UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; ജി കെ പിള്ള ഐ എ സും ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളും

Avatar

ടീം അഴിമുഖം

വിരമിച്ച IAS ഉദ്യോഗസ്ഥന്‍ ഗോപാലകൃഷന്‍ പിള്ളയെ അറിയുന്നവര്‍ക്കെല്ലാം നല്ലതേ ഓര്‍ക്കാനുണ്ടാകൂ. എ കെ ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു ഈ 1972 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥന്‍. സംസ്ഥാനത്ത് വിവിധ പദവികളില്‍ ജോലി ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി 2009-ല്‍ നിയമിതനായതോടെയാണ് പിള്ള ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത്. എല്ലാവര്‍ക്കും ബന്ധപ്പെടാവുന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ എന്ന്‍ പേരെടുത്തിരുന്നു അദ്ദേഹം.

അതുകൊണ്ടാണ് ഒക്ടോബര്‍ 2012-നു Adani Ports and Special Economic Zones Ltd ബോര്‍ഡ് അംഗമായി പിള്ള ചേര്‍ന്നപ്പോള്‍ പലരും അത്ഭുതപ്പെട്ടത്. 2010-ല്‍ പിള്ള ആഭ്യന്തര സെക്രട്ടറി ആയിരുന്നപ്പോഴാണ്, അദാനി തുറമുഖ കമ്പനിക്കു കേരളം, തമിഴ്നാട്, JNPT (മുംബൈ) എന്നിവടങ്ങളില്‍ മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചത്.

അദാനിയുടെ കൂടെ ചേരുന്നത് വിരുദ്ധ താത്പര്യങ്ങള്‍ സൃഷ്ടിക്കലല്ലേ എന്ന് ഇക്കണോമിക് ടൈംസ് ചോദിച്ചപ്പോള്‍, “ചില സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടതിനാലാണ് സുരക്ഷാ അനുമതി നല്‍കാഞ്ഞത്. പിന്നീട്, ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നല്കുകയും ചെയ്തു. ഞാന്‍ ഒരു സ്വതന്ത്ര ഡയറക്ടറായി ചേരുന്നത് ഒക്ടോബര്‍ 2012-നാണ്- എന്റെ അധിക ജോലികാലാവധിക്കും ഒരു വര്‍ഷവും നാലുമാസവും കഴിഞ്ഞതിന് ശേഷം,” എന്നായിരുന്നു പിള്ളയുടെ മറുപടി.  എന്നാല്‍ അദാനിക്കുള്ള അന്തിമ അനുമതി കിട്ടിയത് 2013ലാണ് എന്ന് വാര്‍ത്തകള്‍ കാണിക്കുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പിള്ള മറുപടി നല്‍കിയത്, “ഞാന്‍ പറഞ്ഞതാണ് എന്റെ മറുപടി. എനിക്ക് മറ്റ് വിശദാംശങ്ങള്‍ ഒന്നുമില്ല. നിങ്ങള്‍ പറഞ്ഞത് എനിക്ക് പരിശോധിക്കേണ്ടതുമുണ്ട്,” എന്നാണ്.

പിള്ളയുടെ നടപടികളില്‍ സംശയം ജനിപ്പിക്കുന്ന മറ്റൊരു സംഗതി, ഇഷ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കാണുമ്പോഴാണ്.

“സത്യവാങ്മൂലം ഒന്ന് പുനഃപരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞു അന്നത്തെ ആഭ്യന്ത്രമന്ത്രിയായിരുന്ന ചിദംബരം ജോയിന്റ് സെക്രട്ടറിയില്‍ നിന്നും അതുസംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞപോലെ സത്യവാങ്മൂലം പുതുക്കിയതിന് ശേഷമാണ് ആ ഫയല്‍ എന്റെയടുത്ത് വരുന്നത്,” പിള്ള ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

ആഭ്യന്തര മന്ത്രാലയം ആഗസ്ത് 2009-നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ആദ്യത്തെ സത്യവാങ്മൂലത്തില്‍ ഇഷ്രത്തിനെയും അവരുടെ കൂടെയുള്ള, മൂന്നുപേരെയും കുറിച്ച്-പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ്, സീഷാന്‍ ജോഹര്‍, അംജദ് അലി റാണ- ലഷ്കര്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന  ഐ ബി നല്കിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തുന്നതിനെ അവര്‍ എതിര്‍ത്തു.

സെപ്റ്റംബര്‍ 2009-നു നല്കിയ രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ കൊല്ലപ്പെട്ടവരുടെ ഭീകരവാദ ബന്ധം സ്ഥാപിക്കാന്‍ ഐ ബി നല്കിയ വിവരങ്ങള്‍ മതിയാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. “ഈ വിവരങ്ങളൊന്നും തെളിവുകളാകുന്നില്ല. ഏതെങ്കിലും പൊലീസ് നടപടിയില്‍ കേന്ദ്രത്തിന് ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള അന്യായമോ അത്യധികമോ ആയ പൊലീസ് നടപടിയെ അത് ന്യായീകരിക്കുന്നുമില്ല,” സത്യവാങ്മൂലത്തില്‍ പറയുന്നു.

“വസ്തുതകളെ ശരിയായി വിലയിരുത്തിക്കൊണ്ട് സി ബി ഐയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് തീരുമാനിക്കുന്നതെങ്കില്‍ സര്‍ക്കാരിന് അക്കാര്യത്തില്‍ എതിര്‍പ്പില്ല. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ അനുസരിക്കും.”

ഇഷ്രത്, ലഷ്കര്‍-ഇ-തെയ്ബ ചാവേറായിരുന്നു എന്ന അമേരിക്കന്‍ തടവിലുള്ള ഭീകരവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴിക്ക് സാധുത നല്‍കിക്കൊണ്ട് ഒരു രാഷ്ട്രീയ വിവാദം ഉണ്ടാക്കാനാണ് പിള്ളയുടെ പ്രസ്താവനകള്‍ സഹായിച്ചിട്ടുള്ളത്. പിള്ളയുടെ ഈ നടപടി തികച്ചും തെറ്റാണ്.

പിള്ള, അദാനി തുറമുഖ, പ്രത്യേക സാമ്പത്തിക മേഖല കമ്പനിയുടെ ബോര്‍ഡ് അംഗമായിരിക്കുകയും കമ്പനി ഉടമ അദാനി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വ്യവസായിയാണെന്ന് ലോകമറിയുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുനില്‍ക്കണമായിരുന്നു. മോദിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന തരത്തില്‍ പുറപ്പെടുവിക്കുന്ന ഏതൊരു പ്രസ്താവനയും തന്റെ തിളങ്ങുന്ന ഔദ്യോഗിക സേവനകാലത്തിന് മേല്‍ വീഴ്ത്തുന്ന കളങ്കമായിരിക്കുമെന്ന് പിള്ള തിരിച്ചറിയണം.

ഐ ബിയുടെ ദൌത്യത്തെക്കുറിച്ച് ആഴത്തിലറിവുള്ളവര്‍ക്ക് ബോധ്യമുള്ളതാണ്, 2004-ലെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഇഷ്രത് ജഹാനും കൂടെയുള്ളവരും കുറച്ചുദിവസമായി സംസ്ഥാന പോലീസിന്റെ പിടിയിലായിരുന്നു എന്ന്.

ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍  ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ മറ്റുചിലതാണ്: അവരെ എങ്ങനെയാണ് വെടിവെച്ചു കൊന്നത്? ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായോ?

ബാക്കിയുള്ളതെല്ലാം ഒരു ഉദാര ജനാധിപത്യത്തില്‍ അതിന്റെ പുറത്തുള്ള കാര്യങ്ങളാണ്, മിക്കതും അപ്രസക്തവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍