UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ്; പരീക്കറിന്റെ ഭാവി ഇന്നറിയാം

പരീക്കറിന്റെ സ്ഥാനാരോഹണം വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്‌

മനോഹര്‍ പരീക്കറിന് രണ്ട് ദിവസം മാത്രമാണോ ഗോവ മുഖ്യമന്ത്രിയായിരിക്കാന്‍ യോഗമെന്ന് ഇന്നറിയാം. ഗോവ നിയമസഭയില്‍ സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കും.

വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. നാല്‍പ്പതംഗ നിയമസഭയില്‍ നിലവില്‍ 22 എംഎല്‍എമാരാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം 18 പേരാണ് ഉള്ളത്. മൂന്ന് എംഎല്‍എമാരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ മാത്രമേ കോണ്‍ഗ്രസിന് ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കൂ.

ചൊവ്വാഴ്ചയാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി നാലാമതും ചുമതലയേറ്റത്. ഒമ്പത് മന്ത്രിമാരും പരീക്കറിനൊപ്പം ചുമതലയേറ്റു. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 13 സീറ്റാണ് നേടാനായത്. എന്നാല്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയുടെയും മൂന്ന് എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് ബിജെപി അധികാരത്തിലേറിയത്. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ട്.

അതേസമയം പരീക്കറിന്റെ സ്ഥാനാരോഹണം വലിയ അഴിമതിയാണെന്നും അതിനായി ബിജെപി അന്യായമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് മിശ്ര ആരോപിച്ചു. കാവി രാഷ്ട്രീയക്കാര്‍ തരംതാണ മാര്‍ഗ്ഗത്തിലൂടെ അധികാരത്തിലേറിയതിനെ ജനങ്ങള്‍ വന്‍തോതില്‍ എതിര്‍ക്കുമ്പോഴും മാധ്യമങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

ഗോവയിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തിയിട്ടും അവര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ലഭിച്ച പണാധിപത്യം കൊണ്ട് അധികാരത്തിലേറാനാണ് ശ്രമിക്കുന്നത്. ഇത് ഒരു തെറ്റായ കീഴ്‌വഴക്കമാണ്. രാഷ്ട്രീയത്തില്‍ സത്യസന്ധത പുലര്‍ത്തിയില്ലെങ്കില്‍ ഈ പാര്‍ട്ടി അധികകാലം നിലനില്‍ക്കില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍