UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയിലും മണിപ്പൂരിലും അനിശ്ചിതത്വം; ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി

മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസമാണ് പ്രാദേശിക പാര്‍ട്ടികളുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയില്‍ കണ്ണ് വച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. ചിത്രം വരും ദിവസങ്ങളില്‍ വ്യക്തമാകും.

മണിപ്പൂരില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുന്നതെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത് 26 സീറ്റ്. മണിപ്പൂരില്‍ ഇത്തവണ അക്കൗണ്ട് തുറന്ന ബിജെപിക്ക് 21ഉം. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്കും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും നാല് സീറ്റ് വീതവും തൃണമൂല്‍ കോണ്‍ഗ്രസിനും ലോക്ജനശക്തി പാര്‍ട്ടിക്കും ഓരോ സീറ്റും കിട്ടിയിട്ടുണ്ട്്. ഒരു സ്വതന്ത്രനും ജയിച്ചു.

ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കോണ്‍ഗ്രസിനും ഭരണം പിടിക്കാന്‍ ബിജെപിക്കും പ്രാദേശിക പാര്‍ട്ടികളുടേയും ഒരു സ്വതന്ത്രന്റേയും പിന്തുണ വേണം. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ മത്സരിച്ച്് പരാജയപ്പെട്ട മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിളയ്ക്ക് വെറും 90 വോട്ട് മാത്രമാണ് നേടാനായത്. മണിപ്പൂര്‍ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായിരുന്നു ഇത്.

ഗോവയില്‍ ഭരണവിരുദ്ധവികാരം ബിജെപിയെ പുറകോട്ടടിപ്പിച്ചു. മുഖ്യമന്ത്രി ലക്ഷ്്മികാന്ത് പര്‍സേക്കര്‍ അടക്കമുള്ളവര്‍ തോറ്റു. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന്, ഭൂരിപക്ഷം നേടി അധികാരം പിടിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന് 17ഉം ബിജെപിക്ക് 13ഉം സീറ്റുകള്‍ ലഭിച്ചപ്പോള്‍ അധികാരം പിടിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ആം ആദ്മി പാര്‍ട്ടിക്ക്് ഒരു സീറ്റ് പോലും കിട്ടിയില്ല. പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജിഎഫ്പി) മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും (എംജിപി) മൂന്ന് സീറ്റ് വീതം നേടി. മൂന്ന് സ്വതന്ത്രന്മാരും ജയിച്ചിട്ടുണ്ട്. മണിപ്പൂരിലും ഗോവയിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസമാണ് പ്രാദേശിക പാര്‍ട്ടികളുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയില്‍ കണ്ണ് വച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. ചിത്രം വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍