UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവര്‍ഷം അത്ര സന്തോഷകരമല്ല രാജ്യങ്ങള്‍ക്ക്

പുതുവര്‍ഷം ലോകത്തെ മിക്കവാറും സമ്പദ് വ്യവസ്ഥകളിലൊന്നുംതന്നെ ഒട്ടും ആഹ്ലാദം കൊണ്ടുവന്നില്ല. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഭൂഗോളത്തിലെ ഏറ്റവും സുസ്ഥിരമായ വളര്‍ച്ചനിരക്കുള്ള, ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നെന്ന്, ചുരുങ്ങിയത് ഏറ്റവും വലിയ രാജ്യമെന്ന്, നമ്മുടെ സര്‍ക്കാര്‍ ഇടക്കിടെ നമ്മെ ഓര്‍മിപ്പിക്കാന്‍ മറക്കാറില്ല. ഒരു മനുഷ്യനും ഒരു ദ്വീപല്ല. നമുക്കുചുറ്റും സംഭവിക്കുന്നതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഇന്ത്യന്‍ സമ്പദ് രംഗത്തിന് ഒറ്റപ്പെട്ടുനില്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെങ്കില്‍ നാമൊരു മായാലോകത്താണ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാര കയറ്റുമതി 13-14% കണ്ടു കുറയുമെന്നാണ് കരുതുന്നത്. നാലുകൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് താഴുന്നത്. ഏറ്റവും വലിയ ഇടിവ് പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് (അധികവും രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റേത്) 50 ശതമാനത്തിലേറെ ഇടിവാണ് കണക്കാക്കുന്നത്.

2013-14-ല്‍ ജി ഡി പിയില്‍ കയറ്റുമതിയുടെ പങ്ക് നാലിലൊന്നായിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍  കഷ്ടി അഞ്ചിലൊന്നായി കുറഞ്ഞു എന്നു വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും (അത് കയറ്റുമതിയെ കൂടുതല്‍ ആഗോള മത്സരക്ഷമമാക്കും എന്നാണ് സാമാന്യധാരണ) തൊഴില്‍ കേന്ദ്രീകൃത കയറ്റുമതി മേഖലകള്‍- തുണിവ്യവസായം, വജ്രം മിനുക്കല്‍, തുകല്‍, കരകൌശല ഉത്പന്നങ്ങള്‍, സമുദ്ര ഭക്ഷ്യവിഭവങ്ങള്‍- കടുത്ത പ്രതിസന്ധിയിലാണ്.

ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും ലോകബാങ്ക് ‘തെളിച്ചമുള്ള ഇടങ്ങളായി’ വിശേഷിപ്പിച്ചേക്കാം. രാജ്യത്തെ ബാങ്കുകള്‍ സ്വകാര്യ കമ്പനികളില്‍ നിന്നുമുള്ള കിട്ടാകടങ്ങളുടെ ഭാരത്തില്‍ വളയുകയാണ്. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലെ നിക്ഷേപം വലതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ വളരുന്നതിന് പകരം ശേഷികള്‍ പോലും ഉപയോഗിക്കാതെയും ലാഭം ചുരുങ്ങിയും കിടക്കുകയാണ്.

ഇന്ത്യയുടെ ജി ഡി പിയില്‍ നിക്ഷേപങ്ങളുടെ പങ്ക് കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ 10 ശതമാനത്തിലേറെയാണ് കുറഞ്ഞതെന്ന് ഒരു കണക്ക് കാണിക്കുന്നു. 2008-ലെ 38 ശതമാനത്തില്‍ നിന്നും ഇപ്പോഴത്തെ 28 ശതമാനത്തിലേക്ക്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും അത്തരം നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 10 ശതമാനം മാത്രമാണ്. സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ പൊതുമേഖലയെ ആശ്രയിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴി. പക്ഷേ ആഭ്യന്തര ആവശ്യം മന്ദീഭവിച്ചിരിക്കുന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പേരുകേട്ട കാര്യക്ഷമതയ്ക്കൊന്നും ചരക്ക് ഗതാഗതത്തിലെ ഈ വര്‍ഷത്തെ ലക്ഷ്യം കൈവരിക്കാനായില്ല. അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ കാലതാമസം മൂലം വൈദ്യുതോത്പാദനത്തിലെ വര്‍ദ്ധനവ് നാമമാത്രമാണ്.

അന്താരാഷ്ട്ര എണ്ണവില കുത്തനെ താഴോട്ട് പോന്നതാണ് ഏക അനുകൂല ഘടകം. പക്ഷേ അതിന്റെ കാരണം അവകാശപ്പെടാന്‍ എന്തായാലും മോദി സര്‍ക്കാരിനാകില്ല. അന്താരാഷ്ട്ര എണ്ണവില കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സാമ്പത്തിക മാന്ദ്യം പടരുന്നതിന്റെ ലക്ഷണമാണ്. ഭൌമ-രാഷ്ട്രീയ സാഹചര്യം മെച്ചപ്പെടുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല എന്നാണ് ഭീഷണമായ മറ്റൊരു വസ്തുത. പകരം സൌദി അറേബ്യയും  ഇറാനും തമ്മില്‍ ഉടലെടുത്ത പുതിയ സംഘര്‍ഷമടക്കം പശ്ചിമേഷ്യ പുതിയ സംഘര്‍ഷങ്ങളുമായി പുകയുകയാണ്.

‘വളരുന്ന സമ്പദ് വ്യവസ്ഥകള്‍’ എന്നറിയപ്പെടുന്ന BRICS-ലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ആദ്യ രണ്ടു രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുകയാണ്. കഴിഞ്ഞ കുറച്ചുകാലത്തിനുള്ളില്‍ ബ്രസീലിന്റെ സാമ്പത്തിക രംഗം നാലിലൊന്നുകണ്ട് ചുരുങ്ങിയിരിക്കുന്നു. റഷ്യന്‍ സമ്പദ് രംഗമാകട്ടെ 40 ശതമാനമാണ് ചുരുങ്ങിയത്. എണ്ണ കയറ്റുമതി ചെയ്യുന്ന നൈജീരിയ, വെനെസ്വേല പോലുള്ള രാജ്യങ്ങളും തകര്‍ച്ച നേരിടുകയാണ്.

വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ ലോകസമ്പദ് രംഗത്തെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കുമെന്ന്  Brookings Institution and Financial Times ഒക്ടോബര്‍ 2015-ല്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ചൈന നാണയ മൂല്യശോഷണം നടത്തിയപ്പോള്‍ ഓഹരിവിപണികളിലുണ്ടായ തകര്‍ച്ചയും മുന്‍കൂട്ടി കണ്ടിരുന്നു. വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവുംവലിയ സമ്പദ് വ്യവസ്ഥയായ ചൈന അന്താരാഷ്ട്ര സാമ്പത്തിക വിപണികളിലെ ഏറ്റവും വലിയ അസ്ഥിരതയുടെ ആണിക്കല്ലായി മാറിയിരിക്കുന്നു. മൂന്നു ദശാബ്ദത്തോളം ഇരട്ടയക്ക വളര്‍ച്ചാനിരക്ക് നേടിയതിന് ശേഷം ചൈനയുടെ സമ്പദ് രംഗം ഇപ്പോള്‍ 6-7% നിരക്കിലാണ് വളരുന്നത്. 2008-2009 കാലത്ത് ചൈന, ഇന്ത്യ, ആസ്ട്രേലിയ എന്നീ സമ്പദ് വ്യവസ്ഥകള്‍ വലിയ മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ ആഗോള സമ്പദ് വ്യവസ്ഥയെ സഹായിച്ചിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ആ പങ്ക് വഹിക്കാനുള്ള ശേഷി ഈ രാജ്യങ്ങള്‍ക്കില്ല.

2008 സെപ്റ്റംബര്‍ 15-ല്‍ തുടങ്ങിയ പോലെ – ന്യൂ യോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ Lehman Brothers,Merrill Lynch,AIG എന്നീ കമ്പനികള്‍ ഒന്നിച്ചു പൊട്ടിയ ദിവസം- ഒരു കൊടും മാന്ദ്യം വരാനിരിക്കുന്നു എന്നു ഹംഗറി വംശജനായ അമേരിക്കയിലെ ഭീമന്‍ നിക്ഷേപകന്‍ ജോര്‍ജ് സൊറോസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അമിതമായ ആശങ്കയാണെന്ന് പലരും പറയുമെങ്കിലും ഏഴു കൊല്ലം മുമ്പ് നടന്നത് അത്രവേഗം മറക്കേണ്ടതില്ല.

“Global Financial Turmoil and Emerging Market Economies: Major Contagion and a Shocking Loss of Wealth?” എന്ന ഒരു ചര്‍ച്ചരേഖയില്‍ ഏഷ്യന്‍ വികസന ബാങ്ക് പറയുന്നത് 2008 കാലത്ത് ഏഷ്യയിലെ പുതിയ വ്യാവസായിക രാജ്യങ്ങള്‍ക്ക് മൊത്തത്തില്‍ $9.8 ട്രില്ല്യന്‍ നഷ്ടപ്പെട്ടു എന്നാണ്. ഈ മേഖലയിലെ രാജ്യങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 106% വരുമിത്.

1930-കളിലെ മഹാമാന്ദ്യത്തിന് ശേഷം ലോകം കണ്ട വലിയ മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ അത്ര വേഗമൊന്നും അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ചൈനയുടെ സാമ്പത്തിക കുഴപ്പങ്ങള്‍ 2016-ലും മിക്കവാറും അതിനപ്പുറത്തേക്കും തുടരും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയതുപോലെ മത്സരം നിറഞ്ഞ മൂല്യശോഷണം കൂടുതല്‍ സംരക്ഷണ നയങ്ങളിലേക്കാണ് നയിക്കുക.

മറ്റുള്ളവരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാക്കിക്കൊണ്ട് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നയങ്ങളാണ് രാജ്യങ്ങള്‍ അപ്പോഴെടുക്കുക. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും, ചൈന യുവാന്റെ വിനിമയമൂല്യം കുറച്ചതും ഇത്തരത്തിലുള്ള രണ്ടു നീക്കങ്ങളാണ്. സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുന്നതോടെ ചൈന ഡോളര്‍ ശേഖരം സാമ്പത്തിക ഉത്തേജനത്തിനായി ആഭ്യന്തര വിപണിയിലേക്ക് കൂടുതലായി ഇറക്കും എന്നാണ് പലരും കരുതുന്നത്. മാന്ദ്യം മൂകമാക്കിയ ഒരു ആഗോള സമ്പദ് രംഗം ഇന്ത്യയെ സംബന്ധിച്ച് ഒട്ടും നല്ല വാര്‍ത്തയല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍