UPDATES

ആര്‍എസ്എസ് രണ്ടും കല്‍പ്പിച്ച്; വിവാദ സന്യാസി യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി

സൂര്യനമസ്‌കാരം ചെയ്യാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോവണം എന്നതടക്കമുള്ള പ്രസ്താവനകള്‍ ആദിത്യനാഥിന്റേതായി പുറത്തു വന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലഷ്കര്‍ തലവന്‍ ഹഫീസ് സയിദുമായി ഉപമിച്ചു കൊണ്ടും ആദിത്യനാഥ് പ്രസ്താവന നടത്തിയിരുന്നു.

വിവാദ സന്യാസിയും ഗോരഖ്പൂര്‍ എം.പിയുമായ യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും അടുപ്പക്കാരനായ കേന്ദ്ര റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹയെ വെട്ടി ആര്‍.എസ്.എസ് നിര്‍ദേശപ്രകാരമാണ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് എന്നറിയുന്നു. ബി.ജെ.പി നിയമസഭാ സാമാജികരുടെ യോഗം പുരോഗമിക്കുന്നതിനു മുമ്പു തന്നെ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച വിവരം പുറത്തു വന്നിരുന്നു. പാര്‍ട്ടി യു.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.

ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ഇതിനകം തന്നെ ശക്തമായി കഴിഞ്ഞ ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും.

യു.പി മുഖ്യമന്ത്രിയായി ആരെ നിയമിക്കുന്നു എന്നതിനെ സംബന്ധിച്ച് ഏതാനും ദിവസമായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ആദിത്യനാഥ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഭൂമിഹാര്‍ വിഭാഗക്കാരനും പൊതുവെ മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാന നിമിഷം വരെയുള്ള അഭ്യൂഹങ്ങള്‍. അദ്ദേഹം ഇന്ന് വരാണസിയിലെത്തി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മനോജ് സിന്‍ഹയെ അംഗീകരിക്കാന്‍ പറ്റില്ലെന്നും ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള മറ്റൊരു പേരു വേണമെന്നും ആര്‍.എസ്.എസ് നിര്‍ബന്ധം പിടച്ചതോടെ അമിത് ഷാ ഇന്നലെ വൈകിട്ട് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാര്‍ട്ടി യു.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ പേരുകളാണ് ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ രാഷ്ട്രീയമായി ഇന്ത്യയിലെ ഏറ്റവും നിര്‍ണായക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രാജ്‌നാഥ് സിംഗ് മാറുന്നതോടെ മറ്റൊരു ശക്തികേന്ദ്രമായി ഉയര്‍ന്നുവരുമെന്നതിനാല്‍ മോദിയും അമിത് ഷായും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നായിരുന്നു ആദിത്യനാഥിന്റെ പേര് പരിഗണിച്ചത്.

ബി.ജെ.പി എം.പിയാണെങ്കിലും ഈസ്‌റ്റേണ്‍ യു.പിയില്‍ സ്വന്തമായ സാമ്രാജ്യമാണ് രാജ്പുത് സമുദായക്കാരനായ ആദിത്യനാഥിന്റേത്. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും കൂടിയായ ആദിത്യനാഥ് ആണ് ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ സ്ഥാപകന്‍. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ തീവ്ര നിലപാട് എടുക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു യുവ വാഹിനി. ഇത്തവണ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സജീവമാകില്ലെന്ന് ആദിത്യനാഥ് ഭീഷണി ഉയര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ സ്വന്തമായി മത്സരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് നേതൃത്വം അവസാന നിമിഷം ഇടപെട്ട് ഇത് ഒഴിവാക്കുകയായിരുന്നു.

തന്റെ മുസ്ലീം വിരുദ്ധ നിലപാട് പരസ്യമായി പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത ആദിത്യനാഥ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായിട്ടുമുണ്ട്. 2005-ല്‍ മുഹറം ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ ഈസ്‌റ്റേണ്‍ യു.പി മുഴുവന്‍ കലാപം പടര്‍ന്നതോടു കൂടി ആദിത്യനാഥ് തന്റെ രാഷ്ട്രീയ ജീവിതത്തിനും തുടക്കം കുറിച്ചു. ഉത്തരാഖണ്ഡില്‍ ജനിച്ച ആദിത്യനാഥ് ഇപ്പോള്‍ അഞ്ചാം വട്ടം ഗോരഖ്പൂരില്‍ നിന്നുള്ള എം.പിയാണ്.

സൂര്യനമസ്‌കാരം ചെയ്യാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോവണം എന്നതടക്കമുള്ള പ്രസ്താവനകള്‍ ആദിത്യനാഥിന്റേതായി പുറത്തു വന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖനെ പാക്കിസ്ഥാനി ഭീകരവാദി ഹഫീസ് സയിദുമായി ഉപമിച്ചു കൊണ്ടും ആദിത്യനാഥ് പ്രസ്താവന നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍