UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്യവട്ടം ക്യാമ്പസിലെ സദാചാരക്കാരോട്: ഞങ്ങളെ പൂട്ടിയിട്ട് വളര്‍ത്താമെന്ന് കരുതരുത്

Avatar

നീതു എസ് കുമാര്‍

പ്രതിഷേധങ്ങളും പ്രതികരണങ്ങളും ക്യാമ്പസുകളെ കലുഷിതമാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നീതിക്കും സമത്വത്തിനുമായി പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍വകലാശാല ക്യാമ്പസുകള്‍ നടത്തുന്ന നിരന്തരമായ ഇടപെടലുകളും അധികാര ഭരണവര്‍ഗങ്ങളെ തെല്ലും ഭയപ്പെടാതെയുള്ള പോരാട്ടങ്ങളും പ്രതീക്ഷാവഹമാണ്. പോരാട്ടങ്ങളുടെ ഈ തീക്ഷ്ണഘട്ടത്തില്‍ ഒരു വിദ്യാര്‍ഥിയായി വിദ്യാര്‍ഥിപക്ഷത്തുനിന്നും ചിന്തിക്കാന്‍ കഴിയുന്നതില്‍ തികച്ചും അഭിമാനം കൊള്ളുന്നു. സര്‍വകലാശാലകള്‍ മാറ്റത്തിന്റെ പൊതു ഇടങ്ങളാണ്. ലോകത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെകുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആശയങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് ഇത്തരം ബൗദ്ധിക ഇടങ്ങളിലാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇടപെഴകാന്‍ മനുഷ്യന് അവസരമൊരുക്കുന്ന സര്‍വകലാശാലകള്‍ സമത്വത്തിന്റെയും തുല്യനീതിയുടെയും വ്യക്താക്കളായി വര്‍ത്തിക്കപ്പെടുമ്പോള്‍ കേരളത്തിലെ മാതൃസര്‍വകലാശാലയായ കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിവേചനത്തിന്റെ വര്‍ത്തമാനങ്ങള്‍ ഞങ്ങളില്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്.

അക്കാദമിക്, സര്‍ഗാത്മകരംഗങ്ങളിലും കേരളത്തിലെ പൊതുമണ്ഡലത്തിലും സര്‍വകലാശാല കൈവരിച്ച നേട്ടങ്ങളുടെയും ഇടപെടലുകളുടെയും സ്മരണാര്‍ഥമാകണം ‘തെക്കിന്റെ ജെ.എന്‍.യു’ എന്ന നാമവിശേഷണം സര്‍വ്വകലാശാലയ്ക്ക് ലഭിച്ചത്.

രാഷ്ട്രീയ, സാമുഹിക, സാംസ്‌കാരികമേഖലകളില്‍ കൃത്യമായ വേരുകളുള്ള സര്‍വ്വകലാശാലയ്ക്ക് NAAC സന്ദര്‍ശനത്തിനുശേഷം ‘A’ ഗ്രേഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ മികച്ച സര്‍വ്വകലാശാലയ്ക്കുള്ള ചാന്‍സിലേഴ്‌സ് അവാര്‍ഡ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചതും ഈ സര്‍വകലാശാലയുടെ മഹത്വത്തെ സുചിപ്പിക്കുന്നു. അഭിമാനകരമായ ഇത്തരം നേട്ടങ്ങളൊക്കെ നിലനില്‍ക്കെത്തന്നെ ഭൂരിഭാഗം വരുന്ന ക്യാമ്പസിലെ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് സര്‍വകലാശാല കാട്ടുന്ന ലിംഗവിവേചനത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ്. ബിരുദാനന്തരബിരുദവും ഗവേഷണവുമുള്‍പ്പെടെ ഗൗരവമായ ഉന്നത വിദ്യാഭ്യാസ സംവിധാനം ലഭ്യമാക്കുന്ന ക്യാമ്പസില്‍ കടുത്ത ലിംഗവിവേചനമാണ് നടക്കുന്നത്.

 

വൈകിട്ട് ആറുമണിക്ക്‌ശേഷം ക്യാമ്പസിലൂടെ സഞ്ചരിക്കുവാനും രാത്രി 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കുന്ന ക്യാമ്പസ് ലൈബ്രറി ഉപയോഗിക്കുവാനും ഹോസ്റ്റലിലെ സമയത്തിനും ഭക്ഷണത്തിനും ഉള്‍പ്പെടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ടുതരത്തിലുള്ള നിയമങ്ങളാണ് സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ഥാപിച്ചിട്ടുള്ളതും ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്തതുമായ ‘മൂവ്‌മെന്റ് രജിസ്റ്റര്‍’ ആണ്. വിദ്യര്‍ത്ഥികള്‍ ഹോസ്‌ററലില്‍നിന്നും എവിടേയ്ക്ക് പോകുന്നു എന്നു കൃത്യമായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം! എന്തു വിശ്വാസ്യതയാണു മൂവ്‌മെന്റ് രജിസ്റ്റര്‍ എന്ന ഈ പുസ്തകത്തിനുള്ളത് എന്നത് അറിയില്ല. ഈപുസ്തകത്തില്‍ എഴുതിയ ഇടങ്ങളില്‍ തന്നെയാണു വിദ്യാര്‍ഥികള്‍ പോയിട്ടുള്ളത് എന്ന്‌ സര്‍വകലാശാല എങ്ങനെ കണ്ടുപിടിക്കും. ഇനിഅവര്‍ തങ്ങള്‍ക്കു ഇഷ്ടമുള്ള ഇടങ്ങളില്‍ തന്നെയാണ് പോയതെങ്കിലും പൊതുസമൂഹത്തിനു ദോഷകരമായി ഒന്നും ചെയ്യാത്തിടത്തോളംകാലം അവരെ ശിക്ഷിക്കാന്‍ സര്‍വ്വകലാശാലയ്‌ക്കോ വാര്‍ഡനോ മേട്രനോ അധികാരമില്ലെന്നുള്ളതല്ലേ വാസ്തവം?

ഹോസ്റ്റലില്‍നിന്നും രാത്രി 8 മണിയ്ക്ക് ലൈബ്രറിയില്‍ പോകുന്നവര്‍ ഈ രജിസ്റ്ററില്‍ പേരെഴുതണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം വിദ്യാര്‍ഥികള്‍ വൈകിട്ട് 6.30നു ഹോസ്റ്റലില്‍ എത്തിയതിനു ശേഷം രാത്രി എട്ടു മണിക്ക് യൂണിവേഴ്‌സിറ്റി ബസില്‍ മാത്രമേ ലൈബ്രറിയില്‍ പോകാവു എന്ന അലിഖിതനിയമവും നിലനില്‍ക്കുന്നു. ഇതിനു വിരുദ്ധമായി 6.30നു ശേഷം ഹോസ്റ്റലില്‍ എത്തുകയാണെങ്കില്‍ സദാചാര വിചാരണകളും നേരിടേണ്ടി വരുന്നു. നീ എവിടെ പോയി? എന്തിനു പോയി? ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ വിളിച്ചു പറയും എന്നൊക്കെയുള്ള ചോദ്യം ചെയ്യലുകളും ഭീഷണിയുമാണ്. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തും. 

ഹോസ്റ്റലുകളും ലൈബ്രറിയും തമ്മില്‍ മിനിറ്റുകളുടെ ദൂരം മാത്രം നിലനില്‍ക്കെയാണ് ഇത്തരം അലിഖിതനിയമങ്ങളും സദാചാരചങ്ങലകളും വനിത ഹോസ്റ്റലുകളില്‍ നിലനില്‍ക്കുന്നത്. ഗവേഷക മേഖലയിലെ ആണ്‍കുട്ടികളായ ഗവേഷകര്‍ വൈകിട്ട് ആറു മണിക്കു ശേഷം ലാബുകളില്‍ ഗവേഷണം നടത്താറുണ്ടെങ്കിലും വനിതാഗവേഷകര്‍ക്ക് തങ്ങളുടെ അക്കാദമിക് ആവശ്യങ്ങള്‍ നിറവേറ്റാന്‍ വാര്‍ഡന്‍, മേട്രന്‍ തുടങ്ങിയവരുടെ അനുവാദം വേണ്ടിവരുന്നു. ഇങ്ങനെ ഒരേ അക്കാദമിക് സമൂഹത്തില്‍ ജീവിക്കുന്ന, ഒരേ ക്ലാസ്സില്‍, ഒരേ സിലബസ് പഠിക്കുന്നവര്‍ ലിംഗവ്യത്യാസത്തിന്റെ പേരില്‍ രണ്ടു നിയമങ്ങള്‍ നടപ്പാക്കുകയാണ്. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത മൂവെമെന്റ് രജിസ്റ്റര്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനാണ്. പെണ്‍കുട്ടികള്‍ മാത്രമാണോ സദാചാരത്തെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍?

ആവശ്യത്തിനു സെക്യുരിറ്റി സംവിധാനവും മറ്റുമുള്ള സര്‍വകലാശാല ക്യാമ്പസില്‍ ആണ്‍കുട്ടികളെപ്പോലെതന്നെ പെണ്‍കുട്ടികള്‍ക്കും സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്നവരോട്‌ ‘ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ പേരില്‍ തെറ്റ്‌ചെയ്യാന്‍ അനുവദിക്കുകയില്ല’എന്നാണു അധികാരികള്‍ നല്‍കുന്ന ഉത്തരം. രാത്രിയെ ‘തെറ്റായി’ മാത്രം കാണുന്ന അധികാരികള്‍ തങ്ങളുടെ സദാചാരകണ്ണടകള്‍ മാറ്റിവെച്ച് തുറന്നമനസോടെ സമൂഹത്തെ വീക്ഷിക്കേണ്ടതുണ്ട്. ആണും പെണ്ണും ഒന്നിച്ച് ഇടപെഴകിയാല്‍ ‘അനാശാസ്യം’ ഉണ്ടാകുമെന്നും മിക്‌സഡ് ഹോസ്റ്റല്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ കൂടെ നഴ്‌സറിസ്‌കൂളുകളും തുടങ്ങേണ്ടിവരുമെന്നാണ് അധികാരികളുടെ പരിഹാസം. സത്യമാണിത്, മിക്‌സിഡ് ഹോസ്റ്റലുകള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍വകലാശയിലെ ഉന്നതസ്ഥാനീയനായ വ്യക്തി പരസ്യമായി ചോദിച്ചതാണ് ന്‌സറി സ്‌കൂള്‍ കൂടി തുടങ്ങി തരണമോയെന്ന്. എത്രമാത്രം അധ:പതിച്ച ചിന്താഗതിയാണ് അദ്ദേഹത്തെപോലുള്ളവര്‍ വച്ചു പുലര്‍ത്തുന്നതെന്നു നോക്കണം. ഇത്തരം അധികാരികള്‍ എന്തു സന്ദേശമാണ് പൊതു വിദ്യാര്‍ഥി സമൂഹത്തിനു നല്‍കുന്നതെന്ന് അറിയില്ല. ലൈംഗിക വിദ്യഭ്യാസത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമൂഹത്തില്‍ സര്‍വകലാശാലകള്‍ പോലെയുള്ള ഉന്നതവിദ്യാഭ്യാസ ഇടങ്ങള്‍ ഇത്തരം കാഴ്ചപ്പാടുകളോടു പുലര്‍ത്തുന്ന അലംഭാവം അധികാരികളുടെ സദാചാരബോധത്തെയും ഇടുങ്ങിയ ചിന്താഗതിയേയുമാണു തുറന്നുകാട്ടുന്നത്. 

ആണ്‍-പെണ്‍ ലിംഗഭേദങ്ങളെ പരമാവധി വികസിപ്പിച്ച് സ്ത്രീയെ സമൂഹത്തിന്റെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി ഗാര്‍ഹിക ഇടങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുല്യനീതിയുടെ അടയാളങ്ങള്‍ക്കായി ജെഎന്‍യുവിലും എച്ച്‌സിയുവിലും വരെ പോകേണ്ടതില്ല. ഇങ്ങു കേരളത്തില്‍ ഉള്ളൂരിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്സില്‍ പെണ്‍കുട്ടികള്‍ അവരുടെ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്നുണ്ട്. അവരുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ചങ്ങലകളിടാനോ അക്കാദമിക് സമയങ്ങളിലെ ഘടികാരങ്ങളാകാനോ അവിടെ ആരും ശ്രമിക്കുന്നില്ല. അവരുടെ രാത്രികള്‍ അവരുടേതു മാത്രമാണ്. ആണിന്റെ ക്യാമ്പസ്/പെണ്ണിന്റെ ക്യാമ്പസ് എന്നിങ്ങനെ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും അളവുകോലില്‍ ചിട്ടപ്പെടുത്തുന്നുമില്ല. അവരുടെ രാത്രികളെ ആരും ഭയപ്പെടുന്നില്ല!

സ്ത്രീകളുടെ വിമോചനത്തിലൂടെയല്ലാതെ ഒരിക്കലും ഒരു സമൂഹം പുരോഗതി കൈവരിക്കുകയില്ല എന്ന മാര്‍ക്‌സിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടു പറയട്ടെ, കാര്യവട്ടം ക്യാമ്പസ് ഞങ്ങളുടെതു കൂടിയാണ്. ഞങ്ങള്‍ പഠിക്കുന്ന ഞങ്ങളുടെ ക്യാമ്പസ്, ഹൈമാവതിയും ശ്രീലങ്കയും ഡിവൈഡറിലെ മഞ്ഞവെളിച്ചവുമുള്ള ഞങ്ങളുടെ ക്യാമ്പസ് .’ലിംഗസമത്വം നിയമനിര്‍മ്മാണത്തില്‍ കൂടി മാത്രമല്ല സാധ്യമാകുന്നത്, ആളുകളുടെ മനോഭാവങ്ങളിലും മാറ്റം വരേണ്ടതായുണ്ട്’. നിങ്ങളുടെ സദാചാരക്കണ്ണുകള്‍ നിങ്ങള്‍ തന്നെ കുത്തിപ്പൊട്ടിക്കൂ. ക്യാമ്പസിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും എല്ലാവരും ആസ്വദിക്കട്ടെ…

120 കോടി ജനതയുടെ അഭിമാനം സംരക്ഷിക്കാന്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രം ഉണ്ടായി എന്ന അതേ സാഹചര്യത്തില്‍ തന്നെയാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിഷേധിക്കേണ്ടി വരുന്നതെന്നത് എത്ര വിരോധാഭാസമാണ്… അടച്ചുപൂട്ടിയിട്ട് വളര്‍ത്തേണ്ടവരാണ് പെണ്‍കുട്ടികളെന്ന് നിങ്ങള്‍ ഇനിയും കരുതുന്നുണ്ടെങ്കില്‍ സാക്ഷിയേയും സിന്ധുവിനെയും ഓര്‍ത്ത് അഭിമാനം കൊള്ളാനും നിങ്ങള്‍ക്ക് അവകാശമില്ല…

ഞങ്ങളുടെ സമയങ്ങള്‍, ഞങ്ങളുടെ വഴികള്‍, ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്കു തരിക…

(കാര്യവട്ടം കാമ്പസില്‍ തിയേറ്റര്‍ ആന്‍ഡ് ഫിലിം ഏസ്‌തെറ്റിക്‌സില്‍ എം എഫില്‍ എം.ഫില്‍ വിദ്യാര്‍ഥിയാണ് നീതു എസ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍