UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷകരെ നോക്കി മോദി; പിണങ്ങിപ്പിരിഞ്ഞു വ്യാപാരി സമൂഹം

Avatar

വൃഷ്ടി ബെനിവാള്‍, സ്വാന്‍സി അഫോന്‍സൊ
(ബ്ലൂംബെര്‍ഗ്)

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാന നഗരത്തിലെ സ്വര്‍ണ വ്യാപാരികളായ കുമാര്‍ ജയിനിന്‍റെ കുടുംബക്കാര്‍ കഴിഞ്ഞ മൂന്നു തലമുറകളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയെ ശക്തമായിത്തന്നെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നൂറുകണക്കിനു തൊഴിലാളികളുടെയും വ്യാപാരികളുടെയും പ്രതിഷേധം വിളിച്ചുവരുത്തിക്കൊണ്ട് മാര്‍ച്ചില്‍ മോദി ആഭരണങ്ങള്‍ക്ക് 1 ശതമാനം എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ അധികഭാരം സാമ്പത്തികമായ തിരിച്ചടിയാണെന്നും രാജ്യമെങ്ങുമുള്ള ഏതാണ്ട് 35 ലക്ഷത്തോളം ജ്വല്ലര്‍മാരുടെയും ഡിസൈനര്‍മാരുടെയും സ്വര്‍ണ്ണപ്പണിക്കാരുടെയും പിന്തുണ മോദിക്ക് നഷ്ടപ്പെടുമെന്നും ജയിന്‍ പറയുന്നു.

“ഞങ്ങള്‍ മാത്രമല്ല, ഈ മേഖലയിലെ മൊത്തം വ്യവസായികളും ഗവണ്‍മെന്‍റിനെതിരാണ്. അവര്‍ ഞങ്ങളെ പിന്തുണച്ചില്ലെങ്കില്‍ ഞങ്ങള്‍ അവരെ എങ്ങനെ പിന്തുണയ്ക്കും?” ഇന്ത്യയിലെ  ഏറ്റവും വലിയ സ്വര്‍ണ്ണ മാര്‍ക്കറ്റായ മുംബൈയിലെ സാവേരി ബസാറില്‍ യു ടി സാവേരി ജ്വല്ലറി ഷോപ്പ് നടത്തുന്ന ജയിന്‍ ചോദിച്ചു.

2019ലെ ദേശീയ തെരഞ്ഞെടുപ്പിനു മുന്‍പ് ഗ്രാമീണ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കാന്‍ യത്നിക്കുകയാണ് മോദി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ അടിസ്ഥാനമായ ജയിനിനെ പോലെയുളള ചെറുകിട വ്യാപാരികള്‍ക്ക് തങ്ങള്‍ തഴയപ്പെട്ടു എന്ന തോന്നലാണിപ്പോള്‍. ആഭരണ വ്യാപാരികളുടെ മേലുള്ള നികുതി കൂടാതെ വാള്‍ മാര്‍ട്ട് പോലെയുള്ള വിദേശ കമ്പനികള്‍ക്ക് ഇന്ത്യയുടെ 600 ബില്ല്യണ്‍ ഡോളര്‍ ചില്ലറ വ്യാപാര മേഖലയില്‍ കൂടുതല്‍ പങ്കു പറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും ചെയ്തിരിക്കുകയാണ് മോദി.

അതേസമയം ജലസേചനത്തിനും ഭക്ഷ്യ സംസ്കരണത്തിനും ഗ്രാമീണ റോഡുകള്‍ക്കുമുള്ള നിക്ഷേപം വര്‍ദ്ധിപ്പിച്ചുകൊണ്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ മോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിലെ രാഷ്ട്രീയ കണക്കുകൂട്ടല്‍ ലളിതമാണ്: ഇന്ത്യയുടെ 130 കോടി ജനസംഖ്യയുടെ 70 ശതമാനവും ഗ്രാമങ്ങളിലാണ്. അധികാരത്തില്‍ തുടരണമെങ്കില്‍ അവരുടെ കൂടെ പിന്തുണ വേണം.

“അവരുടെ പരമ്പരാഗത അനുകൂലികളെ പിണക്കുക എന്ന റിസ്കെടുത്ത് നടപ്പിലാക്കുന്ന തന്ത്രപരമായ മാറ്റമാണിത്,” സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് പൊളിറ്റിക്സിന്‍റെ ഡയറക്ടറായ എ കെ വര്‍മ പറയുന്നു. “2019നെയാണ് ബി‌ജെ‌പി ലക്ഷ്യം വയ്ക്കുന്നത്. അതില്‍ റിസ്കെടുക്കാന്‍ അവര്‍ തയ്യാറല്ല.”

2014ലെ ദേശീയ തെരഞ്ഞെടുപ്പിനു മുന്‍പ് മോദി പറഞ്ഞിരുന്നത് മറ്റൊന്നായിരുന്നു. ചില്ലറ വ്യാപാര മേഖല വിദേശനിക്ഷേപത്തിന് തുറന്നു കൊടുക്കുന്ന നയത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതൃത്വം കൊടുത്ത അന്നത്തെ ഗവണ്‍മെന്‍റിനെ കുറ്റപ്പെടുത്തി. “ഇത് വിദേശികള്‍ക്ക് വേണ്ടി, വിദേശികളാല്‍ നടത്തപ്പെടുന്ന, വിദേശികളുടെ ജനാധിപത്യമാണെ”ന്നാണ് 2012ല്‍ മോദി പറഞ്ഞത്.

വോട്ടുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചു. ഉയരുന്ന നാണയപ്പെരുപ്പവും 10 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തെ തുടര്‍ന്നു മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹവും ചേര്‍ന്ന് മോദിയുടെ ബി‌ജെ‌പിയ്ക്ക് ലോക്സഭയില്‍, കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചു. ഇതിലൂടെ പുതിയ ഒരുകൂട്ടം വോട്ടര്‍മാരെ ബി‌ജെ‌പിക്കു കിട്ടി. ഒപ്പം, അതുവരെ എത്തിപ്പെടാന്‍ കഴിയാതിരുന്ന രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും പാര്‍ട്ടി വ്യാപിച്ചു.

ജ്വല്ലറിയിന്മേലുള്ള എക്സൈസ് നികുതി ഒരു സാമ്പത്തിക വര്‍ഷം 6 കോടി രൂപയില്‍ കൂടുതല്‍ (901,000 ഡോളര്‍) വരുമാനമുള്ള വ്യാപാരങ്ങളെ മാത്രമേ ബാധിക്കൂ. അതായത് ചെറുകിട വ്യാപരികളെ ഇത് ബാധിക്കുന്നില്ല എന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ മാസം അറിയിച്ചു. സോപ്പ്, ടൂത്ത്പേസ്റ്റ്, റേസറുകള്‍ എന്നിവയ്ക്കു ഇപ്പോള്‍ത്തന്നെ എക്സൈസ് നികുതി ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി വക്താവായ ജി‌വി‌എല്‍ നരസിംഹ റാവു പറയുന്നത് ബി‌ജെ‌പി നിലപാട് മാറ്റിയതല്ല, ഒരു ചെറിയ വിഭാഗം വ്യാപാരികള്‍ ചില നയങ്ങളില്‍ അതൃപ്തരായത് മാത്രമാണെന്നാണ്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അത് ബാധിക്കില്ലെന്നും റാവു അഭിപ്രായപ്പെട്ടു.

“ഞങ്ങളുടെ ഗവണ്‍മെന്‍റിന് പാവപ്പെട്ടവരോടും കര്‍ഷകരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും വളരെ ശക്തമായ കരുതലുണ്ട്. അതിന്‍റെയര്‍ത്ഥം ഏതെങ്കിലുമൊരു വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തീരുമാനം എടുക്കുമെന്നല്ല. ദേശീയതാല്‍പര്യപ്രകാരമുള്ള തീരുമാനങ്ങളാണ് ഗവണ്‍മെന്‍റ് എടുക്കുന്നത്,” റാവു പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലെ പലര്‍ക്കും മറിച്ചാണ് തോന്നുന്നത്. 1980കളിലെ പാര്‍ട്ടി രൂപീകരണത്തിനു ശേഷം അതിനെ വളരാന്‍ സഹായിച്ചവര്‍ക്ക് നേരെ ഇന്ന് ബി‌ജെ‌പി മുഖം തിരിക്കുകയാണെന്ന് ഡല്‍ഹിയിലെ മുന്‍ ബി‌ജെ‌പി ട്രഷറര്‍ ആയ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറയുന്നു. പരമ്പരാഗത വ്യാപാര സ്ഥാപനങ്ങള്‍ ഓരോ ദിവസവും തങ്ങളുടെ കടയില്‍ വരുന്ന ഡസന്‍കണക്കിനു ഉപഭോക്താക്കളോട് പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കുമായിരുന്നു.

“അവരുടെ നിലപാടില്‍ മാറ്റം വന്നു,” കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറലായ ഖണ്ഡേല്‍വാള്‍ പറഞ്ഞു. ഷോപ്പുടമകള്‍, റോഡ്സൈഡ് കച്ചവടക്കാര്‍, ടാക്സി ഓപ്പറേറ്റര്‍മാര്‍, കൈപ്പണിക്കാര്‍ തുടങ്ങി 60 ദശലക്ഷം ചെറുകിട വ്യാപാരികളുടെ പ്രാതിനിധ്യമാണ് കോണ്‍ഫെഡറേഷന്‍  അവകാശപ്പെടുന്നത്. ഒരു ചെറുകിട വ്യാപാരിക്ക് രണ്ട് കൃഷിക്കാര്‍ വീതം ഉണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്‍ഷികരംഗത്തു നിന്നുള്ള ആളോഹരി വിഹിതം കുറവാണ്.

“വ്യാപാരിസമൂഹമാണ് ബി‌ജെ‌പിയുടെ മുന്നേറ്റം സാദ്ധ്യമാക്കിയത്. നിങ്ങളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരെ മറന്നു മറ്റുള്ളവരോട് സഹായം ചോദിക്കുക എന്ന സാഹസം ചെയ്യാന്‍ പാടില്ലല്ലോ,” ഖണ്ഡേല്‍വാള്‍ പറഞ്ഞു.

ആഭരണ നികുതി മാത്രമല്ല, ഓണ്‍ലൈന്‍ വ്യാപാരത്തിലും ഇന്ത്യയില്‍ നിര്‍മ്മിതമായ ഭക്ഷണ സാധനങ്ങളുടെ വിപണനത്തിലും 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കങ്ങളും മോദിയുടെ അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ നയങ്ങള്‍ വന്നാല്‍, വാള്‍മാര്‍ട്ട്, ആലിബാബ ഗ്രൂപ്പ് ഹോല്‍ഡിങ്, കാരിഫോര്‍ തുടങ്ങിയ ആഗോള ഭീമന്മാരുമായി മല്‍സരിക്കുന്നത് അസാധ്യമാകുമെന്ന് പ്രാദേശിക വ്യാപാരികള്‍ ഭയക്കുന്നു. ചെറുകിട വ്യാപാരികളില്‍ നിന്നു അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍നിന്ന് ഈ വിദേശ വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിയേക്കും എന്നും അവര്‍ സംശയിക്കുന്നു.

ആരോഗ്യപരമായ മുന്നറിയിപ്പുകള്‍ ഒരു സിഗരറ്റ് പാക്കറ്റിന്‍റെ 80 ശതമാനം വലുപ്പത്തില്‍ കാണിക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കഴിഞ്ഞ മാസം സിഗരറ്റ് നിര്‍മ്മാതാക്കള്‍ അവരുടെ ഫാക്റ്ററികള്‍ അടച്ചിട്ടു. 45 ദശലക്ഷത്തിലധികം തൊഴിലാളികളെയാണ് അത് ബാധിക്കുക എന്ന് അസ്സോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ പറയുന്നു.

മോദി അധികാരത്തിലേറിയ ഉടനെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളിലാണ് ശ്രദ്ധയൂന്നിയത്. ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാക്കുന്നതിനും നാഷനല്‍ സെയില്‍സ് ടാക്സ് കൊണ്ടുവരുന്നതിനുമുള്ള പദ്ധതികള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. കര്‍ഷകരെക്കാള്‍ വന്‍കിട ബിസിനസ്സുകാരെ തുണയ്ക്കുന്നു എന്ന എതിരാളികളുടെ പ്രതിഷേധത്തില്‍  അവ തിരിച്ചടിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു ഗുഡ്സ് ആന്‍ഡ് സെര്‍വീസ് ടാക്സ് (GST) ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിയാതെ വന്നത് വിദേശ നിക്ഷേപകരുമായുള്ള മോദിയുടെ ബന്ധത്തെ ബാധിച്ചു.

ജനസംഖ്യയുടെ കാര്യത്തില്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമായ ബീഹാറില്‍, കഴിഞ്ഞ നവംബറില്‍ നേരിട്ട കനത്ത തെരഞ്ഞെടുപ്പ് പരാജയം ബഡ്ജറ്റില്‍ കര്‍ഷക സൌഹൃദ നിലപാടെടുക്കാന്‍ മോദിയെ പ്രേരിപ്പിച്ചു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലും 2019 ദേശീയ തെരഞ്ഞെടുപ്പിലും അത് തുണയ്ക്കുമെന്നാണ് മോദി കരുതുന്നത്.

സ്വര്‍ണ്ണ, വെള്ളി മാര്‍ക്കറ്റായ സാവേരി ബസാറില്‍ ആഭരണ വ്യാപാരികള്‍ തങ്ങളുടെ കടകള്‍ക്കു മുന്നില്‍ കറുത്ത കൊടി കെട്ടി എക്സൈസ് നികുതിക്കെതിരേ പ്രതിഷേധിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി‌ജെ‌പിക്കു വോട്ട് ചെയ്യില്ലെന്ന് സുരേഷ് ഹുണ്ടിയയെ പോലെയുള്ളവര്‍ പറയുന്നു.

“2012ല്‍ കോണ്‍ഗ്രസ്സ് നികുതിയേര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ബി‌ജെ‌പി ഞങ്ങളെ പിന്തുണച്ചു. ഇപ്പോള്‍ അവര്‍ ഞങ്ങളെ ചതിച്ചു,” ഹുണ്ടിയ എക്സ്പോര്‍ട്സിന്‍റെ ഉടമയായ സുരേഷ് ഹുണ്ടിയ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍