UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ചനത്തെപ്പറ്റി ഒരു കിഞ്ചന വര്‍ത്തമാനം- ഭാഗം 1

കാഞ്ചനത്തെപ്പറ്റിയാണ് ഈ കിഞ്ചന വര്‍ത്തമാനം. ‘കാ ചി ശോഭായാം, ശോഭിക്കുന്നതിനാല്‍’ എന്ന് ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലി) കണ്ണിനെ (മനസ്സിനേയും) അഞ്ചിപ്പിക്കുന്ന വിശിഷ്ട ലോഹമാണ് സ്വര്‍ണ്ണം. സംക്രമണ മൂലകങ്ങളില്‍ ഒന്ന്. ആറ്റോമിക സംഖ്യ 79. രാസ ചിഹ്നം. അൗ.

ചരിത്രവും സംസ്‌കാരവും സ്വര്‍ണ്ണത്തിന് ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. കലാ, കായിക, വിദ്യാഭ്യാസ വിജയങ്ങളില്‍ ഒന്നാം സ്ഥാനികള്‍ സ്വര്‍ണ്ണ ജേതാക്കളാണ്. തങ്കപതക്കം നാം ഒന്നാമന്‍മാര്‍ക്ക് നല്‍കുന്നു.

സ്വര്‍ണ്ണത്തിന് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് ദൈവഗമ്യമാണെന്ന് പറയാം. കാരണം ഇന്ത്യയില്‍ ദേവീദേവന്‍മാരും, രാജരാജാക്കന്മാരും സര്‍വാഭരണവിഭൂഷിതരായിട്ടാണ് കാണപ്പെടുന്നത്. സ്വര്‍ണ്ണത്തോടുള്ള അഭിനിവേശത്തിന് കാലാതീതമായ പഴക്കമുണ്ട്.

മഞ്ഞലോഹത്തിന്റെ മനോഹാരിത സ്ത്രീകളെയല്ല പുരുഷന്മാരേയും ഹഠാദാകര്‍ഷിച്ചു വരുന്നു. നമ്മുടെ യുവാക്കളുടെ ചെവിയിലേക്ക് നോക്കുക കടുക്കനും, കാതിലയും, കമ്മലും തിരിച്ചു വന്നിരിക്കുന്നു. (കാതില വളകളും മാലകള്‍ കാഞ്ചികളും – ചാണക്യ സൂത്രം). ലക്ഷങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങി കാമിനികള്‍ക്ക് നല്‍കുന്ന കുബേര ശബരിമാരും വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടുന്നു.

മഞ്ഞ നിറവും കട്ടിയുമുള്ള അടിച്ചു പരത്താവുന്ന ലോഹമാണെങ്കിലും ഇതിന്റെ വിപണനത്തെയും ഉപഭോഗത്തെയും നിയന്ത്രിക്കാന്‍ കൊണ്ടുവന്ന നിയമം പോലും 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ വേണ്ടെന്ന് വയ്ക്കേണ്ടി വന്നു എന്നത് നിയമ ചരിത്രം.

ഈട് കൂടുതലായതിനാല്‍ വാസ്തവത്തില്‍ നശിപ്പിക്കാന്‍ സാധിക്കാത്തതാണ് സ്വര്‍ണ്ണം. ഈ ഗുണം തന്നെയായിരിക്കാം ഇതിനെ നിയമാതീതമാക്കുന്നതും സര്‍വകാല സ്വീകാര്യത ഇതിന് നല്‍കുന്നതും.

അയിരുകളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുക എന്നത് വളരെ പുരാതന കാലങ്ങള്‍ മുതലെ ഒരു പ്രധാന തൊഴിലായി നിലവിലിരിക്കുന്നു. മൈനുകള്‍ സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടെങ്കിലും സ്വര്‍ണ്ണ തൊഴിലാളികള്‍, നിര്‍മ്മാതാക്കള്‍, വില്‍പനക്കാര്‍ എന്നിവരെ സംബന്ധിച്ച് 1968-ല്‍ 45-ആം നമ്പര്‍ കേന്ദ്ര നിയമമായി കൊണ്ടുവരപ്പെട്ട ഗോള്‍ഡ് (കണ്‍ട്രോള്‍) നിയമമാണ് 1990-ല്‍ ഉപേക്ഷിക്കപ്പെട്ടത്.

സ്വര്‍ണ്ണത്തിന്മേലുള്ള നിയന്ത്രണം ഡിഫന്‍സ് ഒഫ് ഇന്ത്യ റൂള്‍സിന്റെ ഭാഗമായിട്ടാണ് 09-01-1963ന് ഇന്ത്യയില്‍ ആദ്യം നടപ്പിലാക്കിയത്. പിന്നീട് 1968ല്‍ സ്വര്‍ണ്ണത്തിന്റെ ഉല്‍പാദനം, നിര്‍മ്മാണം, സംഭരണം, വിതരണം, ഉപയോഗം, വിപണനം എന്നീ കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് നടപ്പില്‍ വരുത്തി.

ആ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം സ്വര്‍ണ്ണ കള്ളക്കടത്ത് തടയുക എന്നതായിരുന്നു. എന്നാല്‍ 22 വര്‍ഷത്തെ അനുഭവവും നിയമം കൊണ്ടുണ്ടായ ഫലങ്ങളും പ്രോത്സാഹജനകമല്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്കിടയിലുള്ള സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക കാരണങ്ങളാല്‍ നിയമത്തിന് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായില്ലെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് 1990ല്‍ സ്വര്‍ണ്ണ നിയന്ത്രണ നിയമം റദ്ദാക്കപ്പെട്ടത്.

രാജ്യത്തെ പരമ്പരാഗത സ്വര്‍ണ്ണ കൈ തൊഴില്‍കാര്‍ക്കും, ചെറുകിട സ്വര്‍ണ്ണ വ്യാപാരികള്‍ക്കും സ്വതന്ത്രമായി വര്‍ത്തിക്കാനുള്ള അവസരം സ്വര്‍ണ്ണ നിയന്ത്രണ നിയമം നല്‍കാത്തതിനാല്‍ അവരുടെ കഴിവുകള്‍ മെച്ചപ്പെടുന്നത് തടസ്സപ്പെട്ടു എന്നും 1990ലെ സ്വര്‍ണ്ണ നിയന്ത്രണ റദ്ദാക്കല്‍ നിയമം പറയുന്നു.

കടലാസ് കറന്‍സിക്ക് പിന്‍ബലമായി സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ നേരത്തെ കരുതല്‍ ധനമായി സൂക്ഷിച്ചിരുന്ന വ്യവസ്ഥയും ഉപേക്ഷിക്കപ്പെട്ടു. സ്വര്‍ണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കാമെന്നായി. വിദേശവും തദ്ദേശവുമായ സ്വര്‍ണ്ണം ഉപയോഗിച്ചുള്ള ആടയാഭരണ, അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു.

ആഭരണങ്ങളില്‍ ശുദ്ധ സ്വര്‍ണ്ണത്തിന്റെ അളവ് 24ന്റെ അംശമായോ കാരറ്റുകളായോ സൂചിപ്പിക്കപ്പെടുന്നു. 24 കാരറ്റായിരുന്നു ശുദ്ധ സ്വര്‍ണ്ണം. ഇപ്പോള്‍ അതിനെ 916 സ്വര്‍ണ്ണം എന്നു നാം പറഞ്ഞ് പരസ്യപ്പെടുത്തുന്നു. കടകമുദ്രയെന്നത് സുപരിചതമാണെല്ലോ. 1860ല്‍ ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ വിപണന വസ്തുക്കളുടെ ഗുണമേന്മയുടെ മുഖമുദ്രയായി.

1986ല്‍ കടക പുതിയൊരു സ്ഥാപനത്തിന് വഴിമാറി. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. ഇതു സംബന്ധിച്ച് 1986ല്‍ 63-ആം നമ്പര്‍ നിയമവും നടപ്പില്‍ വരുത്തി. 1952ലെ ഐ.എസ്.ഐ. സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക്‌സ് ആക്ട് റദ്ദാക്കപ്പെട്ടു. സ്വര്‍ണ്ണത്തിന്റെയും ഗുണനിലവാരം ബി.ഐ.എസിന് വിധേയമാണ്.

സ്വര്‍ണ്ണം എക്കാലത്തേയും ഒരു നല്ല നിക്ഷേപമായും സമൂഹം കണ്ട് അംഗീകരിച്ചിരുന്നു. ആരാധനാലയങ്ങളിലും സ്വര്‍ണ്ണ നിക്ഷേപം കുറവല്ല. കള്ളപ്പണക്കാര്‍ നേരത്തെ സ്വര്‍ണ്ണ നിക്ഷേപ തല്‍പരരായിരുന്നുവെങ്കില്‍ ഇപ്പോള്‍ കുറേകൂടി സൗകര്യപ്പെട്ട വില കൂടിയ ‘കല്ലു’കളില്‍ ആയിരിക്കുന്നുവത്രെ അവരുടെ ശ്രദ്ധ. പ്ലാറ്റിനം പോലുള്ള മറ്റു ലോഹങ്ങളും സ്വര്‍ണ്ണഭ്രമത്തിന് കുറവു വരുത്തിയിരിക്കുന്നു.

സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് സ്വര്‍ണ്ണ ബോണ്ടുകള്‍ വഴി സ്വര്‍ണ്ണം ശേഖരിച്ച് സ്വന്തം ഖജാനാവിന് പിന്തുണ തേടുന്ന വ്യവസ്ഥയും ഉണ്ട്. അതു സംബന്ധിച്ച നിയമം ഇപ്പോഴും തുടരുന്നു. ഗോള്‍ഡ് ബോണ്ട്സ് (ഇമ്മ്യൂണിറ്റീസ് ആന്‍ഡ് എക്‌സംപഷന്‍) ആക്ട് 1993ല്‍ 25-ആം നമ്പര്‍. ഈ നിയമ പ്രകാരം സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ സര്‍ക്കാറിന് കൈമാറി ബോണ്ടുകള്‍ നേടുന്നവര്‍ക്ക് രാജ്യത്ത് നിലവിലുള്ള സമ്പത്ത്, വരുമാനം എന്നിവ സംബന്ധിച്ച ടാക്‌സ് നിയമങ്ങളിന്‍ കീഴില്‍ ഒഴിവാക്കലും ബാധ്യതയില്ലായ്മയും ലഭിക്കുന്നു. ഈ ബോണ്ടുകള്‍ പ്രകാരമുള്ള സ്വര്‍ണ്ണം എങ്ങനെ ആര്‍ജ്ജിച്ചെന്നോ അത് വാങ്ങിക്കാനുള്ള പണം എങ്ങിനെ ലഭിച്ചെന്നോ അവരോട് ചോദിക്കാവുന്നതല്ല. ഈ നിയമം വഴി വെല്‍ത്ത് ടാക്‌സ്, ഗിഫ്റ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ്, കസ്റ്റംസ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍, ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റഗുലേഷന്‍ എന്നീ നിയമങ്ങളില്‍ നിന്ന് പൂര്‍ണ്ണമായ വിമുക്തി നല്‍കപ്പെടുന്നു.

സ്വര്‍ണ്ണത്തിന്റെ ഉപയോഗം അനന്തമാണ്. ആഭരണങ്ങളിലും നാണയങ്ങളിലും ഉപയോഗിക്കുന്നതിനു പുറമെ വൈദ്യുതവാഹക സന്ധികളിലും, പരിക്രമണങ്ങളിലും, ശൂന്യാകാശ ഉപകരണങ്ങളില്‍ പ്രതിഫലന പടലമായിട്ടും ജനാലകള്‍ നിര്‍മ്മിക്കുന്നതിനും, പല്ലിന്റെ വിടവ് നികത്താനും, പല്ല് അടയ്ക്കാനും വരെ സ്വര്‍ണ്ണം ഉപയോഗിക്കുന്നു. മനുഷ്യന്റെ ആഗ്രഹത്തിനെന്ന പോലെ സ്വര്‍ണ്ണത്തിനും സീമ നിര്‍ണ്ണയിക്കാന്‍, നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലല്ലോ.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍