നി സുരേന്ദ്രന്‍ ഇത് അവഗണിച്ചതായി പരാതിയുണ്ട്. തനിക്ക് വേറെ ഗ്രാമസഭയില്‍ വേറെ പ്രധാനപ്പെട്ട പണിയുണ്ടെന്നും ഈ പ്രശ്‌നത്തില്‍ താല്‍പര്യമില്ലെന്നുമാണ് മെമ്പര്‍ പറഞ്ഞതായാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. പെണ്‍കുട്ടികളേയും രക്ഷിതാക്കളേയും കൗണ്‍സിലിംഗിനായി ചൈല്‍ഡ്‌ലൈന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. 29 ചൈല്‍ഡ് മാരേജ് പ്രിവന്‍ഷന്‍ ഓഫീസര്‍മാരാണ് ജില്ലയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍