UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ കെടുകാര്യസ്ഥതയും അലസതയും നീക്കാന്‍ എത്ര ഗോപിചന്ദുമാര്‍ വേണ്ടിവരും?

Avatar

ടീം അഴിമുഖം

ഹൈദരാബാദിലെ ഗചിബൌളിയില്‍ 13 ഏക്കറിലാണ് ആധുനിക ഇന്ത്യയിലെ യഥാര്‍ത്ഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ പുലര്‍ച്ചെ 2 മണിക്ക് ഒരു ദിവസം ആരംഭിക്കുന്നു. അവിടെയാണ് ബാഡ്മിന്റനിലെ മുതിര്‍ന്ന പുരോഹിതന്‍ ലോക ജേതാക്കളെ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒരേ ധ്യാനം, ഒരേ ശ്രദ്ധ. പെണ്‍കുട്ടികളുടെ ജനനം ശാപമായി കരുതുന്ന, കുട്ടികള്‍ വളര്‍ന്ന് ഡോക്ടറും എഞ്ചിനീയറുമായി മാറണമെന്ന് മാത്രം ആഗ്രഹിക്കുന്ന, മക്കളെ അത്തരം തൊഴിലുകളിലെത്തിക്കാന്‍ മാതാപിതാക്കള്‍ കോഴകൊടുക്കുകയും മോഷ്ടിക്കുകയും അടക്കം എന്തു വൃത്തികേടും ചെയ്യുന്ന, കുടുംബ മഹിമ വിജയത്തിലേക്കുള്ള കുറുക്കുവഴിയാക്കുന്ന, പിന്തിരിപ്പന്‍ മത, രാഷ്ട്രീയ വിഭജനങ്ങളാല്‍ അന്ധരാക്കപ്പെട്ട ഒരു ഇന്ത്യയെ നോക്കിച്ചിരിക്കുകയായിരിക്കും അയാള്‍.

ഏകാഗ്രമായ ലക്ഷ്യബോധത്തോടെ, 100 കോടിയിലേറെ വരുന്ന ജനതയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിവി സിന്ധുവിനെയും സൈന നെവാളിനെയും പോലുള്ള ലോക ജേതാക്കളെ സൃഷ്ടിക്കുന്ന പുല്ലേല ഗോപിചന്ദിന്റെ ബാഡ്മിന്‍റണ്‍ പരിശീലനകേന്ദ്രമാണ് ആധുനിക ഇന്ത്യയിലെ യഥാര്‍ത്ഥ ക്ഷേത്രമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് മടിയില്ല.

ഇന്നലെ വൈകീട്ട് പുസര്‍ല വെങ്കട സിന്ധു കളിക്കളത്തിന്റെ ഏത് മൂലയില്‍ നിന്നും ഷട്ടില്‍ മൂളിപ്പറത്തി, അല്പം മടക്കിയ കാല്‍മുട്ടുകളുമായി വനിതകളുടെ ബാഡ്മിന്റനില്‍ അധികം കാണാത്ത ചാടിപ്പൊങ്ങിയുള്ള കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ ദളിതര്‍ക്കതിരായ അതിക്രമങ്ങളും പശു രാഷ്ട്രീയവും കൊണ്ടുനടക്കുന്ന ഒരു രാജ്യത്തിനോട് ഉണര്‍ന്നെണീക്കാനുള്ള ആഹ്വാനമായിരുന്നു അത്.

ഹൃദ്യമായ വിനയമുള്ള, നീളന്‍ കാലുകളുള്ള സിന്ധു തീക്ഷ്ണമായ അടികളും നെറ്റിനടുത്തുള്ള ബുദ്ധിപൂര്‍വമായ ചെറുനീക്കങ്ങളും ഉറച്ച പ്രതിരോധവും കൊണ്ട് മത്സരത്തിന് മുമ്പുണ്ടായിരുന്ന സകല മുന്‍വിധികളെയും ബാഡ്മിന്‍റണിലെ ചൈനീസ് ആധിപത്യത്തെയും ഒരുപോലെ തകര്‍ത്തു. മികവുകളുടെ കാര്യത്തില്‍ ദരിദ്രമായ ഇന്ത്യക്ക് വീണ്ടും ഗോപിചന്ദിന്റെ സംഭാവന.

ആക്രമണത്തിലൂന്നിയ കളിയാണ് സിന്ധുവിന്റേത്. റിയോയില്‍ സാധാരണ ഉയരം കൂടിയ കളിക്കാര്‍ നേരിടുന്ന സന്തുലന പ്രശ്നങ്ങളെ മറികടന്ന് പ്രതിരോധവും സിന്ധു ശക്തമാക്കി. ഈ ഒളിമ്പിക്സില്‍ തങ്ങള്‍ സാവധാനമാണോ കളിക്കുന്നതെന്ന് എതിരാളികള്‍ക്ക് തോന്നും വിധമായിരുന്നു സിന്ധു കളിച്ചത്.

മാന്ത്രികന്‍
റിയോയിലെ ഈ കണ്ണഞ്ചിക്കുന്ന പ്രകടനം 2001-ലെ ഓള്‍ ഇംഗ്ലണ്ട് ജേതാവായ ഗോപിചന്ദിന്റെ പ്രയത്നത്തിന്റെ കൂടി ഫലമാണ്.

പരിശീലനകേന്ദ്രം സ്ഥാപിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ഏക്കര്‍ സ്ഥലം നല്‍കിയപ്പോള്‍ അതിനുവേണ്ട 13 കോടി സമാഹരിക്കേണ്ട ഉത്തരവാദിത്തം  ഗോപിചന്ദിന് മാത്രമായിരുന്നു. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ആരും കനിഞ്ഞില്ല. ഒടുവില്‍ സ്വന്തം വീട് പണയം വെച്ചെടുത്ത 3 കോടി രൂപയും വ്യവസായി നിമ്മഗഡ പ്രസാദ് നല്കിയ 5 കോടിയും ചെറിയ ചില സംഭാവനകളും കൂട്ടിയാണ് സ്ഥാപനം തുടങ്ങിയത്.

പുലര്‍ച്ചെ 4 മണിക്ക് ആദ്യമെത്തുന്നത് ഗോപിചന്ദ് തന്നെ. മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ പി വി സിന്ധു, കിടമ്പി ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം ആദ്യ സെഷന്‍.

ആ മൂന്നുമണിക്കൂര്‍ മുഴുവന്‍ ഗോപിയുടെ നിര്‍ദേശങ്ങളും ഷൂസുകള്‍ ഉരയുന്ന ശബ്ദവും മാത്രമാണ് ഇരുട്ടിനെ കീറിമുറിച്ച് കേള്‍ക്കുക. “ഞാന്‍ ചെയ്യുന്നത് എനിക്കിഷ്ടമാണ്. ഇതെന്റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. കളിക്കാര്‍ ഈ അവസരം കാണുകയും ശാരീരികവും മാനസികവുമായി കുതിക്കാന്‍ ആഗ്രഹമുള്ളവരുമായിരിക്കണം,” ഗോപിചന്ദ് പറഞ്ഞു. അയാളൊരിക്കലും കളിയില്‍ നിന്നും വിരമിക്കുന്നില്ല.

ശാന്തമായി സംസാരിക്കുന്ന ഈ 42-കാരന്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിന്നാണ് പരിശീലകനിലേക്ക് വേഷം മാറിയത്. 13 കൊല്ലത്തെ പരിശീലനത്തില്‍ നിരവധി മികച്ച കളിക്കാര്‍ ഇവിടെ പിറന്നു. ഇത്ര മികവോടെ നടത്തുന്ന മറ്റൊരു പരിശീലനകേന്ദ്രം ഇന്ത്യയില്‍ വേറെങ്ങുമില്ല. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും അതുകൊണ്ടുതന്നെ പരിശീലനത്തിന് ആളുകളെത്തുന്നു. ആറു കൊല്ലം മുമ്പു ഒരു സൈന നെഹ്വാള്‍ മാത്രമായിരുന്നു. ഇന്നിപ്പോള്‍ ഇവിടെനിന്നാണ് ഇന്ത്യന്‍ ബാഡ്മിന്‍റന്റെ കളിക്കാര്‍ വരുന്നത്. “ജേതാക്കളെ സൃഷ്ടിക്കുക ഒരു താത്ക്കാലിക പണിയല്ല. അന്താരാഷ്ട്രതലത്തില്‍ മികച്ചുനില്‍ക്കാന്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കണം.”

2014-ല്‍ ഗോപിചന്ദിനെ വിട്ട് സൈന ബാംഗളൂരുവില്‍ വിമല്‍ കുമാറിനെ പരിശീലകനാക്കിയപ്പോള്‍ പലരും ഗൂഢാലോചനകള്‍ മണത്തു. കേന്ദ്രത്തിലെ 150 വിദ്യാര്‍ത്ഥികളും പിന്നെ ഇന്ത്യയുടെ പരിശീലകഭാരവും കൂടിയാകുമ്പോള്‍ ഗോപിചന്ദിന് വ്യക്തിപരമായ ശ്രദ്ധ നല്കാന്‍ ആകുന്നില്ല എന്നതിനാലാണ് സൈന വിട്ടുപോയത്. മുറിവേറ്റെങ്കിലും പരസ്യമായി അഭിപ്രായ പ്രകടനം നടത്താന്‍ ഗോപിചന്ദ് തയ്യാറായില്ല. ഇപ്പോള്‍ ഒളിമ്പിക്സിലെ സിന്ധുവിന്റെയും ശ്രീകാന്തിന്റെയും പ്രകടനം എല്ലാത്തിനുമുള്ള മറുപടിയാണ്. ഗോപിചന്ദ് കായികക്ഷമത പരിപാലിക്കുന്നതില്‍ ദത്തശ്രദ്ധനാണ്. പരിശീലന കളിക്കളത്തില്‍ സിന്ധുവിനും ശ്രീകാന്തിനും മികച്ച പങ്കാളിയായി കളിച്ചു പരിശീലിപ്പിക്കാന്‍ അയാള്‍ക്ക് തന്റെ കായികക്ഷമത നിലനിര്‍ത്തേണ്ടിയിരുന്നു.

ഒരു വര്‍ഷം മുമ്പേ ഗോപിചന്ദ് റിയോക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ശരീര ഭാര പരിശീലകനും കായികക്ഷമത പരിശീലകനും സിന്ധുവിന് വേണ്ടി നിയോഗിക്കപ്പെട്ടു. കടുത്ത മത്സരങ്ങളില്‍ ഒരു മണിക്കൂറിലേറെ കരുത്തരായ എതിരാളികളെ തളര്‍ത്തുംവിധം പിടിച്ചുനില്‍ക്കാനുള്ള ശാരീരികശേഷി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

സൈന നേവാള്‍ പരിശീലനം തേടിയിരുന്ന സമയത്ത് ഓരോ മണിക്കൂറിലും അവര്‍ എന്താണ് ചെയ്യുന്നതെന്ന് ഗോപിക്ക് അറിയാമായിരുന്നു. വിദേശത്തു പോകുമ്പോള്‍ റെഫ്രിജറേറ്ററില്‍ കഴിക്കാന്‍ അനുമതിയില്ലാത്ത എന്തെങ്കിലുമുണ്ടോ എന്നു പൊടുന്നനെ പരിശോധിക്കുക വരെ ചെയ്യുമായിരുന്നു ഗോപിചന്ദ്.

ഈ മികവിനായി ഏതറ്റം വരെയും അയാള്‍ പോകും. സിന്ധുവിന്റെ കാര്യത്തിലും അതുതന്നെയാണ്; ഗോപിയുടെ വാക്കാണ് നിയമം. ഒരു കുട്ടിയെപ്പോലെയാണ് അവരെ കണക്കാക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഗോപിക്ക് കീഴില്‍ പരിശീലിക്കുന്ന സിന്ധു അയാളെ അന്ധമായി പിന്തുടരുന്നു എന്നുതന്നെ സമ്മതിക്കുന്നു. അവളുടെ പ്രിയപ്പെട്ട ചോക്ലേറ്റും ഹൈദരബാദി ബിരിയാണിയും കഴിക്കാന്‍ വിലക്കുണ്ട്. ഒളിമ്പിക്സിന് മുമ്പു ഉത്തേജകമരുന്ന് മറ്റുവല്ലവരും കലര്‍ത്തി നല്കാതിരിക്കാനും, മറ്റസുഖങ്ങള്‍ വരാതിരിക്കാനുമായി ശ്രീകാന്തിനെയും സിന്ധുവിനെയും പുറത്തുനിന്നും വെള്ളം പോലും കുടിക്കാന്‍ അനുവദിച്ചിരുന്നില്ല. അത്രയ്ക്ക് ആശങ്കയായിരുന്നു അയാള്‍ക്കക്കാര്യത്തില്‍. അമ്പലത്തിലെ പ്രസാദം പോലും ബാഡ്മിന്‍റണ്‍ പുരോഹിതന്‍ വിലക്കിയിരുന്നു.

റിയോയില്‍ ഗോപിക്കൊപ്പം മാത്രമേ ഭക്ഷണം കഴിക്കാനും പുറത്തുപോകാനും സിന്ധുവിന് അനുവാദമുള്ളൂ. അയാള്‍ എഴുന്നേല്‍ക്കുന്ന സമയം ഒരു മണിക്കൂര്‍ നേരത്തെയാക്കി- പുലര്‍ച്ചെ 2 മണി. ആദ്യത്തെ ഒരു മണിക്കൂര്‍ സിന്ധുവിന്റെയും ശ്രീകാന്തിന്റെയും കഴിഞ്ഞ ദിവസത്തെ കളി വിശകലനം ചെയ്യും. “എന്നും രാവിലെ 3 മണിക്ക് പരിശീലനത്തിനെത്താന്‍ മടി തോന്നും. പക്ഷേ ഗോപിസാര്‍ നിങ്ങള്‍ക്കായി അതിലേറെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും അതേ ആവേശം തോന്നും,” ശ്രീകാന്ത് പറഞ്ഞു.

ബാഡ്മിന്റനു ഇപ്പോള്‍ റിയോയില്‍ കിട്ടുന്നത്ര ശ്രദ്ധ രാജ്യത്തു കിട്ടുന്നതിന്റെ വലിയൊരു പങ്ക് ഗോപിചന്ദിനുള്ളതാണ്. ദേശീയ പരിശീലകന്‍ സ്വന്തം പരിശീലനകേന്ദ്രം നടത്തുന്നത് കാണിച്ചു വിമര്‍ശകര്‍ അയാളെ കുറ്റപ്പെടുത്താറുണ്ട്. പക്ഷേ കളി അറിയുന്നവര്‍ക്കറിയാം ഇതിലേറെയും അസൂയയില്‍ നിന്നും ഉടലെടുക്കുന്നവയാണെന്ന്.

ഹൈദരാബാദില്‍ രണ്ടു കെട്ടിടങ്ങളിലായുള്ള പരിശീലനകേന്ദ്രത്തിലെ ഭാരിച്ച ചുമതലകള്‍ വര്‍ദ്ധിക്കവേ ഗോപിചന്ദിനെ ക്ലോണ്‍ ചെയ്യേണ്ടിവരുമെന്നാണ് പ്രചരിക്കുന്ന തമാശ. പക്ഷേ ഇന്ത്യന്‍ കായികരംഗത്തെ കെടുകാര്യസ്ഥതയും അലസതയും നീക്കണമെങ്കില്‍ നിരവധി ഗോപിചന്ദുമാര്‍ വേണ്ടിവരും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍