UPDATES

ഗാന്ധിയെ വച്ചിട്ടെന്തിനീ സ്വര്‍ണ്ണം തേടി നടപ്പൂ?

ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്നാണ് വിവക്ഷിക്കുന്നത്. ഗാന്ധിയെന്ന പേരു പരമാവധിയുപയോഗിച്ച് വര്‍ഷങ്ങളായി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവരും ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ അനുയായികളും ഗാന്ധിയുടെ ആളുകളാണ്. ഗാന്ധി ജയന്തിക്കു നല്‍കുന്ന അവധിക്കിപ്പുറം ആ പിതാവിന്റെ രാഷ്ട്രത്തിലെ  നയസമീപനങ്ങളില്‍, അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കെന്തു വിലയാണ് നാം നല്‍കിയിട്ടുള്ളത്? ജനങ്ങളുടെ സ്വര്‍ണ്ണക്കമ്പം സംബന്ധിച്ച് ഗാന്ധിജി പറഞ്ഞ കാര്യങ്ങളും അതിനു വിപരീതമായി നാം പിന്തുടരുന്ന സ്വര്‍ണ്ണ നയവും അതുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വിലയിരുത്തുകയാണിവിടെ.

സ്വര്‍ണ്ണത്തിന്റേയും ഇന്ധനത്തിന്റേയും അമിതമായ ഇറക്കുമതി മൂലം കറന്റ് അക്കൗണ്ട് കമ്മിയെന്ന ഗുതുതരമായ സ്ഥിതിവിശേഷത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം. കയറ്റുമതിയെക്കാള്‍ ഇറക്കുമതി കൂടുന്ന സാഹചര്യമാണിത്. കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വച്ചേക്കാവുന്ന നിലവിലെ സാഹചര്യം നമ്മുടെ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ധനത്തിനൊപ്പം സ്വര്‍ണ്ണത്തിനും നിലവിലെ പ്രതിസന്ധിയില്‍ പ്രധാന പങ്കുണ്ട്. പ്രതിവര്‍ഷം ഏകദേശം ആയിരം ടണ്‍ സ്വര്‍ണ്ണമാണ് നാമിറക്കുമതി ചെയ്യുന്നത്. നമ്മള്‍ പിന്തുടര്‍ന്നു വന്ന സ്വര്‍ണ്ണ നയങ്ങളൊന്നും തന്നെ ഗാന്ധിജി പറഞ്ഞ ആ സ്വര്‍ണ്ണാഭരണങ്ങളോടുള്ള ഭ്രമമില്ലാതാക്കാന്‍ പര്യാപ്തമായിരുന്നില്ലെന്നാണിതു തെളിയിക്കുന്നത്. മറിച്ചതു പതിന്മടങ്ങു കൂടിയിരിക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ഉപഭോഗമുള്ള രാജ്യം ഇന്ത്യയാണ്. അതിനായി പ്രധാനമായും ആശ്രയിക്കുന്നത് ഇറക്കുമതിയേയും. സ്വര്‍ണ്ണാഭരങ്ങളോടുള്ള ഭ്രമം കടുത്ത സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്. ഒരാനാവശ്യ ചമയ വസ്തുവെന്നു ഗാന്ധിജി വിശേഷിപ്പിച്ച സ്വര്‍ണ്ണത്തിന് അമിത പ്രധാന്യം നല്‍കിയുള്ള നയം രാജ്യത്തിനൊരു പ്രയോജനവും ചെയ്തിട്ടില്ലെന്നതാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം.

ലോകത്താകമാനം സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരികയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും അതേത്തുടര്‍ന്നു പല രാജ്യങ്ങളും കടക്കെണിയിലായതുമൊക്കെയാണിതിനു കാരണം. ഇന്ത്യയിലെ മധ്യവര്‍ഗ്ഗവും, അതിനു മുകളിലുള്ളവരും സ്വര്‍ണ്ണത്തെയൊരു സ്റ്റാറ്റസ് സിംബലായി കരുതുമ്പോള്‍, പെട്ടെന്നു പണമൊപ്പിക്കാന്‍ സഹായിക്കുന്ന നല്ലൊരു സാമ്പത്തികോപാധിയായാണ് ഭൂരിഭാഗം വരുന്ന പാവപ്പെട്ടവരും ഗ്രാണീണ ജനവിഭാഗങ്ങളും ഇതിനെക്കാണുന്നത്. സ്വര്‍ണ്ണ ഉപഭോഗത്തിന്റെ കാര്യത്തില്‍ ലോകത്ത് ഇന്ത്യയാണ് മുന്നിലെങ്കില്‍, ഇന്ത്യയില്‍  മുന്നില്‍  ദക്ഷിണേന്ത്യയാണ്. ഓഹരി വിപണിയിലെ സാഹചര്യങ്ങളും, സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര  വിലയും, മാനദണ്ഡമാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കപ്പെടുന്നത്.


എല്ലാ മേഖലകളിലേയും പോലെ ആഗോളവല്‍ക്കരണത്തെത്തുടര്‍ന്നു നമ്മുടെ സ്വര്‍ണ്ണനയത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി. അതുവരെ വന്‍തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി അനുവദിക്കപ്പെട്ടിരുന്നില്ല. പക്ഷേ ആഗോളവല്‍ക്കരണനയങ്ങളെല്ലാമെല്ലാം ഉദാരമാക്കി.

വന്‍തോതിലുള്ള ഇന്ധന, കല്‍ക്കരി ഇറക്കുമതിയും ഇപ്പോഴത്തെ കറന്റ് അക്കൌണ്ട് കമ്മിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇറക്കുമതി കൂടുന്നതിനൊപ്പം ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും കുറയുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇന്ധനത്തിന്റേയും കല്‍ക്കരിയുടേയും ഇറക്കുമതിക്കു ദൈനംദിന ആവശ്യങ്ങള്‍ വച്ചു പരിഗണിക്കുമ്പോള്‍ ഒരു പരിധി വരെയതിനു ന്യായമുണ്ടെന്നു കാണാം. എന്നാല്‍ അമിതമായ സ്വര്‍ണ്ണ ഇറക്കുമതിക്ക് അത്തരമൊരു ന്യായീകരണവുമില്ല. നമ്മുടെയനാവശ്യ സ്വര്‍ണ്ണക്കമ്പം മാത്രമാണതിനു കാരണം. ഇറക്കുമതി ചെയ്യുന്നതുമല്ലാത്തതുമായ സ്വര്‍ണ്ണത്തിന്റെ 60 ശതമാനവുമുപയോഗിക്കുന്നത് ആഭരണങ്ങള്‍ക്കായാണ്. വിവാഹം സമം സ്വര്‍ണ്ണക്കൈമാറ്റം, സ്വര്‍ണ്ണ ധൂര്‍ത്ത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്തു.  കറന്റ് അകൗണ്ട് കമ്മിയെത്തുടര്‍ന്നു ഇപ്പോഴേര്‍പ്പെടുത്തിയിരിക്കുന്ന ചെറിയ ഇറക്കുമതി നിയന്ത്രണം കൊണ്ടൊന്നും ഈ സ്വര്‍ണ്ണക്കമ്പത്തില്‍ മാറ്റമുണ്ടാകില്ല. പെണ്ണായാല്‍ പൊന്നു വേണമെന്ന തരത്തില്‍ സ്വര്‍ണ്ണത്തെ സ്ത്രീ സ്വത്വവുമായി കപടമായി, എന്നാല്‍ അത്രമേല്‍ ദൃഡമായി ബന്ധിപ്പിച്ചിരിക്കുകയാണ് പൊതുസമൂഹം. സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീയെ സമൂഹത്തില്‍ ”വില”മതിപ്പുള്ളവളാക്കുന്നു.

സമൂഹം ഉണ്ടാക്കി വച്ചിട്ടുള്ള പെണ്ണും പൊന്നുമായിട്ടുള്ള ഈ കപട ബന്ധത്തെ പരമാവധി ഊട്ടിയുറപ്പിച്ചു മുതലെടുപ്പു നടത്തുന്നവരാണ് ജ്വല്ലറിയുടമകള്‍. ഇവര്‍ക്ക് മാധ്യമങ്ങളുടേയും സിനിമാ താരങ്ങളുടേയും കൈമെയ് മറന്നുള്ള സഹായം കൂടിയായപ്പോള്‍ ജ്വല്ലറികളിവിടെ കൂണു പോലെ മുളച്ചു പൊന്തുന്ന സാഹചര്യവുണ്ടായി. സെലിബ്രിറ്റികളുടേയും മുഖ്യധാരാ മാധ്യമങ്ങളുടേയും നിലനില്‍പ്പു തന്നെ സ്വര്‍ണ്ണക്കടകള്‍ നല്‍കുന്ന പരസ്യത്തെ ആശ്രയിച്ചാണെന്നു വന്നതോടെ തിരുവായ്‌ക്കെതിര്‍വായില്ലെന്ന വിധം അവരുടെ ചൂക്ഷണങ്ങള്‍ തുടര്‍ന്നു. സ്വര്‍ണ്ണം വാരിക്കൂട്ടാനായി അക്ഷയത്രിതീയ പോലുള്ള നമ്മളിന്നലെവരെ കേട്ടിട്ടില്ലാത്ത പാരമ്പര്യ ആചാരങ്ങള്‍ പൊടുന്നനെയൊരു ദിവസം ആകാശത്തു നിന്നു പൊട്ടിവീണു.

ധാര്‍മ്മിക മൂല്ല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സാമ്പത്തിക ശാസ്ത്രം അസത്യമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. മാനുഷികമൂല്യങ്ങളുടെ അവതരണമെന്നതില്‍ക്കവിഞ്ഞു മറ്റൊന്നുമായിരുന്നില്ല അഹിംസാ സിദ്ധാന്തത്തെ ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ സാമ്പത്തികാശയങ്ങള്‍. ഗാന്ധിയന്‍ സാമ്പത്തികാശയങ്ങളെ മാനുഷിക സാമ്പത്തിക ശാസ്ത്രമെന്നാണ് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ മാര്‍ക്ക് ലൂയിസ് വിശേഷിപ്പിച്ചത്.

സ്വര്‍ണ്ണക്കമ്പത്തോടും, സ്ത്രീകള്‍ ഭാരമേറിയ സ്വര്‍ണ്ണാഭരണമണിയുന്നതിനോടും എതിര്‍പ്പുള്ളയാളായിരുന്നു ഗാന്ധിജി. അതവരുടെ ആരോഗ്യത്തേയും ചലനസ്വാതന്ത്രത്തേയും പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് അതിനദ്ധേഹം പറഞ്ഞ കാരണം. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങളിലൂടെ അണിഞ്ഞൊരുങ്ങുന്നതിനേയും ഗാന്ധിജി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അത്തരമൊരു അണിഞ്ഞൊരുങ്ങല്‍ സ്ത്രീയെ ആത്യന്തികമായി ഒരു പ്രദര്‍ശനവസ്തുവാക്കിച്ചുരുക്കുകയാണെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ചാപല്യമുള്ള പുരുഷന്‍ അവനില്‍ മോഹമുണര്‍ത്തുന്ന തരത്തില്‍ അണിഞ്ഞൊരുങ്ങാന്‍ സ്ത്രീയെ നിര്‍ബന്ധിക്കും. ആഭരണങ്ങളവള്‍ക്ക് ഭംഗിയാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. പക്ഷേ അതിലൂടെയവള്‍ അത്തരം പുരുഷന്‍മാരുടെ അടിമയാക്കുക മാത്രമാണ് ചെയ്യുന്നത്. സ്വര്‍ണ്ണോപഭോഗത്തെ നിയമമുപയോഗിച്ച് തടുക്കണമെന്നു ഗാന്ധിജി പറയുന്നില്ല. മറിച്ച് ഹരിജനങ്ങള്‍ക്കും വിധവകള്‍ക്കും അപ്രാപ്യമായ സ്വര്‍ണ്ണം മറ്റുള്ളവരും സ്വമേധയാ ഉപേക്ഷിക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

അനിയന്ത്രിതമായ നിലവിലെ സ്വര്‍ണ്ണ ഇറക്കുമതിയും അതു സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും പരിഗണിക്കുമ്പോള്‍ മനസ്സിലാകും, ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കാലിക പ്രസക്തമാണെന്ന പ്രസ്താവന വെറുതെ ഗാന്ധിജയന്തി ദിനങ്ങളില്‍ പ്രാസംഗികര്‍ക്ക്  ആവര്‍ത്തിക്കാനുള്ള പല്ലവി മാത്രമെല്ലെന്ന്. സ്വര്‍ണ്ണക്കമ്പം രാജ്യത്തെ സമ്പത്തിനേയും വിദേശ നാണ്യ ശേഖരത്തേയും മാത്രമല്ല ശോഷിപ്പിക്കുന്നമത്. നല്ല മൂല്യങ്ങളെക്കൂടിയാണ്. കള്ളക്കടത്ത്, കള്ളപ്പണത്തിന്റെ കൈമാറ്റം, നികുതിവെട്ടിപ്പ് തുടങ്ങി എല്ലാ അനാരോഗ്യ സാമ്പത്തിക പ്രവണതകള്‍ക്കും ആക്കം കൂട്ടുകയാണീ മഞ്ഞലോഹത്തിന്റെ കുന്നുകൂടല്‍. പ്രലോഭനങ്ങളും, പ്രതിബന്ധങ്ങളും തീര്‍ത്ത് ജ്വല്ലറി-മാധ്യമ വൃന്ദം മുന്നിലുണ്ടെങ്കിലും ഗാന്ധിജി പറഞ്ഞ പോലെ ആ അനാവശ്യ ചമയ വസ്തു വേണ്ടെന്നു പറയാനുള്ള ആര്‍ജ്ജവം ഓരോ പൗരനിലും ഉണ്ടാകേണ്ടിയിരിക്കുന്നു. രാജ്യത്തേയും ജനങ്ങളേയും ബാധിച്ചിരിക്കുന്ന ബാധ്യതകളില്‍ നിന്നും, ബന്ധനങ്ങളില്‍ നിന്നും മോചിതരാവാന്‍ അതുതന്നെയാണ് വഴി. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍