UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനിതകമാറ്റം വരുത്തിയ കടുക്; കേന്ദ്ര നടപടിക്കെതിരെ കടുക് സത്യാഗ്രഹം വ്യാപിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

ജനിതകമാറ്റം വരുത്തിയ കടുകിന്റെ മൂന്നിനങ്ങള്‍ക്ക് അനുമതി നല്‍കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൈവ കര്‍ഷകരും, പരിസ്ഥിതി പ്രവര്‍ത്തകരും നടത്തി വരുന്ന കടുക് സത്യാഗ്രഹം ദേശവ്യാപകമാകുന്നു. ഇന്ത്യയിലെ കൃഷിയും, ഭക്ഷണവും സുരക്ഷിതവും നിലനില്‍ക്കുന്നതും ആക്കാന്‍ നോക്കുന്ന ഈ കാലത്താണ് ഇത്രയും അപകടം പിടിച്ച നീക്കം പരിസ്ഥിതി മന്ത്രാലയം നടത്തുന്നതെന്നാണു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ 20 ഓളം ഇടങ്ങളില്‍ കടുക് സത്യാഗ്രഹം നടക്കുന്നുണ്ട്. കടുക് സത്യാഗ്രഹം തിരുവനന്തപുരത്ത് ഒക്ടോബര്‍ രണ്ടിന് സെക്രട്ടേറിയറ്റ് മുന്നില്‍ നടക്കുന്നു. വൈകിട്ട് ആറരയ്ക്കാണ് പരിപാടി. മെഴുകു തിരി തെളിയിച്ചു സത്യാഗ്രഹം ആരംഭിക്കും. തുടര്‍ന്നു തെരുവോര ചര്‍ച്ച (  (പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക; ശ്രീധർ – 09995358205 ; രാജേഷ് – 08893607330 ; ഇല്ലിയാസ് – 9496149173).

ഇതേ വിഷയത്തില്‍, പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ ആശങ്കയറിച്ചു പൊതുസമൂഹം സെപ്തംബര്‍ 21 ന് കേന്ദ്ര മന്ത്രി അനില്‍ മാധവിന് അയച്ച ഒരു തുറന്ന കത്തില്‍ ജനിതക മാറ്റം വരുത്തിയ കടുകുകള്‍ ഉണ്ടാക്കുന്ന ദോഷങ്ങളെ വിവരിക്കുന്നുണ്ട്.

കത്ത് ചുവടെ ചേര്‍ക്കുന്നു

ശ്രീ അനില്‍ മാധവ്,
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനവകുപ്പു മന്ത്രി,
ഗവണ്മെന്റ് ഓഫ് ഇന്ത്യ

പ്രിയപ്പെട്ട സര്‍,

വിഷയം: ജനിതകമാറ്റം വരുത്തിയ കടുകിനും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കുമെതിരെയുള്ള പ്രതികരണം – ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദന അനുമതിയെപ്പറ്റി പൊതുജനാഭിപ്രായം ആരായാനുള്ള സമയം 120 ദിവസമാക്കി ദീര്‍ഘിപ്പിക്കുക – ജൈവസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരവും സ്വതന്ത്രപരിശോധനയ്ക്കു വിധേയമാക്കുക.

നമസ്‌തേ!

കടുകിന്റെ ജനിതകമാറ്റം വരുത്തിയ മൂന്നിനങ്ങള്‍ക്ക് താങ്കളുടെ മന്ത്രാലയത്തിനു കീഴിലുള്ള ജനിതക സങ്കേത നിയന്ത്രണ ഉദ്യോഗസ്ഥരില്‍നിന്ന് അനുമതി ലഭിച്ചതില്‍ ഞങ്ങള്‍ സംഭീതരാണ്. ഇതിന്റെ പ്രയോജനങ്ങളെപ്പറ്റിയോ അപകടങ്ങളെപ്പറ്റിയോ നിയന്ത്രകര്‍ ഗൗരവമായ പഠനം നടത്തിയില്ല എന്നത് പ്രാഥമിക വിശകലനത്തില്‍ത്തന്നെ വ്യക്തമാണ്.

മൂന്നിനങ്ങളും കളനാശിനി പ്രതിരോധശേഷിയുള്ളവയാണെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അപേക്ഷയില്‍ കളനാശിനി പ്രതിരോധ ജനിതകഘടകങ്ങള്‍ക്ക് ‘മാര്‍ക്കര്‍’ പ്രവര്‍ത്തനം മാത്രമേയുള്ളൂ എന്നു വരുത്തിയിരിക്കുകയാണ്. പ്രസ്തുത കടുക് കളനാശിനി പ്രതിരോധമുള്ളതാണെന്ന് ഈയിടെ ക്രോപ് ആപ്ലിക്കന്റ് സമ്മതിച്ചിരുന്നു. എങ്കിലും ഇവയുടെ പിന്‍വാതില്‍ പ്രവേശനത്തിനുള്ള ശ്രമമാണ് ക്രോപ് ഡവലപര്‍ നടത്തുന്നത്. കളനാശിനി പ്രതിരോധശേഷിയുള്ള വിളകളുടെ പ്രതികൂല ഫലങ്ങളായ കൂടിയ അളവിലുള്ള രാസവസ്തു പ്രയോഗം, ഭക്ഷണത്തിലും പരിസ്ഥിതിയിലും കൂടുതല്‍ രാസപദാര്‍ത്ഥങ്ങളുടെ സ്വാംശീകരണം, നമ്മുടെ ആരോഗ്യത്തിലും പരിസ്ഥിതിയിലും വരുന്ന വിപരീത ഫലങ്ങള്‍, ഒരു വിത്തിലും രാസവിപണിയിലും തളച്ചിടപ്പെടുന്ന കര്‍ഷകര്‍, അതിജീവനശക്തി കൂടിയ കളകളുടെ വരവ് തുടങ്ങിയവയെല്ലാം പരക്കെ അറിയപ്പെടുന്നവയാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പശ്ചാത്തലത്തില്‍ നോക്കിയാല്‍ കളപറിക്കല്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ള ലക്ഷക്കണക്കിനു സ്ത്രീകളെ തൊഴില്‍രഹിതരാക്കുന്നത് ദരിദ്രരുടെ ഉപജീവനത്തില്‍ കനത്ത പ്രഹരമാകും. വിശ്വാസ്യതയുള്ള നിരവധി സമിതികള്‍ കളനാശിനി പ്രതിരോധശേഷിയുള്ള വിളകള്‍ക്കെതിരെ ശക്തമായും വ്യക്തമായും ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളതാണ്.

ജനിതക സങ്കേത നിയന്ത്രണ ഉദ്യോഗസ്ഥര്‍ ഈ അപേക്ഷ സ്വീകരിക്കുകയോ അതിന്മേല്‍ നടപടിയെടുക്കുകയോ ചെയ്യരുതെന്ന നിലപാടാണ് തുടക്കം മുതല്‍ ഞങ്ങള്‍ സ്വീകരിച്ചിരുന്നത്.

വിളവര്‍ധനയെപ്പറ്റിയുള്ള അവകാശവാദങ്ങള്‍ തെളിയിക്കപ്പെട്ടവയല്ല, ജനിതകമാറ്റമില്ലാതെ തന്നെ ഇന്ത്യയിലെ എണ്ണക്കുരു ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട് തുടങ്ങി മറ്റ് പല പ്രശ്‌നങ്ങളും ഇതിലുണ്ട്. സങ്കരവര്‍ഗങ്ങളുടെ വരവ് ഇതുവരെ കാര്യമായ ഉത്പാദനവര്‍ധനയുണ്ടാക്കിയിട്ടില്ല എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രജ്ഞര്‍, കര്‍ഷക നേതാക്കള്‍, ഉപഭോക്തൃ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) നടത്തിയ കൂടിക്കാഴ്ചയില്‍ വളരെ സങ്കുചിതമായ ജൈവസുരക്ഷ പഠനം മാത്രമേ നടന്നിട്ടുള്ളൂവെന്നും അതുതന്നെ അശാസ്ത്രീയവും അപൂര്‍ണവുമായ രീതിയിലാണെന്നും വ്യക്തമായിരുന്നു. അപകടസാധ്യത കണക്കാക്കല്‍ പോലും സമഗ്രമോ സമ്പൂര്‍ണമോ ആയിരുന്നില്ല.

ഇത്തരം നിയന്ത്രണത്തിന് പരിഹരിക്കാന്‍ കഴിയാത്ത നിരവധി പ്രശ്‌നങ്ങളുണ്ട്. ജനിതമാറ്റം വരുത്തിയ വിത്ത് ഉപയോഗിക്കാത്ത, എന്നാല്‍ അടുത്ത കൃഷിയിടത്തിലെ ജനിതകമാറ്റം വരുത്തിയ കൃഷിമൂലം വിള മലിനപ്പെടുന്ന കര്‍ഷകര്‍ എന്തുചെയ്യും? ഭക്ഷണത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാനുള്ള ഉപഭോക്താക്കളുടെ അവകാശത്തിന് എന്തു സംഭവിക്കും? സുരക്ഷിതമായ ഭക്ഷണത്തിനും ശരിയായ ഭക്ഷണം തിരഞ്ഞെടുക്കാനും അവര്‍ക്കുള്ള അവകാശത്തിന് എന്തു സംഭവിക്കും? തുറന്ന നിലയില്‍ വാണിജ്യം നടക്കുന്ന രാജ്യത്ത് പാക്കറ്റുകളില്‍ ലേബല്‍ പതിക്കുക എന്നത് നടപ്പാകുന്ന കാര്യമാണോ? നിലവിലുള്ള ജിഎം ലേബലിങ് സംവിധാനം പോലും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ ഉപഭോക്താക്കള്‍ക്ക് ലേബലിങ്ങിനെ എങ്ങനെ വിശ്വസിക്കാനാകും? അപകടം നിറഞ്ഞ ഈ സങ്കേതത്തില്‍ കുഴപ്പം വന്നാല്‍ പിഴ, പരാതിപരിഹാരം തുടങ്ങിയവ എങ്ങനെ ഉറപ്പാക്കും? കര്‍ഷരുടെ നിയന്ത്രണത്തിലുള്ളതും സുരക്ഷിതവും നിലനിര്‍ത്താവുന്നതും ചെലവുകുറഞ്ഞതുമായ അനേകം സങ്കേതങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് സര്‍ക്കാര്‍ അപകടം നിറഞ്ഞതും ആവശ്യമില്ലാത്തതുമായ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ തയാറാകുന്നത്? സ്വാഭാവികവും ജൈവവുമായ കൃഷിരീതികള്‍ക്ക് എന്തു സംഭവിക്കും? ജനിതകമാറ്റം വന്നവയും ജൈവ കൃഷിയും നിരവധി തരത്തില്‍ ഒത്തുപോകാത്തവയാണെന്നിരിക്കെ പ്രത്യേകിച്ചും. നിരവധി സംസ്ഥാനങ്ങള്‍ ഭക്ഷ്യ, കാര്‍ഷിക, പാരിസ്ഥിതിക കാര്യങ്ങളില്‍ ജനിതകമാറ്റ സങ്കേതത്തെ അനുകൂലിക്കുന്നില്ല. ഇതേപ്പറ്റി എന്തുപറയുന്നു? ഇക്കാര്യങ്ങളിലൊന്നും നിങ്ങളുടെ മന്ത്രാലയത്തിനോ നിയന്ത്രണ ഉദ്യോഗസ്ഥര്‍ക്കോ വ്യക്തമായ മറുപടിയില്ല. അങ്ങനെയുള്ള അവസ്ഥയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കാനേ പാടില്ല. ശരിയായ ജൈവസുരക്ഷാ നയമില്ലാതെ സര്‍ക്കാര്‍ എന്തിനാണ് ധൃതി കാട്ടുന്നത്? ഇക്കാര്യത്തില്‍ സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നിലവിലുണ്ട്.

ഞങ്ങളുടെ ഭക്ഷണത്തിലും കൃഷിയിലും പരിസ്ഥിതിയിലും ജനിതകമാറ്റം വരുത്തുന്നതിനെ എതിര്‍ക്കാനും ജനിതകമാറ്റം വരുത്തിയ ജൈവഘടകങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടാനുമാണ് ഈ കത്ത്. മൂന്ന് കടുകിനങ്ങള്‍ക്കു മാത്രമല്ല ജനിതകമാറ്റം വരുത്തിയ എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും ഇത് ബാധകമാണ്.

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ പൊതുജനാഭിപ്രായം ശേഖരിക്കുന്നു എന്ന പേരില്‍ അശാസ്ത്രീയവും അതാര്യവും വഞ്ചനാപരവുമായ നടപടികളാണ് നിയന്ത്രണാധികാരികള്‍ സ്വീകരിക്കുന്നത് എന്നതിലും ഞങ്ങള്‍ ആശങ്കാകുലരാണ്. 30 ദിവസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ജൈവസുരക്ഷാ ഫയല്‍ പൊതുവായി പ്രസിദ്ധീകരിച്ചിട്ടില്ല. നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് എങ്ങനെ എന്നതിലും നിയന്ത്രണങ്ങളുണ്ട്. ഇതല്ല ശരിയായ രീതിയെന്നും ഇപ്പോഴത്തെ നടപടികള്‍ അസ്വീകാര്യമാണെന്നും കാണിക്കുന്നതിന് നിരവധി മുന്‍കാല ഉദാഹരണങ്ങള്‍ ലഭ്യമാണ്. നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സമയം 120 ദിവസമാക്കണമെന്നും ഇതിനു പ്രത്യേക ചട്ടക്കൂടൊന്നും നിര്‍ദേശിക്കരുതെന്നും മുന്‍കാലങ്ങളിലേതുപോലെ ജൈവ സുരക്ഷാ ഫയല്‍ സ്വതന്ത്രപരിശോധനയ്ക്കായി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. സുപ്രധാനമായ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുംമുന്‍പ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍