UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഞ്ചരിക്കുന്ന സ്വപ്‌നങ്ങള്‍; സ്ത്രീ സ്വത്വത്തെ എഴുതുന്നു അഥവാ ലോകം മാറ്റിയെഴുതപ്പെടുന്നു

Avatar

(പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ഗീത ഹരിഹരന്‍ ദയാപുരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ വിമന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. തയാറാക്കിയത്: ഹൈറുന്നീസ പി)  

 
ഒരു കുമ്പസാരത്തോടു കൂടിയേ എനിയ്ക്ക് ആരംഭിയ്ക്കാനാവൂ: ഞാന്‍ പറയാനാഗ്രഹിക്കുന്ന വിഷയം പല കാരണങ്ങളാല്‍ ഏറെ പറയപ്പെടാത്തവയാണ്. ഭാഗികമായി മാത്രം എനിക്കറിയാവുന്ന, നിശ്ചിത രൂപമില്ലാത്ത, വളരെ വലിയ ആ വിഷയം എങ്ങനെയാണ് എനിയ്ക്ക് ചര്‍ച്ച ചെയ്യാനാവുക? പക്ഷേ പലപ്പോഴും തനിക്ക് കൊള്ളിക്കാനാവുന്നതിലുമധികം കാര്യങ്ങള്‍ തങ്ങളുടെ അത്യാഗ്രഹികളായ വായകളില്‍ എഴുത്തുകാര്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്.
 
വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍ പഠിച്ചെടുത്ത അതിജീവനതന്ത്രം- സ്ത്രീ, പാരമ്പര്യം, ആധുനികത, ദേശീയത അല്ലെങ്കില്‍ ജീവിതം എന്നിങ്ങനെയുള്ള വലിയ വിഷയങ്ങളാണ് പശ്ചാത്തലത്തില്‍ കൊണ്ടു വരുന്നത്. എന്നാല്‍ മറുപുറത്ത് നമുക്ക് ചിന്തിക്കാനാഗ്രഹമുള്ള കാര്യങ്ങളെയാണ് നമ്മള്‍ കാത്തു നില്‍ക്കുന്നത്. ചില ഹാന്‍ഡിലുകള്‍ (പിടി) പോലെയാണ് അവ. വളരെ വലുതും വാരിവലിച്ചിട്ടതുമായ ഒരു ചുവരലമാരയുടെ പിടി. തുറന്നു കഴിഞ്ഞാല്‍ അതിന്റെ ഏതോ ഒരു വശം മാത്രം നമ്മുടെ കാഴ്ചയില്‍ പെടുന്നു. അതു തന്നെയാണ് ഞാനിവിടെ ചെയ്യാന്‍ പോകുന്നത്. 
 
കയ്യിലൊതുങ്ങാത്ത ഈ വിഷയത്തില്‍, വളരെ അപരിഷ്‌കൃതമായി ‘സാഹിത്യ മേഖലയില്‍ സ്ത്രീയുടെ സംഭാവന’ എന്നൊക്കെ നമ്മള്‍ അഭിസംബോധന ചെയ്യാറുള്ള ഈ വിഷയത്തില്‍ നേരത്തേ പറഞ്ഞ പോലുള്ള പിടികളാണ് ഞാന്‍ തിരയുന്നത്.
 
ഒന്നോ അതിലധികമോ ഉപവിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ഈ വിഷയത്തെ സമീപിക്കാനാവുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അതില്‍ ഓരോ ഉപവിഷയത്തിന്റേയും പരിധി വളരെ വിശാലമായിരിക്കും. നമുക്കു മുമ്പില്‍ ലോകത്തിലെ വിവിധയിടങ്ങളില്‍ നടന്ന സത്രീ മുന്നേറ്റങ്ങളുടെ അവസ്ഥാന്തരങ്ങളുണ്ട്, അവ തമ്മിലുള്ള ആന്തരിക ബന്ധങ്ങളുണ്ട്, നമ്മള്‍ വായിച്ചതും എഴുതിയതുമായ രീതിയിലുള്ള; അധികാര കേന്ദ്രങ്ങളെ നമ്മള്‍ കണ്ട രീതിയിലുള്ള;  ഫെമിനിസ്റ്റ് സംഭാവനകളുണ്ട്. 
 
നമുക്കു മുമ്പില്‍ സ്ത്രീ എഴുത്തുകാര്‍ കയ്യടക്കിയ ഇടങ്ങളുണ്ട്. ഒരുപക്ഷേ മറ്റുള്ളവര്‍ നിര്‍വചിക്കുമ്പോള്‍ അത് തീരെ ഇടുങ്ങിയ ഒരിടമാകാം. എന്നാല്‍ എഴുത്തുകാര്‍ സ്വയം നിര്‍വചിക്കുമ്പോള്‍ അവ വിമോചനത്തിന്റെ ഇടങ്ങളാകുന്നു. 
 
നിലവില്‍ നമുക്ക്, ബഹുമാനത്തോടെ ആശയങ്ങളുടെ ശരീരമെന്നു വിളിക്കപ്പെടുന്ന (മുമ്പ് അത്തരത്തില്‍ ഏറെ ബഹുമാനിക്കപ്പെട്ടിട്ടില്ലാത്ത) ‘വിമന്‍ സ്റ്റഡീസ്’ എന്ന ഒരു പഠന ശാഖയുണ്ട്. മാത്രമല്ല ചില ചെറിയ ഉപവിഷയങ്ങളായും വിമന്‍ സ്റ്റഡീസും സാഹിത്യവുമുണ്ട്.
 
എന്നാല്‍ ഈ ഉപവിഷയങ്ങളുടെ മുകളിലെന്തെങ്കിലും ചെയ്യാനല്ല എന്റെ പുറപ്പാട്. ഞാന്‍ ‘സംഭാവന’ എന്ന വാക്കില്‍ ആരംഭിയ്ക്കുവാനാണ് താത്പര്യപ്പെടുന്നത്. അങ്ങനെ ചെയ്യാന്‍ എനിക്ക് രണ്ടു കാരണങ്ങളുണ്ട്. അവ രണ്ടും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു.
 
ഒന്ന്, ഇത്തരം വിഷയങ്ങളുടെ പുറത്ത് പതിവായി നടക്കാറുള്ള, കടമ പോലെയുള്ള പറഞ്ഞു പോകല്‍ ഒഴിവാക്കാനാണ്. പ്രസംഗങ്ങള്‍ക്കും സെമിനാറുകള്‍ക്കുമപ്പുറമുള്ള യഥാര്‍ത്ഥ ലോകം, കൃത്യമായ രാഷ്ട്രീയ ബോധമില്ലാത്തതാണെങ്കില്‍ പോലും കൃത്യമായ രാഷ്ട്രീയമുള്ള ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്- എന്നൊക്കെ പറഞ്ഞു പോകാറുണ്ട്.
 
സാഹിത്യത്തിനായി സ്ത്രീ എന്തു ചെയ്തു എന്ന വിഷയത്തിലും ഇത്തരത്തില്‍ വളരെ നിസാരമായ ചില പ്രസ്താവനകള്‍ നിഷ്പ്രയാസം നടത്താവുന്നതേയുള്ളൂ. സാഹിത്യത്തില്‍ സ്ത്രീകള്‍ പലതും ചെയ്തിട്ടുണ്ട്. തീര്‍ച്ച. പക്ഷേ എന്തുകൊണ്ടാണ് നമ്മള്‍ അതേപ്പറ്റി തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. 
 
ഇതില്‍ ഇത്ര കൗതുകപ്പെടാനെന്താണുള്ളത്? അല്ലെങ്കില്‍ അപ്രതീക്ഷിതമായ എന്തോ ആണോ അത്? അതുമല്ലെങ്കില്‍ നീണ്ട ഒരു ഉദാഹരണ പട്ടികയെടുത്ത് ലോകത്തിനു മുമ്പില്‍ നിരത്തി വീണ്ടും വീണ്ടും പരിശോധിക്കേണ്ട ഒന്നാണോ അത്? ഒരൊറ്റ ഉത്തരമേ ഇതിനെല്ലാം ഉള്ളൂ. ‘സംഭാവന’ എന്നു പറയുന്നത് നിര്‍വചിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. 
 
ആ സംഭാവനകളുടെ ഇടങ്ങള്‍ പുതിയ വിവരങ്ങളും കൂടുതല്‍ വൈവിധ്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. സാഹിത്യത്തിനുള്ള സ്ത്രീ സംഭാവനകളുടെ പൂര്‍ണ്ണവും, നിര്‍വിഘ്‌നവുമായ ധാര താരതമ്യേന ചരിത്രത്തിന് പുതിയതാണ്. പഴയ ധാര- ആദ്യകാല സാഹിത്യം മുതല്‍ക്കു തന്നെ മന്ദഗതിയിലുള്ളതെങ്കിലും ഉണ്ടായിരുന്നത്- അതിനും മറ്റെല്ലാ പ്രതിബന്ധങ്ങളിലും നില നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്.
 
നമ്മുടെ ഓര്‍മ്മ പുതുക്കാനായി, ഈ ചര്‍ച്ചയില്‍ നമ്മളെന്താണ് പറയുവാനും കേള്‍ക്കുവാനും പോകുന്നത് എന്നതിന്റെ ആമുഖമായി മൂന്ന് ഉദാഹരണങ്ങള്‍, മൂന്ന് സ്ത്രീകളെ ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ.
 
കാലക്രമമനുസരിച്ച് പറയേണ്ടതില്ല, മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ച മൂന്ന് സ്ത്രീകളുടെ ജീവിതത്തേയും അവരുടെ പ്രവര്‍ത്തനങ്ങളേയുമാണ് ഞാനിവിടെ അനുസ്മരിക്കുന്നത്. യാസിംന, സുബ്ബ ലക്ഷ്മി, റസ്സുന്ദരീ ദേവി എന്നിവരാണ് അവര്‍.
 
എഴുത്തുകാരിയായ ഫാത്വിമ മെര്‍നീസ്സിയുടെ മുത്തശ്ശിയായിരുന്നു യാസിംന. മൊറോക്കോയിലെ ഒരു ഹറമിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. അവര്‍ വിദ്യാഭ്യാസം നേടിയിരുന്നില്ല. ഹറെം വിട്ട് മറ്റെവിടെയും പോയിട്ടുമില്ല. എങ്കിലും തന്റെ ചെറുമകളുടെ ഉള്ളില്‍ അവര്‍ സഞ്ചാരദാഹത്തിനുള്ള വിത്തുകള്‍ പാകി. അവരെ സംബന്ധിച്ച് യാത്ര ചെയ്യുക എന്നത് അതിരുകളെ ഭേദിക്കുന്നതിന് തുല്യമായിരുന്നു. സങ്കല്‍പങ്ങളിലെങ്കിലും വലിയ മതിലുകള്‍ എടുത്തു ചാടുന്നതു പോലെ. ദൗര്‍ബല്യങ്ങളെ ഉപേക്ഷിക്കാന്‍ ഏറ്റവും നല്ലമാര്‍ഗം യാത്ര ചെയ്യലാണെന്നും അള്ളാഹുവിന്റെ ലോകം എത്രമാത്രം മനോഹരവും സങ്കീര്‍ണ്ണവുമാണെന്ന് കണ്ടറിയാനുള്ള യാത്ര സ്ത്രീക്കും അവകാശപ്പെട്ടതാണെന്നും അവര്‍ ഫാത്വിമയ്ക്ക് പറഞ്ഞു കൊടുത്തു.
 
‘യാത്രകളില്‍ നിന്ന് ഗുണങ്ങള്‍ കണ്ടെത്തണം, നിന്റെ ബുദ്ധിയെ നീ പരിപോഷിപ്പിക്കണം, കാരണം നിനക്ക് അപരിചിതരേയും നിന്നെത്തന്നേയും പഠിക്കാനുള്ളതാണ്. നഷ്ടങ്ങളേറ്റെടുക്കാന്‍ തയ്യാറാകണം’- അവര്‍ ഫാത്വിമയ്ക്ക് ഉപദേശം നല്‍കി. 
 
സാഹചര്യമുണ്ടായിരുന്നെങ്കില്‍ യാസിംനയ്ക്ക് ഏതെങ്കിലും വനിതാ വര്‍ക്ക്‌ഷോപ്പുകളില്‍ (പരിശീലനക്കളരികളില്‍) മെന്ററാവാമായിരുന്നു. അല്ലെങ്കില്‍ ക്രിയാത്മക- എഴുത്തുകള്‍ നടത്തുന്ന സംഘങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന അദ്ധ്യാപികയാവാമായിരുന്നു. കാരണം എഴുത്തുകാരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, സാഹിത്യത്തിന് എന്തെങ്കിലും സംഭാവനകള്‍ നല്‍കാന്‍ കൊതിക്കുന്ന സ്ത്രീകള്‍ക്ക് അത്രമാത്രം ഉപകാരപ്പെടുന്ന പാഠങ്ങളായിരുന്നു അവര്‍ ഫാത്വിമയെ പഠിപ്പിച്ചത്.
 
രണ്ടാമതായി സുബ്ബലക്ഷ്മി, എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന മൈഥിലി ശിവരാമന്റെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മി. മൈഥിലി ‘ഫ്രാഗ്‌മെന്റ്‌സ് ഓഫ് എ ലൈഫ്: എ ഫാമിലി ആര്‍ക്കൈവ്’ എന്ന ആത്മകഥയില്‍, കലയും സൗന്ദര്യവും സാഹിത്യവും രാഷ്ട്രീയവുമുള്‍പ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച് കൊളോണിയല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അനിവാര്യമായ പരാജയം ഏറ്റുവാങ്ങാന്‍ ധൈര്യം കാണിച്ച ഒരു ബ്രാഹ്മണ സ്ത്രീയെ കുറിച്ച് പറയുന്നുണ്ട്. സുബ്ബലക്ഷ്മിയെ കുറിച്ച്. 
 
ജീവിതത്തിലൊരിക്കലും അവര്‍ ഒരു ക്ലാസ്സ്മുറിയിലിരുന്നിട്ടില്ല. പക്ഷേ ‘ദ ഹിന്ദു’ പതിവായി വായിച്ച് അവര്‍ ഇംഗ്ലീഷ് പഠിച്ചു. പുസ്തകങ്ങള്‍ക്കായി തനിക്കു വേണ്ടി പബ്ലിക് ലൈബ്രറിയലേക്ക് മറ്റു പലരേയും അയച്ചു.
 
മികച്ച രീതിയില്‍ ജീവിക്കുന്ന ആളുകളോടൊപ്പം സൗഹൃദം പങ്കിട്ടു. മകളുടെ വിദ്യാഭ്യാസത്തിനായി ഏറെ പോരാടി. ഒരിക്കല്‍ ബ്രിട്ടീഷ് കിരീടാവകാശി മദ്രാസ് സന്ദര്‍ശിച്ചപ്പോള്‍ കരിങ്കൊടി വീശാനായി വീട്ടില്‍ നിന്ന് ഒളിച്ചു പോവുക വരെ ചെയ്തു. 
 
തന്റെ പരാജയപ്പെട്ട വിവാഹ ബന്ധവും അരികു കീറിയ ജീവിതവുമുപേക്ഷിച്ച് ശാന്തിനികേതനില്‍ പോയി സാഹിത്യത്തിലും കലയിലും മുഴുകിയ ഒരു ജീവിതം നയിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനവര്‍ക്കായില്ല. ജീവിതാവസാനത്തില്‍ പകല്‍ മുഴുവന്‍ പ്രശ്‌നമുഖരിതമാവുന്ന മനസും രാത്രിയില്‍ ഞെട്ടിക്കുന്ന സ്വപ്‌നങ്ങളുമായിരുന്നു അവര്‍ക്കു ബാക്കിയുണ്ടായിരുന്നത്.
 
 
മൂന്നാമതായി റസ്സുന്ദരീ ദേവി. സൂസി തരുവും കെ.ലളിതയും കൂടി എഡിറ്റു ചെയ്ത ഇന്ത്യയിലെ പെണ്ണെഴുത്തുകളുടെ പ്രമുഖമായ രണ്ടു പതിപ്പുകളിലായി റസ്സുന്ദരീ ദേവിയുടെ ആത്മകഥ അമര്‍ ജിബാന്‍ (1876) നമ്മളില്‍ പലരും കണ്ടു. ഒരു വെള്ളക്കടലാസിന്റെ കഷ്ണം പോലും കയ്യില്‍ സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം തന്നില്‍ അടിച്ചേല്‍പ്പിച്ച തന്റെ വീടിനോടും സമൂഹത്തോടും, ഒരു വ്യക്തിയെന്ന നിലയില്‍ തനിക്കുള്ള സ്വത്വത്തിനു വേണ്ടി അവര്‍ കലഹിച്ചു. 
 
വിവരിക്കാന്‍ അവകാശമില്ലാതിരുന്ന ഗര്‍ഭധാരണം, പ്രസവം എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം വിശദീകരിച്ചു. സ്ത്രീയെ വായിക്കുന്നവരെന്ന നിലയ്ക്ക് (എഴുതുന്നവര്‍ മാത്രമല്ല) നമ്മള്‍ സമീപ ഭൂതകാലത്തില്‍ എവിടെയായിരുന്നു എന്ന് ഈ അനുഭവങ്ങള്‍ പറഞ്ഞു തരുന്നു.
 
മേല്‍ പറഞ്ഞ മൂന്ന് ഉദാഹരണങ്ങളുടേയും സൗന്ദര്യം അവര്‍ പരസ്പരം കണ്ണികളാല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലാണ് കിടക്കുന്നത്. മൂന്ന് സ്ത്രീകള്‍ക്കും യാത്രയോ, സാഹിത്യമോ പോലെ ഏതെങ്കിലും മാധ്യമത്തിലൂടെ തങ്ങളുടെ ജീവിതം വിശദീകരിച്ചുകൊണ്ട് സംഭാവനകള്‍ നടത്തുവാനായി അവര്‍ക്കു വേണ്ടി തിരയുന്നതെന്താണെന്നു വ്യക്തമാക്കുന്ന ഒരു കണ്ണി. 
 
നമ്മുടെയും അവരുടേയും ജീവിതത്തിനിടയിലുള്ളതും നമ്മുടേയും അവരുടേയും കാലത്തിനിടയിലുള്ളതുമായ തുടര്‍ച്ചയെക്കുറിച്ചും അത് തുല്യപ്രാധാന്യത്തോടെ പറയുന്നു.
 
നമ്മുടെ മുത്തശ്ശിമാരും മുതുമുത്തശ്ശിമാരും പല വാതിലുകളും നമുക്കായി തുറന്നു തന്നിട്ടുണ്ട്. നമ്മുടേയും അവരുടേയും ജീവിതങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല എന്നതാണ് ഇതില്‍ ആശ്ചര്യപ്പെടാനുള്ളത്. നമ്മുടെ കാലത്തിലേക്കു കൂടി വേണ്ടി സംഭാവന ചെയ്ത അവരുടെ കഴിവിനെ പരിഗണിക്കുമ്പോള്‍ പല വ്യത്യാസങ്ങളും കാണാനാവുന്നുണ്ട്, എങ്കില്‍ പോലും ഒരു സമാനത, തുടര്‍ച്ച കാണാന്‍ കഴിയും. പ്രതിരോധങ്ങളുടെ രീതികള്‍ മാത്രമാണ് പുതിയ വേഷങ്ങളിലെത്തുന്നത്.
 
ഇതാണ് എന്നെ എന്റെ അടുത്ത ആശയത്തിലേക്കെത്തിക്കുന്നത്. ‘സംഭാവന’ എന്ന ആശയത്തിലൂന്നി സംസാരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ച രണ്ടാമത്തെ കാരണം. പലരും ‘പോസ്റ്റ്- ഫെമിനിസ്റ്റ്’  എന്ന് വിളിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. അതായത് പോരാട്ടങ്ങള്‍ അവസാനിച്ചു, വിജയമുറപ്പിച്ചിരിക്കുന്നു, നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞിരിക്കുന്നു. തികഞ്ഞ ധാര്‍ഷ്ഠ്യത്തിലുമധികം ഈ ചിന്ത ദുര്‍ബലമായ ഒരു സങ്കല്‍പമാണ്.
 
ഇത്തരത്തിലുള്ള സങ്കല്‍പങ്ങള്‍ ഏറ്റവും പുതിയ ആശയങ്ങളായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവയെക്കുറിച്ച് വിശദീകരിക്കാന്‍ ഞാനൊരല്‍പം കാടുകയറട്ടെ. ഈ ‘പോസ്റ്റ്- ഫെമിനിസ്റ്റ്’ കാലഘട്ടത്തില്‍ സ്ത്രീ-അവകാശങ്ങളുടെ അസാദ്ധ്യമായ വിജയങ്ങള്‍ മാര്‍ച്ച് 8-നെ അന്താരാഷ്ട്ര വനിതാ ദിനമായി കണ്ടെത്തി എന്നത് രസകരവും വിജ്ഞാനപ്രദവുമാണ്. 
 
2004ല്‍ കോളിന്‍ പവല്‍ ഇറാഖി വനിതകളുടെ ഉന്നമനത്തിനായി 10 മില്ല്യണ്‍ ഡോളര്‍ വരുന്ന അമേരിക്കന്‍ ഗ്രാന്റ് പ്രഖ്യാപിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ‘ചരിത്രപരമായ പരിവര്‍ത്തനത്തിന്’ ഇറാഖി വനിതകള്‍ വഹിക്കുന്ന പങ്കു കൂടി ലക്ഷ്യമിട്ടായിരുന്നു ഗ്രാന്റ്. രാഷ്ട്രീയ- നീതിന്യായ- സംരംഭക മേഖലകളില്‍ ‘പരിശീലനം’ നല്‍കി തങ്ങളുടെ കഴിവ് വര്‍ധിപ്പിച്ച് തുല്യത നേടാനായി ഇറാഖി വനിതകളെ പ്രാപ്തരാക്കാന്‍ പല സന്നദ്ധ സംഘടനകളുമായും അമേരിക്ക ധാരണയിലെത്തി. 
 
അഫ്ഗാനിസ്ഥാനില്‍ മുമ്പ് തങ്ങള്‍ നല്‍കിയ സഹായങ്ങളുടെ ഓര്‍മ്മയായിരുന്നു ഇറാഖില്‍ ഗ്രാന്റും, സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവുമൊക്കെ വിതരണം ചെയ്യാന്‍ അമേരിക്കയ്ക്ക് പ്രേരകമായത് എന്നതില്‍ സംശയമില്ല. ‘കൃത്യമായി പറഞ്ഞാല്‍ അമേരിക്കയ്ക്ക് അവരവരുടെ രാജ്യങ്ങള്‍ വന്നു കീഴടക്കുവാന്‍ വേണ്ട കാര്യങ്ങളാണ് ലോകത്തൊട്ടുക്കുമുള്ള സ്ത്രീകള്‍ ചെയ്യാനാഗ്രഹിക്കുന്നതെന്നു സാരം’.
 
ഇന്ന് സ്ത്രീ വിഷയം പലര്‍ക്കും സൗകര്യപൂര്‍വ്വം അവരവരുടെ അജണ്ടകള്‍ കൊണ്ടു വന്നു പാര്‍ക്കു ചെയ്യാന്‍ പറ്റിയ ഇടമായി മാറിയിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ തയ്യാറല്ല. അഥവാ ചെയ്താല്‍ തന്നെ അവ പൊതുവില്‍ സ്ത്രീ വിരുദ്ധതയുടേയും ന്യൂനപക്ഷ വിരുദ്ധതയുടേയും ഉദാഹരണങ്ങള്‍ മാത്രമാകും. നമ്മുടെ ഹിന്ദു മൗലികവാദികളുടെ കാര്യം തന്നെയെടുക്കാം. അവര്‍ മുസ്ലീം സ്ത്രീകളുടെ അവസ്ഥകളില്‍ എന്തുമാത്രം ബോധമുള്ളവരാണെന്നോ. 
 
പോരാട്ടങ്ങളുടെയും ഉപരോധങ്ങളുടെയും സാഹചര്യത്തില്‍ സ്ത്രീ അവള്‍ക്കു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ അപഹരിക്കപ്പെടുകയാണ്. 
 
സംഭാവന എന്ന വാക്കിനെ നോക്കിക്കാണുന്നതില്‍ ഞാന്‍ എല്ലായ്‌പോഴും വളഞ്ഞ് ചിന്തിച്ചിട്ടില്ല. നമ്മളെ കടന്നു പോകുന്ന ഒരു കൂട്ടം സംഭാവനകളെ നമ്മള്‍ ഇതിനോടകം തന്നെ അഭിമുഖീകരിച്ചു കഴിഞ്ഞു.
 
പക്ഷേ സ്ത്രീകളുടെ രചനകള്‍ ഉദാഹരണമായെടുത്ത് എനിക്ക് ചില പ്രത്യേക ഭാഗങ്ങള്‍ ഊന്നി സംസാരിച്ചേ തീരൂ. അതില്‍ ചില രചനകള്‍ സ്ത്രീകളെക്കുറിച്ചു തന്നെയാണ്. എല്ലാ രചനകളും ലോകത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പുനരാവിഷ്‌കരിക്കുന്നവയുമാണ്. അവ ദേശത്തെ വിവരിക്കുന്നു, അല്ലെങ്കില്‍ പ്രതിരോധത്തെ വിവരിക്കുന്നു. അതുമല്ലെങ്കില്‍ വൈജാത്യത്തേയും അത് അധികാര വീതങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്നതിനേയും വിവരിക്കുന്നു.
 
രാജ്യങ്ങള്‍ സ്വയം നിര്‍വചിക്കുകയും ചെറുത്തു നില്‍ക്കുകയും നഷ്ടപ്പെടുകയും നേടുകയും ചെയ്യുന്ന വളരെ പരിചിതമായ ഒരിടമാണ് സ്ത്രീ ശരീരമെന്നത്. ഇത് ഏറ്റവുമധികം കാണുന്നത് യുദ്ധാന്തരീക്ഷങ്ങളിലാണ്. പക്ഷേ സമാധാന കാലമെന്നു കരുതപ്പെട്ടിരുന്ന സമയത്തുണ്ടായ യുദ്ധങ്ങളാണ് മഹാശ്വേതയുടെ ‘സ്തനദയിനി’ (breast giver) ‘ദ്രൗപദി’ എന്നീ കഥകളുണ്ടാവാനുള്ള സാഹചര്യം. 
 
 
അമ്മ, ദേവി, അടിമ എന്നിങ്ങനെ സ്ത്രീയുടെ വിവിധ രൂപങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ആധിപത്യമുള്ള ഒരു ആരാധാനാ രീതിയെ ഏറ്റെടുക്കുകയാണ് രണ്ടു കഥകളും.
 
ആദ്യം ‘സ്തനദയിനി’യിലൂടെ നമുക്കു പരിചിതമായ സ്ത്രീ ശരീരത്തെ മഹാശ്വേത മറ്റെന്തെല്ലാമോ ആക്കിത്തീര്‍ക്കുന്നു, പിന്നീട് ആ മുന്നേറ്റത്തിന്റെ യുക്തിപരമായ പര്യവസാനമെന്ന പോലെ ദ്രൗപദിയിലും. ‘സ്തനദയിനി’യില്‍ ആദ്യകാലങ്ങളില്‍ അത്ഭുതകരമാം വിധം പാല്‍ നിറഞ്ഞ സ്തനങ്ങളോടു കൂടി ജീവിച്ച ജശോദയെന്ന ആയ പിന്നീട് പാല്‍ വറ്റി വൃണപ്പെട്ട സ്തനങ്ങളോടെ മരിച്ചുപോകുന്നു. 
 
കഥയില്‍ ജശോദയെ പലപ്പോഴും തൊഴില്‍പരമായി മികച്ച ഒരമ്മയായും, സഫലീകരണത്തിന്റെ പ്രതീകമായി ഐതിഹാസികമായ പശുവായും, ദൈവീകമായ ഒരു യന്ത്രമായും, ഫലങ്ങള്‍ നിറഞ്ഞ മരമായും, സന്താന സമ്പത്തുള്ള സ്ത്രീയായും എല്ലാം അവതരിപ്പിക്കുന്നു.
 
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവള്‍ ഒരേസമയം ദേവിയും ദൈവീകമായ പശുവുമാകുന്നു. ഭാരതാംബ, അല്ലെങ്കില്‍ ലോകത്തിന്റെ തന്നെ അമ്മയാകുന്നു. എന്നാല്‍ അവളുടെ, സ്ത്രീ- കര്‍തൃത്വത്തിന്റെ അംഗീകൃതവും വിശുദ്ധവുമായ ആയുധങ്ങള്‍- അവളുടെ മുലകള്‍- ഇല്ലാതാകുന്നു.
 
മുലകള്‍ വറ്റിവരളുന്നതോടെ അവളും വറ്റിവരളുന്നു. (പക്ഷേ കഥയില്‍ ‘മാതൃത്വം’ എന്നു പറയുന്നത് മഹത്തായ ഒരു ആസക്തിയായാണ്. മുലകളില്‍ പാല്‍ വറ്റിയാലും ഇല്ലാതാകാന്‍ കഴിയാത്ത ആസക്തി.)
 
കഥ ചോദിക്കുന്ന ചോദ്യമിതാണ് ‘ എന്തുകൊണ്ട് ജശോദയെ മുലകള്‍ ഒടുവില്‍ അവളെ വഞ്ചിച്ചു?’  അതൊരു ചെറിയ ചോദ്യമാണ്. ഒരുപാട് വാക്കുകളുള്‍പ്പെട്ട ഉത്തരത്തിന്റെ ആവശ്യമില്ല.  അതായത്, കഥയില്‍ പറഞ്ഞു വന്നത് ആണധികാരത്തിന്റെ നിയമാവലിക്കകത്തു നിന്നുകൊണ്ടു തന്നെ സ്ത്രീ- കര്‍തൃത്വത്തിന് വളരാന്‍ കഴിയുമെന്നാണെന്നാണ് മനസ്സിലാക്കാനാവുന്നത്. എന്നാല്‍ ജശോദയുടെ അനുഭവം, അത്തരം വളര്‍ച്ചകള്‍ യഥാര്‍ത്ഥത്തിലുള്ള വളര്‍ച്ചകളല്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
 
എല്ലാ അനുഭവങ്ങളും അവളെ നിഷ്്ക്രിയയാക്കുകയാണ് ചെയ്തത്. അവളുടെ സമ്മത പ്രകാരം തന്നെ അവള്‍ നശിപ്പിക്കപ്പെട്ട ഒരിടമായി മാറുന്നു. എന്നാല്‍ രണ്ടാമത്തെ കഥയില്‍ ദ്രൗപദി തന്നെ യുദ്ധത്തിലെ വെറും ഇര മാത്രമാക്കാതെ തന്റെ മുറിപ്പെട്ട ശരീരത്തെ കര്‍ൃത്വത്തിനുള്ള ഒരിടമാക്കി മാറ്റുന്നു. പീഡിപ്പിക്കപ്പെട്ട്, ബലാത്സംഗം ചെയ്യപ്പെട്ട് ചോരയും ബലാല്‍ഭോഗം ചെയ്തവരുടെ ശുക്ലവും ദേഹത്തു നിന്ന് ഒലിക്കുമ്പോഴും തന്റെ നഗ്നത കൊണ്ട് അവള്‍ ആക്രമികളെ നേരിട്ടു.
 
മുറിപ്പെട്ട ആയുധങ്ങളെന്ന പോലെ തന്റെ മുലകള്‍ അവള്‍ അവര്‍ക്കു നേരെ തള്ളിച്ചു. ഒടുവില്‍, നശിപ്പിക്കപ്പെട്ട തന്റെ ശരീരം- ‘നിരായുധയായിരുന്ന അതേ ലക്ഷ്യം’- ഉപയോഗിച്ച് അവള്‍ ആക്രമികളുടെ ഭയം വലിച്ച് പുറത്തേക്കിടുന്നിടത്താണ് ‘ദ്രൗപദി’ എന്ന കഥയുടെ വീര്യം കിടക്കുന്നത്.
 
രാഷ്ട്ര പ്രമുഖനായ സേനാനായകന് കാണാന്‍ വേണ്ടി കൂട്ട ബലാത്സംഗത്തിനിരയായ ആദിവാസി- വിപ്ലവകാരിയായ ദ്രൗപദിയോട് വസ്ത്രം ധരിയ്ക്കാന്‍ പറയുമ്പോള്‍ അവള്‍ അതിനു തയ്യാറാവുന്നില്ല. ‘തുടകളും ഗുഹ്യരോമങ്ങളും ഉണങ്ങിയ രക്തം കൊണ്ട് കെട്ടുപിണഞ്ഞു കിടക്കുന്നു. രണ്ടു മുലകളും രണ്ട് മുറിവുകളാണ്’- എന്നാണ് അവള്‍ പറയുന്നത്. 
 
ദ്രൗപദിയുടെ നഗ്നശരീരം ഭയപ്പെടുത്തുന്നതിലുമധികം അവളുടെ വാക്കുകളാണ് സേനാനായകനെ ഭയപ്പെടുത്തുന്നത്. ‘നിങ്ങള്‍ക്കെന്നെ നഗ്നയാക്കാം, പക്ഷേ വീണ്ടും വസ്ത്രമുടുപ്പിക്കാന്‍ നിങ്ങള്‍ക്കാവുമോ? നിങ്ങള്‍ പുരുഷനാണോ? ‘ അവളുടെ സ്ത്രീ എന്ന അശക്തി ശക്തിയായി രൂപാന്തരപ്പെട്ട് അവന്റെ പുരുഷത്വത്തെ, അവന്റെ എല്ലാ അധികാരങ്ങളുടേയും ഉറവിടത്തെ- ചോദ്യം ചെയ്യുന്നു. 
 
ഇനി സ്ത്രീ ദേശത്തെ വിവരിക്കുന്നു എന്ന ആശയത്തിനായി മറ്റൊരു കാലത്തിലും മറ്റൊരു വിഭാഗത്തിലും പെടുന്ന, കഥാസാഹിത്യമല്ലാത്ത ഒരു ഉദാഹരണം പറയാം. വിഭജനത്തെ പറ്റി എഴുതപ്പെട്ട സ്മരണികയും, പത്രപ്രവര്‍ത്തനവും, ലേഖനവും, ചരിത്രവുമൊക്കെയായ ‘ദ അദര്‍ സൈഡ് ഓഫ് സയലന്‍സ്’ എന്ന പുസ്തകത്തിലൂടെ ബുതാലിയ വിഭജനത്തിന്റെ ഔദ്യോഗിക ആഖ്യാനത്തിന്റെ ദുര്‍ബലമായ മറുപുറത്തെ വിശദീകരിക്കുന്നുണ്ട്.
 
അതുവരെ ഉയരാത്ത ശബ്ദങ്ങളുയരുന്നു. മൗനവും ശൂന്യതയും തകര്‍ത്തുകൊണ്ട് മുമ്പ് ഉയര്‍ന്നു താണ ശബ്ദങ്ങള്‍ വീണ്ടും ഉയരുന്നു. അഭിമാനം- മനുഷ്യനിര്‍മ്മിതമായ അഭിമാനം ഇതെല്ലാം എന്താണെന്ന് നമ്മെ മനസിലാക്കിക്കുന്നതായിരുന്നു അതിന്റെ ഞെട്ടിക്കുന്ന ഫലം. ആചാരങ്ങളില്‍ ഭൂരിഭാഗവും പുരുഷനു വേണ്ടിയുള്ളതാണ്. സ്ത്രീയില്‍ അടിച്ചേല്‍പിക്കാനുള്ളതും. മറുവശത്ത് അത് സത്രീയോട് എന്തു ചെയ്യുന്നു എന്നു മാത്രമല്ല അതേ വശത്ത് എന്തു ചെയ്യുന്നു എന്നതുകൂടി ധാരണപ്പെടുന്നു.
 
വിഭജനകാലത്തെ യുദ്ധത്തിന്, സ്ത്രീ ശരീരത്തിന്റെ മേലുള്ള യുദ്ധമെന്നു കൂടി വായിക്കപ്പെട്ട യുദ്ധത്തിന് അഭിമാനം ഒരു പ്രധാന കാരണമായിരുന്നു എന്നു കൂടി പറയുന്നു. (ഇപ്പോഴും എത്ര ദുരഭിമാന കൊലപാതകങ്ങള്‍ ഇവിടെ നടക്കുന്നു).
 
അടുത്ത ഉദാഹരണത്തില്‍ ഞാന്‍ ശരീരത്തെ വിട്ട് വാക്കിലേക്ക് കടക്കട്ടെ. ശരീരത്തില്‍ നിന്ന് വാക്കിലേക്ക് നീങ്ങാം. പക്ഷേ സ്ത്രീയുടെ കാര്യത്തില്‍ ഇവ രണ്ടും പരസ്പരം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. വാക്ക് അഥവാ ഭാഷ കൊണ്ട് പുരുഷന്റേയും സ്ത്രീയുടേയും ജാതിയും സമുദായവും കണ്ടെത്താന്‍ കഴിയും. എന്നാല്‍ സാഹിത്യത്തിലെ ദളിത് സ്ത്രീ-ജീവിതങ്ങളെ പഠിയ്ക്കുമ്പോള്‍ ഭാഷ കൂടുതല്‍ മൗലികവും, ഏറെക്കുറേ ശാരീരികമായ ഒന്നാവുകയും ചെയ്യുന്നതായി ഭാമയുടെ ‘കറുക്ക്’ എന്ന പുസ്തകം വ്യക്തമാക്കുന്നു.
 
എന്താണ് സാഹിത്യമെന്നതിന് നമ്മള്‍ കണ്ടെത്തിയിട്ടുള്ളതും പറയപ്പെട്ടിട്ടുള്ളതുമായ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ ഭാഷ. തമിഴ്‌നാട്ടിലെ പറയര്‍ സമുദായത്തില്‍ പെടുന്ന ദളിതുകളുടെ ജീവിതത്തെ കുറിച്ചാണ് ‘കറുക്ക്’ പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവരുപയോഗിക്കുന്ന അതേ ഭാഷയാണ് ‘കറുക്കി’ലും ഉപയോഗിച്ചിട്ടുള്ളത്. 
 
പ്രകാശനം ചെയ്യപ്പെട്ട ഉടന്‍ തന്നെ ഈ പുസ്തകം ഒരു കൂട്ട വിചാരണയ്ക്ക വിധേയമാക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പ്രമേയങ്ങളേയും ഭംഗിയില്ലാത്ത ഭാഷയേയും പുച്ഛിക്കുന്ന തമിഴ് സാഹിത്യത്തിലെ പ്രമുഖരില്‍ നിന്നു മാത്രമല്ല ദളിത് എഴുത്തുകാരില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.
 
തങ്ങളെ കെട്ടിത്താഴ്ത്തുവാനും തങ്ങളുടെ ‘വൈരൂപ്യത്തെ’ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാണിച്ച് തങ്ങളുടെ സ്വീകാര്യത നഷ്ടപ്പെടുത്താനുമാണ് ‘കറുക്ക്’ ശ്രമിക്കുന്നതെന്ന് അവര്‍ വിശ്വസിച്ചു. ആറുമാസത്തിനു ശേഷമാണ് ഗ്രാമത്തിലെ യുവാക്കള്‍ കറുക്കിന്റെ സത്യങ്ങളിലേക്ക് മനസു തുറക്കുന്നതും ഭാമയെ ഗ്രാമത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നതും.
 
നമ്മളിവിടെ ചര്‍ച്ച ചെയ്ത എല്ലാ രചനകളേയും കൂട്ടിക്കെട്ടുവാനായി, ഒരു നിഗമനത്തിലെത്തുവാനായി ഞാന്‍ എന്റെ അവസാനത്തെ ഉദാഹരണത്തിലേക്കു പോവുകയാണ്. സാധാരണ ചര്‍ച്ചകളില്‍ എഴുത്തുകാര്‍ സംസാരിക്കുന്ന രീതി ലംഘിക്കുവാന്‍ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ സ്വന്തം രചന ഉദാഹരണമായി എടുക്കുവാന്‍ താത്പര്യപ്പെടുകയാണ്. എന്റെ  ‘വെന്‍ ദ ഡ്രീംസ് ട്രാവല്‍’ എന്ന നോവല്‍. കാരണം അധികാര വൃത്തങ്ങളെ നിര്‍വചിക്കുവാനായി ഉപയോഗിക്കുന്ന കാലത്തിനും സമൂഹത്തിനുമപ്പുറമുള്ള ഭാവാര്‍ത്ഥങ്ങള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 
 
ഈ നോവലില്‍ സുല്‍ത്താന്‍ ഷരായര്‍ തന്റെ ആശയങ്ങള്‍ വരും തലമുറക്ക് കണ്ടറിയാന്‍ മാര്‍ബിളും കല്ലുമുപയോഗിച്ച് സൗധങ്ങളുണ്ടാക്കുമ്പോള്‍ ഷെര്‍സാദ് എന്ന വനിത വാക്കുകള്‍ കൊണ്ട് സൗധങ്ങളുണ്ടാക്കുന്നു. നീക്കിമാറ്റുവാന്‍ കഴിയുന്ന മറ്റൊരാള്‍ പറയുമ്പോള്‍ മാത്രം ജീവനുണ്ടാകുന്ന സൗധങ്ങള്‍. ഒരിക്കലും കാണാന്‍ കഴിയാത്ത, ചുവരിനു പിന്നില്‍ നിന്ന് ആംഗ്യങ്ങളിലൂടെ തന്റെ സൗധങ്ങളെ ആശയങ്ങളും കഥകളും സ്വപ്‌നങ്ങളുമാക്കാന്‍ കഴിയുന്ന ആയിരത്തൊന്ന് സ്ത്രീകളുടെ പിന്തുണ ഷെര്‍സാദിനുണ്ട്. 
 
അങ്ങനെ ആകെ ലോകത്തെ- കൊത്തിവയ്ക്കപ്പെടുന്നവ; അത് ശരീരമോ മനസോ ആത്മാവോ ആകട്ടെ- എന്നിങ്ങനേയും കൊത്തിവയ്ക്കുന്നയാള്‍  എന്നിങ്ങനേയും രണ്ടായി തരം തിരിക്കുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വഴിയാണ് ഈ ആഖ്യാനത്തിന്റെ ആശയം. നമ്മള്‍ കണ്ടുമുട്ടിയ എല്ലാ ഉദാഹരണങ്ങളും, ജീവിതങ്ങളും കാണിച്ചു തന്നതു പോലത്തെ ഒരു മുള്‍ വഴി. 
 
നമ്മള്‍ വായിച്ചതും എഴുതിയതുമായ സാഹിത്യത്തിലൂടെ, നമ്മള്‍ തെരഞ്ഞെടുത്ത ജീവിതത്തിലൂടെ ഈ മുള്‍വഴി കടന്നു പോകുമ്പോള്‍ സാഹിത്യത്തിന് സ്ത്രീ നല്‍കിയ സംഭാവനകള്‍ അല്ലെങ്കില്‍ വിമണ്‍ സ്റ്റഡീസ് നല്‍കിയ സംഭാവനകള്‍- എല്ലാം അതിജീവനത്തിന്റെ പ്രതീക്ഷകളോ, ‘സാധ്യം’ എന്നതിന്റെ ഒരു മിന്നലാട്ടമോ, യാത്രയോ, നിയമവിരുദ്ധമായതിനെ നിയമവിധേയമാക്കുന്ന ഒരു അട്ടിമറിയായോ  ഒക്കെയായി മനസിലായേക്കാം.
 
എല്ലാ ശുഭകരമായ പ്രതീക്ഷകള്‍ക്കും ഒരേ ഉദ്ദേശമാണുള്ളതെന്നു വാദിക്കാം. അധികാരത്തിന്റെ അതിരുകളില്‍ നിന്നുള്ളതുള്‍പ്പെടെ ദൂരവ്യാപകമായി വളരെ വ്യക്തമായി കേള്‍ക്കാവുന്ന ശബ്ദങ്ങളുണ്ടാക്കുക എന്നതാണ് ആ ലക്ഷ്യം. 
 
സ്ത്രീകള്‍ക്കും, സ്ത്രീ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമൊക്കെയുള്ള മിക്കസ്വപ്‌നങ്ങളും സ്വപ്‌നങ്ങളായി തുടരുന്നുവെന്നും ഒരുപക്ഷേ ഇതിനിടയില്‍ നമ്മള്‍ കണ്ടെത്തിയേക്കാം. പക്ഷേ അവയില്‍ പല സ്വപ്നങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ എന്ന വസ്തുത മാത്രം മതി സാഹിത്യത്തിന്റെയും സമൂഹത്തിന്റേയും ഭൂപടങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക്, കൂടുതല്‍ ആളുകളിലേക്ക് ഈ സ്വപ്നങ്ങള്‍ യാത്ര ചെയ്യുമെന്ന പ്രതീക്ഷയുണ്ടാവാന്‍.
 
(ഗീത ഹരിഹരന്റെ Thousand Faces of the Night, 1993-ലെ കോമണ്‍വെല്‍ത്ത് പുരസ്കാരത്തിന് അര്‍ഹമായി)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍