UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂഡല്‍ഹിയിലെ ഗീബല്‍സുമാര്‍

Avatar

ടീം അഴിമുഖം

ഇത്രയും വ്യക്തമായ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ സര്‍ക്കാരിന്, അതിന്റെ തുടക്ക കാലത്തെങ്കിലും ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകും എന്ന് ആരും കരുതിയിട്ടുണ്ടാവില്ല. തന്റെ മകന്‍ അഴിമതി നടത്തിയെന്ന കള്ളക്കഥകള്‍ സഹപ്രവര്‍ത്തകനും ധന-പ്രതിരോധ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി പ്രചരിപ്പിക്കുന്നതായി എന്‍ ഡി എ സര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിക്കുന്നു. സിംഗ് തന്റെ പരാതി സ്വകാര്യമായാണ് ആര്‍എസ്എസ്, ബിജെപി നേതാക്കളോട് പറഞ്ഞതെന്നതും അഭിഭാഷക-രാഷ്ട്രീയക്കാരന്റെ നാമം പൊതുവേദിയില്‍ വലിച്ചിഴച്ചില്ല എന്നതുമാണ് സര്‍ക്കാരിനുള്ള ഏക ആശ്വാസം. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ പിടികിട്ടിയെന്നും അവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പാക്കാന്‍ ആ സംഘത്തിന് സാധിച്ചു.

ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും വന്നു തുടങ്ങുന്ന നിഷേധ മനോഭാവങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് ദിവസമായി വികസിച്ചുവരുന്ന സംഭവവികാസങ്ങള്‍.

അപവാദങ്ങളും കിംവദന്തികളും പിന്നെ മൗനവും
നവമന്ത്രിമാരെ കുറിച്ചുള്ള കിംവദന്തികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹിയിലെ മുന്തിരിത്തോപ്പുകള്‍. രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തിയെന്നും ചില നിയമനങ്ങള്‍ക്കായി അയാള്‍ വാങ്ങിയ കൈക്കൂലി മടക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചു എന്നതാണ് ഇതില്‍ പ്രമുഖം. ചില പ്രമുഖ പത്രങ്ങളും കോളമെഴുത്തുകാരും ഇക്കാര്യം എഴുതുകയും ചെയ്തു. 

ഡല്‍ഹിയില്‍ പാറി നടക്കുന്ന കിംവദന്തികളില്‍ ഇതുമാത്രമല്ല ഉള്ളത്. വാര്‍ത്തവിനിമയ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വിദേശ പര്യടനത്തിന് വിമാനത്താവളത്തിലേക്ക് പോയത് നീല ജീന്‍സും ടീ-ഷര്‍ട്ടും ധരിച്ചാണെന്നതാണ് മറ്റൊരു കഥ. ഒരു കേന്ദ്രമന്ത്രിക്ക് ചേരുന്ന വസ്ത്രധാരണമല്ല അതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയത്രെ.

പീയുഷ് ഗോയല്‍ ചില വ്യവസായ പ്രമുഖരുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ പോയി എന്നും അത്താഴത്തിനടിയില്‍ പ്രധാനമന്ത്രി നേരിട്ട് ഗോയലിനെ വിളിച്ച് അദ്ദേഹത്തില്‍ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞുവെന്നും മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ശാസിച്ചതായാണ് മറ്റൊരു വാര്‍ത്ത. നിതിന്‍ ഗഡ്കരിയുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രചാരണ രീതി
അസാധാരണവും വിചിത്രവുമായ കിംവദന്തികള്‍ പ്രചരിക്കുന്നതിന് കൃത്യമായ ഒരു രീതി പിന്തുടരുന്നുണ്ട്. എല്ലാം മോദിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് നടക്കുന്നതെന്നും അദ്ദേഹത്തിന്റെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തപ്പെടുന്നുണ്ടെന്നും അഴിമതി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും വ്യവസായികളുമായി മന്ത്രിമാര്‍ അടുത്തിടപഴകാന്‍ അനുവദിക്കില്ലെന്നുമുള്ള സൂചനകള്‍ എല്ലാ കിംവദന്തിയുടെ പിന്നിലുമുണ്ട്.

ഇത്തരം കിംവദന്തികളെ ചിട്ടയില്ലാതെ വരുന്ന ഒന്നായി കാണാന്‍ സാധിക്കില്ല. തങ്ങളുടെ തന്ത്രങ്ങള്‍ വിജയിപ്പിച്ചെടുക്കുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് പേരുകേട്ടവരാണ് സംഘപരിവാര്‍. തന്റെ തലമുറയില്‍ പെട്ട മറ്റ് പലരേക്കാളും ഇത്തരം തന്ത്രങ്ങള്‍ നന്നായി അറിയാവുന്ന ആളാണ് മോദി. ഗുജറാത്തില്‍ ഒരു കാര്യക്ഷമതയുള്ള സര്‍ക്കാര്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിനായി ഇത്തരം വ്യാജപ്രചരണങ്ങളും കടുത്ത നിയന്ത്രണങ്ങളും ഭീഷണിപ്പെടുത്തലും വിജയകരമായി നടപ്പിലാക്കിയ ആളാണ് അദ്ദേഹം.

ദേശീയ അജണ്ടകള്‍ നിശ്ചയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ പേരില്‍ ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്കിടയില്‍ പേര് കേട്ട ആളാണ് ഇപ്പോള്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുന്ന അരുണ്‍ ജെയ്റ്റ്ലി. അദ്ദേഹത്തോട് കൂറു പുലര്‍ത്തുന്ന ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത സൃഷ്ടിക്കുന്നതിലും അദ്ദേഹത്തിന് ദീര്‍ഘവും വ്യക്തവുമായ സ്വാധീനവും ഉണ്ട്.

ഇപ്പോള്‍ ഈ വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയാണ്. ഇതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ചൌഹാന്‍ വാജ്പേയി ആകുമോ?
ബ്രാഹ്മണര്‍ മോഡിക്ക് പണി കൊടുക്കുമോ?
മോദിക്ക് മനസിലാകില്ലാത്ത കുറച്ചു കാര്യങ്ങള്‍
ഭയപ്പെടുത്തുന്ന മോദി മൗനം
അമിത് ഷായുടെ ‘മുട്ടന്‍’ പാരമ്പര്യം

ഗുജറാത്ത് മുഖ്യമന്ത്രി പദത്തിന്റ്റെ പിടിയില്‍ നിന്നു പുറത്തുവരാനും ഇന്ത്യയുടെ ഭരണാധികാരിയാകാനുമുള്ള ഒരു ആഗ്രഹവും മോദി പ്രകടിപ്പിക്കുന്നതായി ഇതുവരെ സൂചനകള്‍ ഒന്നുമില്ല. ഗുജറാത്തില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും നല്ല മാതൃകയെന്നും ഇന്ത്യ അത് പിന്തുടരേണ്ട കാര്യമേ ഉള്ളുവെന്നും പ്രധാനമന്ത്രി ഉറച്ച് വിശ്വസിക്കുന്നതായി മോദിയെ സന്ദര്‍ശിച്ച ഉദ്യോഗസ്ഥരെല്ലാം ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തുന്നു.

നമ്മുടെ കാലത്തിനും രാജ്യത്തിനും അനുയോജ്യമല്ലാത്ത വിധത്തില്‍ ഗൂഢവും സുതാര്യമല്ലാത്തതുമായ ഒരു ആശയവിനിമയ തന്ത്രവും മോദി സര്‍ക്കാര്‍ പിന്തുടരുന്നുണ്ട്. ഇത് പ്രതിഷേധാര്‍ഹമായ ഒരു നടപടിയാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഇത്തരം സംഭവങ്ങളെല്ലാം രൂപം കൊള്ളുന്നത് ഡല്‍ഹിയിലാണ്. വിശാല അര്‍ത്ഥത്തില്‍ ഇത് ഒട്ടും ഗുണകരമല്ല എന്ന് മാത്രമല്ല ഒരു പുതിയ സര്‍ക്കാരിന്റെ തുടക്ക കാലത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യവുമല്ല. പ്രവര്‍ത്തനരീതികളില്‍ അടിയന്തിരമായ ചില തിരുത്തലുകള്‍ വരുത്തുകയും ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാനും മാധ്യമങ്ങളെ ഉള്‍ക്കൊള്ളിക്കാനും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മോദി തയ്യാറാവുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. പക്ഷെ നിലവില്‍ ഇതൊക്കെ ഇതെഴുതുന്നവരുടെ ആഗ്രഹം മാത്രമായി നിലനില്‍ക്കുന്നു. അതായത് ന്യൂഡല്‍ഹിയില്‍ നിന്നും കൂടുതല്‍ രൂക്ഷമായ കഥകളും കിംവദന്തികളും പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്ന് സാരം.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍