UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുത്വ പഠനത്തിനായി പെണ്‍കുട്ടികളെ കടത്തല്‍; മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഭരണകൂടം

Avatar

അഴിമുഖം പ്രതിനിധി 

‘വാര്‍ത്ത നല്‍കിയതു മുതല്‍ ഞാന്‍ ഓണ്‍ലൈനില്‍ അധാര്‍മികമായി ആക്ഷേപിക്കപ്പെട്ടു. എന്റെ വിവാഹഫോട്ടോകള്‍ ദുരുപയോഗം ചെയ്ത അവര്‍ ഭര്‍ത്താവിനെയും വെറുതെ വിട്ടില്ല. ഇവയില്‍ ചിലത് ഞാന്‍ മേനകാ ഗാന്ധിയുടെ ഇ-മെയിലിലേക്ക് അയച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ല,’ ഔട്ട്‌ലുക്ക് ജേര്‍ണലിസ്റ്റ് നേഹ ദീക്ഷിത് പറയുന്നു.

അസമിലെ 31 ആദിവാസി പെണ്‍കുട്ടികളെ നിയമം ലംഘിച്ച് സംഘപരിവാര്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തിയതിന്റെ വിശദാംശങ്ങളടങ്ങുന്ന ‘ഓപ്പറേഷന്‍ ബേബിലിഫ്റ്റി’നെ കുറിച്ചുള്ള അന്വേഷണ പരമ്പരയാണ് നേഹ ദീക്ഷിതിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചത്തെ ലക്കത്തിലാണ് ഔട്ട്‌ലുക്ക് മാസിക ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

എന്നാല്‍ സംഘപരിവാര്‍ ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നു. ബിജെപി വക്താവും ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകനുമായ ബൈജോന്‍ മഹാജന്‍, ബിജെപി ന്യൂനപക്ഷ സെല്ലിലെ മോമിനുല്‍ അവ്വല്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സുഭാഷ് ചന്ദ്ര കായല്‍ എന്നിവരുടെ പരാതിയില്‍ നേഹയ്‌ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പൊലീസ്. ഇന്ത്യന്‍ ശിക്ഷാനിയമം 153 അനുസരിച്ച് സമൂഹത്തില്‍ അനൈക്യം വളര്‍ത്തുന്നുവെന്നാരോപിച്ചാണ് ഇത്.

ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖകളുടെ പിന്‍ബലമുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അസമില്‍നിന്ന് മുപ്പത്തിയൊന്ന് ആദിവാസി പെണ്‍കുട്ടികളെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സാമൂഹിക സേവന സംഘടനയായ സേവാ ഭാരതി ഗുജറാത്തിലേക്കും പഞ്ചാബിലേക്കും കടത്തി. ഇവരെ ഹിന്ദുമതത്തില്‍ ചേര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. ജൂണിലാണ് സംഭവം. ഔട്ട്‌ലുക്കിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള അസം സംസ്ഥാന കമ്മിഷന്‍ ഉള്‍പ്പെടെ നിരവധി ബാലാവകാശ സംഘടനകള്‍ കുട്ടികളെ തിരിച്ചയക്കണമെന്ന് സംഘപരിവാര്‍ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എങ്കിലും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. തെളിവുകളോടെ കുറ്റക്കാരെന്നു ചൂണ്ടിക്കാണിക്കപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അസമിലെ വലതുപക്ഷതീവ്രവാദികള്‍ ജേണലിസ്റ്റിനെതിരെ വിദ്വേഷം പരത്താനാണു ശ്രമിച്ചത്. ട്വിറ്ററില്‍ ട്രോളുകളായും ഫേസ്ബുക്ക് പേജില്‍നിന്നെടുത്ത സ്വകാര്യ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തും അവരെ പിന്തുടര്‍ന്നു.

ഹിന്ദുത്വ സംഘടനകളുടെയും അവരുടെ അനുയായികളുടെയും പെരുമാറ്റത്തെ നൂറിലധികം ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും സര്‍വകലാശാലാ അദ്ധ്യാപകരും ശക്തിയായി വിമര്‍ശിക്കുന്നു. ചലച്ചിത്രകാരനായ നകുല്‍ സിങ്ങാണ് നേഹയുടെ ഭര്‍ത്താവ്. സിങ്ങിന്റെ വാര്‍ത്താചിത്രമായ ‘മുസാഫര്‍ നഗര്‍ ബാക്കി ഹെ’ യും വലതുപക്ഷക്കാരുടെ എതിര്‍പ്പിനിരയായിരുന്നു.

സോഷ്യല്‍ മീഡിയയിലെ അവഹേളനം തുടര്‍ന്നപ്പോഴാണ് നേഹ മേനകാ ഗാന്ധിക്ക് പരാതി നല്‍കിയത്.  ഇന്റര്‍നെറ്റില്‍ വനിതകള്‍ക്കെതിരെയുള്ള ആക്രമണ സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ, ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പ്രത്യേക സൈബര്‍ സെല്‍ രൂപീകരിച്ചത് ഒരുമാസം മുന്‍പാണ്. നേഹയുടെ പരാതിയില്‍ നടപടി എടുക്കാതിരിക്കുന്നത് സൂചിപ്പിക്കുന്നത് അത് പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. 

ജേണലിസ്റ്റിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കുക എന്നാല്‍ ഭയപ്പെടുത്തലാണ്. രേഖകള്‍, അഭിമുഖങ്ങള്‍, ഫോട്ടോകള്‍ എന്നിവ നിറഞ്ഞതാണ് അസം സംഭവത്തെപ്പറ്റി നേഹ പ്രസിദ്ധീകരിച്ച വാര്‍ത്ത.

ഹിന്ദുത്വ അജണ്ട ലളിതമാണ് – കുട്ടികളെ മോഷ്ടിച്ച് അവരെ ഹിന്ദുത്വ ആശയങ്ങള്‍ പഠിപ്പിക്കുക. കുട്ടികളെ തട്ടിയെടുത്തതിന് അതു ചെയ്തവരുടെ വിശദീകരണം വായിച്ചാല്‍ രണ്ടു ചോദ്യങ്ങളാണ് ഉയരുക.

എന്തുകൊണ്ട് മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ അവരെ അനുവദിക്കുന്നില്ല? അവര്‍ സ്വന്തം വീടുകളില്‍ താമസിക്കുമ്പോള്‍ത്തന്നെ എന്തുകൊണ്ട് ഈ ‘വിദ്യാഭ്യാസം’ നടത്താന്‍ സാധിക്കില്ല?

ആശയസംഹിതകളുടെ പ്രചാരണത്തിനായി അധികാരികള്‍ കുട്ടികളെ ഉപയോഗിക്കുന്നതിന്റെ കഥകള്‍ ലോകമെങ്ങുമുണ്ട്. നാസി ജര്‍മനി അതുചെയ്തിരുന്നു. കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന നിയമങ്ങള്‍ അനുസരിക്കാത്തവരുടെ കുട്ടികളെ എടുത്തുമാറ്റുന്ന കാര്യത്തില്‍ നോര്‍വേ കുപ്രസിദ്ധമാണ്. 1905 മുതല്‍ 1970 വരെ ആദിവാസികളും വെള്ളക്കാരുമായ മിശ്രദമ്പതികളില്‍നിന്ന് കുട്ടികളെ എടുത്തുമാറ്റി അവരിലെ ആദിവാസി സംസ്‌കാരം ഇല്ലാതാക്കാന്‍ ഓസ്‌ട്രേലിയ ശ്രമിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട തലമുറകള്‍ എന്നറിയപ്പെട്ട ഇത് ഇന്നും ഓസ്‌ട്രേലിയയുടെ നാണക്കേടാണ്. 2008 ഫെബ്രുവരി 18ന് പാര്‍ലമെന്റില്‍ ഒരു പ്രമേയമെന്ന നിലയില്‍ ആദിവാസികളോട് മാപ്പു പറഞ്ഞു. അനവധി ചലച്ചിത്രങ്ങള്‍ക്കും ഇത് പ്രമേയമായിട്ടുണ്ട്.

കുട്ടികളെ നഷ്ടമാകുന്നതില്‍ക്കവിഞ്ഞ വേദനയില്ല. മാതാപിതാക്കളില്‍നിന്ന് കുട്ടികളെ മാറ്റേണ്ടതിന്റെ ആവശ്യമെന്താണ്? എങ്ങനെയാണ് ഇതിനു ന്യായീകരണം നല്‍കാനാകുക? ദൂതനെ വെടിവയ്ക്കുക എന്ന പതിവാണ് ഇവിടെയും നടക്കുന്നത്. മറ്റു പല രാജ്യങ്ങളിലും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാകുമായിരുന്ന പത്രപ്രവര്‍ത്തനത്തിന് ഇവിടെ നേഹയ്ക്കു ലഭിക്കുന്നത് എഫ് ഐ ആറാണ്. 

പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കേസ് അന്വേഷിക്കാന്‍ പൊലീസ് നിയമപരമായി ബാധ്യസ്ഥരാണ്. എന്താണ് നേഹ ദീക്ഷിതിന്റെ കുറ്റം? അവര്‍ക്ക് ഒരു അജണ്ടയുണ്ടോ? ഏതൊരു പത്രപ്രവര്‍ത്തകയും ചെയ്യുമായിരുന്നതു മാത്രമേ അവരും ചെയ്തിട്ടുള്ളൂ. ഒരു വാര്‍ത്തയുടെ തുമ്പ് കിട്ടുന്നു. അവിടെച്ചെന്ന് അന്വേഷിക്കുന്നു. കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നു. ആര്‍എസ്എസിനെ വാര്‍ത്ത പ്രശംസിക്കുന്നില്ല. ബിജെപി പ്രവര്‍ത്തകര്‍ പരാതിയുമായെത്തുന്നു. നേഹയ്‌ക്കെതിരെ പൊലീസ് അന്വേഷണമുണ്ടാകില്ലായിരിക്കാം. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഒരു സന്ദേശമാണ്.

എന്തു സന്ദേശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിക്കുന്നത്? സ്വയം സെന്‍സര്‍ഷിപ് പ്രമാണമാക്കാനാവില്ല. എന്നാല്‍ സംഭവങ്ങള്‍ കണ്ടും കേട്ടും അത് പകര്‍ച്ചവ്യാധിയാകുന്നു. സുബീര്‍ ഘോഷും പരഞ്ചോയ് ഗുഹ തക്കുര്‍ത്തയും എഴുതിയ ‘ സൂ ദ് മെസഞ്ചര്‍: ഹൗ ലീഗല്‍ ഹരാസ്‌മെന്റ് ബൈ കോര്‍പറേറ്റ്‌സ് ഈസ് ഷാക്ക്‌ലിങ് റിപ്പോര്‍ട്ടേജ് ആന്‍ഡ് അണ്ടര്‍മൈനിങ് ഡമോക്രസി ഇന്‍ ഇന്ത്യ’ പുസ്തകം മാധ്യമങ്ങളുടെ വായടയ്ക്കുന്നത് തുറന്നുകാണിക്കുന്നു.

180 രാജ്യങ്ങളടങ്ങുന്ന വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 132 ആണ് ഇന്ത്യയുടെ സ്ഥാനം. 1992 മുതല്‍ 64 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ മാലിനി സുബ്രഹ്മണ്യത്തെ പോലുള്ള മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. പ്രതിരോധവകുപ്പിന്റെ പത്രസമ്മേളനങ്ങളില്‍ കടക്കാന്‍ അനുമതി ലഭിക്കാത്ത ഒരു പ്രതിരോധ മാധ്യമപ്രവര്‍ത്തകനുണ്ട്. അയാളുടെ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവ് അല്ല എന്നതാണ് കാരണം. തനിക്കു മുകളിലുള്ളവരോട് പരാതിപ്പെടാന്‍ അയാള്‍ക്കു ഭയമാണ്. അകത്തുകടക്കാനാവില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന ഭയം. 2011നും 2016-നുമിടയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 200 അപകീര്‍ത്തിക്കേസുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്തത്. അടുത്ത കാലത്ത് ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിതയ്ക്കതിരെ വാര്‍ത്ത നല്‍കാനാവില്ല എന്നതായിരുന്നു കാരണം.

പത്രസമ്മേളനത്തില്‍ നിന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടറെ പുറത്താക്കിയ ചരിത്രം ഇന്ദിരാ ഗാന്ധിക്കുണ്ട്. അവരും സഞ്ജയ് ഗാന്ധിയും പത്രപ്രവര്‍ത്തകരോടു പെരുമാറിയിരുന്നത് എങ്ങനെ എന്നോര്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. പത്രക്കാരുമായി ഇടപഴകാന്‍ ഇഷ്ടപ്പെട്ടിരുന്ന രാജീവ്ഗാന്ധി ബോഫോഴ്‌സിന്റെ സമയത്ത് അപകീര്‍ത്തി ബില്‍ പാസാക്കാന്‍ ശ്രമിച്ചു. മാധ്യമലോകം ശക്തമായി എതിര്‍ത്തു. കുല്‍ദീപ് നയ്യാര്‍, ഖുശ്വന്ത് സിങ്, രാംനാഥ് ഗോയങ്ക, അരുണ്‍ ഷൂരി, അരുണ്‍ പുരി, എന്‍ റാം തുടങ്ങിയവരടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങി.

പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസിലാക്കിയ പൊതുജനങ്ങള്‍ ഇതിനെ പിന്തുണച്ചു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെട്ട വിവാദങ്ങള്‍ അന്നുമുണ്ടായിരുന്നെങ്കിലും ഇന്നത്തേതുപോലെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന രീതി ഉണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ പ്രസ്റ്റിറ്റ്യൂട്ട്സ് (വികെ സിങ് പ്രസിദ്ധമാക്കിയ നിര്‍ഭാഗ്യകരമായ വാക്ക്) എന്നു വിളിച്ചാക്ഷേപിക്കുക വഴി ഭരണകൂടം ആഗ്രഹിക്കുന്ന അതേ കാര്യമാണ് പൊതുജനം ചെയ്യുന്നത് – രാഷ്ട്രീയക്കാരെ സംബന്ധിച്ച യഥാര്‍ത്ഥ വാര്‍ത്തകളുടെ വിശ്വാസ്യത സംശയത്തിലാക്കുംവിധം മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കുക. ആക്ഷേപങ്ങളും അവഹേളനങ്ങളും കൊണ്ട് മാധ്യമപ്രവര്‍ത്തകരെ അവഗണിക്കുക.

സര്‍ക്കാരിന് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമെന്നു തെളിയിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രമേ ഇന്ന് അഭിമുഖങ്ങളും വാര്‍ത്തകളും ലഭിക്കുന്നുള്ളൂ. അധികാരത്തിലായിരുന്നപ്പോള്‍ കോണ്‍ഗ്രസും ഭിന്നമായിരുന്നില്ല. അധികാരകേന്ദ്രങ്ങളില്‍ കടന്നുചെല്ലാനാകാത്ത മാധ്യമപ്രവര്‍ത്തകര്‍ പാരാജിതരാകുന്നു. എന്നുമുതലാണ് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ രാജഭൃത്യന്റേതിനു സമാനമായത്? അധികാരത്തിലുള്ളവരുടെ അടുത്തെത്താനുള്ള സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതുജനത്തെ കാര്യങ്ങള്‍ അറിയിക്കാനാകില്ല. ശുദ്ധീകരിക്കപ്പെട്ട വാര്‍ത്തകള്‍ മാത്രമാകും അവര്‍ക്കു ലഭിക്കുക.

ഭരണകൂടങ്ങള്‍ അനുവദിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവന്നത് മാധ്യമപ്രവര്‍ത്തകരാണ്. അതല്ലെങ്കില്‍ പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നത് അറിയുമായിരുന്നില്ല. അധികാരസ്ഥാനവുമായി നായകവീരാരാധനാ ബന്ധം നിലനിര്‍ത്താന്‍ ഒരു ജനത സ്വയം കബളിപ്പിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമല്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യാനും കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനും പോരാടണം. നല്ല മാധ്യമപ്രവര്‍ത്തനം തുടരണം. ഭരണഘടനയുടെ ജനാധിപത്യചൈതന്യത്തെ പിന്തുണയ്ക്കണോ എന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. വായനക്കാരേ, നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുക. അതല്ലെങ്കില്‍ ചോദ്യങ്ങള്‍ ഉയരില്ല. ഭരണകൂടം നിങ്ങള്‍ക്കു നല്‍കേണ്ട ഉത്തരങ്ങള്‍ ലഭിക്കുകയുമില്ല.

ഇവയാണ് നിങ്ങള്‍ക്കു തിരഞ്ഞെടുക്കാവുന്നത്: 1. ഒന്നും ചെയ്യാതിരിക്കുക. നിങ്ങളാഗ്രഹിക്കുന്ന മാറ്റം നിങ്ങള്‍ തന്നെയാണ്. ഒന്നും മാറില്ല. 2. ജനക്കൂട്ടത്തിനൊപ്പം പോകുക. പ്രെസ്റ്റിറ്റ്യൂട്ടുകളെപ്പറ്റി ആക്ഷേപങ്ങള്‍ ട്വീറ്റ് ചെയ്യുക. ഒരു മാറ്റവും ഉണ്ടാകില്ല. 3. നല്ല മാധ്യമപ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരെയും സമൂഹ മാധ്യമങ്ങള്‍ വഴി പിന്തുണയ്ക്കുക. മാറ്റമുണ്ടായേക്കാം.

സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ ജോലി നന്നായി ചെയ്യാന്‍ ശക്തിയുള്ളവരാകുക പൊതുജന പിന്തുണ ലഭിക്കുമ്പോഴാണ്. മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് അവരുടെ പ്രതിച്ഛായ മോശമാക്കുമെന്നു കാണുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പക്വതയുള്ളവരാകും. മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയപ്രേരിതമല്ലെന്നു മനസിലാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍