UPDATES

സയന്‍സ്/ടെക്നോളജി

ആപ്പിള്‍ ഐ ഫോണ്‍ 7 നെ വെല്ലുവിളിക്കാന്‍ ഗൂഗിള്‍ പിക്‌സല്‍ എത്തുന്നു

Avatar

അഴിമുഖം പ്രതിനിധി

ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറക്കാന്‍ ഒരുങ്ങുമ്പോള്‍ത്തന്നെ ഗൂഗിളും പടപ്പുറപ്പാട് നടത്തുകയായിരുന്നു. അല്‍പ്പം താമസിച്ചു എന്നു മാത്രം.

ഒക്ടോബര്‍ നാലിന്. അതായത് നാളെയാണ് ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ പോരാളിയായ പിക്സലിനെ മാര്‍ക്കറ്റിലേക്ക് ഇറക്കിവിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വാഭാവികമായി ഡെലിവറി (പ്രസവം) നടക്കുന്നതിനു മുന്‍പ് ഗൂഗിള്‍ യുകെ റീട്ടയിലര്‍ കാര്‍പോണ്‍ വെയര്‍ഹൌസ് ആ സ്മാര്‍ട്ട്ഫോണ്‍ ശിശുക്കളെ സിസേറിയന്‍ ചെയ്ത് പുറത്തേക്ക് വിട്ടു.

ഒന്നും മനസ്സിലായില്ല അല്ലേ…

സംഗതി ഇത്രമാത്രം. ഒഫീഷ്യല്‍ ലോഞ്ചിംഗ് ഡേറ്റിനു മുന്‍പ് അവര്‍ ഫോണിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ചിത്രങ്ങളും സ്പെസിഫിക്കേഷനും അടക്കമാണ് ലീക്കായത്.

പിക്സല്‍, പിക്സല്‍ എക്സ് എല്‍ എന്നീ മോഡലുകളുടെ വിവരങ്ങള്‍ ആണ് പുറത്തെത്തിയത്.

ഗൂഗിള്‍ നെക്സസ് ഫോണുകളുടെ ചരമക്കുറി അടിച്ച ശേഷമാണ് പിക്സല്‍ മാര്‍ക്കറ്റില്‍ എത്തുക. നെക്സസ് ബ്രാന്‍ഡ് എല്‍ജി, സാംസംഗ് എന്നിവരും ഇറക്കിയിരുന്നു. അതിലോക്കെയും അവരുടെ ലോഗോയും പതിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടാവില്ല (ഗൂഗിളിനു വേണ്ടി പിക്സല്‍ നിര്‍മ്മിക്കുന്നത് എച്ച്ടിസി ആണെങ്കിലും). ഗൂഗിള്‍ ബ്രാന്‍ഡിംഗ് മാത്രമേ ഫോണുകളില്‍ ഉണ്ടാകൂ.

അതവിടെ നില്‍ക്കട്ടെ… ‘പിക്സലു’കളുടെ വിശദവിവരങ്ങളിലേക്ക് വരാം.

നേരത്തെ പറഞ്ഞതുപോലെ രണ്ടു തരം പിക്സലുകള്‍ ആണ് നാളെ ലോഞ്ച് ചെയ്യപ്പെടുക. പിക്സല്‍, പിക്സല്‍ എക്സ് എല്‍. ഡിസ്പ്ലേ സൈസ് മാറ്റി നിര്‍ത്തിയാല്‍ രണ്ടും ഒരേ കോണ്‍ഫിഗറേഷന്‍. എന്നുവച്ച് ചില്ലറക്കാരല്ല പിക്സല്‍ കുട്ടികള്‍. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബ്രോസ് വേറെ ലെവലാണ് (കോണ്‍ഫിഗറേഷന്‍ വച്ച് നോക്കുകയാണെങ്കില്‍). പെര്‍ഫോമന്‍സിന്റെ വിവരങ്ങള്‍ വഴിയേ അറിയാം.

ആന്‍ഡ്രോയിഡ് നൌഗട്ട് പ്ലാറ്റ്ഫോമാണ് രണ്ടു ഫോണുകള്‍ക്കും ജീവന്‍ നല്‍കുക. നൌഗട്ട് 7.0 ഓഗസ്റ്റില്‍ റിലീസ് ആയിരുന്നു. എന്നാല്‍ പിക്സല്‍ സീരിസില്‍ അത് 7.1 ആകും.

സ്ക്രീന്‍ സൈസില്‍ പിക്സലും, എക്സ്എല്ലും തമ്മില്‍ അര ഇഞ്ച്‌ വ്യത്യാസം മാത്രമേ ഉള്ളൂ. പിക്സലിന് 5 ഇഞ്ചും എക്സലിന് 5.5 ഉം. 1080 പിക്സല്‍ ഖ്വാഡ് എച്ച്ഡി ഡിസ്പ്ലേ ആണ് രണ്ടു ഫോണുകള്‍ക്കും.സുരക്ഷക്കായി ഗോറില്ല ഗ്ലാസ് 4 ഉള്ളതിനാല്‍ സ്ക്രാച്ചിനെ പേടിക്കേണ്ടി വരില്ല.

ഖ്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ ആണ് രണ്ടു കുട്ടികള്‍ക്കും ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. 2.0ജിഎച്ച്ഇസഡ്‌ സ്പീഡും പോരാത്തതിന് 4ജിബി റാമും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ അത്ര പ്രശ്നം ഉണ്ടാകില്ല എന്ന് സാരം.

സ്റ്റോറേജ് നല്‍കിയിരിക്കുന്നത് 32 ജിബി, 128 ജിബി എന്നിങ്ങനെയാണ്. 256 ജിബിയുടെ മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണുകളില്‍ ഉണ്ടാകും.

12 മെഗാപിക്സല്‍ റിയര്‍ ക്യാമറ വരിക എഫ്/2.0 അപ്പാര്‍ച്ചറോടെയാണ്(f/2.0),8 മെഗാപിക്സല്‍ ക്യാമറ മുന്നിലും. ഫിംഗര്‍ പ്രിന്റ്‌ സെന്‍സറുകള്‍ പിന്നിലും.

യഥാക്രമം 2770 എംഎഎച്ച്ഉം 3450എംഎഎച്ച് കപ്പാസിറ്റി ഉള്ള ബാറ്ററിയാണ് പിക്സലിനും പിക്സല്‍ എക്സ്എല്ലിനും ഉണ്ടായിരിക്കുക. വെള്ള, കറുപ്പ് നിറങ്ങളില്‍ ഇവ ലഭ്യമാകും. വില ഇത്തിരി കട്ടിയാണ്. ഏകദേശം 44,000 രൂപയോടടുത്താണ് ഗൂഗിള്‍ ഇവര്‍ക്ക് വിലയിട്ടിരിക്കുന്നത്. നാളെ ലോഞ്ച് ചെയ്യപ്പെടുന്ന ഈ ഫോണുകള്‍ വെല്ലുവിളിയാവുക ആപ്പിള്‍ ഐഫോണ്‍ 7, സാംസംഗ് ഗാലക്സി നോട്ട് 7, സിയോമി എംഐ5എസ് എന്നിവര്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍