UPDATES

സിനിമ

ബുള്ളറ്റില്‍ പിന്നിട്ട സിനിമാദൂരങ്ങള്‍

Avatar

ഹരിനാരായണന്‍

യാത്രകള്‍ തിരിച്ചറിയലുകളുടെ മോഹ ഭൂമികയാണ്. ഓരോ യാത്രയും പകര്‍ന്നു നല്‍കുന്ന അനുഭവങ്ങള്‍ മിക്കപ്പോഴും വാക്കുകളാല്‍ അടയാളപ്പെടുത്തുക പ്രയാസം. പാലക്കാട്‌ നിന്നും ഗോവയിലേക്ക് ബുള്ളറ്റില്‍ സുഹൃത്തിനോടൊപ്പം ഒരു യാത്രയെന്ന പദ്ധതി മനസ്സില്‍ രൂപം കൊള്ളുമ്പോള്‍ തന്നെ IFFI യും ആ ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. യാത്രയുടേയും സിനിമയുടേയും സൗന്ദര്യവും, അനിശ്ചിതത്വങ്ങളും, വൈകാരികതയും കൂടിച്ചേരുന്ന കുറച്ചു ദിവസങ്ങള്‍.

പാലക്കാട്‌-കോഴിക്കോട്-മംഗലാപുരം വഴി രണ്ടു ദിവസം കൊണ്ട് ഗോവയിലെത്തുന്ന വിധമായിരുന്നു യാത്ര. വഴികളിലുടനീളം ചിന്തകളെ ഉദ്ദീപിപ്പിച്ച, ഓര്‍മകളെ ഉണര്‍ത്തിയ കാഴ്ചകള്‍ ധാരാളമുണ്ടായിരുന്നു. പിന്നിട്ട ഓരോ സ്ഥലവും അതിന്‍റെ രാഷ്ട്രീയ സാംസ്കാരിക സത്തയെന്തെന്ന്‍ കാണിച്ചു തന്നു. ലീഗിന്‍റെ മലപ്പുറത്ത് നിന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തിനു ഖല്‍ബ്‌ പകുത്ത് നല്‍കിയ കോഴിക്കോട്ടേക്ക് എത്തുമ്പോള്‍ വീശിയ കാറ്റു പോലും മാറുന്ന രാഷ്ട്രീയത്തിന്‍റെ ഗന്ധം പേറുന്നുന്നുണ്ടായിരുന്നു. കോഴിക്കോട് കടന്ന് ടി.പി യുടെ ഒഞ്ചിയത്ത് എത്തിയപ്പോള്‍ ചെങ്കൊടിയുടെ ചുവപ്പ് ചോരയുടെ ചുവപ്പായി അനുഭവപ്പെട്ടതും, യാത്രയുടെ ആഹ്ലാദം പതിയെ അടങ്ങി മനസ് മ്ലാനമായതും വല്ലാത്തൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. മുകുന്ദന്‍റെ മയ്യഴി കണ്ട്, അസ്തിത്വ വ്യഥയില്‍ യൗവനം ഹോമിച്ച എഴുപതുകളെ സ്മരിച്ചു. ബുള്ളറ്റ് തലശ്ശേരിയും കണ്ണൂരും കാഞ്ഞങ്ങാടും കടന്ന് കാസര്‍ഗോഡ്‌ എത്തിയപ്പോള്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തി കാസര്‍ഗോഡന്‍ ഗ്രാമങ്ങള്‍ വിഷാദ ഛായ പുതച്ചു നിന്നു. ആ കശുവണ്ടി തോട്ടങ്ങളെ  നിരവധി സാധാരണ മനുഷ്യരുടെ വിലാപങ്ങള്‍ പൊതിഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ടു. രണ്ടാം ദിവസം രാവിലെ തന്നെ അതിര്‍ത്തി കടന്ന് മംഗലാപുരത്തെത്തി. സംഘപരിവാരത്തിന്‍റെ സദാചാര പോലിസിംഗ് കൊണ്ട് സമീപകാലത്ത് മംഗലാപുരം കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. അദൃശ്യമായ ഒരു ഫാസിസ്റ്റ് കുറുവടി പിന്തുടരുന്ന മാനസികാവസ്ഥയോടെ മംഗലാപുരത്തിനോട് വിട പറഞ്ഞു.

തുടര്‍ന്ന്‍ ഉഡുപ്പി പിന്നിട്ട് മുന്നോട്ട് നീങ്ങിയ വണ്ടി ഭട്കല്‍ എത്തിയപ്പോഴാണ് നിര്‍ത്തിയത്. അതെ, ലഷ്കര്‍ ഭീകരന്‍ റിയാസ് ഭട്കലിന്‍റെ ഭട്കല്‍. വിശ്വാസികളായ, യാഥാസ്ഥിതികരായ അതിലുപരി സാധാരണക്കാരായ മനുഷ്യര്‍. പള്ളികളും അന്തരീക്ഷത്തിലെ ബിരിയാണിയുടെ ഗന്ധവും നിറഞ്ഞു നിന്ന ഭട്കല്‍ പിന്നിട്ട യാത്രയെ കടലോരങ്ങളാണ് വരവേറ്റത്. കാര്‍വാറിലെ കടല്‍ കാഴ്ചകള്‍ അതിമനോഹരമായിരുന്നു. പാത നിറയെ പശുക്കള്‍ അലഞ്ഞു തിരിയുന്ന ഗോകര്‍ണ്ണവും മുരടെശ്വരവും കഴിഞ്ഞു രാത്രിയോടെ കര്‍ണ്ണാടക വിട്ട് പനാജി എത്തിയപ്പോള്‍ പിന്നിട്ട വഴികളില്‍ കണ്ട ജീവിതങ്ങള്‍ തന്നെയായിരുന്നു ചിന്തകളില്‍.

ഗോവയില്‍ സീസണ്‍ ആയതിനാല്‍ റൂം കണ്ടെത്താന്‍ ബുദ്ധിമുട്ടി. അര്‍ദ്ധരാത്രി വണ്ടി പണി മുടക്കിയപ്പോള്‍ ഒന്ന് നടുനിവര്‍ത്താന്‍ വഴിയില്ലാതെ തെരുവിലൂടെ അലഞ്ഞു തിരിയേണ്ടി വന്നു. ആ നേരത്ത് എവിടുന്നോ പ്രത്യക്ഷപ്പെട്ട ബീഹാര്‍ സ്വദേശി മനീഷ് ഝാ യെന്ന സുഹൃത്തായിരുന്നു ഈ യാത്രയിലെ ഏറ്റവും വലിയ അത്ഭുതം. പെരുവഴിയില്‍ കുടുങ്ങിയ രണ്ട് അപരിചിതരെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിലേക്ക് കൂട്ടിക്കൊണ്ടു പോയ അദ്ദേഹത്തിന്‍റെ മനസ്  പറഞ്ഞു തന്നത് മനുഷ്യത്വത്തിന്‍റെ വലിയ പാഠങ്ങങ്ങളായിരുന്നു.  

എ കെ 47 തോക്കുകളായിരുന്നു ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന തിയേറ്റര്‍ കോംപ്ലക്സില്‍ വരവേറ്റത്. ആരെയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍. കര്‍ശനമായ ശരീര പരിശോധന. FTII വിദ്യാര്‍ഥികളെ കരുതിക്കൂട്ടി ഒഴിവാക്കിയതും അതിനെതിരായ പ്രതിഷേധത്തോട് പ്രതികരിച്ച രീതിയും തുടക്കത്തില്‍ തന്നെ സംഘാടകര്‍ എന്തൊക്കെയോ ഭയപ്പെടുന്നുവെന്നു തോന്നിപ്പിച്ചിരുന്നു. ഒരു ഫിലിം ഫെസ്റ്റിവല്‍ ആഘോഷിക്കപ്പെടാതെ ചടങ്ങുകള്‍ തീര്‍ക്കുന്ന മട്ടില്‍ മുന്നോട്ട് പോവുന്ന അവസ്ഥ. പതിയെയെങ്കിലും , സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ തുറിച്ചു നോട്ടങ്ങളെക്കാള്‍  സിനിമാ ചര്‍ച്ചകളും ബിയര്‍ ലഹരിയും ഫെസ്റ്റിവല്‍ വേദിയെ പൊതിഞ്ഞു. ചില ഗംഭീര സിനിമകള്‍ കൂടിയായതോടെ ഇഫി അതിന്‍റെ ഉച്ചസ്ഥായിയിലെത്തി.

ഗാസ്പര്‍ നോ യുടെ ‘ലവ്’നായിരുന്നു ഏറ്റവുമധികം തിരക്കനുഭവപ്പെട്ടത്. ലവ് സ്ക്രീന്‍ ചെയ്ത കലാ അക്കാദമിയില്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞ കാഴ്ച അവിസ്മരണീയമായിരുന്നു. തുര്‍ക്കി സിനിമ ‘മുസ്താംഗ്’ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു. മതയാഥാസ്ഥിതിക സാമൂഹിക മൂല്യവ്യവസ്ഥ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ക്കെതിരെ സര്‍ഗ്ഗാത്മകമായി പൊരുതുന്ന അഞ്ചു സഹോദരിമാരുടെ കഥ. ഞെട്ടിപ്പിച്ച മറ്റൊരു സിനിമാനുഭാവമായിരുന്നു ജര്‍മ്മന്‍ ചിത്രം ‘ലാബിറിന്ത്‌ ഓഫ് ലൈസ്’.നാസി കൂട്ടക്കൊലകളെ രാജ്യ സ്നേഹത്തിന്‍റെ പേരില്‍ ജന മനസുകളില്‍ നിന്ന് മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന സ്റ്റേറ്റ് തന്ത്രങ്ങള്‍ തുറന്നു കാണിച്ച ഈ ചിത്രം പലപ്പോഴും ഗുജറാത്ത്‌ വംശഹത്യയും തുടര്‍ന്ന് നടന്ന പി ആര്‍ പ്രയത്നവും, ഫാസിസം ഒരു ജനതയുടെ ഓര്‍മ്മകളെ വിലക്കെടുത്ത 2014 പൊതു തിരഞ്ഞെടുപ്പുമെല്ലാം ഓര്‍മയില്‍ കൊണ്ടു വന്നു.

പാകിസ്ഥാന്‍ ചിത്രം മൂര്‍, വിര്‍ജിന്‍ മൌണ്ടയിന്‍, സമ്മര്‍ ഓഫ് സംഗയില്‍… വിസ്മയിപ്പിച്ച ചിത്രങ്ങള്‍ നിരവധിയായിരുന്നു. അക്ക്യൂസ്ഡ് എന്ന നെതര്‍ലന്‍ഡ്‌സ്‌ ചിത്രം തെളിയിക്കപ്പെടാത്ത വെറും ആരോപണങ്ങളുടെ പേരില്‍ തടവറയിലാക്കപ്പെട്ട ഒരു നിരപരാധിയുടെ ജീവിതം വരച്ചു കാട്ടി. മദനി, സക്കറിയ, സോണി സോറി… നിരവധി മുഖങ്ങള്‍ തീയേറ്ററിലെ ശാന്തതയിലും മനസിനെ പ്രക്ഷുബ്ധമാക്കി.

നിരവധി സംവിധായകര്‍, അഭിനേതാക്കള്‍ മറ്റു സിനിമാ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങി വിവിധ തുറകളില്‍ പെട്ട മനുഷ്യര്‍ ഫെസ്റ്റിവല്‍ അനുഭവത്തില്‍ മുതല്‍ക്കൂട്ടായി. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളോടുള്ള ചിറ്റമ്മ നയവും, മേജര്‍ രവി യെ പോലെ ചിലര്‍ ജൂറിയില്‍ ഉള്‍പ്പെട്ടതും ഫെസ്റ്റിവലിന്‍റെ ഭംഗി കെടുത്തിയെന്ന്‍ പറയാതെ വയ്യ. ഓരോ സിനിമയ്ക്കായുള്ള ക്യൂവിലും പരിചയപ്പെട്ട മലയാളികളുടെ എണ്ണം  ഓര്‍മിച്ചു വയ്ക്കാവുന്നതിലുമധികമായിരുന്നു. പലതരം ഭാഷകള്‍ക്കിടയിലും മലയാളം ഉച്ചത്തില്‍ കേള്‍ക്കാവുന്ന അവസ്ഥ.

സിനിമാ തിരക്കുകള്‍ക്കിടയില്‍ വളരെ ബുദ്ധിമുട്ടിയാണ് ഗോവന്‍ കാഴ്ചകള്‍ക്കായി സമയം കണ്ടെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ചില ബീച്ചുകളും പള്ളികളും കണ്ടു. മത്സ്യത്തിന്‍റെയും ബിയറിന്റെയും ഗന്ധം നിറഞ്ഞു നിന്ന ഗോവന്‍ സന്ധ്യകള്‍. ബുള്ളറ്റ് ഗോവയുടെ മുക്കും മൂലയും അന്വേഷിച്ച് പാഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴേക്കും ഇഫിയെ പനാജി ഒരു ഉത്സവമായി തന്നെ ഏറ്റെടുത്തതായി അനുഭവപ്പെടാന്‍ തുടങ്ങി. എവിടെയും നിറങ്ങള്‍. അന്തരീക്ഷത്തില്‍ പോലും സിനിമ. നിങ്ങള്‍ മലയാളികള്‍ എന്തിനെയും വിലയിരുത്താന്‍ സമര്‍ഥരാണെന്ന് ഒരു ഗോവന്‍ സുഹൃത്തിന്‍റെ കോമ്പ്ലിമെന്‍റ്..

 മായാലോകത്തെ കുറച്ച് നാളുകളിലെ വാസത്തിനു ശേഷം ഒടുവില്‍ തിരികെ നാട്ടിലേക്ക് തിരിക്കേണ്ട സമയമായി. മനസിനെ ഒരു വിഷാദം മൂടി നിന്നിരുന്നു. “ഒരിക്കല്‍ ഇവിടെ വന്നാല്‍ പിന്നെ എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ ഈ യാത്ര മുടക്കില്ല” എന്ന് ഫെസ്റ്റിവല്‍ വേദിയില്‍ വച്ചു പരിചയപ്പെട്ട സിനിമാ നിരൂപകന്‍ ഗോപിനാഥ് മാഷ് പറഞ്ഞത് മനസ്സില്‍ ഉരുവിട്ട് കൊണ്ട് ഗോവയോട് യാത്ര പറഞ്ഞു.

തിരികെയുള്ള യാത്രയെയും കാഴ്ചകളുടെ വിരുന്ന് ഗംഭീരമാക്കി. കര്‍ണാടകയില്‍ വച്ച് ഒരു സംഘം മനുഷ്യര്‍ വണ്ടി തടയുകയുണ്ടായി. കന്നടത്തില്‍ എന്തൊക്കെയോ പറഞ്ഞ അവര്‍ പിരിവു ചോദിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് തന്ന നോട്ടിസില്‍ അയ്യപ്പന്‍റെ ചിത്രം കണ്ടപ്പോഴാണ് ശബരിമലയിലേക്ക് വരാനിരിക്കുന്ന സ്വാമിമാരാണെന്ന് ബോധ്യമായത്. ഒടുവില്‍ വണ്ടിയുടെ കേരളാ രജിസ്ട്രേഷന്‍ കണ്ട് മലയാളികളാണെന്ന് തിരിച്ചറിഞ്ഞ് ഞങ്ങളെ സന്തോഷത്തോടെ യാത്രയാക്കുകയായിരുന്നു.

തിരിച്ച് പാലക്കാടെത്തുമ്പോള്‍ ശരീരത്തിന്‍റെ ക്ഷീണത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ പകര്‍ന്നു തന്ന കാഴ്ചകളും ഓര്‍മ്മകളും മറികടന്ന അനുഭവമായിരുന്നു. രണ്ടായിരത്തോളം കിലോമീറ്ററുകള്‍ പിന്നിട യാത്ര.. കടന്നു പോയ ജീവിതങ്ങള്‍.. സംസ്കാരങ്ങള്‍.. കണ്ടു മുട്ടിയ മനുഷ്യര്‍.. സിനിമ.. ജീവിതത്തിലെ എണ്ണപ്പെട്ട അപൂര്‍വ്വം ചില അവിസ്മരണീയമായ ഓര്‍മ്മകളുടെ കൂട്ടത്തിലേക്ക് ബുള്ളറ്റിന്റെ ഇരമ്പത്തോടെ ഈ യാത്രയുടെ ഓരോ നിമിഷവും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.

(ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍