UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിന്റെ ഗോപാല്‍ സുബ്രഹ്മണ്യം പേടിക്ക്‌ പിന്നില്‍

Avatar

എസ് എ ഷുജാദ്

ഭരണത്തിലേറിയിട്ട് ഒരു മാസം തികയും മുമ്പെ  നരേന്ദ്ര മോദിയുടെ ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന സൂചന പ്രജകള്‍ക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു. ഏറെക്കുറെ പരിപാവനമെന്ന് കരുതുന്ന ജുഡീഷ്യറിയിന്മേലുള്ള കൈകടത്തലിന്റെ പ്രാരംഭ നീക്കമാണ് സുപ്രീം കോടതി ജഡ്ജി നിയമനത്തിന്റെ കാര്യത്തില്‍ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 

മുന്‍ സോളിസിറ്റര്‍ ജനറലും ഇന്നും ദുരൂഹത നിലനില്ക്കുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രസ്വത്തിന്റെ അന്വേഷണത്തിനായി സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചി തനുമായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമനമാണ് കേന്ദ്രസര്‍ക്കാര്‍ അന്യായമായി തടഞ്ഞിരിക്കുകയാണ്. എന്നാല്‍ കൊളീജിയം നിര്‍ദ്ദേശിച്ച കൊല്ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ഹൈക്കോടതി, ചീഫ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, മുതിര്‍ന്ന അഭിഭാഷകന്‍ റൊഹിന്‍റണ്‍ നരിമാന്‍ എന്നീ മൂന്ന് പേരുകളും അംഗീകരിച്ചിട്ടുണ്ട്. ഇതുവഴി മൂവരെയും സ്വന്തമാക്കുക എന്ന തന്ത്രം കൂടി മോദി ഭരണകൂടം ഈ നടപടിക്കിടയിലൂടെ ഒളിച്ച് കടത്തിയിരിക്കുന്നു. 

എന്തുകൊണ്ടും പൊതുസമ്മതനായ നിയമ വിദഗ്ധനായ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതി ജഡ്ജി പദവിക്ക് തികച്ചും യോഗ്യനായിരുന്നു. എന്നിട്ടും എന്തുകൊണ്ട് അദ്ദെഹത്തിന്റെ നിയമനം മോദി തടഞ്ഞു എന്നതിന്റെ കാരണം നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. ഗുജറാത്തിലെ വിവാദമായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേസ് സി ബി ഐ ക്ക് കൈമാറിയത്. പ്രസ്തുത കേസില്‍ നരേന്ദ്രമോദിയുടെ കൂട്ടാളിയായ അമിത് ഷായുടെ പങ്ക് സി ബി ഐ കണ്ടെത്തുകയും ചെയ്തിരുന്നു. അതുകൂടാതെ വിവിധ കമ്മീഷനുകളില്‍ പ്രവര്‍ത്തിച്ചു ന്യായമായ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ഒരു അഭിഭാഷകനാണ് ഗോപാല്‍ സുബ്രഹ്മണ്യം. ഇദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ നിഷ്പക്ഷമതികള്‍ക്ക് കഴിയില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സ്വത്തിന്റെ കാര്യത്തില്‍ ബി ജെ പിക്ക് ഉറ്റബന്ധമുള്ള കവടിയാര്‍ കൊട്ടാരത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതും അദ്ദേഹത്തെ ഈ പദവിക്ക് അനഭിമതനാക്കി. 2009- 2011 കാലഘട്ടത്തില്‍ സോളിസിറ്റര്‍ ജനറലായിരിക്കെ സുപ്രീം കോടതിയില്‍ നടന്ന ഒരു ടെലിക്കണിക്കമ്യൂണിക്കേഷന്‍ കേസില്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍   നിയമനം കാത്തിരിക്കുന്ന രോഹിന്‍റണ്‍ നരിമാന്‍ എന്ന സ്വകാര്യ അഭിഭാഷകനെ കേസ് വാദിക്കാന്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച ചരിത്രവും ഗോപാല്‍ സുബ്രഹ്മണ്യത്തിനുണ്ട്. 

കൈകാര്യം ചെയ്ത എല്ലാ കേസുകളും ജനശ്രദ്ധ പിടിച്ചുപറ്റുകയും ഭരണകൂടത്തിനു തുടര്‍ച്ചയായി തലവേദന സൃഷ്ടിക്കുകയും ചെയ്യുന്ന ഒരാളെ തങ്ങള്‍ക്കാവശ്യമില്ല എന്ന സന്ദേശമാണ് കൊളീജിയത്തിന്റെ ശുപാര്‍ശ മടക്കി അയച്ചതിലൂടെ നരേന്ദ്ര മോദി നല്കിയിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയുടെ നിയമനം തടഞ്ഞതിന് രസകരമായ വിശദീകരണമാണ് പ്രചരിക്കുന്നത്.  അതിലൊന്ന്: ഗോപാല്‍ സുബ്രഹ്മണ്യം വിധിനിര്‍ണ്ണയത്തിന് യുക്തിയെക്കാള്‍ ആത്മീയ നിഗമനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നതാണ്. ഇത് കണ്ടെത്തിയവര്‍ ആരൊക്കെയെന്നറിയേണ്ടേ- ഐ ബി യിലെയും സി ബി ഐ യിലെയും ‘ശാസ്ത്രജ്ഞന്മാരും’. ഹിന്ദുത്വ സര്‍ക്കാരിന്റെ ഏറ്റവും വലിയ തമാശയെന്നല്ലാതെ എന്തുപറയാന്‍.

സാധാരണഗതിയില്‍ സുപീം കോടതി നിയമനങ്ങളില്‍ അഭിഭാഷകരെ അപൂര്‍വമായേ നിയമിച്ചിക്കാറുള്ളൂ. കഴിവുറ്റതും നീതിബോധമുള്ളതുമായ നിയമ വിദഗ്ധനായതുകൊണ്ടാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ കൊളീജിയം ജഡ്ജിയായി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുക എന്ന പതിവ് ലംഘിച്ചുകൊണ്ട് നരേന്ദ്ര മോദിയും കൂട്ടരും നടത്തിയത് ജുഡീഷ്യറിയുടെ മേലുള്ള കടന്നുകയറ്റം തന്നെയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?

ഗ്രില്ലുചെയ്തെടുക്കുന്ന കാന്‍സര്‍ രോഗം!

1983ഉം ആറ്റുകാല്‍ പൊങ്കാലയും

സുബ്രതോ റോയ് മുങ്ങുമോ?

അഡ്മിറല്‍ ജോഷി എന്ന ‘വിഡ്ഡി’

മാത്രമല്ല സര്‍ക്കാരിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന പാര്‍ശ്വ വര്‍ത്തികളെയാണ് തങ്ങള്‍ക്കാവശ്യം എന്ന സൂചനകൂടി ഈ നടപടിയില്‍ ഒളിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ചൊല്പ്പടിക്ക് നില്ക്കാന്‍ തന്നെക്കിട്ടില്ല എന്ന തുറന്നടിക്കുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിലപാട് ശ്രദ്ധേയമാണ്. ഇതോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രനിധി സംബന്ധിച്ച കേസും അവതാളത്തിലാകാന്‍ സാധ്യതയുണ്ട് എന്നു വേണം കരുതാന്‍.

നരേന്ദ്ര മോദിയുടെ ഈ നീക്കത്തില്‍ മറ്റൊരു സൂചന കൂടി ഒളിഞ്ഞിരിക്കുന്നു: ‘കാര്യങ്ങള്‍ നടത്താന്‍ ഇവിടെ ഞങ്ങളുണ്ട്. ജുഡീഷ്യല്‍ ആക്ടിവിസമൊക്കെ ഇനി വെച്ചുകെട്ടി പൊക്കോളണം’

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍