UPDATES

സയന്‍സ്/ടെക്നോളജി

ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നുണ്ട്; പക്ഷേ ആശ്വസിക്കാറായിട്ടില്ല

Avatar

നോഹ് സ്മിത്ത്
(ബ്ലൂംബര്‍ഗ്)

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഭയാനകമായ പുതിയ വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മള്‍ വായിക്കുന്നതെന്ന് തോന്നുന്നു. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ആവശ്യപ്പെട്ടത് പ്രകാരമുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ പരിധി വെച്ചാലും ആഗോള താപനം 2 ഡിഗ്രി സെല്‍ഷ്യല്‍സില്‍ കുറവായി പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയെ രക്ഷിക്കുക അല്ലെങ്കില്‍ മുതലാളിത്തം ഇതില്‍ ഏതെങ്കിലും ഒന്നു മാത്രമേ നമുക്ക് തെരഞ്ഞെടുക്കാന്‍ കഴിയുള്ളൂവെന്നാണ് ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത മുന്നറിയിപ്പ്.

എന്നാല്‍ എനിക്ക് വളരെ നല്ല ഒരു വാര്‍ത്ത പറയാനുണ്ട്. 2015ല്‍ യഥാര്‍ഥത്തില്‍ ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ താഴ്ന്നിട്ടുണ്ട്.

ആത്മസംതൃപ്തി തോന്നേണ്ട സമയമല്ല ഇത്. ഈ താഴ്ച ചിലപ്പോള്‍ ഒരു താത്കാലിക വ്യതിയാനമാകാം. അങ്ങനെ അല്ലെങ്കിലും, അന്തരീക്ഷത്തില്‍ ഓരോ വര്‍ഷവും കൂടുന്ന അധിക കാര്‍ബണിന്റെ അളവ്, അത് കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കാലാവസ്ഥാ മാറ്റം തടയണമെങ്കില്‍ പുറന്തള്ളല്‍ വലിയ തോതില്‍ നമ്മള്‍ കുറക്കേണ്ടി വരും, അതിന്റെ വളര്‍ച്ച തടഞ്ഞാല്‍ മാത്രം മതിയാകില്ല.

പുറന്തള്ളലില്‍ ഉണ്ടായിട്ടുള്ള കുറവ് തള്ളിക്കളയുന്നതില്‍ ചില കാലാവസ്ഥാ എഴുത്തുകാര്‍ വല്ലാതെ തിടുക്കം കാട്ടുകയാണെന്നാണ് എനിക്ക് തോന്നുന്നത്. കൂട്ടത്തില്‍ മികച്ച ഒരാളായ ബ്രാഡ് പ്ലൂമര്‍, ഉണ്ടായിട്ടുള്ള താഴ്ച ഒരു താത്കാലിക ഇടവേള മാത്രമായി കണക്കാക്കണമെന്നാണ് പറയുന്നത്. പുറന്തള്ളലില്‍ കുറവ് ഉണ്ടാകാന്‍ കാരണം കല്‍ക്കരി ഉപയോഗം കുറച്ച ചൈനയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. കാര്‍ബണ്‍ പുറന്തള്ളലിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ മുന്‍പന്തിയിലാണ് ചൈന ഇതുവരെ എന്നതിനാല്‍, അത് വളരെ വലിയ മാറ്റമുണ്ടാക്കി.

പക്ഷെ ചൈനയുടെ വളര്‍ച്ച മിക്കവാറും തിരിച്ചുവരവ് നടത്തും, പിന്നെ ഇന്ത്യയും ഇന്തോനേഷ്യയും പോലുള്ള പല വികസ്വര രാഷ്ട്രങ്ങളും ത്വരിതഗതിയിലുള്ള വ്യവസായവത്കരണത്തിന്റെ ബാറ്റണ്‍ എടുക്കാനുള്ള കാത്തിരിപ്പിലാണ്. അങ്ങനെ ചെയ്യുമ്പോള്‍ മറ്റ് രാജ്യങ്ങളെപ്പോലെ കല്‍ക്കരി കത്തിച്ചുകൊണ്ട് തന്നെയാകും അവര്‍ വികസനം മുന്നോട്ട് കൊണ്ടുപോവുക. അതുകൊണ്ട് നമ്മള്‍ ഇപ്പോഴും ആശങ്കപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിയിട്ടില്ല. എന്നാലും പ്ലൂമര്‍ വല്ലാതെ അശുഭവിശ്വാസിയാവുകയാണെന്ന് വിചാരിക്കാന്‍ കാരണങ്ങളുണ്ട്. വരുന്ന ദശാബ്ദങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ കാരണമായേക്കാവുന്ന മൂന്ന് കാര്യങ്ങളാണ് ഉള്ളത്. ഒന്ന് സാങ്കേതികമാണ്, അടുത്തത് സാമ്പത്തികവും പിന്നെയുള്ളത് രാഷ്ട്രീയവുമാണ്.

സാങ്കേതികപരമായിട്ടുള്ള കാരണം, തീര്‍ച്ചയായും സൗരോര്‍ജത്തിന്റെയും ബാറ്ററിയില്‍ ശേഖരിക്കാനുള്ള സാങ്കേതികവിദ്യയുടെയും പെട്ടന്നുള്ള പുരോഗതിയാണ്. ഇതു രണ്ടിന്റെയും ചെലവ് ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പരീക്ഷണങ്ങളിലൂടെ മികവ് വര്‍ധിപ്പിക്കുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. സോളാറിന്റെയും ബാറ്ററിയുടെയും കാര്യത്തിലാണെങ്കില്‍ മിക്കവാറും അതൊരു പഠന പ്രക്രിയ ആയിരിക്കും. കാരണം, കൂടുതല്‍ സൗരോര്‍ജ പാനലുകളും ബാറ്ററികളും നിര്‍മ്മിക്കുന്നത് ഇതുവരെ ഉള്ളതില്‍ നിന്ന് അതിനെ എങ്ങനെ കൂടുതല്‍ മികവുറ്റതാക്കാം എന്നത് കണ്ടെത്താന്‍ ഉത്പാദകരെ സഹായിക്കുന്നുണ്ട്.

സര്‍ക്കാര്‍ സബ്‌സിഡികള്‍ ഇല്ലാതെ തന്നെ ചെലവ് കുറഞ്ഞ മാര്‍ഗമായി സൗരോര്‍ജം പല പ്രദേശങ്ങളിലും മാറിയത് അത്തരം പ്രക്രിയയിലൂടെയാണ്. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍, ലോകത്തെ മിക്ക പ്രദേശങ്ങളിലും പുതിയ ഫോസില്‍ ഇന്ധന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെക്കാള്‍ ചെലവ് കുറഞ്ഞ രീതിയായി ഇത് മാറും. രാത്രിയിലും സൂര്യപ്രകാശം ഇല്ലാത്തപ്പോഴും ഫോസില്‍ ഇന്ധനത്തിന് പകരമായി സൗരോര്‍ജം ഉപയോഗിക്കാന്‍ ബാറ്ററികള്‍ സഹായിക്കും. ഗാസോലിന്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് പകരം ഇലക്ട്രിക്ക് കാറുകള്‍ക്ക് അത് വഴിതുറന്നാല്‍, വീണ്ടും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ കഴിയും.

കല്‍ക്കരിയുടെ പരമാവധി ഉപയോഗം നടന്നുകഴിഞ്ഞു എന്നുള്ളതിനാല്‍ രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ലോകത്തെ കല്‍ക്കരി മുഴുവന്‍ തീര്‍ന്നുവെന്ന അപകടം ഇപ്പോഴടുത്തൊന്നും ഉണ്ടാവില്ലെങ്കിലും ചൈന പോലുള്ള രാജ്യങ്ങളില്‍ മികച്ച ഗുണനിലവാരമുള്ളതും എളുപ്പത്തില്‍ ലഭിക്കുന്നതുമായ കല്‍ക്കരി ഇപ്പോള്‍ തന്നെ തുരന്ന് കഴിഞ്ഞു. ബാക്കിയുള്ള കല്‍ക്കരി ഗുണനിലവാരം കുറഞ്ഞതായതിനാലും എടുക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്നതിനാലും ഭൂമിയില്‍ നിന്ന് അതിനെ പവര്‍ പ്ലാന്റുകളിലേക്കും ഫാക്ടറികളിലേക്കും എത്തിക്കാനുള്ള ചെലവ് വളരെ കൂടുതലായിരിക്കും. ചൈനയിലെ കല്‍ക്കരി ഉത്പാദനം മന്ദഗതിയിലാകാനും ആഭ്യന്തര ഖനികള്‍ ഉണ്ടായിട്ടും അവിടേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് ആവശ്യമായ കല്‍ക്കരി ഇറക്കുമതി ചെയ്യാനും ഇതാകാം കാരണം.

കുറഞ്ഞ ചെലവില്‍ കല്‍ക്കരി ലഭ്യമാണെങ്കില്‍ തന്നെയും അത് ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കാനും മറ്റൊരിടത്ത് എത്തിച്ച് സംസ്‌കരിക്കാനുമുള്ള യന്ത്രസാമഗ്രികള്‍ക്കും മറ്റും വന്‍ നിക്ഷേപം ആവശ്യമായുണ്ട്. ഉദാഹരണത്തിന് കല്‍ക്കരിപ്പാടങ്ങളുടെ വിസ്തൃതിയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ രാജ്യമായ ഇന്ത്യ, അത് കുഴിച്ചെടുക്കാനുള്ള അടിസ്ഥാന യന്ത്രസാമഗ്രികള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ അത്ര കണ്ട് പര്യാപ്തമല്ല. അതിനാല്‍ തന്നെ ആവശ്യത്തിന് വിതരണം നടത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ട്. അത് കല്‍ക്കരിയുടെ വില കൂടാനും കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുന്നത് മന്ദഗതിയിലാക്കാനും കാരണമാകും. വലിയ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമായി ഇല്ലാത്ത പല വികസ്വര രാജ്യങ്ങളും ഇന്ധനം ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. ഇറക്കുമതി എന്നതും ചെലവേറിയ കാര്യമായതിനാല്‍ ഇതും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയാന്‍ കാരണമാകും.

ഏറ്റവും അവസാനത്തെ കാര്യം രാഷ്ട്രീയമാണ്. വളര്‍ച്ചാ ശാഠ്യമുള്ള ചൈനയെ പോലും പേടിപ്പിച്ചിരിക്കുകയാണ് കാലാവസ്ഥാ മാറ്റത്തിലെ കൂടിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പുകള്‍. ഈ വര്‍ഷം ഏകമുഖമായി നിയന്ത്രിത വ്യാപാര പദ്ധതി ചൈന നടപ്പിലാക്കിയിരിക്കുകയാണ്. ആഗോള തലത്തിലെ ഏകോപനത്തിന്റെ സാധ്യതകള്‍ യാഥാര്‍ഥ്യമാണെന്ന് കാണിക്കുന്നതാണ് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കര്‍ക്കശമായ പുറന്തള്ളല്‍ നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടി. മാത്രവുമല്ല അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും അവിടെ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

നമ്മള്‍ യഥാര്‍ഥത്തില്‍ ഒരു വളവ് തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന സാധ്യത കാലാവസ്ഥാ എഴുത്തുകാരും പ്രവര്‍ത്തകരും അതുകൊണ്ട് തള്ളിക്കളയേണ്ടതില്ല. എന്നാല്‍ അമിത ആത്മവിശ്വാസത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് ശരിയുമാണ്. 2015ല്‍ പുറന്തള്ളലില്‍ വന്നിട്ടുള്ള കുറവ് നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നതിന്റെയോ കാര്‍ബണിന് എതിരായിട്ടുള്ള സമരത്തിന് ഊര്‍ജം ചെലവാക്കുന്നത് നിര്‍ത്താമെന്നതിന്റെയോ സൂചനയായിട്ട് നമ്മള്‍ കാണേണ്ടതില്ല. മറിച്ച് സാങ്കേതിക- രാഷ്ട്രീയ മുന്നണികള്‍ക്ക് മേല്‍ നമ്മള്‍ തുടര്‍ന്നും നടത്തുന്ന പരിശ്രമങ്ങളാണ് കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷ നമുക്ക് നല്‍കുക.

(സ്റ്റോണി ബ്രൂക്ക് യൂണിവേര്‍സിറ്റിയില്‍ ധനതത്വ ശാസ്ത്രം അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍