UPDATES

സീരിയല്‍ കാണുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ മറക്കുന്നു; മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

അഴിമുഖം പ്രതിനിധി

ടിവി സീരിയലുകളില്‍ മുഴുകിയിരിക്കുന്നതിനാല്‍ ജോലി കഴിഞ്ഞു വരുന്ന സ്വന്തം ഭര്‍ത്താവിനെ പോലും ശ്രദ്ധിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നില്ലെന്നു ഗോവന്‍ മന്ത്രി ദയാനന്ദ് മന്ദ്രേക്കര്‍. എന്നാല്‍ മന്ത്രിയുടെ സീരിയല്‍ വിമര്‍ശനം സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ കലാസാംസ്‌കാരിക മന്ത്രിയായ മന്ദ്രേക്കര്‍ സ്വയമൊരു വിവാദത്തിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്.

കല-സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സീരിയലുകള്‍ കുടുംബത്തില്‍ ഉണ്ടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വാചാലനായത്. വൈകുന്നേരമാകുന്നതോടെ സ്ത്രീകള്‍ സീരിയല്‍ കാഴ്ചയില്‍ മുഴുകുകയാണ്. പിന്നെ മറ്റൊന്നിലും അവര്‍ ശ്രദ്ധിക്കുന്നില്ല. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജോലിയും കഴിഞ്ഞു വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരെ പോലും അവര്‍ ഗൗനിക്കുന്നില്ല. വീട്ടിലെത്തി വസ്ത്രം മാറിക്കഴിഞ്ഞാല്‍ പോലും ഭാര്യമാരുടെ ശ്രദ്ധ ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടുന്നില്ല. കുടിക്കാന്‍ ചായയോ കാപ്പിയോ വേണമെന്നുപോലും ചോദിക്കില്ല. എല്ലാവരുമിപ്പോള്‍ ഒരു കൊമേഴ്‌സ്യല്‍ പാതയിലൂടെയാണു സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ ഉത്സാഹമാണ് ഇതുമൂലം നഷ്ടമാകുന്നത്. ടിവിയില്‍ ഒരു ദിവസം തന്നെ എത്ര നല്ല പരിപാടികളാണുള്ളത്, അതിനെല്ലാം ഒപ്പം സീരിയലുകളുമുണ്ട്. ഈ സീരിയലുകള്‍ കാരണം മറ്റ് നല്ല പരിപാടികളൊന്നും ആരും കാണുന്നില്ലെന്നു മാത്രം. വീട്ടിലെ കാര്യം മാത്രമല്ല, ഗ്രാമത്തില്‍ മതപരമായി നടക്കുന്നൊരു ഉത്സവത്തില്‍ പോലും ആര്‍ക്കും പങ്കെടുക്കാന്‍ താത്പര്യമില്ലാതായി; മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ സ്ത്രീകളുടെ അന്തസ് കുറയ്ക്കുന്നതാണെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപി നേതാക്കളുടെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഖാപ് മനോഭാവത്തിന്റെ പ്രതികരണമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണു കോണ്‍ഗ്രസ് പറയുന്നത്. ഇത്തരം പ്രതികരണങ്ങള്‍ ആദ്യമായിട്ടില്ല അവരില്‍ നിന്നും ഉണ്ടാകുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍