UPDATES

യാത്ര

12 വര്‍ഷത്തിനുള്ളില്‍ ഗോവയില്‍ മരണപ്പെട്ടത് 245 വിദേശ സഞ്ചാരികള്‍

മുപ്പതിനും 49 ഇടയിലുള്ള പുരുഷന്മാരാണ് മരിച്ച വിദേശികളില്‍ അധികവും; 88 പേരുടെ മരണം ദുരൂഹം

ഗോവയില്‍ വര്‍ദ്ധിച്ചുവരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം അവിടുത്തെ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ആശങ്ക പുലര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് സഞ്ചാരികളുടെ എണ്ണം കുറയുമെന്ന ആശങ്കയ്ക്ക് ആക്കം കൂടുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ 245 വിദേശ സഞ്ചാരികള്‍ ഗോവയിലെ നാല് ജില്ലകളില്‍ വച്ച് മരിച്ചു എന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു (ഇതില്‍ 88 പേരുടെ മരണം ദുരൂഹമാണ്). ഗോവന്‍ പോലീസ് നല്‍കിയ വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് പത്രം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഐറിഷ്-ബ്രിട്ടീഷ് ഇരട്ട പൗരത്വമുള്ള ഡാനിയേല മക്ലാഗ്ലിന്‍ എന്ന 28-കാരിയുടെ മരണമാണ് കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാലോലം ബീച്ചില്‍ നടന്ന പാര്‍ട്ടി ശേഷം മണിക്കൂറുകള്‍ക്കിടയില്‍ അവര്‍ ലൈംഗികമായി പീഢിപ്പിക്കപ്പെടുകയും അവരെ ശ്വാസം മുട്ടിക്കുകയും ചെയ്തതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അവരെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ഗുണ്ട സംഘത്തിലെ അംഗമായ വികത് ഭഗത് എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് തൊട്ട് തലേദിവസം മക്ലാഗ്ലിന്‍ ഇയാളൊടൊപ്പം സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

2015-വരെയുള്ള പത്ത് വര്‍ഷത്തിനിടയില്‍ ഗോവയിലെ വിവിധ ജില്ലകളില്‍ മരിച്ച ആറ് വിദേശികളുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുള്ളതായും പോലീസ് പറയുന്നു. മറ്റ് 157-പേര്‍ സ്വാഭാവിക കാരണങ്ങളാലോ അപകടം മൂലമോ മരണമടഞ്ഞു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മരിച്ച വിദേശികളില്‍ ചിലരുടെ ബന്ധുക്കള്‍ പോലീസിന്റെ വിശദീകരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍ണായക തെളിവുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ഗോവന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് അവരുടെ ആരോപണം.

2016-ല്‍ അഞ്ച് ദശലക്ഷം വിദേശികള്‍ ഗോവ സന്ദര്‍ശിച്ചു എന്നാണ് കണക്ക്. സന്ദര്‍ശകരുടെ സുരക്ഷയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നിരാശാജനകമായ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം വെളിയില്‍ വരുന്നത്. പെര്‍നെം ജില്ലയില്‍ മാത്രം 20 ആത്മഹത്യകള്‍ നടന്നു. 23 വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. മറ്റ് 39 പേരുടെ മരണകാരണം ദുരൂഹമാണെന്നോ കേസ് അന്വേഷണത്തിലാണെന്നോ പോലീസ് വിശദീകരിക്കുന്നു. മുപ്പതിനും 49 ഇടയിലുള്ള പുരഷന്മാരാണ് ഈ ജില്ലകളില്‍ വച്ച് മരിച്ച വിദേശികളില്‍ അധികവും.

ആറ് വിദേശികളുടെ ബന്ധുങ്ങളാണ് അവരുടെ മരണങ്ങളില്‍ ദുരൂഹത ആരോപിക്കുന്നത്. 22-കാരനായ ഫിന്നിഷ് പൗരന്‍ ഫെലിക്‌സ് ദാഹ്ലിന്റെതാണ് അത്തരം മരണങ്ങളില്‍ ഒന്ന്. ദാഹ്ലിന്റെ തലച്ചോറില്‍ പൊട്ടലുണ്ടെന്നും അത് ഉയരത്തില്‍ നിന്നും വീണതുകൊണ്ടാകാം എന്നുമാണ് ഗോവയില്‍ നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഫിന്‍ലന്റില്‍ വച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നത് ഇത് തലയില്‍ ശക്തമായ അടിയേറ്റതിന്റെ ഫലമായി ഉണ്ടായതാണ് എന്ന് അദ്ദേഹത്തിന്റെ അമ്മ മാന്നി പിര്‍ഹോനന്‍ പറയുന്നു.

തന്റെ മകനുമായി ബന്ധപ്പെട്ടിരുന്ന ഒരാള്‍ ഭഗത്തിന്റെ ഒരു അനുയായി ആണെന്ന് പിര്‍ഹോനന്‍ പറയുന്നു. ദാഹ്ലിന്റെ മരണം നടന്നതിന്റെ പതിനാറാം ദിവസം തെക്കന്‍ ലണ്ടനില്‍ നിന്നുള്ള ജെയിംസ് ഡാര്‍ക്കിന്റെ ശവശരീരം തീരത്തടിഞ്ഞു. അദ്ദേഹത്തിന് അംഗച്ഛേദം സംഭവിച്ചിരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇത് മുങ്ങിമരണമായാണ് പോലീസ് കണക്കാക്കുന്നത്. 15-കാരിയായ സ്‌കാര്‍ലറ്റ് കീലിംഗിന്റെ മരണം അപകടം മൂലമാണെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ അവരുടെ അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ അവരുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയും 50-ലേറെ മുറിവുകളും ലൈംഗീക പീഢനത്തിന്റെ ലക്ഷണങ്ങളും ഉണ്ടെന്ന് തെളിയുകയും ചെയ്്തു. ഡെന്നിസെ സ്വീനെയുടെ മരണം അമിതമായി മയക്കുമരുന്ന് ഉള്ളില്‍ ചെന്നത് മൂലമാണെന്ന് ആദ്യം പോലീസ് വിധിയെഴുതി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപകടകരമായ വസ്തുക്കളൊന്നും അവരുടെ ശരീരത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, മുറിവുകള്‍ കൂടി കണ്ടെതോടെ അത് കൊലപാതകമാണെന്ന് സ്ഥിതീകരിക്കുകയായിരുന്നു.

ഒരു സംസ്ഥാനത്ത് ഇത്രയധികം ചെറുപ്പക്കാര്‍ക്ക് സ്വാഭാവിക മരണം സംഭവിക്കുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും വിനോദസഞ്ചാര വ്യവസായത്തിന് വലിയ പ്രാധാന്യമുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമായ റിപ്പോര്‍ട്ടുകളല്ല പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍