UPDATES

സിനിമാ വാര്‍ത്തകള്‍

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഞ്ചു മലയാളി സംവിധായകരുടെ സിനിമകള്‍

അഴിമുഖം പ്രതിനിധി

47 ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പനോരമ വിഭാഗത്തില്‍ ഇത്തവണ അഞ്ചു മലയാളി സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം, ജയരാജിന്റെ വീരം, എം ബി പത്മകുമാറിന്റെ രൂപാന്തരം, ജി. പ്രഭ സംവിധാനം ചെയ്ത ഇഷ്ടി(സംസ്‌കൃതം), രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത എയര്‍ലിഫറ്റ് (ഹിന്ദി) എന്നിവയാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ദ്രജിത്തും റിമ കല്ലിങ്കലുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയാണ് ജയരാജ് സംവിധാനം ചെയ്തിരിക്കുന്ന വീരത്തിനുള്ളത്. നവരസ വിഭാഗത്തില്‍ പെടുത്തി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ വിഭാഗത്തിലാണ് വീരവും ഉള്‍പ്പെടുന്നത്. വില്യം ക്ഷേക്‌സ്പിയറിന്റെ മാക്‌ബെത്തും കേരളത്തിന്റെ വടക്കന്‍പ്പാട്ട് ചരിത്രവും കോര്‍ത്തിണക്കിയാണ് വീരം ഒരുക്കിയിരിക്കുന്നത്. ഹിന്ദി നടന്‍ കുനാല്‍ കപൂറാണ് പ്രധാന വേഷം ചെയ്യുന്നത്. കൊമഡി നടന്‍ എന്ന ഇമേജ് പൊളിച്ച് കൊച്ചുപ്രേമന്‍ വളരെ വ്യത്യസ്തമായൊരു വേഷത്തില്‍ എത്തുന്നുവെന്നതാണ് പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന രൂപാന്തരത്തിന്റെ പ്രത്യേകത. അക്ഷയ്കുമാര്‍ പ്രധാന വേഷത്തിലെത്തിയ എയര്‍ലിഫ്റ്റ് കുവൈറ്റ് യുദ്ധപശ്ചാത്തലത്തില്‍, ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ സിനിമാ ആവിഷ്‌കാരമായിരുന്നു. മലയാളിയായ രാജാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

മേളയുടെ ഉദ്ഘാടന ചിത്രമായ ഇഷ്ടി സംവിധാനം ചെയ്തിരിക്കുന്ന ജി. പ്രഭ ഒരു സംസ്‌കൃതം പ്രൊഫസര്‍ കൂടിയാണ്. നെടുമുടി വേണുവും പുതുമുഖമായ ആതിര പട്ടേലുമാണ് പ്രധാന താരങ്ങളെ അവരിപ്പിക്കുന്നത്. ഒരു സാമൂഹിക വിഷയം കൈക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്‌കൃത സിനിമ എന്നതാണ് ഇഷ്ടിയുടെ പ്രത്യേകത.

എസ്എ രാജമൗലി സംവിധാനം ചെയ്ത ബാഹുബലി, സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവു മസ്താനി, അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ എന്നീ ചിത്രങ്ങളും മുഖ്യധാര കൊമേഴ്‌സല്‍ സിനിമകളുടെ പ്രതിനിധികളായി ഇത്തവണ മേളയില്‍ എത്തുന്നുണ്ട്.

സംവിധായകനും നിര്‍മാതാവുമായ രാജേന്ദ്ര സിംഗ് ബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്നതിന്‍ പ്രകാരമാണ് ബാഹുബലി ഗോവ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍