UPDATES

കാശ്മീരില്‍ സുരക്ഷാ സേനയുടേത് ആഗോള മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള നടപടികള്‍: ആംനെസ്റ്റി

അഴിമുഖം പ്രതിനിധി

ആഗോള മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള നടപടികളാണ് സുരക്ഷാ സേന കാശ്മീരിലെ പ്രക്ഷോഭകാരികളോട് കാട്ടുന്നതെന്നും മനുഷ്യാവകാശ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും അംനെസ്റ്റി ഇന്റെര്‍നാഷണല്‍ ഇന്ത്യ പറയുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് ജുലൈ 8 മുതല്‍ ഇതുവരെ രണ്ട് സൈനികര്‍ ഉള്‍പ്പടെ 78 ആളുകളാണ് കാശ്മീര്‍ പ്രഷോഭത്തില്‍ മരിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു ശേഷമാണ് കാശ്മീര്‍ രക്തരൂക്ഷിതമായത്. ചില പ്രക്ഷോഭകാരികള്‍ പോലീസ് സ്‌റ്റേഷന്‍, സര്‍ക്കാര്‍ ഓഫീസുകള്‍, രാഷ്ട്രീയക്കാരുടെ വീടുകള്‍ തുടങ്ങിയയിടങ്ങളില്‍ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ സുരക്ഷാ സൈന്യം വെടിവെയ്ക്കുകയും,ഷോട്ട് ഗണ്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസും, പെല്ലറ്റും നിറയൊഴിക്കുകയും ചെയ്തു.

പെല്ലറ്റ് പ്രയോഗം കാരണം സമാധാനപരമായി പോയ്‌ക്കൊണ്ടിരുന്ന പ്രക്ഷോഭകാരികള്‍ക്കും അവരെ അനുഗമിച്ചിരുന്നവര്‍ക്കും പരുക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് അംനെസ്റ്റി ഇന്റെര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു. വീട്ടില്‍ ഇരിക്കുന്ന കുട്ടികള്‍ക്കുപോലും പെല്ലറ്റു പ്രയോഗം കാരണം പരുക്കേറ്റു.

ആയുധങ്ങള്‍ വിവേചന ബുദ്ധിയോടെ ഉപയോഗിക്കാത്തതു കാരണം എപ്പോഴും ഗുരുതര പരുക്കേല്‍ക്കാന്‍ സാധ്യതയേറെയാണെന്നും കൃത്യമായ രീതിയില്‍ അല്ലാതെ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ ഇവ നിരോധിക്കേണ്ടതാണെന്നും ആകാര്‍ പറയുന്നു.

പെല്ലറ്റു പ്രയോഗം കാരണം ഏകദ്ദേശം ആറ് ആളുകള്‍ മരിക്കുകയും, നൂറിലധികം പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. സൈന്യത്തിന് സെപ്റ്റംബര്‍ 2 മുതല്‍ ആഭ്യന്തര വകുപ്പ് പിഎവിഎ (പെലര്‍ഗോനിക് ആസിഡ് വനിലൈല്‍ അമൈഡ്) ഷെല്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുളകുപൊടിപോലെയുള്ള നീറുന്ന കെമിക്കലുകള്‍ അടങ്ങിയ ഈ ആയുധം അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ്.

പിഎവിഎ ഷെല്‍ ഉപയോഗിക്കുന്നതിനും ധാരാളം നിയന്ത്രങ്ങളുണ്ട്. കൃത്യമായി പരിശോധിച്ച് അനുമതി കിട്ടിയ ഷെല്ലുകളെ ഉപയോഗിക്കാവൂ. കൃത്യ അളവില്‍ നിയന്ത്രിച്ചു വേണം ഈ ഷെല്‍ ഉപയോഗിക്കാന്‍. മാത്രമല്ല സ്‌ക്കൂള്‍, ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ പിഎവിഎ ഷെല്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍