UPDATES

രാഷ്ട്രീയക്കാരുടെ സ്വന്തം ഗുണ്ടകള്‍; അതാണ്‌ ആലപ്പുഴ

സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ള ആലപ്പുഴയും കണ്ണൂരിന് സമാനമായ രീതിയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും വേദിയാവുന്നു

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം ഗുണ്ടകളുള്ളത്. 336 പേര്‍. എന്തുകൊണ്ടാണ് ആലപ്പുഴയില്‍ ഇത്രയധികം ഗുണ്ടകള്‍, അതിനെക്കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ ആദ്യഭാഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു; [ആലപ്പുഴയിൽ എന്തുകൊണ്ടാണ് ഇത്രയധികം ഗുണ്ടകൾ?] ആരാണ് അവരെ സംരക്ഷിക്കുന്നത്? അതിലേക്ക്:

നേരേ നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് നേരേ ഞങ്ങളും കണ്ണടയ്ക്കും എന്നാണ് ഗുണ്ടകളുടെ കാര്യത്തില്‍ ആലപ്പുഴ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിസി. ഒളിഞ്ഞും തെളിഞ്ഞും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നതും തട്ടുകേട് പറ്റാതെ സംരക്ഷിക്കുന്നതും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തന്നെ. ‘പുറത്തു നടന്നാല്‍ സാമൂഹ്യ വിരുദ്ധരായി നടക്കേണ്ട ചെറുപ്പക്കാരെ ഞങ്ങള്‍ കൂടെക്കൂട്ടി രാഷ്ട്രീയ സാമൂഹ്യ ബോധമുള്ളവരാക്കുകയാണ്‘ എന്നാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പറഞ്ഞത്. പുറത്ത് വെറുതെ നടന്നാല്‍ സാമൂഹ്യ വിരുദ്ധരായി തീര്‍ന്നേക്കാവുന്ന ഇക്കൂട്ടരെക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മെച്ചമല്ലാതെ മറ്റൊന്നുമില്ലെന്നും ഇദ്ദേഹം തുറന്ന് സമ്മതിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യും കാലും പിടിച്ചാലും പിരിവ് നല്‍കാന്‍ തയ്യാറാവാത്തവര്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഈ ‘മര്യാദരാമന്‍മാരെ’ കണ്ടാല്‍ പേടിച്ച് വിറച്ചിട്ടാണെങ്കിലും ചോദിക്കുന്ന തുക സംഭാവനയായി നല്‍കും. പാര്‍ട്ടി പരിപാടികളിലും സമരങ്ങളിലും പ്രാതിനിധ്യം കൂട്ടാനും ശക്തിപ്രകടനത്തിനും ഇവര്‍ തന്നെ ധാരാളം. ഇതിനെല്ലാം പുറമെ അടി, ഇടി, വെട്ട്, കുത്ത് അങ്ങനെ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ഏത് ജോലിയും വൃത്തിയായി ചെയ്ത് തീര്‍ക്കും. ഗുണ്ടകളെ പരസ്പരം വീതംവച്ച് രാഷ്ട്രീപാര്‍ട്ടിക്കാര്‍ പലതരത്തില്‍ ലാഭമുണ്ടാക്കുമ്പോള്‍ ഗുണ്ടകളെ പിടികൂടണമെന്നും കാപ്പ ചുമത്തി അകത്താക്കണമെന്നും ആവശ്യപ്പെടാനുള്ള ധൈര്യം ഏത് രാഷ്ട്രീയ നേതാവിനുണ്ടാവും?

സര്‍ക്കാര്‍ പുറത്തുവിട്ട ഗുണ്ടാലിസ്റ്റില്‍ ഏറ്റവും അധികം ഗുണ്ടകളുള്ളത് ആലപ്പുഴയിലാണ്. എന്നാല്‍ തനിക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ഭരണകക്ഷിയായ സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറയുന്നത്. ‘ഗുണ്ടകള്‍ ആലപ്പുഴയില്‍ മാത്രമല്ലല്ലോ, കേരളത്തില്‍ എല്ലായിടത്തുമുണ്ട്. ആലപ്പുഴയില്‍ ഒന്നോ രണ്ടോ കൊലപാതകങ്ങള്‍ ഈയിടെ നടന്നിട്ടുണ്ട്. അതില്‍ ബന്ധമുള്ളവരെയെല്ലാം പോലീസ് പിടിക്കുന്നുമുണ്ട്. ആലപ്പുഴയില്‍ ഗുണ്ടകളുണ്ടെങ്കില്‍ അവരെ പിടിക്കേണ്ടത് സര്‍ക്കാരാണ്. എനിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം ഇല്ല. ഗുണ്ടകളുടെ കാര്യം എസ്.പി.യോട് ചോദിക്കണം. അല്ലാതെ എനിക്ക് അക്കാര്യങ്ങളൊന്നും അറിയില്ല’. ആലപ്പുഴയിലെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ചും ഈ വിഷയത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ മൗനത്തെക്കുറിച്ചുമുള്ള ചോദ്യത്തോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ നേതാവിന്റെ പ്രതികരണം എന്ന നിലയില്‍ ഇതിനെ മാറ്റി നിര്‍ത്തിയാലും വര്‍ഷങ്ങളായി ആലപ്പുഴ ജില്ലയില്‍, വിശേഷിച്ച് ജില്ലയുടെ തെക്കന്‍ മേഖലകളില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും ഗുണ്ടാ സംഘങ്ങളുടേയും പാരസ്പര്യത്തിന്റെ തെളിവുകളാണ്.

കണ്ണൂരിന് സമാനമായ രീതിയില്‍ ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയാവുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി കാണാനാവുന്നത്. ഇത്തരം കൊലപാതകങ്ങളിലുള്ള പോലീസ് അന്വേഷണങ്ങളില്‍ ഗുണ്ടാതലവന്‍മാരും രാഷ്ട്രീയ നേതാക്കളുമായുള്ള അവിശുദ്ധ ബന്ധം പലപ്പോഴും വെളിപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേപ്പാട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനം ഉപേക്ഷിച്ച് യൂത്ത്‌കോണ്‍ഗ്രസില്‍ അംഗത്വം നേടിയതിന്റെ പ്രതികാരമാണെന്ന് യു.ഡി.എഫും ബി.ജെ.പി.യും ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് രേഖകളില്‍ കൊല്ലപ്പെട്ടയാള്‍ നിരവധി അക്രമ കേസുകളില്‍ പ്രതിയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ ബിജെ.പി. പ്രവര്‍ത്തകനായിരുന്നെന്നും സ്ഥിരീകരിച്ചിരുന്നു. കലവൂരില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയിരുന്നെങ്കിലും പിന്നീടുള്ള പോലീസ് അന്വേഷണത്തില്‍ ഗുണ്ടാ സംഘത്തലവനായിരിക്കെ ചെയ്ത അക്രമങ്ങളായിരുന്നു കൊലപാതകത്തിന് വഴിവച്ചതെന്ന വ്യക്തമായി.

ഇക്കഴിഞ്ഞ ജനുവരി 31ന് കരുവാറ്റയില്‍ ഉല്ലാസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. ഇയാള്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. റോഡില്‍ സംസാരിക്കുന്നതിനിടെ എന്തോ വാക്കുതര്‍ക്കമുണ്ടായതിന്റെ പേരില്‍ ഒരാള്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം പ്രതി സ്വയം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഉല്ലാസും പ്രതിയും വിവിധ ഗുണ്ടാസംഘങ്ങളില്‍ പെട്ടവരായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഫെബ്രുവരി 10ന് വിഷ്ണു എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടു. ഉല്ലാസിന്റെ മരണം നടന്ന ദിവസം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന കാരണത്താല്‍ ഉല്ലാസിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടപ്പിലാക്കിയതാണ് ചേപ്പാട് സ്വദേശി ജിഷ്ണുവിന്റെ വധം. ജിഷ്ണു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നെങ്കിലും ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞതോടെ പകരംവീട്ടലുകള്‍ അവിടംകൊണ്ട് അവസാനിച്ചു. ജിഷ്ണുവും ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തില്‍ പെട്ടയാളായിരുന്നുവെന്ന് പോലീസ് പറയുന്നു.

കലവൂര്‍, കരുവാറ്റ, ചേപ്പാട് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎം, കോണ്‍ഗ്രസ് ഗുണ്ടാ ബന്ധങ്ങളാണ് കാരണമായി വിലയിരുത്തുന്നതെങ്കില്‍ ഏതാനും വര്‍ഷം മുമ്പ് നടന്ന രൂപക് കൊലപാതകത്തിലും മറ്റും ആരോപണ വിധേയരായത് സംഘപരിവാര്‍ പ്രസ്ഥാനമായിരുന്നു. ഇത്തരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗുണ്ടാരാജിനെ വളര്‍ത്തുമ്പോള്‍ കാപ്പാ നിയമ പ്രകാരം അറസ്റ്റിലാവേണ്ടവരുടെ പട്ടികയില്‍ ആലപ്പുഴയില്‍ നിന്നുള്ളവര്‍ ഒന്നാമതെത്തിയതില്‍ അത്ഭുതപ്പെടേണ്ടതില്ല. കൊലപാതക കേസുകള്‍ മാറ്റിനിര്‍ത്തുമ്പോള്‍ തന്നെ റിയല്‍ എസ്‌റ്റേറ്റ്, കഞ്ചാവ്, മണല്‍ മാഫിയകളുടെ അക്രമ കേസുകളിലും ആലപ്പുഴ ജില്ല ഒട്ടും പിന്നിലല്ല. എന്നാല്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലുള്‍പ്പെടെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പ്രതിപ്പട്ടികയിലുള്ളവര്‍ യഥേഷ്ടം സ്വൈര്യ വിഹാരം നടത്തുന്നത് രാഷ്ട്രീയ നേതാക്കളുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റേയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റേയും നേതൃത്വത്തില്‍ ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ ബലമായി സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കുകയും എസ്.ഐയെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഭരണം മാറിയപ്പോള്‍ സമാന രീതിയില്‍ തന്നെ എസ്.ഐയെ അസഭ്യം പറഞ്ഞും പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചും ഡി.വൈ.എഫ്.ഐയുടെ ജില്ലാ നേതാവും കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ തന്നെ കരുത്ത് തെളിയിച്ചു. ഈ സംഭവങ്ങളെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ തന്നെയാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുന്നതെന്നും ഗുണ്ടാ സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്നതെന്നും മനസ്സിലാക്കാം.

കരുവാറ്റ, ഊട്ടുപറമ്പ്, കണ്ടല്ലൂര്‍, ചാരുംമൂട്, നൂറനാട് ഭാഗങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ക്കും വിവിധ രാഷ്ട്രീയ നേതാക്കള്‍ ഒത്താശ ചെയ്യുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഗുണ്ടാ ആക്രമണ കേസുകളില്‍ പ്രതിയാവുന്നവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും കേസെടുത്താല്‍ അതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടിയെ നാട്ടുകാരും മാധ്യമങ്ങളും പലപ്പോഴും ചോദ്യം ചെയ്തിരുന്നു.

നൂറനാട് പോലീസ് സ്‌റ്റേഷനില്‍ ഗുണ്ടാ നേതാക്കളെ സംരക്ഷിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നെങ്കില്‍ കനകക്കുന്ന്, തൃക്കുന്നപ്പുഴ സ്റ്റേഷനുകളില്‍ പ്രതിഷേധത്തിന് പിന്നാലെ എസ്.ഐയെ സ്ഥലം മാറ്റിയും ഗുണ്ടകള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ഗര്‍വ് തെളിയിച്ചു. കായംകുളം മാര്‍ക്കറ്റിന് സമീപം വ്യാപാര സ്ഥാപനത്തില്‍ പിരിവിനെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളോട് സഹകരിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം തല്ലിത്തകര്‍ത്ത് അവര്‍ പ്രതികാരം തീര്‍ത്തു. കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമികളാരെന്ന് വ്യക്തമായതോടെ ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് പറഞ്ഞ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ മുഖം രക്ഷിച്ചെങ്കിലും ഇവരെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടുകളാണ് നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതെന്ന് പിന്നീട് ആരോപണമുണ്ടായി. ഇതിന് പിന്നാലെ സിപിഐയുടെ സജീവ പ്രവര്‍ത്തകനെ ഇതേ അക്രമികള്‍ തന്നെ പൊതു റോഡിലിട്ട് തല്ലിച്ചതച്ചതും രാഷ്ട്രീയ വൈരാഗ്യത്തിനപ്പുറം ഗുണ്ടാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നെന്ന് സി.പി.ഐ ഉള്‍പ്പെടയുള്ള രാഷ്ട്രീയ സംഘടനകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെ ആലപ്പുഴ ജില്ലയില്‍ സ്പിരിറ്റ്, വ്യാജമദ്യ മാഫിയകളും അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതും കാണാനാവും. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പല്ലന സ്വദേശിയായ അലി അകബര്‍ എന്ന ആന്റി നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥന്റെ വീടിന് നേരെ നടന്ന ആക്രമണം ലഹരിവില്‍പ്പനക്കാരുടെ സ്വാധീനം തെളിയിക്കുന്നതായിരുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ ഈ കേസിലെ പ്രതികളെയും സംരക്ഷിക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

നാട്ടില്‍ ഗുണ്ടകള്‍ വിളയാടുമ്പോള്‍ ഇതിനെതിരെ ഒരു ചെറിയ ചലനമെങ്കിലുമുണ്ടാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഗുണ്ടാരാജും അതിനെതിരെയുള്ള പോരാട്ടവും പ്രധാനപ്പെട്ട വിഷയമായിരിക്കുമെന്ന് കോണ്‍ഗ്രസ്, സി.പി.ഐ. ജില്ലാ നേതാക്കള്‍ പറയുന്നു. ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റേയും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റേയും പ്രതികരണങ്ങളിലേക്ക്:

ടി.ജെ.ആഞ്ചലോസ്
‘ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളിലുണ്ടായ വര്‍ധനവോ ആക്രമണങ്ങളോ അല്ല. ഗുണ്ടകളുടെ കേന്ദ്രമായി മാറിയിരിക്കുന്നത് ഹരിപ്പാടാണ്. ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗുണ്ടകളുടെ ആവാസകേന്ദ്രമായി ഹരിപ്പാട് മാറിയത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ്. അവിടെ 56ലധികം ഗുണ്ടാആക്രമണ സംബന്ധിയായ കേസുകളുണ്ടായിട്ട് ഏതാണ്ട് 42 കേസുകള്‍ പോലും ഇതേവരെ തെളിയിക്കപ്പെടുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. ഗുണ്ടാതലവന്‍മാര്‍ രാഷ്ട്രീയ സംരക്ഷണം തേടി അങ്ങോട്ടും ഇങ്ങോട്ടും മാറുക പതിവാണ്. ജില്ലയില്‍ ഇത്രയും ഗുണ്ടകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് സംബന്ധിച്ച് ഒരു നിഗമനത്തിലെത്തണമെങ്കില്‍ അതിന് ശാസ്ത്രീയമായ പഠനങ്ങള്‍ ആവശ്യമാണ്.

ആലപ്പുഴ ജില്ല വികസന കാര്യങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുകയാണെന്ന ഒരു പഠന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ ഫലം ചെയ്യുന്നില്ലെന്നതാവാം ഇതിന് കാരണം. മുമ്പ് അതിര് തര്‍ക്കം, വേലികെട്ട്, മതിലുകെട്ട്, കുടുംബ വിഷയങ്ങള്‍ ഇതിലെല്ലാം രാഷ്ട്രീയപാര്‍ട്ടികളാണ് ഇടപെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ അതെല്ലാം ഏറ്റെടുക്കുന്നത് ഗുണ്ടകളാണ്. അവരാണ് അതിലെല്ലാം തീരുമാനങ്ങളെടുക്കുന്നത്. ഇതിന് കാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഗ്രാസ്‌റൂട്ട് ലെവലിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് സുരക്ഷിതമായ ഒരു സ്ഥലം തേടി ഗുണ്ടകള്‍ ഇവിടെയെത്തിയിട്ടുള്ളതാണോ എന്നും പരിശോധിക്കണം. പോലീസ് ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാത്തതിന്റെ വിഷയങ്ങളുമുണ്ട്. സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോഴും പോലീസുകാര്‍ക്കെതിരെയുള്ള ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാറുണ്ട്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം ഗൗരവമായി ചിന്തിക്കുകയും ഗുണ്ടകളെ സംരക്ഷിക്കില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറച്ച തീരുമാനമെടുത്താല്‍ തന്നെ ജനങ്ങള്‍ക്ക് സ്വൈര്യമായി മുന്നോട്ടുപോവാനാവും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുണ്ടായാലും പോലീസ് തങ്ങളുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുമെന്ന തീരുമാനത്തിലെത്തിയാലും കുറേ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാവും.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമില്ലെന്ന് പറയാന്‍ പറ്റില്ല, പ്രാദേശികമായി ചില കാര്യങ്ങള്‍ക്കെല്ലാം ഇത്തരം ഗുണ്ടകളെ ഒരു ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ പിന്നീട് ആ ഗുണ്ടകള്‍ പറയുന്നതിനനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളും ചില നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. വളരെ ചെറിയ പ്രായത്തിലുള്ളവര്‍ കൊല്ലപ്പെടുകയാണ്. അവന്‍ ജീവിച്ചിരുന്നാല്‍ എന്നെക്കൊല്ലും അതുകൊണ്ട് ഞാനവനെ കൊന്നു എന്ന ന്യായമാണ് കൊലപാതകത്തിന് ഇവര്‍ പറയുന്നത്. സാമൂഹ്യജീവിതത്തിന് തന്നെ വലിയ ഭീഷണിയായിരിക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ പ്രധാനപ്പെട്ട വിഷയമായി ഇതേറ്റെടുക്കണം. ഇതിനെതിരെ ജനങ്ങളെ അണിനിരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഏര്‍പ്പെടുന്നുണ്ട്. വിപുലമായ കാമ്പയിന്‍ തന്നെ സി.പി.ഐ. ഈ വിഷയത്തില്‍ നടത്തും. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയല്ല. മറിച്ച് പൊതുജനത്തിന് സംരക്ഷണം നല്‍കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് നില്‍ക്കണം എന്ന സന്ദേശമായിരിക്കും കാമ്പയിന്‍ നല്‍കുക.’

എം.ലിജു
‘ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി ആലപ്പുഴ എസി.പി.യെ നേരിട്ട് കണ്ടു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആറ് കാപ്പയാണ് ആകെ ജില്ലയില്‍ എടുത്തിട്ടുള്ളത്. ഗുണ്ടാ ആക്രമണങ്ങള്‍ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തിന് കൈമാറി. ജില്ലയിലെ ഗുണ്ടകള്‍ക്ക് നേരെ കാപ്പ ചുമത്തണം എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. രാഷ്ട്രീയ ബന്ധങ്ങളുള്ളവര്‍ക്ക് നേരെ കാപ്പയെടുക്കരുതെന്ന ഒരു നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണറിവ്. ഒരു സമരം നടത്തുമ്പോള്‍ അതിനിടയില്‍ കല്ലേറോ മറ്റോ ഉണ്ടാവുമ്പോള്‍ കേസെടുത്താല്‍ അത് പൊളിറ്റിക്കല്‍ കേസ് ആയി കണക്കാക്കാം. പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഒരാളുടെ കൈ വെട്ടിയാല്‍ അത് ക്രിമിനല്‍ കേസാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലുള്‍പ്പെടുന്നവര്‍ക്ക് രാഷ്ട്രീയസംരക്ഷണം കൊടുക്കുവാന്‍ പാടില്ല എന്ന് ഞങ്ങള്‍ എസ്.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ കാപ്പയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി വിവരാവകാശ നിയമപ്രകാരം ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവമായ ഇടപെടലുകള്‍ നടത്തും.

യു.ഡി.എഫ്. സര്‍ക്കാര്‍ ഭരിച്ച് അഞ്ച് വര്‍ഷം, അതിന് മുമ്പുള്ള അഞ്ച് വര്‍ഷം ഇതിനിടെ ഉണ്ടായ ക്രൈം റിപ്പോര്‍ട്‌സ് എടുക്കുകയാണെങ്കില്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്താണ് ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. ചുരുങ്ങിയത് 10 കൊലപാതകങ്ങളെങ്കിലും ആ സമയത്ത് നടന്നെന്നാണ് എന്റെ അറിവ്. എന്നാല്‍ അതിന് ശേഷം രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ഈ പ്രദേശത്ത് ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ നടന്നിട്ടില്ല. ആ സമയത്ത് രാഷ്ട്രീയ സംരംക്ഷണം തേടി സിപിഎമ്മിലും സിപിഐയിലും പോയവര്‍ പോലുമുണ്ട്. പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ തന്നെ ഈ ഗുണ്ടകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടചും തുടങ്ങി. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അടിച്ചമര്‍ത്തപ്പെട്ട, ഒതുങ്ങിപ്പോയ ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവമായി. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍ ഇവിടെ നടക്കാന്‍ കാരണം അതാണ്. കൊലചെയ്യപ്പെട്ടയാളുകളുകളെ കുറിച്ച് അന്വേഷിച്ചാല്‍ ഇവരില്‍ പലരും സി.പി.എം. ബന്ധങ്ങളുള്ളതാണെന്ന് മനസ്സിലാവും. സി.പി.എം. ഭരണത്തിന് കീഴില്‍ ഗുണ്ടകള്‍ക്ക് വീണ്ടും രാഷ്ട്രീയ സംരക്ഷണം കിട്ടി എന്നാണ് മനസ്സിലാക്കേണ്ടത്.

കായംകുളത്ത് കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസ്, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വ്യാജ മദ്യം നിര്‍മ്മിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍, സി.പി.എമ്മിന്റെ ഘടകകക്ഷിയായ സി.പി.ഐ.യുടെ കൗണ്‍സിലറെ ആക്രമിച്ച് ഒരു കണ്ണ് കളഞ്ഞ കേസില്‍ പെട്ടവര്‍-ഇവരെല്ലാം ഇന്ന് കായംകുളം,ഹരിപ്പാട് മേഖലകളില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ജില്ലയിലെ ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന് ബന്ധമുണ്ട്. ബന്ധമെന്ന് പറഞ്ഞാല്‍ അവര്‍ ഗുണ്ടകളെ കൊണ്ടുനടക്കുന്നു എന്നല്ല. അവര്‍ നടപടി സ്വീകരിക്കുന്നില്ല. കായംകുളത്തെ ഗുണ്ടകളെ അവര്‍ സംരക്ഷിക്കുന്നുണ്ടെന്നത് നേരിട്ടറിയാവുന്ന കാര്യമാണ്. ഹരിപ്പാട് ഉറങ്ങിക്കിടന്ന ഗുണ്ടകള്‍ സജീവമായിരിക്കുന്നത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നതോടെ ഒരു പ്രശ്‌നവുമുണ്ടാവില്ലെന്ന ധാരണയിലാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍