UPDATES

സയന്‍സ്/ടെക്നോളജി

നോഗറ്റ്: നെക്‌സസ് ഫോണുകള്‍ക്കായി ഗൂഗിളിന്റെ പുതിയ ഫ്രഞ്ച് മിഠായി!

Avatar

ലിഷ അന്ന

പഞ്ചസാരയും, തേനും, വറുത്ത കശുവണ്ടിയും ചേര്‍ന്ന മിഠായി. അതാണ് നോഗറ്റ് (Nougat ) എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ഥം. ‘നെയ്യപ്പം’ന്നു പേരിട്ടോന്നൊക്കെ നമ്മള്‍ ഗൂഗിളിനോട് മഹാമനസ്‌കതയോടെ പറഞ്ഞെങ്കിലും പുതിയ ഒ എസിന് ഇടാന്‍ അവര്‍ തെരഞ്ഞെടുത്തത് ഈ പേരായിരുന്നു. ഇപ്പോഴിതാ നോഗറ്റ് വിപണിയിലും എത്തിക്കഴിഞ്ഞു. അങ്ങനെ ഗൂഗിള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റ് പുറത്തിറക്കി. 

ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ആന്‍ഡ്രോയ്ഡ് ഫാന്‍സിന്റെയും ഡെവലപ്പേഴ്‌സിന്റെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് നോഗറ്റിന്റെ വരവ്. ആകെ 250ല്‍ അധികം ഫീച്ചറുകള്‍ ഇതിനുണ്ട് എന്നാണ് കമ്പനി പറയുന്നത്. പുതിയ നെക്‌സസ് ഡിവൈസുകളില്‍ എല്ലാം ഉപയോഗിക്കാവുന്ന ഒ.എസാണ് നോഗറ്റ്. കൂടുതല്‍ നല്ല മള്‍ട്ടി ടാസ്‌കിംഗ് കപ്പാസിറ്റിയും നോട്ടിഫിക്കേഷന്‍ കണ്‍ട്രോളുമാണ് നോഗറ്റിന്റെ പ്രധാന പ്രത്യേകതകളായി എടുത്തു പറയാവുന്നത്.   

Nexus 5X, Nexus 6P, Nexus 6, Nexus 9, Nexus Player, Pixel C Tablet, General Mobile 4G എന്നിവയില്‍ എല്ലാം തന്നെ നോഗറ്റ് ഉപയോഗിക്കാവുന്നതാണ്. വളരെ ഈസിയായി ഫോണില്‍ അപ്‌ഡേറ്റ് ചെയ്യാം. ഫോണില്‍ ഉപയോഗിക്കുന്ന അതേ ഗൂഗിള്‍ ഐഡി നല്‍കി  Android Beta Program സൈന്‍ അപ് ചെയ്യണം. പിന്നീട് നിങ്ങളുടെ ഡിവൈസ് തെരഞ്ഞെടുക്കുക. ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ടിക്ക് ചെയ്ത ശേഷം ‘Join Beta’ ക്ലിക്ക് ചെയ്യുക.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ 24 മണിക്കൂറിനകം ഗൂഗിള്‍ ഈ ഡിവൈസില്‍ പുതിയ അപ്‌ഡേറ്റ് അയക്കുമെന്നാണ് പറയുന്നതെങ്കിലും സാധാരണയായി സെക്കന്റുകള്‍ക്കുള്ളില്‍ത്തന്നെ ഇത് സംഭവിക്കുന്നുണ്ട്. വളരെ സിമ്പിള്‍ ആണ് അപ്ഗ്രേഡിംഗ് പ്രോസസ്. വൈഫൈ കണക്ഷനില്‍ ആണെങ്കില്‍ കൂടുതല്‍ നല്ലത്. 

നമ്മുടെ സ്വന്തം ഫോണ്‍ ഏറ്റവും നന്നായി കസ്റ്റമൈസ് ചെയ്തുപയോഗിക്കാന്‍ അവസരം തരുന്ന പ്ലാറ്റ്‌ഫോമാണ് നോഗറ്റ്. ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

1500ഓളം ഇമോജികള്‍ ഉണ്ട് ഇതില്‍. 72എണ്ണം പുതിയതാണ്. ബ്ലൂടൂത്ത്, വൈ ഫൈ തുടങ്ങിയവ ഏറ്റവും ഈസിയായി സെറ്റ് ചെയ്യാം. നമ്മുടെ ലോക്കേഷന് അനുസരിച്ച് ആപ്പുകളിലെ ഭാഷയും മറ്റും തിരിച്ചറിഞ്ഞു സ്വയം സെറ്റ് ചെയ്യാനും നോഗറ്റില്‍ സംവിധാനമുണ്ട്.

Multi-window, Direct reply, Quick switch തുടങ്ങിയവയാണ് മറ്റു പ്രധാന പ്രത്യേകതകള്‍. ഒരേ സ്‌ക്രീനില്‍ നമ്മള്‍ കമ്പ്യൂട്ടറില്‍ എല്ലാം ചെയ്യുന്നതുപോലെ ഒരേസമയം രണ്ടു വിന്‍ഡോകള്‍ തുറക്കാം. ഇവ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് റീസൈസ് ചെയ്യുകയും ആവാം. കൂടാതെ ഏതെങ്കിലും നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ ആ ആപ്പ് തുറക്കാതെ തന്നെ നേരിട്ട് മറുപടി നല്‍കുന്ന Direct reply സംവിധാനം, ഓവര്‍വ്യൂ  ബട്ടന്‍ പ്രസ് ചെയ്താല്‍ തൊട്ടു മുന്നേ ഉപയോഗിച്ച രണ്ടു ആപ്പുകള്‍ കാണിക്കുന്ന Quick switch സംവിധാനം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ Marshmallow മുതല്‍ ബാറ്ററിയുടെ കാര്യത്തില്‍ Android കുറച്ചുകൂടി സ്മാര്‍ട്ടായി എന്ന് വേണമെങ്കില്‍ പറയാം. ചുമ്മാ പോക്കറ്റില്‍ കിടക്കുമ്പഴോ ഉപയോഗിക്കാതെ വച്ചിരിക്കുമ്പഴോ കൂടുതല്‍ ചാര്‍ജ് കളയാതെ സൂക്ഷിക്കാനുള്ള കരുതല്‍ നോഗറ്റ് ചെയ്‌തോളും.

വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളുടെ കാലമാണ് എന്ന കാര്യവും നോഗറ്റിന്റെ ഉപജ്ഞാതാക്കള്‍ വിസ്മരിച്ചിട്ടില്ല. 3-D ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസായ VulkanTM, ഗൂഗിളിന്റെ തന്നെ മൊബൈല്‍ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ Daydream എന്നിവ ഇതില്‍ ഭംഗിയായി ഉപയോഗിക്കാം. 

സെക്യൂരിറ്റിയുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡ് അത്ര മികച്ചതൊന്നും ആയിരുന്നില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. ഇതിനെ മറികടക്കാന്‍ പുതിയ ഫീച്ചറുകള്‍ കമ്പനി നോഗറ്റില്‍ അവതരിപ്പിക്കുന്നുണ്ട്. 

Seamless updates, File-based encryption ,Direct Boot എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. നമ്മള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പുകളുടെ അപ്‌ഡേറ്റ് ബാക്ക്ഗ്രൗണ്ടില്‍ നടന്നോളും. ഇതിനു വേണ്ടി മിനിട്ടുകള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഫയലുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ഇനം തിരിച്ച് സൂക്ഷിക്കുന്ന  File-based encryption കൂടുതല്‍ വിശ്വാസ്യതയാണ് നോഗറ്റിനു നല്‍കുന്നത്. ഫോണ്‍ അണ്‍ലോക്ക് ചെയ്യും മുന്‍പേ തന്നെ ആപ്ലിക്കേഷനുകള്‍ ഉപയോഗസജ്ജമാകും. Direct Boot പ്രത്യേകത കാരണം ഫോണില്‍ നമ്മള്‍ തുടക്കത്തില്‍ എല്ലാം ഒന്നു സെറ്റായി വരാനെടുക്കുന്ന സമയം വളരെ കുറയും.

വരുന്ന കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ Nexus 6, Nexus 5X, Nexus 6P, Nexus 9, Nexus Player, Pixel C and General Mobile 4G (Android One) എന്നിവയില്‍ എല്ലാം തന്നെ Android 7.0 Nougat അപ്‌ഡേറ്റ് ആവും. LG V20 ആയിരിക്കും നോഗട്ടുമായി നേരിട്ട് എത്തുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍. ഇത് വിപണിയില്‍ ഇറങ്ങാനിരിക്കുന്നതേയുള്ളൂ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍