UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോപാല്‍ സുബ്രഹ്മണ്യത്തെ മാറ്റിനിര്‍ത്തുമ്പോള്‍ – കത്തിന്റെ പൂര്‍ണരൂപം

Avatar

താന്‍ സുപ്രീം കോടതി ജഡ്ജിയാവാന്‍ യോഗ്യനല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് വിശേഷിപ്പിച്ച മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ആ സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചു. അവരുടെ താളത്തിനൊത്ത് തുള്ളുന്ന ആളാവില്ല താന്‍ എന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഈ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് അയച്ച ഒമ്പത് പേജുള്ള കത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യം ആരോപിച്ചത്. എക്‌സിക്യൂട്ടീവിന്റെ ഇഷ്ടങ്ങളേയും അനിഷ്ടങ്ങളേയും ബഹുമാനിക്കുമ്പോഴും ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ കാത്തു സൂക്ഷിക്കുന്നതില്‍ നിയമവ്യവസ്ഥയ്ക്ക് സംഭവിച്ച പരാജയത്തെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ഇന്ത്യയുടെ മുഖ്യ ന്യായാധിപനോട് അഭ്യര്‍ത്ഥിച്ചു.

 

കത്തിന്റെ സംക്ഷിപ്ത രൂപം
കഴിഞ്ഞ രണ്ടാഴ്ചയായി, എന്റെ നിയമനത്തിലുള്ള സര്‍ക്കാരിന്റെ അതൃപ്തിയെ കുറിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയും സിബിഐയും എന്നെ കുറിച്ച് സമര്‍പ്പിച്ചതായി പറയപ്പെടുന്ന പ്രതികൂല റിപ്പോര്‍ട്ടുകളെ കുറിച്ചും ഈ വാര്‍ത്തകളില്‍ പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. അര്‍ദ്ധ സത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഷലിപ്തമായ സൂചനകളാണിതെന്ന് എനിക്ക് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. സുപ്രീം കോടതി കൊളീജിയത്തിന്റെയും പൊതുജനങ്ങളുടേയും മനസില്‍ എന്നെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രദ്ധാപൂര്‍വം വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ അനന്തരഫലമാണ് ഇത്തരം വാര്‍ത്തകള്‍. തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കില്ല എന്ന് എന്റെ സ്വതന്ത്ര അഭിഭാഷകവൃത്തിയില്‍ നിന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഞാന്‍ മനസിലാക്കുന്നു. എനിക്ക് നിയമനം നിഷേധിക്കുന്നതില്‍ ഈ ഘടകത്തിന് വലിയ പങ്കാണുള്ളത്. 2014 മേയ് 15ന് എനിക്ക് ഐബി ക്ലീന്‍ ചിറ്റ് നല്‍കിയ കാര്യം കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ 25 വര്‍ഷമായി (കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്ത് ഉള്‍പ്പെടെ) ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ ഐബി എന്‍റെ ഉപദേശം തേടാറുണ്ട്. ആ സമയത്ത്, അന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയുമായി എനിക്ക് വളരെ ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും യാഥാര്‍ത്ഥ്യമാണ്. നിരവധി തവണ സിബിഐയും എന്റെ ഉപദേശം തേടിയിട്ടുണ്ട് (എന്റെ ലോ ഓഫീസര്‍ കാലാവധി സമയത്തും അതിന് മുമ്പും പിമ്പും). സോളിസിറ്റര്‍ പദവി ഞാന്‍ രാജി വച്ച ശേഷവും അവരുടെ മുഖ്യ അഭിഭാഷകനായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്തെങ്കിലും സംശയം നിലവിലുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 20 വര്‍ഷമായി സിബിഐ എന്തിനാണ് അവരുടെ മുഖ്യ അഭിഭാഷകനായി എന്നെ നിയമിച്ചത് എന്ന അത്ഭുതം ബാക്കി നില്‍ക്കുന്നു. ഞാന്‍ യോഗ്യനല്ലെന്ന് തെളിയിക്കുന്ന എന്തെങ്കിലും കണ്ടെത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെ കഴിഞ്ഞ 2014 മേയ് പതിനഞ്ച് ശേഷം കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം ഒരു അന്വേഷണത്തിന് തുടക്കം കുറിച്ചതായി ഞാന്‍ മനസിലാക്കുന്നു.

 

കൂടാതെ, 2ജി കേസിന്റെ സമയത്ത് സംശയത്തിന്റെ നിഴലിലായിരുന്നു ഒരാളുടെ അഭിഭാഷകനും സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ഞാന്‍ മുന്‍കൈ എടുത്തതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നുണ്ട്. ഇതില്‍ വസ്തുതാപരമായി തെറ്റുകള്‍ ഉണ്ട്. 2ജി കേസുമായോ മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ടോ സിബിഐ ഉദ്യോഗസ്ഥര്‍ എന്റെ വീട്ടിലോ ഓഫീസിലോ വച്ച് മുതിര്‍ന്ന അഭിഭാഷകനായ ടി ആര്‍ അന്ത്യാര്‍ജുനയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സില്‍ വച്ച് കഴിഞ്ഞ ടെലികോം മന്ത്രിക്കെതിരായ അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്താനായോ എന്ന് ഞാന്‍ സിബിഐ ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു എന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോടതിക്ക് മുന്നില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ഈ യോഗം പ്രത്യേകമായാണ് സംഘടിപ്പിക്കപ്പെട്ടത്. നിയപരമായി അനുവദിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട റിട്ട് പെറ്റീഷന്‍ പിന്‍വലിക്കാതെ തന്നെ അന്നത്തെ മന്ത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു സിബിഐ അന്വേഷണം ആവശ്യമാണെന്ന് ഞാന്‍ അന്നത്തെ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹം ആ ഉപദേശം സ്വീകരിക്കുകയും ചെയ്തു. വിഷയത്തെ സംബന്ധിച്ച് സിബിഐക്കും കേന്ദ്ര നിയമ, നിതീന്യായ മന്ത്രാലത്തിനും കത്തെഴുതുകയും പുരോഗതി അറിയിക്കുകയും ചെയ്തിരുന്നു എന്നതില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സഹായിക്കുന്നതില്‍ എനിക്കുണ്ടായിരുന്ന പ്രതിബദ്ധത വെളിപ്പെടുന്നുണ്ട്.

ജഡ്ജിയുടെ തസ്തികയ്ക്ക് ഞാന്‍ അനഭിമതനാണെന്ന് സര്‍ക്കാര്‍ കരുതുന്നതിന്റെ കാരണമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു വിഷയത്തെ കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അങ്ങേയ്ക്ക് അറിയാവുന്നത് പോലെ, ഷൊറാബുദ്ദീന്‍ കേസ് X  ഗുജറാത്ത് സര്‍ക്കാര്‍, നര്‍മ്മദ ബായി X ഗുജറാത്ത് സര്‍ക്കാര്‍ എന്നീ കേസുകളില്‍ 2007 മുതല്‍ 2011 വരെ ഒരു അമിക്കസ് ക്യൂറി എന്ന നിലയില്‍ ഞാന്‍ സുപ്രീം കോടതിയെ സഹായിച്ചിട്ടുള്ളതാണല്ലോ. രണ്ടും ഹേബിയസ് കോര്‍പ്പസ് പരാതികളായിരുന്നു. ഈ കേസുകളുടെ പശ്ചാത്തലത്തെ കുറിച്ച് വളരെക്കാലം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതുമാണ്. അമിക്കസ് ക്യൂറി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനത്തെ സുപ്രീം കോടതി ശ്ലാഘിച്ചിട്ടുണ്ട്. എന്റെ തൊഴില്‍ ജീവിതത്തോട് ഞാന്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കൊണ്ടും കോടതിയോടുള്ള എന്റെ അകമഴിഞ്ഞ ബഹുമാനം കൊണ്ടും മാത്രമാണ് ഇത് സാധ്യമായത്. ഈ സ്വതന്ത്രചിത്തതയുടേയും ആത്മാര്‍ത്ഥയുടേയും പേരില്‍ ഞാന്‍ വേട്ടയാടപ്പെടുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഷൊറാബുദ്ദീന്‍ ഷെയ്ക്ക് കേസിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം അങ്ങ് മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനുള്ള പട്ടികയില്‍ അവസാനമായി നിശ്ചയിക്കപ്പെട്ടിരുന്ന കേസിന്റെ കാര്യവുമായി ഞാന്‍ കോടതിയില്‍ കാത്തിരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ തരുണ്‍ ചാറ്റര്‍ജിയും ദല്‍വീര്‍ ബണ്ഡാരിയുമടങ്ങുന്ന ബഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് തരുണ്‍ ചാറ്റര്‍ജിയോടൊപ്പം ജസ്റ്റിസ് ദല്‍വീര്‍ ബണ്ഡാരിയാണ് കേസില്‍ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്. ലോ ഓഫീസറുടെ ഓഫീസുമായി ബന്ധപ്പെടുന്ന ചുമതലക്കുള്ളില്‍ വരുന്നതായതിനാല്‍ ഞാന്‍ ആ ആവശ്യം ഉടനടി ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയുടെ മുഖ്യ ന്യായാധിപന് കുറച്ച് കാലം മുമ്പ് പരാതിക്കാരന്‍ നല്‍കിയ ഒരു കത്തിനെ സംബന്ധിച്ച പരാമര്‍ശം അടങ്ങുന്നതാണ് പരാതി എന്ന് ഞാന്‍ കണ്ടെത്തി. ഒരു കൊലപാതകത്തിന് ചുമതല നല്‍കുന്നതുമായി ബന്ധപ്പെട്ട ചില അനുബന്ധങ്ങള്‍ അടങ്ങിയ ഗുജറാത്ത് പോലീസിന്റെ ഒരു കത്തും ഇതോടൊപ്പം ഉണ്ടെന്ന് കോടതി രേഖകള്‍ പരിശോധിച്ചപ്പോള്‍ എനിക്ക് ബോധ്യമായി. അതു കൊണ്ട് തന്നെ ഷൊറാബുദ്ദീന്റെ തിരോധാനം വിശദീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് ഒരു നോട്ടീസ് നല്‍കണമെന്ന് ഞാന്‍ മുദ്രവച്ച കവറില്‍ നല്‍കിയ കത്തില്‍ കോടതിയോട് അപേക്ഷിച്ചു.

 

ഹേബിയസ് കോര്‍പ്പസിലുള്ള ഇടക്കാല ഉത്തരവ് എന്ന നിലയില്‍ കൗസര്‍ബിയെ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഞാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കൗസര്‍ബി കൊല്ലപ്പെട്ടെന്നും അവരുടെ ശവസംസ്‌കാരം കഴിഞ്ഞെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്! അപ്പോഴും, ഗുജറാത്ത് സംസ്ഥാനത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനം എന്ന നിലയില്‍, കേസ് അന്വേഷിക്കുന്നതിന് ഗീത ജോഹ്രിയുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഗീത ജോഹ്രിയുടെ അന്വേഷണ കാലത്താണ് കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി നിഗൂഢമായി ഇല്ലാതാക്കപ്പെടുന്നത്. ഇതോടെ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ഞാന്‍ അപേക്ഷിച്ചു. നിരവധി രാഷ്ട്രീയ കാരണങ്ങളാല്‍, കേസ് സിബിഐ എറ്റെടുത്ത ശേഷവും നീതിപൂര്‍വവും സത്യസന്ധവുമായ അന്വേഷണം നടക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സിബിഐ റിപ്പോര്‍ട്ടില്‍ അടക്കമുള്ള നിരവധി പാളിച്ചകള്‍ നിരവധി തവണ ഞാന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അമിത് ഷായെ ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമീപകാലത്ത് മാധ്യമങ്ങളില്‍ കൂടിയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അമിത് ഷായുടെ ജാമ്യവാദം നടക്കുമ്പോള്‍, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ വിലക്കേണ്ട കാര്യമില്ലെന്നും ജാമ്യം അനുവദിക്കാമെന്നും എന്നാല്‍ ഗുജറാത്ത് സംസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്നും ഞാന്‍ വാദിച്ചു. ഈ പറയുന്ന അമിത് ഷായുമായി എനിക്ക് എന്തെങ്കിലും തരത്തിലുള്ള വ്യക്തിവിദ്വേഷമോ വൈരാഗ്യമോ ഇല്ലെന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യം ഞാന്‍ വ്യക്തമാക്കിയത്.

 

ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ എന്ന നിലയില്‍ ഒരിക്കല്‍ നടന്ന കൂടിക്കാഴ്ചയില്‍ അല്ലാതെ എന്റെ ജീവിതത്തില്‍ ഞാന്‍ നരേന്ദ്ര മോദിയെ കണ്ടിട്ടില്ല എന്നു കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കട്ടെ.
നിയമനവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ന്യായീകരിക്കാന്‍ സാധിക്കില്ലെങ്കിലും, ഇത്തരം ഉഹാപോഹങ്ങള്‍ക്കിടയില്‍ ജഡ്ജിയായി ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നീതിന്യായ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെയും പ്രതിബദ്ധതയെയും യശസിനെയും കാത്തു സൂക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതില്‍ ഭരണനിര്‍വഹണ സര്‍ക്കാരിന്റെ കഴിവിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന സംഭവവികാസങ്ങള്‍ എന്റെ മനസില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നു. കാലം മാറുന്നതോടെ ഈ സമീപനം മെച്ചപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

അംബേദ്ക്കറില്‍ നിന്ന്‍ അംബാനിയുടെ ഇന്ത്യയിലേക്ക്
ലോകത്തിലെ ഏറ്റവും വിലപിടിച്ച മണ്ണില്‍നിന്ന്‍ കേരളത്തെ ഇറക്കി വിടുമ്പോള്‍
ഭീകരവാദം : അകമ്പുറം മാറേണ്ട ചില കാര്യങ്ങള്‍
കേരളം എന്ന ഭ്രാന്താലയം
ഡെല്‍ഹിയില്‍ നടക്കുന്ന ഷാപ്പ് ലേലങ്ങള്‍

എക്‌സിക്യൂട്ടീവിന്റെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും ബഹുമാനിച്ചു കൊണ്ട് തന്നെ അതിന്റെ സ്വാതന്ത്ര്യം നിലനിറുത്തുന്നതില്‍ നീതിന്യായ വ്യവസ്ഥ പരാജപ്പെട്ടിരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്കാവില്ല. സര്‍ക്കാരിന്റെ വിവിധ ഉപകരണങ്ങള്‍ തമ്മിലുള്ള ലയം അഭിലഷണീയമാണെങ്കിലും ഒരോ ഉപകരണങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തവും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതുമാണ്. പിന്മാന്‍ ആരെക്കാളും കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുമ്പോഴും, ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ അങ്ങും അങ്ങയുടെ സഹപ്രവര്‍ത്തകരും നടത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ശുപാര്‍ശ മറികടക്കുന്നതിന് വളരെ സൂക്ഷ്മമായി സംവിധാനം ചെയ്തവരിപ്പിച്ച നാടകത്തിനെതിരെ ഞാന്‍ തീര്‍ച്ചയായും പ്രതിഷേധിക്കുന്നു. എന്നാല്‍ ഇതില്‍ ഇടപെട്ടവരോടെല്ലാം ക്ഷമിക്കുകയും ചെയ്യുന്നു.

 

ഇത്തരം ഒരു സാഹചര്യത്തില്‍ സുപ്രീം കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കുന്നതിനുള്ള എന്റെ സമ്മതിപത്രം ഞാന്‍ പിന്‍വലിക്കുകയാണെന്നും അങ്ങ് അതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഞാന്‍ അറിയിക്കുന്നു. അതോടെ എനിക്ക് എന്റെ അഭിഭാഷകവൃത്തി തുടരാനാകും. ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ സ്ഥാപനത്തെ കൂടുതല്‍ സഹായിക്കാന്‍ അതാകും എനിക്ക് അനുയോജ്യം എന്ന് ഞാന്‍ കരുതുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് വേണ്ട അറിയിപ്പുകള്‍ നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിഷേധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (എന്റെ അറിവ് പ്രകാരം, ഉന്നതാധികാര മണ്ഡലങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവ). ഇത്തരം ആക്ഷേപങ്ങള്‍ എന്റെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കില്ലെങ്കിലും ഉന്നത നീതിപീഠം എന്നില്‍ നിന്നും വ്യക്തമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ അംഗങ്ങളോട് ഒരു നിതിനിര്‍വഹണ കോടതി ആവശ്യപ്പെടുന്ന ഉത്തരവാദിത്വമാണത്. അത് നിര്‍വഹിക്കാതിരിക്കുന്ന പക്ഷം നീതിന്യായ വ്യവസ്ഥിതി തന്നെ മണ്ണടിഞ്ഞുപോകും.

 

കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍