UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റ് പറയുന്നത് ശരിയാണോ? സത്യം ഇനി ഗൂഗിള്‍ പറയും

Avatar

കെയ്റ്റ്‌ലിന്‍ ഡെവെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇന്റര്‍നെറ്റില്‍ ഒരുപാട് കേട്ടുകേള്‍വികളും ഊതിവീര്‍പ്പിക്കലുമുണ്ട്. നമുക്കെല്ലാം അറിയാം. 

എന്നാല്‍ ഗൂഗിള്‍ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് ഒരു മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. പോപ്പുലര്‍ പോസ്റ്റുകളുടെ അടിസ്ഥാനത്തിലല്ലാതെ വിവരങ്ങളുടെ കൃത്യതയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ടുകളെ റാങ്ക് ചെയ്യാനുള്ള ഒരു മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒരു സംഘം കമ്പ്യൂട്ടര്‍ സയന്റിസ്റ്റുകള്‍. 

ഇതൊരു ഗവേഷണ പേപ്പര്‍ ആണ്. ഇത് ഒരു പരസ്യമോ ഒന്നുമല്ല. ഗൂഗിള്‍ ഒരു വര്‍ഷം നൂറോളം ഗവേഷണ പേപ്പറുകള്‍ പുറത്തുവിടാറുണ്ട്. എന്നാലും ഒരു സെര്‍ച്ച് എഞ്ചിനു വിവരങ്ങളുടെ കണിശത അളക്കാന്‍ കഴിയും എന്നതും ഗൂഗിള്‍ അത് വികസിപ്പിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നു എന്നതും വലിയ കാര്യം തന്നെ. സത്യം എന്നത് വളരെ വഴുക്കലുള്ള ഒന്നാണല്ലോ. സത്യവുമായി മല്ലിടല്‍ തലമുറകളായി മനുഷ്യന്‍ ചെയ്തുവരുന്നതുമാണ്. 

ഈ പേപ്പര്‍ പ്രകാരം എന്തായാലും ഒരു വിവരം ശരിയോ തെറ്റോ എന്ന് മനസിലാക്കാന്‍ കമ്പ്യൂട്ടറിന് വലിയ ബുദ്ധിമുട്ട് തോന്നേണ്ടതില്ല. ഒരു കാര്യം സ്ഥിരീകരിക്കാന്‍ രണ്ടുകാര്യങ്ങളാണ് വേണ്ടത്: ഫാക്റ്റും അതിനെ താരതമ്യപ്പെടുത്തി നോക്കാന്‍ ഒരു സ്ഥിരീകരിച്ച വിവരവും. നോളജ് ഗ്രാഫിന്റെ രൂപത്തില്‍ ഗൂഗിള്‍ ആ റഫറന്‍സ് വര്‍ക്ക് തുടങ്ങി വെച്ചിട്ടുണ്ട്.

ഫ്രീബേസ്, വിക്കിപ്പീഡിയ മുതലായ ഇടങ്ങളില്‍ നിന്നാണ് ഗൂഗിള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഒരു വിവരം ശരിയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഗൂഗിള്‍ അതിന്റെ ഭീമന്‍ ഇന്റര്‍നെറ്റ് ഡാറ്റാബേസില്‍ ഉള്ള പ്രസക്ത വിവരങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരു വെബ്‌സൈറ്റ് വിശ്വസനീയമാണോ എന്ന് ഉറപ്പിക്കാനും ഗൂഗിള്‍ പരിശോധിക്കുന്നത് ഇതേ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചാണ്. 

ചുരുക്കിപ്പറഞ്ഞാല്‍ ഗൂഗിള്‍ സത്യമായി കരുതുന്നത് പലവട്ടം ആവര്‍ത്തിക്കുന്ന വിവരങ്ങളാണ് എന്നാണു ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ റാങ്കിംഗ് പല വെബ്‌സൈറ്റുകളുടെയും വിജയത്തിനും പരാജയത്തിനും കാരണമായിട്ടുണ്ട്. അതേ ഗൂഗിള്‍ ഇപ്പോള്‍ കൃത്യത ശ്രദ്ധിക്കാന്‍ പേുകുന്നു എന്നത് വലിയ വാര്‍ത്ത തന്നെയാണ്. 

ഒരു ചെറിയ പരിശോധന നടത്തിയപ്പോള്‍ തെളിഞ്ഞത് വിവരങ്ങള്‍ കണിശതയോടെ ചേര്‍ത്ത വെബ്‌സൈറ്റുകളില്‍ എണ്‍പത്തിയഞ്ചില്‍ വെറും ഇരുപതെണ്ണം മാത്രമാണ് ഗൂഗിള്‍ ഇപ്പോള്‍ മികച്ച റാങ്കിംഗ് നല്‍കുന്നുള്ളൂ എന്നാണ്. ഇതിലൊരു മാറ്റം വന്നാല്‍ കൂടുതല്‍ വിശ്വസനീയതയുള്ള വിവരങ്ങള്‍ക്ക് വഴി തുറക്കും എന്നുറപ്പ്. ഇത് സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസര്‍മാര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും മാധ്യമാലോകത്തിനും കൂടി ഗുണകരമായ മാറ്റമാണ്. 

ബാരാക് ഒബാമയുടെ ദേശീയത എന്ന് ചോദിച്ചാല്‍ അമേരിക്ക എന്ന് ഏറ്റവുമധികം ഉത്തരങ്ങള്‍ കാണുന്നത് ഉദാഹരണമായെടുക്കാം. തെറ്റിദ്ധാരണകളും ഗൂഡാലോചനകളും ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കും. 

ആളുകളുടെ തെറ്റിദ്ധാരണകളെ എങ്ങനെ തിരുത്താം? ലേസി ട്രൂത്തിന്റെ മാറ്റ് സ്റ്റെംപെക് ചോദിക്കുന്നു. ആളുകള്‍ ഉത്തരങ്ങള്‍ക്കായി ഗൂഗിളിലേയ്ക്ക് തിരിയുന്നുവെങ്കില്‍ അതിലെ വിവരങ്ങള്‍ കൃത്യമായിരിക്കണമല്ലോ.’ 

ഗൂഗിളിനെപ്പോലെയുള്ള ഇന്‍ഫര്‍മേഷന്‍ ഇടനിലക്കാര്‍ ആ ആശയത്തെ ഗൗരവമായാണ് എടുക്കുന്നത്. മൂന്നാഴ്ച്ച മുമ്പ് ഗൂഗിള്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ആരോഗ്യവിവരങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കാന്‍ തുടങ്ങി. ഫേസ്ബുക്ക് ന്യൂസ്ഫീഡില്‍ വരുന്ന തട്ടിപ്പുകളെ തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 

ഈ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ഗൂഗിള്‍ എന്തുചെയ്യും എന്ന് വ്യക്തമായിട്ടില്ല. എങ്കിലും സത്യം എന്നതിനെക്കുറിച്ച് ഒരു സെര്‍ച്ച് എഞ്ചിന്‍ ചിന്തിക്കുന്നു എന്ന് കാണുന്നത് തന്നെ ഒരു വലിയ കാര്യമാണ്. ‘ഞാന്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കട്ടെ’ എന്നതിന് പുതിയ അര്‍ത്ഥമാണ് ഇതിലൂടെ കിട്ടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍